എല്ലുകൾ സാക്ഷി

 

ഒരു പണിയുമില്ലാതെ വീട്ടിൽ വെറുതേ ചൊറിയും കുത്തിയിരിക്കുമ്പോഴാണ് അവർ കേറി വരുന്നത് .ആചാരാഭിവാദ്യങ്ങളോടെ വാതിൽക്കൽ തൊഴുതു മിസ്റ്റർ ആർക്കിയോളജി സാറിന്റെ വീടല്ല്യോ. ഒരു കേസുണ്ടായിരുന്നു...ഒന്നു സഹായിക്കണം...ഹ് മ്..കേറിയിരിക്ക് ....എല്ലാവരും വരി വരിയായി കേറിയിരുന്നു.

കസേര പരിമിതമായതു കൊണ്ട് നേതാവും ഒന്ന് രണ്ട് പേരും ഇരുന്നു.ബാക്കിയുള്ളവർ കൈയും കെട്ടി നിന്നു കുത്തി നിർത്തിയ പന്തം കണക്കെ നിന്നു.ഇനി വന്ന കാര്യം പറ.

നേരെ കാര്യത്തിലേക്ക് കടക്കാം.കൂട്ടത്തിൽ അൽപ്പം മുതിർന്ന ആൾ പറഞ്ഞു തുടങ്ങി. ഞങ്ങളുടെ എതിർ പാർട്ടിയുടെ ഓഫീസുള്ളൊരു സ്ഥലം,ആ സ്ഥലം ഞങ്ങൾക്കു വേണം. അത് ഞങ്ങൾ ക്ക് തരണം. അത് ഞങ്ങളിങ്ങെടുക്കുവാ... എന്നാ എടുത്തോ എന്തിനാ എന്നോട് ചോദിക്കുന്നേ. വെറുതേ എന്റെ സമയം മെനക്കെടുത്താതെ പോവാൻ നോക്ക്.

പോവില്ലെന്ന് ഉറപ്പിച്ചാണ് പറഞ്ഞത്. വിചാരിച്ച പോലെ പോയില്ല. അല്ല സാറെ ഒരു ഒഴുക്കിനങ്ങ് പറഞ്ഞു പോയതാ.സാറ് ക്ഷമിച്ചേര്... ആ...അതിനു മുമ്പ് ഒരു കാര്യമറിഞ്ഞാൽ  കൊള്ളാം. ആ സ്ഥലം നിങ്ങളുടേത് തന്നെയാണോ? അങ്ങനെയൊക്കെ പറഞ്ഞാൽ?.. അവര് തല ചൊറിയാൻ തുടങ്ങി. ഒരു നെടു വീർപ്പിട്ട് അടുത്ത ചോദ്യം ചോദിച്ചു. എനി എവിഡൻസ്... ദേ വീണ്ടും തല ചൊറിയുന്നു. അല്ല

അവിടെ ഞങ്ങളുടെ ഉപ്പൂപ്പാന്റുപ്പൂപ്പാര് അവിടെ  കോഴിക്കച്ചോടം നടത്തിയിരുന്നു എന്നറിയാം. അയാൾ പൊട്ടിത്തെറിച്ചു..

പിന്നെ എന്തുണ്ടയുണ്ടാക്കാനാടോ വന്നിരിക്കുന്നേ... കോഴീടെ പപ്പും പൂടയും തിരയാനാണോടോ ഞാനിവിടെ ആർക്കിയോളജിസ്റ്റെന്നു പറഞ്ഞിരിക്കുന്നേ.

കോടതിയിൽ പോയി  കോഴിയും ഉപ്പൂപ്പയുമൊക്കെ പറയുന്നതിനെക്കാൾ നല്ലത് വല്ല  ബാലരമയിലേക്കോ ബാലഭൂമിയിലേക്കോ അയച്ചു കൊടുത്തു നോക്ക് ചെലപ്പോ അച്ചടിച്ചു വരും.പന്തം കണക്കെ നിന്നവരിൽ ഒരുത്തനോട് നേതാവ് കണ്ണു കൊണ്ടെന്തോ കോപ്രായം കാട്ടി.അവനൊരു ബാഗെടുത്ത് നേതാവിന് കൊടുത്തു. 

 ഹാ... സാറ് ചൂടാവാതെ നമുക്ക് കാര്യങ്ങൾ സംസാരിച്ചു തീർക്കാമെന്നേ... മേശമേൽ ഒരു  പച്ച നോട്ട് കെട്ട് വന്നു വീണു.നോ... നിങ്ങൾക്കറിയാലോ എതിർ കക്ഷി വളരെ സ്റ്റ്രോങ്ങായിരിക്കും ഞാനതിനനുസരിച്ച് നല്ലോണം എഫേർട്ടെടുക്കേണ്ടതുണ്ട്. 

പോരാതത്തതിന് ഇത്രയും പ്രഗൽഭനായ എന്നെപ്പോലൊരു ആർക്കിയോളജിസ്റ്റിന് ഇത് ശമ്പളമായിട്ട് പോലും തികയില്ല പിന്നെയല്ലേ കൈക്കൂലി. സാറ് പറഞ്ഞ് കാട് കയറേണ്ട ഇന്നാ... മേശമേൽ റോസ് നിറത്തിലുള്ള കെട്ട് വന്നു വീണു.

മിസ്റ്റർ ആർക്കിയോളജിസ്റ്റ് വെറും ആർക്കിയോളജിസ്റ്റായി മാറി.മൂപ്പര് തണുത്തു.കുറച്ച് നേരം മിണ്ടാതിരുന്നിട്ട് പറഞ്ഞു. അല്ലെടോഎന്തു പറഞ്ഞാ വാദിക്കുക. വല്ല തെളിവും വേണ്ടേ... നേതാവിനും പരിവാരങ്ങൾക്കും ശ്വാസം നേരെ വീണു. അതൊന്നും സാറ് നോക്കണ്ട.

 ഞങ്ങള് സ്ക്രിപ്റ്റെഴുതാം. സാറ് അഭിനയിച്ചാൽ മതി. മിസ്സറ്ററില്ലത്ത വെറും ആർക്കിയോളജിസ്റ്റായ കഥയിലെ നടൻ ചുമ്മാ ചിരിച്ചു. പിറ്റേന്ന് തന്നെ ആർക്കിയോളജിസ്റ്റ് അണിഞ്ഞൊരുങ്ങി കുട്ടപ്പനായി മിസ്റ്റർ  ആർക്കിയോളജിസ്റ്റായി അന്വേഷണ സ്ഥലത്തെത്തി. പലയിടത്തും മാന്തിയും കിളച്ചും അത്ഭുതമെന്നേ പറയേണ്ടൂ അയാൾക്ക് ഉപ്പൂപ്പാന്റെ കോഴിയുടെ എല്ലുകൾ കിട്ടി.

നല്ല ഒന്നാന്തരം ബ്രോയിലർ കോഴിയുടെ ലെഗ് പീസുകളാണധികവും. തലേന്ന് രാത്രി സ്മോളിന് ടച്ചിങ്ങ്സായിയെടുത്ത കോഴിയുടേതാണതെന്ന് പെറ്റ തള്ള പോലും ഐ മീൻ ആ കോഴി മുട്ടയിട്ട പിടക്കോഴി പോലും തിരിച്ചറിയില്ല. കോടതിയിൽ വാധിച്ചു ജയിക്കേണ്ടിയൊന്നും വന്നില്ല. 

ജഡ്ജിയും നമ്മടാളാ. പിന്നെ ആളുകളുടെ കണ്ണിൽ 87പൊടിയിടാനൊരു ഫോർമാൽറ്റിക്ക് മാത്രം.അന്നയാൾ, നമ്മുടെ മിസ്റ്റർ  ആർക്കിയോളജിസ്റ്റ് വെറും ആർക്കിയോളജിസ്റ്റായി ബാറിൽ പോയി രണ്ട് പെഗ്ഗടിച്ചു.ഓർഡർ ചെയ്ത  ഫുൾ കോഴി മുന്നിൽ നിന്ന് പിമ്പിരി തുള്ളി. 

ഇത് ഞാനാടോ ഉപ്പൂപ്പാന്റുപ്പാര് വളർത്തിയ കോഴിയുടെ പേരക്കുട്ടീടെ പേരക്കുട്ടി. തനിക്കാരുടെ എല്ലാടോ കിട്ടിയേ...? ഒരു പീറ പൊരിച്ച കോഴി പ്രഗൽഭനായ ഒരു മിസ്റ്റർ ആർക്കിയോളജിസ്റ്റിനെ ചോദ്യം ചെയ്യുന്നു. ഡോ... തനിക്കെവിടുന്നാടോ കാല് മാത്രമുള്ള കോഴിയെ കിട്ടിയത്.? 

എന്റെ ഉപ്പൂപ്പാന്റുപ്പാരെല്ലാം ഉടലും തലയുമൊക്കെ ഉള്ളവരായിരുന്നു പിന്നെ തനിക്കെവിടുന്നാടോ കാല് മാത്രമുള്ള കോഴിയെ കിട്ടിയത്...? മിസ്റ്റർ പേരക്കുട്ടീടെ പേരക്കുട്ടി ഉറഞ്ഞു തുള്ളുകയാണ്. 

മിസ്റ്റർ പദവി നഷ്ടപ്പെട്ട പാവം ആർക്കിയോളജിസ്റ്റ് വിയർത്ത് മരവിച്ച് മഞ്ഞു പോലെ നിന്നു.ആരോ വന്ന് തലക്കടിച്ച പോലെ എഴുന്നേറ്റപ്പോൾ ബാറി ലാണ്. സാർ കടയടക്കാറായി. സെർവന്റ് വന്ന് പറഞ്ഞതാണ്. മുന്നിൽ നക്കിത്തുടച്ചിട്ട ശാന്തനായ ഫുൾ കോഴിയുടെ എല്ല്.\

എല്ലെല്ലാം പെറുക്കയെടുത്ത് പോക്കറ്റിലിട്ടു. ഇനിയൊരബദ്ധം വരരുത്. ഉടലും തലയുമുള്ള ഉപ്പൂപ്പാരെ തന്നെ ഇനി ലോകത്തിന് കാണിക്കാം. നാളെയും വല്ല വല്ല കോഴിയോ കാടയോ വരില്ലെന്നാരു കണ്ടു. 

ഓരോന്ന് ചിന്തിച്ച് ചിന്തിച്ചങ്ങനെ  ആടിയാടി അയാൾ നടന്നു. ചുറ്റും ഇരുട്ട് തന്നെയാണ് നേരം വെളുത്തിട്ടില്ലല്ലോ.

✍️Afsal klari 

8 Comments

  1. 🔰നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഈ സൈറ്റിൽ ഉള്ള service & feedback എന്നതിൽ അറിയിക്കണേ....
    🔰ഞങ്ങളുമായി contact ചെയ്യുവാൻ വേണ്ടി ഈ സൈറ്റിൽ ഉള്ള contact എന്ന ഭാഗവും ഉപയോഗപ്പെടുത്തു മല്ലോ..... 🙏

    ReplyDelete

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI