![]() |
| കാലാതീതനായ തങ്ങൾ | Panakkad Muhammad Ali Shihab Thangal | പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ | Kaalatheethanaaya Thangal By Shuhaib Kizhisheeri |
കാലാതീതനായ തങ്ങൾ
കത്തിച്ചുവെച്ച മൂല്യബോധത്തിന്റെ ഉജ്ജ്വല ജ്വാലകൾ പുരുഷാന്തരങ്ങൾക്ക് പ്രഭ പകർന്ന് പ്രകാശഗോപുരം കണക്കെ ഇന്ന് പാണക്കാട്ടെ ഒഴിഞ്ഞുകിടക്കുന്ന ആ ചാരുകസേരയിൽ 14 വർഷങ്ങൾക്കപുറത്ത് ഒരാൾ സൗമ്യതയോടെ ഭവ്യതയോടെ ജീവിച്ചിരുന്നിരുന്നു...
14 വർഷങ്ങൾക്കിപ്പുറവും ജാതിമത ഭേദമന്യേയുള്ള സ്നേഹത്തിന്റെ കരുതലാളായി,സ്വന്തത്തേക്കാൾ അപരനു പ്രാധാന്യം നൽകുന്നതിന്റെ മരിക്കാത്ത സ്മരണയായി, തന്റെ ജീവസുറ്റ സ്മരണയെ കാലാതീതമായി ഉണർത്തക്കവിധം ജീവിച്ച മഹാമനീഷിയുടെ നാമമാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.
അനിതര സാധാരണമാണീ പകുത്തു നൽകലും ദൈവീക വരദാനവും. കാലത്തിന്റെ സമ്മാനമാണീ ഓർമ്മിപ്പിക്കൽ. പലരും ഈ ലോകത്ത് ജീവിച്ചു മരണം പുൽകുന്നുണ്ട്. പലരും തങ്ങൾ എന്തെന്നോ ആരായിരുന്നെന്നോ വരച്ചുവെച്ചിരിക്കാം. എന്നാലുമിങ്ങനെ ഒരാളാകാൻ എങ്ങനെ സാധിച്ചു!?. ഒരിക്കൽ ഭാഷാപോഷിണിയുടെ ഒരു അഭിമുഖത്തിൽ ജോണി ലൂക്കോസ് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്, ഈ ലോകം അങ്ങയെ എങ്ങനെ നോക്കിക്കാണാനാണ് അങ്ങ് താൽപര്യപ്പെടുന്നതെന്ന്. യാതൊരു ഭാവപ്പകർച്ചയും ഇല്ലാതെ സൗമ്യമായ മറുപടി, "എന്നെ ഒരു സാധാരണക്കാരനായി നോക്കിക്കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്ന്". പലരും ഘോരഘോരം ശബ്ദിച്ച് ജനമനസ്സുകളിൽ ശ്രദ്ധ നേടാറുണ്ടെങ്കിലും നേർത്ത സ്വര ത്തോടെ കൃത്യവും വ്യക്തവുമായ രീതിയിലുള്ള അധര മൊഴിയിലെ വാക്ചാതുരിയുടെ പ്രതിഫലനം ഒരുപറ്റം മനുഷ്യഹൃദയങ്ങളിൽ ഇന്നും മന്ത്രിക്കുന്നുണ്ടെങ്കിൽ അതായിരുന്നു ശിഹാബ് തങ്ങൾ.
"കൃത്യവും വ്യക്തവുമായ വാക്ക്, പക്വവും പാവനവുമായ പ്രവർത്തനം " ഇതായിരുന്നു അവിടുത്തെ ജീവിത വീഥിയിലെ മുഖമുദ്രയും മാസ്മരികതയും.
ഇതെല്ലാം കൊണ്ട് തന്നെയാണ് കാലാതീതമായി തങ്ങൾ സ്മരിക്കപ്പെടുന്നത്.
ഇന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയുടെ തന്നെ മുക്കിലും മൂലയിലും ഒരു പറ്റം മനുഷ്യഹൃദയങ്ങളുടെ തുടിപ്പ് നിലക്കാതിരിക്കാൻ, സംരക്ഷിക്കാൻ റോഡുകളിലൂടെ ചീറിപ്പായുന്ന ഒട്ടുമിക്ക ആംബുലൻസുകളുടെ പിറകിലും ഒളി മങ്ങാത്ത ആ തിരുമുഖം പ്രതിഷ്ഠ നേടിയിരിക്കുന്നതിന്റെയും ചേതോവികാരം ഇതുതന്നെയാണ്. സാധാരണക്കാരിൽ പ്രത്യേകക്കാരനാവുക എന്നത് പ്രധാനമാണ്. പലരും ഇന്ന് സാധാരണക്കാരിലേക്ക് ആഴ്ന്നിറങ്ങി വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങൾക്ക് സാന്ത്വനം പകരുന്നുവെങ്കിലും അവിടുന്ന് പാലിച്ച ആ പ്രത്യേകത അവരിൽ നിന്നുള്ള അന്തരത്തിന്റെ അളവുകോലാണ്. അത്ര പെട്ടെന്നൊന്നും അങ്ങയെ മറക്കാൻ പറ്റില്ല എന്നും, അങ്ങയുടെ പുഞ്ചിരിതൂകുന്ന ആ പൂമുഖം ഹൃദയാന്തരങ്ങളിൽ ജാതി,മത,വർഗ്ഗ വ്യത്യാസം ഭേദിച്ച് ഒളി മങ്ങുമെന്നും പലരും പറഞ്ഞത് അതിനാലാണ്. ഒന്നുമില്ല... അങ്ങ് ഇവിടെ ചെയ്തുകൂട്ടിയ സുകൃതങ്ങൾ അതുമാത്രം, അതുമാത്രം മതി ഇതിനെല്ലാം നിദാനമാകാൻ.
പാണക്കാട് തറവാട് വീട് പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും നിറഞ്ഞുകവിയുന്നപ്പോലെ, 13 വർഷങ്ങൾക്കപ്പുറവും നാനാദേശങ്ങളിൽ നിന്ന് വൈജാത്യങ്ങൾ നിറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാര ദൂതിനു നിറഞ്ഞുകവിഞ്ഞ് ഒഴുകിയിരുന്നു. അവിടെ നിന്ന് പരിഹാരമാവാത്ത പ്രശ്നങ്ങൾ ഇല്ലായിരുന്നു. പരമോന്നത നീതിപീഠമായ കോടതിയുടെ വരാന്തകൾ കയറിയിറങ്ങിയിട്ടും പരിഹാരം ആകാത്ത പല പ്രശ്നങ്ങളുടെയും പരിഹാരശാല ആയിരുന്നു ആ തറവാട്ട് മുറ്റത്തെ ചാരുകസേരയിൽ ഇരുന്നിരുന്ന ആ വലിയ മനസ്സിന് ഉടമയും ആ തറവാട് അങ്കണവും.
സദാ തുറന്നിട്ട പടിവാതിൽ കടന്ന് ഏത് പാതിരാത്രിക്കും ഒരുപിടി ആവലാതികളുടെ കെട്ടുകൾ അഴിക്കുന്നവർക്കുമുന്നിൽ മന്ദസ്മിതമായി, മുറിവിൽ തേൻ പുരട്ടുന്ന സാന്ത്വനവുമായി, ആത്മീയ വെളിച്ചമായി അവിടുന്ന് പ്രോജ്വലിക്കുമായിരുന്നു.
ഒരുപിടി തപിക്കുന്ന
ഹൃദയങ്ങളുടെ തേങ്ങിക്കരച്ചിലു കളുടെയും ആവലാതികളുടെയും കഥപറയാൻ അവിടുത്തെ വട്ടമേശ ഇപ്പോഴും പാണക്കാട്ടെ പുതുക്കിപ്പണിത വീടിന്റെ പൂമുഖത്ത് അവശേഷിക്കുന്നുണ്ട്. പൂക്കോയ തങ്ങൾ തുടങ്ങിവെച്ച ജനകീയകോടതി സുഭദ്രമായി തന്റെ കരങ്ങളിൽ തങ്ങൾ സംരക്ഷിച്ചു പോന്നത് നീണ്ട 34 വർഷക്കാലമാണ്.
അവിടുത്തെ അധരങ്ങളിലെ നേർത്ത സ്വരങ്ങൾ,സ്നേഹം പകുത്തു നൽകുമാറ് പാതി വിടർന്ന പുഞ്ചിരി, കരുതലിന്റെ സ്നേഹ തലോടൽ, കുറിച്ചു കൊടുക്കുന്ന പരിശുദ്ധ വേദഗ്രന്ഥത്തിലെ സൂക്തങ്ങൾ... ഇതൊക്കെ മതിയായിരുന്നു,എല്ലാ വൈമനസ്യങ്ങളും അലിഞ്ഞില്ലാതാകാനും,മനസ്സുകൾ ചേർത്തുനിർത്താനും.
ഒരിക്കൽ ലീഗിന്റെ നാഷണൽ എക്സിക്യൂട്ടീവ് മീറ്റിംഗ് മുഹമ്മദ് സാഹിബിന്റെ വീട്ടിൽ നടക്കുകയുണ്ടായി. ചർച്ച കഴിയുമ്പോൾ അവിടം മുഴുവൻ മാധ്യമപ്രവർത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. അവരുടെ ദാഹം തീരുമാനങ്ങൾ എന്തായിരുന്നു എന്നറിയാനായിരുന്നില്ല ,പിന്നെ, ശിഹാബ് തങ്ങൾ എന്തുപറയുന്നു എന്നായിരുന്നു!!. ഈ സംഭവം സമദാനി സാഹിബ് ഓർത്തെടുക്കുന്നുണ്ട്. അന്നേരം ഇ.അഹമ്മദ് സാഹിബിന്റെ വീടിന്റെ പൂമുഖത്തെ പൂച്ചട്ടികൾ ഉള്ളയിടത്തേക്ക് തങ്ങൾ ഇറങ്ങുകയാണ്,അപ്പോഴും മാധ്യമപ്രവർത്തകരുടെ മുറവിളി ഉയർന്നു കൊണ്ടേയിരുന്നു, അവിടുത്തെ ഒരു വാക്ക് അതിനുവേണ്ടി... അതിനുവേണ്ടി മാത്രം... എന്നാൽ അപ്പോൾ തങ്ങൾ സമദാനി സാഹിബിനോട് ഒരു പുഷ്പ്പത്തെ ചൂണ്ടി കാണിച്ച് അവിടുന്ന് പറയുന്നുന്നത് കാലം അടയാളപ്പെടുത്തുന്നുണ്ട്, " എന്തൊരു ചന്തമാണ് ഈ പൂവിന് "!!. എന്തൊരു അ മാനുഷികതയാണിത്. വലിയ രാഷ്ട്രീയ കൊടുങ്കാറ്റുകൾ വീശുമ്പോൾ, വലിയ വിവാദങ്ങൾക്ക് തറപാകുന്ന ചർച്ചകൾ നടക്കുമ്പോഴും തങ്ങളുടെ ശ്രദ്ധ ഒരു ചെറിയ പുഷ്പത്തിലേക്കായിരുന്നു. അതെ... ഒരു പൂവിന്റെ മന്ദസ്മിതമായിരുന്നു ശിഹാബ് തങ്ങൾ. കാലമേറെ കഴിഞ്ഞാലും ഭൂമി തങ്ങൾ നടന്നകന്ന കാലൊച്ചക്കായി കാതോർത്തു കൊണ്ടേയിരിക്കും( ഇനിയില്ലെന്ന പരമസത്യത്തെ ഉൾക്കൊണ്ടുതന്നെ ). കാലചക്രം എത്ര കറങ്ങിയാലും രാത്രിയിലെ നിലാവ് തങ്ങളെ കാത്തുനിന്നു കേഴുക തന്നെ ചെയ്യും. അവിടത്തെ ഓരോ കാൽവെയ്പ്പും സാധാരണപോലെ മണ്ണിലൂടെ ആയിരുന്നില്ല, മാനവികന്റെ ഹൃദയത്തിലൂടെയായിരുന്നു. ആ മൗനിയായ സഞ്ചാരിയുടെ യാത്ര ഹൃദയാന്തരങ്ങളിലൂടെ കൈമാറ്റം ചെയ്തു കൊണ്ടേയിരിക്കും.
ഇന്ന് കാണുന്ന ന്യൂനപക്ഷങ്ങളുടെ സാമൂഹിക,രാഷ്ട്രീയ, വൈജ്ഞാനിക, നേട്ടങ്ങളെല്ലാം
ഏത് തോട്ടക്കാരന്റെ ഉദ്യാനത്തിൽ പൂത്തു വിരിഞ്ഞതാണെന്നുള്ള ചോദ്യത്തിന് കാലം മറുപടി പറയും, ആ തോട്ടക്കാരൻ, ഉദ്യാനപാലകൻ ഒരാൾ മാത്രമാണ്.... പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ.
കാലത്തോട് മനോഹരമായ ഈ പൂന്തോട്ടം ആരുടേതാണെന്ന് ചോദിക്കുമ്പോൾ കാലം മറുപടി പറയും,ഇതിലൂടെ ഒരാൾ നടന്നുപോയിരുന്നുവെന്ന്..അത്തരമൊരു അടയാളപ്പെടുത്തലായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. പരസഹായത്തിന്റെ, സ്നേഹത്തിന്റെ,സൗമ്യതയുടെ, കരുതലിന്റെ,ചേർത്തു പിടിക്കലിന്റെ, പകുത്തു നൽകലിൻ്റെ...എല്ലാവർക്കും ഒരുപോലെ തണൽ പകുത്തുനൽകിയ ആ മഹാവൃക്ഷം അന്നും,ഇന്നും, എന്നും നികത്താനാകാത്ത വിടവായി അവശേഷിക്കും.
ശിഹാബ് തങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞ സമയത്ത് സി. രാധാകൃഷ്ണൻ മാതൃഭൂമിയിൽ ഒരു ലേഖനം എഴുതുകയുണ്ടായി, ഒരു കൊച്ചു ലേഖനം. " ഇനി നമുക്ക് കുട്ടികൾക്ക് ഒരു കഥ പറഞ്ഞു കൊടുക്കാം..... പണ്ടുപണ്ട്... കേരളക്കരയിലെ മലപ്പുറം ജില്ലയിൽ പാണക്കാട്ടെ കൊടപ്പനകുന്നിൽ..... ഒരു ദിവ്യൻ ജീവിച്ചിരുന്നു. മുഴുവൻ മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച് തന്നിലേക്ക് ആവാഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദിവ്യത്വം " അതെ ആ എഴുത്ത് സത്യമായിരുന്നു, അത്തരത്തിലുള്ള ഒരു ദിവ്യത്വത്തിനുവേണ്ടി കേരളക്കര ഇന്നും കേഴുന്നുണ്ട്. നിർവ്യാജമായി, ഒരുവിധ അസ്വാരസ്യങ്ങൾക്കും ഇടംനൽകാതെ നമുക്ക് പറയാം... അങ്ങ് കാലാതീത നായിരുന്ന വ്യക്തി പ്രഭയായിരുന്നു തങ്ങളെ...
✍️Shuhaib Kizhisheeri (Guest Post)
(Darul Uloom Islamic & Arts College)


0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI