തെറ്റിന്റെ പര്യായം | Synonym of error

തെറ്റിന്റെ പര്യായം

വൈലോത്തിക്കര സിബിഎസ്ഇ സ്കൂൾ പണക്കാരന്റെയും പാവപ്പെട്ടവന്റെയും മക്കൾ പഠിക്കുന്നുണ്ടവിടെ. പ്യൂൺ ഗംഗാധരൻ അന്നത്തെ പത്രം സ്റ്റാഫ് റൂമിൽ കൊണ്ടു വച്ചു. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഫ്രണ്ട് പേജിൽ കലാപാഹ്വാനങ്ങളുടെ നിഴലിച്ച. ക്ലാസിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്ന സതീഷ് സാർ പേപ്പറിലേക്ക് ഒരു നോട്ടമയച്ചു. ഒരല്പനേരം അവിടെ തറച്ചുനിന്നു. പിന്നെ ചിറികോട്ടി, ഒരു തെല്ല് പുച്ഛത്തോടെ ഏഴ് ബിയിലേക്ക് നടന്നു. ഫസ്റ്റ് പിരീഡ് സാറിന്റെ കണക്കു ക്ലാസാണ്. എല്ലാവർക്കും സാറിനെ പേടിയാണ് ഹോംവർക്ക് ചെയ്യാതിരുന്നാൽ ആദ്യം ഭൂമി കുലുങ്ങുമാറ് ചീത്ത പറയും. പിന്നെ ദേഷ്യത്തിന്റെ കനം അനുസരിച്ചിരിക്കും അക്രമപരാക്രമങ്ങൾ. അടിയൊക്കെ പിന്നെയും സഹിക്കും, പക്ഷേ സാറിന്റെ പിച്ച് സ്കൂൾ മൊത്തം പ്രസിദ്ധമാണ്. 

ചിലരുടെ ഇറച്ചി വരെ പോന്നിട്ടുണ്ടെന്നാണ് നടക്കുന്ന കുപ്രചരണം. അതുകൊണ്ടുതന്നെയാവണം സാറിന്റെ ക്ലാസ്സിൽ എല്ലാവരും ഹോം വർക്ക് ചെയ്തു വരും. അന്നും ക്ലാസ്സിൽ കയറിയപ്പോൾ എല്ലാവരും സ്വച്ചിട്ടപോലെ എഴുന്നേറ്റുനിന്ന് "ഗുഡ്മോണിങ് സാർ..."പറഞ്ഞു. ആദ്യം തന്നെ തിരക്കുന്നത് ഹോംവർക്കായിരിക്കും. അന്നും പതിവ് തെറ്റിച്ചില്ല. ചെയ്യാത്തവരായി ആരും എഴുന്നേറ്റു നിന്നതുമില്ല. ഓരോരുത്തരുടെയും നോട്ടുബുക്ക് സാറിന്റെ മേശയിലേക്ക് ആനയിക്കപ്പെട്ടു. ഒന്നിന് പിറകെ ഒന്നായി എല്ലാവരുടെയും നോട്ടുബുക്കുകൾ തിരികെ അവരുടെ കൈകളിലേക്ക്  തിരിച്ചെത്തി. പക്ഷേ സൽമാന്റെ നോട്ടുബുക്ക് മാത്രം  കിട്ടിയില്ല. അവൻ സൂരജിനോട് ആവലാതിപ്പെട്ടു. അവർ രണ്ടുപേരും വിട്ടുപിരിയാത്ത കൂട്ടാണ്. 

"ഇനി തന്റെ കണക്കിൽ എന്തെങ്കിലും പിശക് കാണുമോ? " സൽമാന് ആധിയായി. 

"അങ്ങനെ വരാൻ വഴിയില്ല നമ്മൾ രണ്ടുപേരും ഒരുമിച്ചല്ലേ ചെയ്തത്. എന്നിട്ട് എനിക്ക് ശരി കിട്ടിയല്ലോ! "അപ്പോഴേക്കും 

"സൽമാ...ൻ" എന്ന് മുഴങ്ങുന്ന ശബ്ദം കേട്ടു. സാറ് അടുത്തേക്ക് വിളിച്ചാൽ കുട്ടികൾക്ക് പേടിയാണ്. അവൻ വിറച്ച് വിറച്ച് സാറിനടുത്തെത്തി. 

"ഇത് തെറ്റാണല്ലോഡാ..." തറപ്പിച്ചു നോക്കിക്കൊണ്ട് സാറ് പറഞ്ഞു. 

"ഞാനും സൂരജും ഒരുമിച്ചാണ് സാർ ചെയ്തത്.അവൻക്ക് ശരിയും കിട്ടിയിട്ടുണ്ട്. " 

സൽമാൻ നിഷ്കളങ്കമായി പറഞ്ഞു.  "അവന്റെ പേരെന്താ? " സാറിന്റെ അടുത്ത ചോദ്യം. 

"സൂരജ് " അവൻ മറുപടി പറഞ്ഞു. 

"നിന്റെ പേരോ..?"

 "സൽമാൻ" .

അവന്റെ മറുപടി കേട്ട് സാർ ആദ്യം മന്ദഹസിച്ചു. 

"നിന്റെ പേരിലാണ് തെറ്റ്." പുതിയൊരു തമാശ കിട്ടിയ പോലെ, അവന്റെ പേരെഴുതിയ ബെൻ ടണിന്റെ ചിത്രമുള്ള നെയിംസ്ലിപ്പിൽ വിരലമർത്തിക്കൊണ്ടയാൾ പൊട്ടിച്ചിരിച്ചു. ശേഷം "പൊക്കോ..." എന്ന് പറഞ്ഞ് അയാൾ അവന് നോട്ട് എറിഞ്ഞു നൽകി. അവൻ അതുമായി തന്റെ ഇരിപ്പിടത്തിലേക്ക് നടക്കുമ്പോൾ മനസ്സിൽ ചിന്തകൾ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ എവിടെയാണ് തെറ്റ് ?

Written by Ramees PT
Edited by Afsal Klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI