ഇന്ത്യയെ നയിക്കാൻ കോൺഗ്രസിനാകുമോ? | Can Congress lead India? | Article by Safvanul Nabeel TP

ഇന്ത്യയെ നയിക്കാൻ കോൺഗ്രസിനാകുമോ? | Can Congress lead India? | Article by Safvanul Nabeel TP

ഇന്ത്യയെ നയിക്കാൻ കോൺഗ്രസിനാകുമോ?

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിയാകുമെന്ന് കരുതപ്പെട്ട അഞ്ച്  സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നപ്പോൾ  വ്യക്തമായ മുൻതൂക്കം ബി.ജെ.പിക്കാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ചതിലും ഗംഭീരമായ  വിജയമാണ് ബിജെപിക്കുണ്ടായത്. കോൺഗ്രസിനാവട്ടെ നേരിയൊരു ആശ്വാസം തെലങ്കാനയിൽ ചന്ദ്രശേഖരറാവുവിന്റെ പത്തു വർഷത്തെ ഭരണകാലത്തിനുശേഷം അവിടെ അധികാരം നേടാനായി എന്നത് മാത്രമാണ്. മിസോറാമിൽ ഭരണകക്ഷിയായ എം.എൻ.എഫിനെയും മുഖ്യപ്രതിപക്ഷമായ   കോൺഗ്രസിനെയും പിന്തള്ളി ഇസഡ്.പി എം എന്ന പുതിയ പാർട്ടി അധികാരത്തിൽ എത്തിയത് അപ്രതീക്ഷിതമായിരുന്നു. ഭരണകക്ഷിയായ എം.എൻ.എഫിനെ ഏറെ പിന്നിലാക്കി, നാലുവർഷം മാത്രം പ്രായമായ ഇസെഡ്.പി.എം പാർട്ടി അധികാരത്തിലെത്തിയത് രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ ശബ്ദമുയരുന്നതിന്റെ തെളിവായി കാണേണ്ടതുണ്ട്.

ബി.ജെ.പിയുടെ രാഷ്ട്രീയ വിജയവും   കോൺഗ്രസിന്റെ രാഷ്ട്രീയമായ പരാധീനതയും  ​പ്രതീക്ഷകൾക്കപ്പുറത്താണ് ദേശീയ രാഷ്ട്രീയത്തെ കൊണ്ടെത്തിക്കുന്നത്. അമിതാത്മവിശ്വാസത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന കോൺഗ്രസിന് ജനവിധി നൽകുന്ന പ്രതിസന്ധി ചെറുതല്ല. ഇന്ത്യാ മുന്നണിയെ ദേശീയതലത്തിൽ നയിക്കുകയും അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം തലയിലേറ്റി നടക്കുന്ന കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഈ ജനവിധിയുടെ ആഘാതം പെട്ടെന്നൊന്നും മറികടക്കാവുന്നതല്ല.

ഹിന്ദി ഭൂമിയിലെ തിരഞ്ഞെടുപ്പിനെ വളരെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് നേരിട്ടത്. കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളിൽ പറയത്തക്ക രീതിയിൽ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നില്ല എന്നതും എക്സിറ്റ് പോളുകൾ പലതും കോൺഗ്രസിന് മുൻതൂക്കം നൽകിയെന്നതും കോൺഗ്രസിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അപസ്വരങ്ങൾ ഉണ്ടെങ്കിൽ പോലും രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണത്തുടർച്ച നേടുമെന്ന് ഒരു ഘട്ടത്തിൽ കരുതിയിരുന്നു. ഈ പ്രതീക്ഷക്ക് അൽപം മങ്ങലേറ്റ അവസാന നാളുകളിലും ഇത്രവലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിന്റെ പോരാട്ടം. ശിവ്‌രാജ് സിംഗ് ചൗഹാൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് തന്ത്രങ്ങളും ആ പാർട്ടിയുടെ വിജയ പ്രതീക്ഷ ഉയർത്തിയ ഘടകങ്ങളാണ്. അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല, ബി.ജെ.പിയുടെ തേരോട്ടത്തിൽ കോൺഗ്രസ് ഏറെ പിറകോട്ടു പോകുകയും ചെയ്തു. ഛത്തിസ്ഗഢിലും പ്രതീക്ഷിക്കാത്ത തോൽവി തന്നെയാണ് കോൺഗ്രസിനുണ്ടായത്. പൊതുവേ മെച്ചപ്പെട്ട ഭരണം കാഴ്ചവെച്ച ഛത്തീസ്ഗഢിൽ ഭരണമാറ്റം തിരഞ്ഞെടുപ്പ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നില്ല.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്ന മധ്യപ്രദേശിൽ നരേന്ദ്രമോദി തന്നെ മുന്നിട്ടിറങ്ങിയ പ്രചരണം മറ്റെല്ലാ വിഷയങ്ങളും മറന്നു ബി.ജെ.പിയുടെ കൂടെ നിൽക്കാൻ ജനങ്ങൾക്ക് പ്രേരണ നൽകി. ഹിന്ദി ഭൂമിയിലെ ബി.ജെ.പി തരംഗം മോദി ഇഫക്ട് കൂടിയാണ് എന്നതിന് സംശയമില്ല. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം അരക്കിട്ടുറപ്പിക്കുവാൻ നരേന്ദ്രമോദിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരില്ല എന്ന ഒരു സന്ദേശമാണ് ഈ തെരഞ്ഞെടുപ്പുകൾ സമ്മാനിച്ചത്. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ മുന്നണിയുടെ പ്രവർത്തനം സ്തംഭിപ്പിച്ച കോൺഗ്രസിന്റെ അമിത ആത്മവിശ്വാസം തിരിച്ചടിക്ക് മുഖ്യ കാരണമായെന്ന വിലയിരുത്തൽ പ്രതിപക്ഷകക്ഷികൾക്കിടയിൽ പ്രകടമാണ്. ജൂണിൽ രൂപീകൃതമായതിന് ശേഷം സഖ്യം നേടിയെടുത്ത രാഷ്ട്രീയ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കാനേ ഈ നീക്കം സഹായിച്ചുള്ളൂ എന്ന് ഇപ്പോൾ കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്.

തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ചർച്ചകളിൽ മേൽക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രാദേശിക പാർട്ടി നേതാക്കൾ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനുള്ള ആവശ്യമുയർത്തിയപ്പോൾ കോൺഗ്രസ് അതിനോട് മുഖം തിരിക്കുകയായിരുന്നു. മുന്നണിയിലെ മറ്റു കക്ഷികൾക്ക് ചോദിച്ചതിനേക്കാൾ വളരെ കുറഞ്ഞ സീറ്റുകൾ നൽകിയാണ് ഒറ്റയാൾ പോരാട്ടം എന്നമട്ടിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും വേണ്ടത്ര വോട്ടിംഗ് ശതമാനമോ സീറ്റുകൾ നേടിയെടുക്കാനോ കോൺഗ്രസ്സിന് കഴിഞ്ഞില്ല.

കോൺഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരാളും തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, ഓരോ പരാജയത്തിൽ നിന്നും ഒന്നും പഠിക്കാൻ തയ്യാറാകാത്ത വിധം പാർട്ടി നേതൃത്വം പെരുമാറുന്നു എന്നതും കൂടിയാണ്.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനുശേഷം ഇന്ത്യ മുന്നണി വിളിച്ചു ചേർത്ത യോഗത്തിൽ പല നേതാക്കന്മാരും അസൗകര്യം പറഞ്ഞ് ഒഴിഞ്ഞതും മുന്നണിയോഗം ഒടുവിൽ മാറ്റിവെക്കേണ്ടി വന്നതും അസംതൃപ്തിയുടെ സൂചനയാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ തിരഞ്ഞെടുപ്പ് ഫലത്തിൽ അങ്ങേയറ്റം നിരാശരായിരുന്നു.

രാഹുൽ ഗാന്ധിയെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടാൻ പ്രാദേശിക പാർട്ടികൾ ആദ്യ ഘട്ടത്തിൽ താല്പര്യം കാണിച്ചിരുന്നില്ലെങ്കിലും കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസിനു ഇന്ത്യ മുന്നണിയുടെ നേതൃത്വം ഏൽപ്പിച്ചു നൽകാൻ അവർ തയ്യാറായിരുന്നു. അങ്ങനെ മുന്നണിപ്പോരാളിയായി നിന്ന കോൺഗ്രസാണ് അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സഖ്യകക്ഷികൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥയിലെത്തിയത്. ഇന്ത്യ മുന്നണി യോഗത്തിൽ നിന്ന് പല നേതാക്കന്മാരും വിട്ടുനിൽക്കുമെന്ന് അറിയിച്ചത് മുന്നണിക്കുള്ളിലെ ഉലച്ചിലും കോൺഗ്രസിന് ലഭിച്ചിരുന്ന മുന്നണി മര്യാദയിലുണ്ടായ വിള്ളലും  വ്യക്തമാക്കുന്നതായിരുന്നു. തെലങ്കാനയിലെ മിന്നുന്ന ജയം ഹിന്ദി ബെൽറ്റിൽ ഉണ്ടായ മൂന്നിടത്തെ പരാജയത്തിൽ കോൺഗ്രസ്സിന് ആശ്വാസം പകരുന്നില്ല. കാരണം തുടർച്ചയായി കോൺഗ്രസിനുണ്ടാകുന്ന ഹിന്ദി ബെൽറ്റിലെ പരാജയങ്ങൾ ഒരു രാഷ്ട്രീയ യാഥാർഥ്യമായി നിലകൊള്ളുന്നുണ്ടെന്നതാണ്.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായും ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലും വരാൻ നിതീഷ് കുമാറും മമത ബാനർജിയും മുന്നോട്ടിറങ്ങുമ്പോൾ ഇനി അധികം ശബ്ദിക്കാനുള്ള വഴി കൂടിയാണ് കോൺഗ്രസിന് മുന്നിൽ അടഞ്ഞത്. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും പരാജയം ഏറ്റുവാങ്ങിയതോടെ കയ്യിലിരുന്ന രണ്ട് സംസ്ഥാനങ്ങളിലെ ഭരണം കൂടിയാണ് പാർട്ടിക്ക് നഷ്ടമായത്. ഇക്കാര്യം പ്രതിപാദിച്ച് കോൺഗ്രസിനെ പിന്നിലേക്ക് തള്ളി ഇന്ത്യ മുന്നണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് തൃണമൂൽ കോൺഗ്രസും ജെ.ഡി.യുവുമെല്ലാം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന് കിട്ടിയ തിരിച്ചടികളിൽ ഏറ്റവും കഠിനമായത് ഈ മുൻനിരയിൽ നിന്ന് പിന്നിലേക്ക് ഇറങ്ങാൻ നിർബന്ധിതമായ അവസ്ഥയാണ്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യസഖ്യത്തിനുള്ളിൽ രൂപപ്പെട്ട തർക്കങ്ങളും അസ്വസ്ഥതകളുമാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പരാജയത്തിന് വഴിവെച്ചതെന്ന നിരീക്ഷണത്തിൽ കഴമ്പില്ലാതില്ല. സഖ്യത്തിനുള്ളിൽ കോൺഗ്രസ് വല്യേട്ടൻ കളിച്ചെന്ന് ആരോപണത്തെ ശരി വെക്കും തരത്തിലുള്ള വസ്തുതകൾ തിരഞ്ഞെടുപ്പിൽ പലയിടത്തും നാം കണ്ടതാണ്, പ്രത്യേകിച്ച് മധ്യപ്രദേശിൽ. ചെറുപാർട്ടികളെ ഒപ്പം നിർത്താത്തതും തർക്കങ്ങൾ സമവായത്തിലെത്തിക്കുന്നതിന് പകരം വഷളാക്കിയതും കോൺഗ്രസിനെയും ഇന്ത്യാസഖ്യത്തെയും കുഴപ്പത്തിലാക്കി.

മുന്നണി രൂപീകണ സമയത്ത് മിതത്വം പാലിച്ച കോൺഗ്രസ്, പിന്നീട് സഖ്യത്തിലെ ഇതര കക്ഷികളുടെ അഭിപ്രായങ്ങൾക്ക് വേണ്ടത്ര വിലകൽപ്പിച്ചില്ല. പരസ്പരം മത്സരിച്ച് നശിക്കാനാണോ മുന്നണി രൂപീകരിച്ചത് എന്ന ചോദ്യം ഇതര കക്ഷികൾ ഉയർത്തുന്നു. കോൺഗ്രസിനെ മാത്രം കടന്നാക്രമിച്ചുകൊണ്ടിരുന്ന ബി.ജെ.പി, മുന്നണി രൂപീകരണത്തിന് ശേഷം മറ്റു പാർട്ടികളെയും ആക്രമിക്കാൻ തുടങ്ങിയെന്നതും ഈ സഖ്യം ബി.ജെ.പിയെ പ്രതിരോധത്തിലാക്കി എന്നതിന് തെളിവാണ്. ഇന്ത്യാ മുണിയിലെ ഓരോ നേതാക്കളെയും കടന്നാക്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും ഈ തിരഞ്ഞെടുപ്പ് കാലത്ത് ചെയ്തത്. ഈയൊരു രാഷ്ട്രീയ അന്തരീക്ഷം ഒന്നിച്ച് നിന്ന് നേരിടുന്നതിന് നേതൃപരമായ മുൻകൈ എടുക്കാനുള്ള രാഷ്ട്രീയ പാകത കോൺഗ്രസിനുണ്ടായില്ല. 

ബി.ജെ.പി കാലാകാലങ്ങളിൽ പയറ്റിപോരുന്ന അതേ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തന്നെ തിരിച്ചു പയറ്റിയ കോൺഗ്രസിനാവട്ടെ  വൻ നഷ്ടമാണ് ഉണ്ടായത്. ബി.ജെ.പിയുടെ കയ്യിൽ അസ്സൽ ഹിന്ദുത്വ വർഗീയത ഉണ്ടായിരിക്കുമ്പോൾ എന്തിനാണ് തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ വർഗീയത എന്നതാണ് ശ്രദ്ധേയമായ ചോദ്യം. ഹിന്ദു വോട്ടുകൾ ഏകീകരിച്ചു നേടുവാൻ  കോൺഗ്രസ് കാണിച്ചു കൂട്ടിയ ഇത്തരം കൊള്ളരുതായ്മകളാണ് അവരെ  ന്യൂനപക്ഷത്തിൽ നിന്നും അകറ്റിയത്. ജാതി സെൻസസ് മുൻനിർത്തിക്കൊണ്ട് ഒ.ബി.സി വോട്ടുകളുടെ ശക്തമായ സമാഹരണം പ്രതീക്ഷിച്ച കോൺഗ്രസിന് പല ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ടുകൾ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നത് വലിയൊരു പോരായ്മയാണ്. രാജസ്ഥാനിൽ സ്ത്രീ സൗഹൃദപരമായ വൻ പ്രഖ്യാപനങ്ങൾ നടത്തിയിട്ടും, കോൺഗ്രസിനെ പിന്തുണക്കേണ്ടിയിരുന്ന വലിയൊരു വിഭാഗം സ്ത്രീകളുടെ വോട്ട് പെട്ടിയിലാക്കാൻ കോൺഗ്രസിന് സാധിച്ചില്ല. മധ്യപ്രദേശിലെ ഗോത്രവർഗ്ഗ വോട്ടുകളിൽ വലിയൊരു ഭാഗം ചെന്ന് വീണത് ബി.ജെ.പി പാളയത്തിലേക്കാണ്. ബി.ജെ.പിക്ക് ഇപ്പോഴും ഗ്രാമങ്ങളിൽ വേരുകൾ ഇല്ല എന്ന് ആവർത്തിച്ച് വിമർശിക്കുന്ന കോൺഗ്രസ് ഇക്കാര്യത്തിൽ ആത്മ പരിശോധന നടത്തേണ്ടതുണ്ട്. ഹിന്ദി ഭൂമിയിലെ മധ്യവർഗ്ഗ വോട്ടുകളും ഗ്രാമീണ വോട്ടുകളും സമാഹരിക്കുന്നതിൽ ബി.ജെ.പി വിജയം കണ്ടു എന്നതാണ് യാഥാർഥ്യം.

രാഹുൽ ഗാന്ധി നയിച്ച, ഏറെ മാധ്യമശ്രദ്ധ നേടിയ ഭാരത് ജോഡോ യാത്ര വോട്ടായി മാറിയില്ല എന്നതും കോൺഗ്രസിനെ സംബന്ധിച്ച് ക്ഷീണമാണ്. നെഹ്റു കുടുംബത്തെ തന്നെയാണ് കോൺ​ഗ്രസ് ഇത്തവണയും പ്രചാരണത്തിൽ മുഖമായി ഉയർത്തിക്കാട്ടിയത്. നെഹ്റു കുടുംബത്തെ ആശ്രയിച്ചുകൊണ്ട് കോൺ​ഗ്രസിന് എത്ര നാൾ മുന്നോട്ട് പോകാനാകുമെന്ന ചോദ്യം ശശി തരൂർ ഉൾപ്പടെയുള്ളവർ മുന്നോട്ട് വെച്ചിരുന്നു. അത്തരം ആശങ്കകളെയെല്ലാം അവ​ഗണിച്ചുകൊണ്ടാണ് കോൺ​ഗ്രസ് നേതൃത്വം മുന്നോട്ട് പോയത്. കോൺ​ഗ്രസ് ജാതി സെൻസസ് പ്രചരിപ്പിച്ച ഇടങ്ങളിൽ, ആർ.എസ്.എസിനെ ഉപയോ​ഗിച്ച് താഴെത്തട്ടിൽ കൃത്യമായ എതിർ പ്രചാരണം നടത്തിക്കൊണ്ടായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് വലിയ രീതിയിൽ ​അവർക്കു ഗുണം ചെയ്തുവെന്നുവേണം തെര‍ഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ.

തെരഞ്ഞെടുപ്പു നടക്കുമ്പോഴും പരസ്പരമുള്ള അധികാര തർക്കവും തള്ളിപ്പറയലുകളുമായി ജനങ്ങൾക്ക് നീരസമുണ്ടാക്കുന്ന സമീപനമാണ് ഇന്ത്യ മുന്നണിയിലെ കക്ഷികൾ കൈകൊണ്ടത്. കോൺഗ്രസിന് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. പരമാവധി കക്ഷികളെ ഉൾക്കൊള്ളാൻ ശ്രമിച്ച തെലങ്കാനയിൽ നേടിയ വിജയവും പാഠമാണ്. ഇന്ത്യ മുന്നണി കൂടുതൽ വിശാലമാക്കുകയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അത് വിപുലപ്പെടുത്തുകയും വേണമെന്ന രാഷ്ട്രീയ ബോധമാണ് ഇനിയെങ്കിലും കോൺഗ്രസിന് ഉണ്ടാവേണ്ടത്.

ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ കേവല തിരഞ്ഞെടുപ്പ് സംഘാടനം കൊണ്ട് മാത്രം പ്രതിരോധിക്കാൻ സാധിക്കുമെന്നത് ഉപരിപ്ലവമായ രാഷ്ട്രീയ സമീപനമാണ്. അതൊരിക്കലും ഒരു രാഷ്ട്രീയ പരിഹാരമല്ല. വംശീയതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയർന്നു വരേണ്ടത്. 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം എങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ബി.ജെ.പി കരുത്തുള്ള കോട്ടയായി നിലകൊള്ളുമ്പോൾ, അതിനെ നേരിടാൻ സകലസന്നാഹങ്ങളും ഒരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും ബാധ്യതയും  പ്രതിപക്ഷ സഖ്യത്തിനുണ്ട്. പല സംസ്ഥാനത്തുമുള്ള ചെറുപാർട്ടികൾക്ക് ഒറ്റയ്ക്ക് ഒന്നുംചെയ്യാൻ സാധിക്കില്ലെങ്കിലും പ്രതിപക്ഷസഖ്യത്തിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപിക്കാൻ കഴിഞ്ഞേക്കും. ജനാധിപത്യ മതേതര നിലപാടുള്ള കക്ഷികളെ വലിപ്പച്ചെറുപ്പമില്ലാതെ ഏകോപിപ്പിച്ച് നിർത്തുകയും, തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നതിന് പകരം  മത നിരപേക്ഷതയുടെ വിശാല രാഷ്ട്രീയ ഉള്ളടക്കം സ്വീകരിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്‌താൽ  ഇന്ത്യ സഖ്യത്തിന് മുന്നിൽ നേരിയ പ്രതീക്ഷയ്ക്കു വകയുണ്ട്.

Written By Safvanul Nabeel. TP (Guest Post)
Editor: Afsal Klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI