പകപ്പാട് | Pakappad | Malayalam Story

 

പകപ്പാട്

അന്നൊരു ഞായറാഴ്ച്ചയായിരുന്നു. തന്റെ ഓർമ്മകളെ പിഴിഞ്ഞെടുത്ത് നീരിനെ ഊറ്റികുടിച്ച ഞായറാഴ്ച്ച . മറക്കാൻ മടിക്കുന്ന സായാഹ്നം. അതെ, പകലുതിച്ച് ഏകദേശം പത്തുമണി മുല്ലക്ക് ഇതൾ വിരിഞ്ഞു കാണും. പ്രഭാതത്തിലെ ചായത്തിരക്കിന്റെ തിരശ്ശീലക്ക് പിറകിൽ ധൃതിയിലായിരുന്നു അമ്മ. അപ്രതീക്ഷിതമായിട്ടാണ് കാട്ടുമലയിലെ അമ്മാവൻ ഒരു നൂൽച്ചാക്കുമായി വീട്ടുമുറ്റത്തേക്ക് കയറി വന്നത്. ജനവാതിലും തുറന്നിട്ട് പത്രവും പിടിച്ചു തൂങ്ങിയുറങ്ങുകയായിരുന്ന തന്റെ കണ്ണുകൾ ആ കാഴ്ചയെ ഒരു കുളിർമയോടെ മനസ്സിലേക്ക് കയറ്റി വെച്ചു . മുകൾഭാഗം ചാക്ക് നൂൽ കൊണ്ട് കെട്ടിയ വയർ നിറഞ്ഞ സഞ്ചിയും പിടിച്ചുള്ള അമ്മാവന്റെ വരവിലൂടെ തന്റെ ജീവിതത്തിലേക്ക് കയറി പറ്റിയതാണ് ഈ പി  പീരെങ്കി.  പി ഭാസ്കരൻ എന്ന പേരിനെ നാട്ടുകാർ വകഭേദം വരുത്തിയതാണ് പി. പീരങ്കി. ചാക്കെടുത്ത്  തറയിൽ വെച്ച അമ്മാവൻ അമ്മയെ ഒന്ന് നീട്ടി വിളിച്ചു. "മാളൂ..."പരിചയം നിറഞ്ഞ ശബ്ദം കേട്ടതും കയ്യിലുണ്ടായിരുന്ന പാത്രം സിങ്കിലേക്കിട്ട് അമ്മ ഉമ്മറത്തേക്ക് ഓടി. ആദിത്യ മര്യാദകൾ പാലിക്കുന്ന അമ്മയെ മറച്ചുവെക്കുന്ന തരത്തിൽ ആ ചാക്ക് എന്റെ കണ്ണുകളെ ഉടക്കിയിരുന്നു. ചലനം നിലക്കാത്ത സംസാരത്തിനിടയിൽ അമ്മാവൻ ചാക്കിന്റെ കെട്ടഴിച്ചു തുടങ്ങി. ഒരു വെളുത്തു തുടുത്ത പൂവൻകോഴിയായിരുന്നു അതിൽ നിന്നും പുറത്തേക്ക് എത്തി നോക്കിയത്. വീടിൻ്റെ മുകൾ തട്ടിലായിരുന്ന എനിക്ക് അതിന്റെ പുറംഭാഗവും കാണാൻ സാധിച്ചത് കൊണ്ട് തന്നെ ആ നാട്ടിൽ പീരങ്കിയെ ആദ്യമായി കണ്ട വ്യക്തി ഞാനായിരുന്നു. അമ്മാവന്റെ വീട്ടിൽ ഒരുപാട് കോഴികൾ ഉണ്ടായതുകൊണ്ടാവാം അമ്മക്ക്  വിറകിലെ ചിതലിട്ടു കൊടുക്കാനും, രാവിലെ കോഴിക്കൂട്  തുറക്കാനും വേണ്ടി ഒരെണ്ണത്തെ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഏതായാലും കോഴിയെ കൂട്ടിലിട്ട് ഉച്ചഭക്ഷണവും കഴിച്ച് അമ്മാവൻ അങ്ങേരുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു.

 

സൂര്യൻ ചുവന്നു തുടുത്ത് ആകാശമുറ്റത്ത് ഒരു മനോഹര ചിത്രമായി നിലകൊണ്ടിട്ട് നേരം ഒരുപാടായിട്ടില്ല. അന്നേരമാണ് അടക്കിപ്പിടിച്ച എന്റെ കോഴി ഭ്രാന്ത് പുറത്തേക്ക് ചാടിയത്. അധികമൊന്നും താമസിച്ചില്ല, കോഴിക്കൂടിന്റെ വാതിൽ കുറ്റിയിലേക്ക് കൈനീട്ടിയതോടെയാണ് ഓടിത്തുടങ്ങിയ കാലുകൾ നിലയുറച്ചത്. വാതിൽ തുറന്നതും ചിറകിട്ടടിച്ച് വെടിയൊച്ച പോലുള്ള  ശബ്ദം കൊണ്ട്  വീടും പരിസരവും പ്രകമ്പനം കൊള്ളിച്ച് കോഴി പുറത്തേക്കെടുത്ത് ചാടി. ചാട്ടം കണ്ടതും, കുലുങ്ങി വിറച്ച എന്റെ ഹൃദയത്തിന്റെ ഇരു ഭാഗങ്ങളിലായി അമ്മയും അമ്മാവനും ഒന്നു മിന്നി മറഞ്ഞു. പക്ഷേ, പീരങ്കി ശാന്തനായിരുന്നു. പാറിപ്പറക്കുന്ന കുഴപ്പിക്കുന്ന രീതികൾ ഒന്നുമില്ല. കുറച്ചകലെ മാറിനിന്ന് അവനൊന്ന് ചുറ്റും നോക്കി. ആ നോട്ടം ഔസേപ്പിന്റെ വേലിയും കടന്ന്,അവന്റെ തന്നെ പിടക്കോഴിയെയും നോക്കി ഒരു നിമിഷം. അടുത്ത നിമിഷത്തോടെ ഔസേപ്പിന്റെ പറമ്പിലെ പയർ ചെടികൾ കൊത്തി തിന്നുന്ന പീരങ്കിയാവുകയായിരുന്നു അവൻ. അവിടുത്തെ മേരിയമ്മയെക്കൂടി കണ്ടപ്പോൾ തന്നെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായിരുന്നു. താൻ നട്ടു വളർത്തി വലുതാക്കാൻ ശ്രമിക്കുന്ന പയർ ചെടി തിന്നുന്ന അപരിചിതനായ കോഴിയെ കല്ലെടുത്ത് ഉന്നം വെച്ച മേരിയമ്മക്ക് തെറ്റി. കല്ലെറിഞ്ഞതും, കുതറിയോടിയ പീരങ്കി പറന്നു ചെന്ന് ഇടിച്ചു നിന്നത് മെലിഞ്ഞുണങ്ങി പ്രായം ചെന്ന മേരിയമ്മയുടെ ദേഹത്ത് .അവരുടെ ശരീരമാകെ മാന്തിയ പാടുകളും കൂർപ്പേറിയ ചുണ്ടുകൾ കൊണ്ട് കൊത്തിയ മുറിവുകളുമായിരുന്നു. മേരിയമ്മയുടെ ശരീരത്തിൽ കോഴി ഇടിച്ചുനിന്നപ്പോൾ ഉണ്ടായ ആഘാതമാണ്  എന്റെ കോഴിക്ക് പീരങ്കി എന്ന പേര് വന്നത്. ഇതായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ നാട്ടുകാരുടെ പ്രധാന ചർച്ചാവിഷയം. ദേഷ്യം തുപ്പിയ മുഖവുമായാണ് അന്ന് മേരിയമ്മ അവരുടെ വീട്ടിലേക്ക് കയറിപ്പോയത്. "നോക്കിനിൽക്കാതെ ആ കോഴിയെ പിടിക്കെടാ " എന്ന അമ്മയുടെ അട്ടഹാസം കേട്ടാണ് എനിക്കൊന്ന് അനങ്ങാൻ പോലും സാധിച്ചത്.

  പ്രകാശരൂപത്തിൽ ചന്ദ്രന്റെ കാവലാളുകൾ രാത്രിക്ക് ശോഭ പകരുന്ന സമയം, ഔസേപ്പും ഭാര്യ ഇല്ലിയും വെട്ടുകത്തി അടക്കമുള്ള ആയുധങ്ങൾ കൈകളിലേന്തി ഞങ്ങളുടെ തോട്ടത്തിലേക്ക് അതിക്രമിച്ചു കയറി. മൂർച്ചയേറിയ കത്തി ചുണ്ടുകൾ ഇരിപത്തിന്നാലു വാഴക്കന്നുകളുടെ ജീവനെടുത്ത സന്തോഷത്തിൽ കറകുടഞ്ഞ് തിരിച്ചു നടന്നു. വാഴകളുടെ കൂട്ട നിലവിളി കേട്ട് പുറത്തിറങ്ങിയ അമ്മയുടെ ബോധം തിരികെ വന്നത് പിറ്റേന്ന് വെളുപ്പിന് അഞ്ചു മണിക്ക്. അമ്മയുടെ ജീവിതവഴിയിലെ എല്ലാ പ്രയാസങ്ങളും തീർത്ത് ബാക്കി വന്ന സമയമായിരുന്നു കമിഴ്ന്നടിച്ച ആ ഇരുപത്തിന്നാല് വാഴകൾ. ഈ സംഭവത്തിലാണ് എന്റെ പ്രതികാരത്തിന്റെ നെല്ലിപ്പലക പൊട്ടിത്തെറിച്ച് കല്ലുരൂപത്തിൽ ഔസേപ്പിന്റെ ചില്ലു ജനാലയിൽ ചെന്നിടിച്ചത്.

 പിറ്റേന്ന് രാവിലെ അമ്മയുടെ കട്ടനും കുടിച്ച് ഔസേപ്പ് വെട്ടി വീഴ്ത്തിയ വാഴകളുടെ ഇണ്ണിക്കാമ്പ് അടർത്തിയെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. അതിനിടക്കാണ് പൊട്ടിയ ജനൽ ചില്ലുമായി  കടിച്ചു കീറാൻ ഒരുങ്ങിയ കടുവയെപ്പോലെ ഔസേപ്പ് എന്റെ മുന്നിൽ വന്നു നിന്നത്. ദേഷ്യം ഇരമ്പിക്കയറിയ തന്റെ ഇരുപത്തൊന്നാം വയസ്സിന് എന്തെന്നില്ലാത്ത ധൈര്യമായിരുന്നു കയ്യിലുള്ള കത്തിപ്പിടി സമ്മാനിച്ചത്. വാക്കു തർക്കം കയ്യാങ്കളിയിലേക്ക് പ്രവേശിച്ചു. തർക്കത്തിനിടയിൽ ഔസേപ്പിന്റെ കയ്യിലുള്ള ചില്ല് കൊണ്ട എന്റെ കൈത്തണ്ടയിൽ നീളത്തിലൊരു മുറിവ് വീണു. പിന്നീട് നടന്നതെല്ലാം തികച്ചും അപ്രതീക്ഷിതം. കത്തി ഒതുക്കി പിടിച്ച എന്റെ വലതു കൈയുടെ വേറിട്ട പ്രകടനം ഔസേപ്പിന്റെ ആത്മാവിനെ പരമാനന്ദലോകത്തേക്ക് എടുത്തുയർത്തി. രക്തം ചിന്തിയ അവന്റെ ശരീരവുമായി ആശുപത്രിയിലേക്ക് ഓടുന്നതിനിടെ എന്തിലോ തടഞ്ഞുവീണ ഞാൻ കണ്ണുതുറന്നത് ഇവിടുത്തെ മുതിർന്ന പോലീസേമാന്റെ കുപ്പായക്കീശയുടെ മുകളിലുള്ള ബെന്യാമിനെന്ന് കോറിയിട്ട വയലറ്റ് ബാഡ്ജിലേക്ക്.

ഇത്രയും പറഞ്ഞ് എന്റെ ചുറ്റുമുള്ള മുഖങ്ങളിലേക്ക് ഞാനൊന്ന് കണ്ണോടിച്ചു. അടച്ചു പൂട്ടിയ ഇരുമ്പിൻ കൂട്ടിലെ മിഴികളെല്ലാം  എന്നെ നിസ്സഹായതയോടെ  കൺപോളകളടക്കാതെ നോക്കിക്കൊണ്ടിരുന്നു. അന്നേരമുണ്ടായ പകയുടെ വരൾച്ചയെ ക്ഷമയെന്ന പാനിയം കൊണ്ട് ക്ഷമിപ്പിക്കാൻ  സാധിച്ചിരുന്നെങ്കിലെന്ന ആഴമേറിയ നടക്കാത്ത ആഗ്രഹമെന്നെ രാത്രി നിദ്രയിലേക്ക് കൈപിടിച്ചു നടത്തി....

Written By Arshad Perinthalmanna (Guest Post)
Editor: Afsal Klari


1 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI