നിശബ്ദമായി ഗർജിക്കുന്ന ശബ്ദങ്ങൾ | Shabdangal book by Vaikom Muhammad Basheer | Book review by Ziyad Chelembra
നിശബ്ദമായി ഗർജിക്കുന്ന ശബ്ദങ്ങൾ
മലയാള സാഹിത്യത്തിൽ പച്ചയായ മനുഷ്യജീവിതം ലളിതമായി പ്രതിപാദിക്കുന്ന രണ്ടു നോവലുകളാണ് ബഷീറിന്റെ 'ശബ്ദങ്ങളും' തകഴിയുടെ 'തെണ്ടിവർഗവും' ......
മനുഷ്യജീവിതത്തിന്റെ പ്രതിധ്വനിക്കപ്പെടാതെ പോകുന്ന ശബ്ദങ്ങൾക്ക് തൻ്റെ ആകർഷകമായ ആഖ്യാനപാടവത്തിലൂടെ പുനർജീവൻ നൽകുകയാണ് ബഷീർ. 'ശബ്ദങ്ങളു'ടെ കഥാസമ്പുഷ്ടിയിൽ വായനക്കാരനെ പിടിച്ചിരുത്തി പുസ്തകത്തിലുടനീളം നമ്മൾ തിരിച്ചറിയാതെ പോകുന്ന പച്ചയായ സത്യങ്ങൾ തത്ത്വങ്ങളായി
സുൽത്താൻ പറഞ്ഞു വെക്കുന്നുണ്ട്. അനാഥത്വത്തിനും ആത്മഹത്യാശ്രമത്തിനുമൊടുവിൽ എഴുത്തുകാരനോട് തന്റെ ആത്മകഥ പറയുന്ന സൈനികന്റെ ജീവിതം, അവർ രണ്ടുപേരുടെയും സംസാരത്തിലൂടെ മാത്രം നോവലായി രൂപപ്പെടുന്നുവെന്നതാണ് 'ശബ്ദങ്ങളെ' മറ്റു കൃതികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ആത്മഹത്യയിലൂടെയും രക്ഷനേടാൻ കഴിയാതെ ജീവിതം അനുഭവിച്ചു തീർക്കുവാൻ വിധിക്കപ്പെട്ട ഒരനാഥന്റെ ജീവിതകഥയ്ക്കു മുന്നിൽ നമ്മുടെ ജീവിതസങ്കല്പങ്ങൾ തൊലിയുരിഞ്ഞ് നശിക്കുന്നു. 'ശബ്ദങ്ങളി'ലെ പ്രധാന കഥാപാത്രവും മുഖ്യ അവതാരകനും രചയിതാവ് പേരു പറയാൻ മടിച്ച അനാഥൻ തന്നെയാണ് . തന്റെ ആത്മകഥ പറയാനായി എഴുത്തുകാരന്റെ അടുത്തേക്ക് ഒരു പാതിരാക്ക് കയറിവരുന്ന അനാഥൻ പറഞ്ഞു തുടങ്ങുന്നിടത്ത് നോവൽ ആരംഭിക്കുന്നു. കഥാകഥനത്തിനിടെ എഴുത്തുകാരൻ അയാളോട് ചോദിക്കുന്ന ചോദ്യങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഉത്തരങ്ങളിലൂടെയും മറുചോദ്യങ്ങളിലൂടെയും നോവൽ തത്വശാസ്ത്രങ്ങളിലൂടെ ചുറ്റി വരുന്നു. തനിക്കൊരു തത്ത്വശാസ്ത്രം ഇല്ലെന്ന പരാതിയുമായി എഴുത്തുകാരനെ കാണാൻ വന്ന അനാഥ മനുഷ്യൻ, പിന്നീട് വെള്ളത്തെ ഭൂമിയുടെ ചോരയെന്ന് വിശേഷിപ്പിച്ചു തുടങ്ങുന്ന സംഭാഷണം വായനക്കാരിലേക്ക് തത്വങ്ങളിലുപരി സമസ്യകളില്ലാത്ത ചിന്തയുടെ വാതിൽ തുറന്നിടുന്നുണ്ട്.
നാൽക്കവലയിൽ ആരോ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പൂജാരി ദത്തെടുക്കുന്നു. കുഞ്ഞു മുതിർന്നപ്പോൾ സൈന്യത്തിൽ ചേർന്ന് രണ്ടാം ലോക യുദ്ധത്തിൽ പങ്കെടുക്കുന്നു. മറ്റു സൈനികരിൽ നിന്നും വിഭിന്നമായി സിഫിലിസ് പോലോത്ത മാറാവ്യാധികൾ ഒന്നും ബാധിക്കാതെ തന്നെ അയാൾ സൈന്യത്തിൽ നിന്ന് വിരമിച്ച് നാട്ടിലെത്തുന്നു. വീണ്ടും ജോലി അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തിന് ഒരു പ്രമാണിയുടെ വീട്ടിൽ ജോലി ലഭിച്ചു. എന്നാൽ അവിടെവച്ച് ഒരു പുരുഷനെ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് പ്രേമത്തിലാവുകയും, തുടർന്ന് മദ്യലഹരിയിൽ അവരുമായി സ്വവർഗരതിയിൽ ഏർപ്പെടുകയും ചെയ്യുന്നതോടെ സൈനികനിൽ സിഫിലിസും ഗൊണേറിയയും ബാധിക്കുന്നു. കുറ്റബോധത്താൽ ജോലി വിട്ട് തെരുവിലിറങ്ങുന്ന കഥാപാത്രം തന്റെ ജീവിതത്തെ നഗരത്തിലെ ഒരു ചേരിയിലേക്ക് പറിച്ചുനടുന്നു. കേട്ടു കേൾവിയില്ലാത്ത പല ജീവിത സന്ദർഭങ്ങളും ഈ സമയത്ത് നോവൽ പ്രതിപാദിക്കുന്നുണ്ട്. പിന്നീട് ഏകാന്തതയിൽ പൊറുതിമുട്ടിയ കഥാപാത്രം സർവ്വതും സമർപ്പിച്ചു മരണത്തെ സ്വീകരിക്കാൻ ഒരുങ്ങുന്നുണ്ട്. എന്നാൽ അദ്ദേഹത്തിൽ നിന്ന് മരണം കുതറി മാറുകയായിരുന്നു ..! നോവൽ വായന പൂർണ്ണമാകുന്നതോടെ വായനക്കാരന്റെ ലോകധാരണകൾ ഉരുകി മറിയുന്നു.
യുദ്ധം, അനാഥത്വം, വിശപ്പ്, ഏകാന്തത, രോഗം, വ്യഭിചാരം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലും സ്പർശിക്കുന്ന നോവൽ കാടുകയറി ഈശ്വര-നിരീശ്വരവാദം, ഭൂമി, സൂര്യൻ, ആകാശം ... തുടങ്ങി പല വിഷയങ്ങളിലും പല കാഴ്ചപ്പാടുകൾ പ്രതിഷ്ഠിക്കുന്നു. 'ബിഗ് ബാങ്ക്' തിയറിയെ തന്റെ നോവലിലൂടെ പരിഹസിച്ച് ബഷീർ തന്റെ ഫിക്ഷൻ പാടവത്തെ 'ശബ്ദങ്ങളി'ൽ കൂടുതൽ ദൃശ്യമാക്കുകയും ചെയ്യുന്നു.
തന്റെ പ്രത്യേകമായ മലബാർ-മാപ്പിള സംസാരഭാഷയിൽ നിന്നും അകന്ന് മാനക ഭാഷയിൽ ബേപ്പൂർ സുൽത്താൻ രചിച്ച പുസ്തകം എന്ന നിലയിൽ 'ശബ്ദങ്ങൾ ' ഏറെ ഖ്യാതി അർഹിക്കുന്നുണ്ട്. തെരുവിലെ ചട്ടങ്ങളും ചിട്ടകളുമില്ലാത്ത മനുഷ്യജീവിതം എത്രത്തോളം ഹീനകരമായിരിക്കുന്നുവെന്ന് നോവലിൽ നിന്ന് ലഭിക്കുന്ന തിരിച്ചറിവ്, വായനക്കാരന് തന്റെ ജീവിത ചട്ടങ്ങളുടെ അനിവാര്യത മനസ്സിലാക്കിക്കൊടുക്കാൻ പര്യാപ്തമാണ്.
ജീവിതം മടുപ്പ് തോന്നുന്നവർക്ക് 'ശബ്ദങ്ങൾ' ഏറ്റവും നല്ല ഒരു മരുന്നാണെന്ന് മനസ്സ് അടക്കം പറയുന്നു. "ചൊറിഞ്ഞാൽ മാന്തുന്നതിനും സുഖമുണ്ട്. മൂത്രമൊഴിക്കാൻ തോന്നുമ്പോൾ മൂത്രം ഒഴിക്കുന്നതിലും. ഇങ്ങനെ നോക്കുമ്പോൾ ജീവിതം മുഴുവൻ സുഖമല്ലേ ?" ഏകാന്തതയുടെയും അനാഥത്വത്തിന്റെ കഥനങ്ങൾക്കൊടുവിലും ആ മനുഷ്യനോട് എഴുത്തുകാരൻ പറഞ്ഞത് 'ജീവിതം മുഴുവൻ സുഖമാണെന്നായിരുന്നു!
അവസാനം ആ അനാഥൻ തന്റെ നഷ്ടപ്പെട്ട മാതാപിതാക്കളെ തിരിച്ചുപിടിക്കാനായി വീണ്ടും ഉത്സാഹത്തോടെ ജീവിക്കാനും തീരുമാനിക്കുന്നുണ്ട്.
എന്നാലും അടിച്ചൊതുക്കപ്പെട്ട പല ശബ്ദങ്ങളും മറകുറിയില്ലാതെ അപ്പോഴും 'ശബ്ദങ്ങളി'ൽ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു ..
"കവിതകളിലോ കഥകളിലോ പ്രസംഗങ്ങളിലോ എന്തും പറയാം , പച്ചയായ ജീവിതത്തിൽ ഓരോരുത്തരും ഓരോ അനാഥ ജീവിയാണ്. "
~ശബ്ദങ്ങൾ
(സിഫിലിസ്, ഗൊണേറിയ : ലൈംഗികമായി പകരുന്ന രണ്ട് ബാക്ടീരിയ രോഗങ്ങൾ)
1 Comments
👏👏👏
ReplyDeleteReaders should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI