മരിക്കുന്ന ഗസ്സയെ മറക്കുന്നോ നമ്മൾ? | Are we forgetting the dying Gazza?



മരിക്കുന്ന ഗസ്സയെ മറക്കുന്നോ നമ്മൾ?

വിഭവ സമൃദ്ധമായി തീൻമേശകൾ അലങ്കരിക്കുമ്പോഴെപ്പോഴെങ്കിലും ഗസ്സയെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?വയറുനിറയെ കഴിക്കുമ്പോഴെപ്പോഴെങ്കിലും വിശന്നു വലഞ്ഞ ആ കുഞ്ഞു മുഖങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞിട്ടുണ്ടോ? ദിവസങ്ങൾ പിന്നിടും തോറും എത്രമാത്രം കഠിന വീഥികളാണ് ഗസ്സയിലെ ഓരോ മനുഷ്യനും താണ്ടേണ്ടി വരുന്നത്. യുദ്ധമുഖത്ത് മരിച്ചുവീഴുന്നവരുടെ കണക്കുകൾ പോലും കൃത്യത നൽകാൻ കഴിയാത്തവിധം അധികരിക്കുന്നു. പുറത്ത് വന്ന കണക്കു പ്രകാരമുള്ള 33000 വരുന്ന മരണങ്ങൾക്കുമപ്പുറമാണ് യഥാർത്ഥ കണക്കെന്ന് സൂചിപ്പിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെയാണ്. ഇതിൽ തന്നെയും നവജാതശിശുക്കളുടെ എണ്ണം പരിഗണിക്കാതെയെന്നത് എത്രയോ അത്ഭുതകരം. 

70 ശതമാനത്തോളം വരുന്നവർ ഇന്ന് ഗസ്സയിൽ തീർത്തും പട്ടിണി ബാധിച്ചവരാണ്. അവരിൽ തന്നെയും സഹായങ്ങളായി എത്തുന്ന ഭക്ഷണപ്പൊതികൾ വാങ്ങിക്കാൻ പോകുന്നവരും ജീവനോടെ ടെന്റുകളിൽ എതിപ്പെടുന്നില്ലന്നതാണ് വാസ്തവം. ക്രൂരതയുടെ ഏറ്റവും മൂർച്ചയേറിയതു മാത്രമാണ് സയണിസ്റ്റുകൾ ഈ നിമിഷം പോലും തലപുകഞ്ഞാലോചിച്ചുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ പിന്നെന്തിനാണ് തുരുമ്പെടുത്ത പാത്രവും പിടിച്ചു നിൽക്കുന്നവർക്കെതിരെ നിറയൊഴിക്കാൻ പ്രേരിപ്പിക്കുന്നത്, ഇനിയും നിരപരാധികളെ കൊന്നു തീർക്കുന്നതിന്ന് പ്രചോദനമാവുന്നത്.

ദിനംപ്രതി പിറന്നു വീഴുന്ന നവജാത ശിശുക്കളെ പോലും സംരക്ഷിക്കാനുതകുന്ന ആശുപത്രികൾ പോലും നല്ലവണ്ണം ബാക്കിയില്ല. ഉള്ളത്തിലാവട്ടെ അക്രമഭീതിയാണെതുനിമിഷവും.

ഓർക്കുന്നുണ്ടോ, എങ്ങെനെയാവും ഈ നോമ്പുകാലം ഗസ്സ അതിജീവിച്ചുകൊണ്ടിരിക്കുന്നത്..?

നോമ്പ് തുറക്കാനും അത്താഴത്തിനു പലപ്പോഴും അവർ ശേഖരിക്കുന്നത് ഭക്ഷ്യ യോഗ്യമായ ഇലകളും പുല്ലുകളും മാത്രമാണ്. അല്ലെങ്കിൽ അവയെല്ലാം ഭക്ഷ്യയോഗ്യമാക്കുന്നു. അയൽ രാജ്യങ്ങളിൽ നിന്നെത്തുന്ന ഭക്ഷണ വസ്തുക്കൾ പലപ്പോഴും ഒഴിഞ്ഞ പാത്രവും പിടിച്ചു നിൽക്കുന്ന കുട്ടികൾക്ക് പോലും തികയാതെ വരുമ്പോൾ എന്തു മാത്രം വേദനയവർ സഹിക്കുന്നുണ്ടാകും, നിരാശയുടെ,വിശപ്പിന്റെ അങ്ങനെയങ്ങനെ...

മലമൂത്ര വിസർജനത്തിന് പോലും ഇടങ്ങളില്ലെന്നാണ് നേരിട്ട് കണ്ടവർ റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണം പോലും ആവശ്യത്തിനില്ലാത്തവിടം മലമൂത്ര വിസർജനത്തിന്റെ ആവശ്യം എന്നത് പോലും എത്ര മനോവിഷമത്തോടെയാണ് നാം ആലോചിക്കേണ്ടത്. യുദ്ധവും അധിനിവേശാതിക്രമങ്ങളും നടക്കുന്നിടങ്ങളിലെല്ലാം പ്രധാന വില്ലൻ വിശപ്പും ദാഹവും തന്നെയാണ്. അതിന്റെ ഏറ്റവും രൂക്ഷിത ഭാവമാണ് ഇന്ന് നാം കാണുന്ന കണ്ടില്ലെന്ന് നടിക്കുന്ന പലസ്‌തീൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പലതും നേരിയ ആശ്വാസങ്ങൾക്ക് പകരം ഉയർത്തുന്നത് വലിയ ഭീതികളാണ്. "സന്നദ്ധ സംഘടനകളൊക്കെയും" ഗസ്സയിലേക്കുള്ള ഭക്ഷണ വിതരണങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളിലാണ്. ഏത് വൻശക്തികളുടെ ഭീഷണിക്കുമുമ്പിലെ കീഴടങ്ങലോ അതുമല്ലെങ്കിൽ ആരുടെയെങ്കിലും താത്പര്യങ്ങൾക്കുള്ള വഴിമാറിക്കൊടുക്കലാണെങ്കിലും ഗസ്സയെ നോവിക്കുന്നതിന്റെ മറ്റൊരു മൂർച്ചയേറിയ വശം കൂടിയാണിത്. ഇന്നും ഇത് വായിച്ചു കൊണ്ടിരുന്ന ഈ നിമിഷവും ഗസ്സ അനുഭവിക്കുന്ന യാതനകൾ എത്രമാത്രമെന്ന് ചിന്തിക്കാൻ സാധിക്കുന്നുണ്ടോ?വലിയൊരു ആഘോഷത്തിലേക്കുള്ള തയാറെടുപ്പുകൾ നടത്തുന്ന നാമെപ്പോഴെങ്കിലും വിശക്കുന്ന അനാഥമായ ആ ബാല്യങ്ങളെയെങ്കിലും ഓർത്തുപോകുന്നുണ്ടോ?എങ്കിൽ ഇല്ല എന്നു തന്നെയാണ് ഉത്തരം.നാമൊക്കെയും സാക്ഷികളാണ്.നേർസാക്ഷികൾ,ഒരു വംശഹത്യയെ തികച്ചും നിസാരമായി ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തിൽ കണ്ടു തീർക്കുന്നു.അതിൽ തന്നെയും ലോക സമാധാനം പുലമ്പുന്ന സംഘടന കളുണ്ട്, "അറബ് രാജ്യങ്ങളുണ്ട്". പക്ഷെ, ആർക്കും ശബ്‌ദിക്കണമെന്നില്ല,അല്ലെങ്കിൽ അതിനായ് ശ്രമിക്കുന്നുമില്ല.ആശുപത്രികൾ, സ്കൂളുകൾ,പള്ളികൾ,അഭയാർത്ഥി ക്യാമ്പുകൾ,അങ്ങനെ തുടങ്ങി ഇനി അക്രമത്തിനിരയാകാൻ ബാക്കിയായി ഒന്നുമില്ല ഗസ്സയിൽ. ഓർക്കുക..!

"നിശ്ശബ്ദതയുടെ മൂടുപടങ്ങൾ അണിഞ്ഞവരെ... നാമെല്ലാം ഈ വംശഹത്യയുടെ അല്ലെങ്കിൽ ഈ പാതകത്തിന്റെ നിശബ്ദപങ്കുകാരാണ്..!"

Written by PT Muhammed Juman
Editor: Muzammil Salam

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI