ജാതി സെൻസസ്; മണ്ഡൽ കാലത്തേക്ക് വഴിമാറുന്ന ദേശീയ രാഷ്ട്രീയം
'നാം ജാതി വ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും അതിനെ പൂർണ്ണമായും ഇല്ലാതാക്കുകയും വേണം'. 1947-ൽ സ്വാതന്ത്ര്യം നേടിയതിനു ശേഷം രാജ്യത്ത് ആവർത്തിച്ചു കേട്ട ഒരു പ്രസ്താവനയാണിത്. വാക്കുകളുടെ പ്രയോഗരീതി വ്യത്യസ്തമായിരിക്കാം, പക്ഷേ സന്ദേശം ഒന്നുതന്നെയാണ്. രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, മതനേതാക്കൾ, സാമൂഹിക സംഘടനകൾ, സാമുദായിക നേതാക്കൾ എന്നിവരെല്ലാം ഇവ്വിഷയത്തിൽ സ്ഥിരമായി വാചാലരാകാറുണ്ട്. എന്നാൽ ഇന്ത്യയിലെ സാമൂഹ്യ നിരീക്ഷകർ അരക്കിട്ടുറപ്പിക്കുന്നത് പോലെ ഇന്ത്യയിലെ ജാതി എല്ലാകാലത്തും പ്രത്യക്ഷമാണ്.
നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷത്തിലേറെയായെങ്കിലും ജാതി വ്യവസ്ഥ തഴച്ചുവളരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമൂഹങ്ങളിലെ ദരിദ്രരായ വിഭാഗങ്ങൾ മുഖ്യധാരയിൽ എത്തിപ്പെടാത്തത് തുടരുന്നു. അവരുടെ വ്യക്തിത്വത്തിന്മേലുള്ള സാമൂഹിക കളങ്കങ്ങൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരുടെ ഉന്നമനത്തിനായി കോടിക്കണക്കിന്, ഒരുപക്ഷേ ട്രില്യൺ കണക്കിന് രൂപ ചെലവഴിച്ചുവെന്ന അവകാശവാദങ്ങൾക്കിടയിലും ഇതെല്ലാം മാറ്റമില്ലാത്ത വ്യവസ്ഥയായി തുടർന്ന് പോരുന്നത് ഒരുകാലത്തും ശക്തമായ ചോദ്യമായി ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നു വന്നിട്ടില്ല.
സർക്കാർ അനുമതിയോടെ, ഉയർന്ന ജാതിക്കാർ, താഴ്ന്ന ജാതിക്കാർ, ദലിതുകൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി, പട്ടികവർഗങ്ങൾ എന്നിങ്ങനെയുള്ള ഔപചാരിക വിഭജനം ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നിങ്ങനെയുള്ള വർഗ്ഗീകരണങ്ങളിലും സർക്കാർ സ്വാഭാവികമായി പ്രയോഗിച്ചുവരുന്ന ആശയങ്ങളാണിവ. ഒ ബി സിക്കുള്ളിൽ ചിലരെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ക്രീമി ലെയർ ആയി തരം തിരിച്ചിരിക്കുന്നു. ചിലതിനെ സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ (EWS) എന്ന് തരംതിരിക്കുന്നു. ദളിത് ഹിന്ദുക്കൾ, ദളിത് ക്രിസ്ത്യൻ വിഭാഗം എന്നൊക്കെ പൊതുവെ നമ്മൾ കേട്ടുവരുന്ന വിഭാഗങ്ങൾ തന്നെയാണ്. അങ്ങനെ ഇന്ത്യയുടെ ജനസംഖ്യ സംബന്ധിച്ചിടത്തോളം ഇത്തരം വിഭജനങ്ങൾ ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്. എല്ലാവരെയും ഒരുപോലെ പ്രീതിപ്പെടുത്താൻ കഴിയില്ലെങ്കിലും കൃത്യമായ വോട്ട് ബാങ്ക് മുൻനിർത്തിക്കൊണ്ടുള്ള പ്രീണന നയനങ്ങളാണ് അതത് സർക്കാരുകളെ ഓരോ വിഭാഗങ്ങളുമായി കൂടുതൽ അടുപ്പിക്കാനും അവർക്കായി പ്രത്യേക പരിഗണന നൽകുവാനും പ്രേരിപ്പിക്കുന്നത്. അവിടെയാണ് ബീഹാറിലെ ജാതി സെൻസസ് ചർച്ച അകപ്പെടേണ്ടത്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ അടർത്തിമാറ്റാനാവാത്ത ആണിക്കല്ലാണ് ജാതി രാഷ്ട്രീയ വ്യവഹാരങ്ങൾ. എങ്കിലും ബ്രിട്ടീഷ് സർക്കാർ 1931ൽ നടത്തിയ ജാതി സെൻസസിന് ശേഷം ദേശീയ തലത്തിൽ ഒരു സർക്കാരും അത് നടത്താൻ മുന്നോട്ടുവന്നില്ല ആ നിലക്ക് നിലവിലെ ബീഹാറിലെ ജാതി സെൻസസ് രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ അലയൊലികൾ സൃഷ്ടിച്ചേക്കും.
ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം മുന്നേറ്റങ്ങളുടെ പ്രഭവ കേന്ദ്രമാണ് ബീഹാർ. ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ സമരം ഉടലെടുക്കുന്നത് ബീഹാറിലെ ചമ്പാരനിലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു അത്. ജയപ്രകാശ് നാരായണന്റെയും ലാലുപ്രസാദ് യാദവിന്റെയും മുന്നേറ്റങ്ങൾ ദേശീയ രാഷ്ട്രീയത്തെ മാറ്റിയെഴുതിയവയായിരുന്നു. ഇങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മുന്നേറ്റങ്ങളെ നട്ടുനനക്കുന്നതിൽ എന്നുമെന്ന പോലെ ഇന്നും ബീഹാറിന് അനിഷേധ്യ പങ്കുണ്ടെന്ന് വേണം പറയാൻ. പത്തുവർഷത്തിലൊരിക്കൽ നടന്നുപോന്നിരുന്ന പൊതു സെൻസസ് പോലും നടത്തുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ട വേളയിലാണ്, ബീഹാർ ജാതി സെൻസസുമായി മുന്നോട്ട് പോയത്. കൃത്യമായ രാഷ്ട്രീയ സൂചന കൂടിയായിരുന്നു അത്. ഈ വർഷം ആദ്യത്തിലാണ് സെൻസസ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ബീഹാറിന് പുറമെ ഒഡിഷയും ജാർഖണ്ഡും ജാതി സെൻസസുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. 'മഹാ വികാസ് അഘാഡി' സർക്കാരിന്റെ കാലത്ത് മഹാരാഷ്ട്ര നിയമസഭയും ജാതി സെൻസസിനായി പ്രമേയം പാസാക്കിയിരുന്നു. എന്നാൽ അത് പൂർത്തിയാക്കുവാനോ പ്രസിദ്ധീകരിക്കുവാനോ അവർക്ക് കഴിഞ്ഞില്ല.
ബീഹാർ സർക്കാർ മാസങ്ങളെടുത്ത് തയ്യാറാക്കിയ ജാതി സെൻസസ് റിപ്പോർട്ട് ഗാന്ധി ജയന്തി ദിവസം പുറത്തുവന്നിരുന്നു.
ജാതി സെൻസസ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട ആയിരിക്കുമെന്നത് ഉറപ്പാണ്. സനാതന ധർമ്മത്തെ ചുറ്റിപ്പറ്റിയുള്ള വിവാദവും അതിൽ നിന്നുള്ള രാഷ്ട്രീയ നേട്ടവും മുന്നിൽക്കണ്ടാണ് ബി.ജെ.പി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മോദി തന്നെയാണ് പ്രചാരണ പ്രവർത്തനങ്ങളുടെ നായകൻ. 'ജാതി സെൻസസ്' ചിലപ്പോൾ ബി.ജെ.പിയെ പുനരാലോചന നടത്താൻ പ്രേരിപ്പിച്ചേക്കാം. കേരളത്തിൽ പോലും ധൃതിപ്പെട്ട് നടപ്പാക്കിയ 2019 ലെ E.W.S (സാമ്പത്തിക സംവരണം) സംവരണത്തെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർന്നേക്കും. ജനസംഖ്യയിൽ 15 ശതമാനം മാത്രം വരുന്ന മുന്നോക്കക്കാർക്ക് 10% സംവരണം ലഭിക്കുമ്പോൾ, 63 ശതമാനത്തോളം വരുന്ന പിന്നോക്കക്കാർക്ക് (OBC + EBC) 27% മാത്രമാണ് സംവരണം. വനിതാ സംവരണ ബില്ലിലെ ഉപസംവരണത്തിൽ ഒ.ബി.സിയെ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യവും ഉണ്ട്. കഴിഞ്ഞ ദശാബ്ദത്തിനിടയിൽ ഒ.ബി.സി സമുദായങ്ങളിൽ നിന്നും ബി.ജെ.പി ക്ക് ലഭിക്കുന്ന പിന്തുണ ഏറിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 44 ശതമാനം ഒ.ബി.സി വോട്ടുകൾ ബി.ജെ.പി ക്ക് ലഭിച്ചുവെന്നാണ് കണക്കുകൾ. എന്നിരുന്നാലും ബി.ജെ.പി വലിയൊരു ധർമസങ്കടത്തിലാണ് അകപ്പെട്ടിട്ടുള്ളത്. സെൻസസ് റിപ്പോർട്ടിനെ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോയാൽ മുന്നാക്ക ജാതികളിൽ നിന്നുള്ള ഉറച്ച പിന്തുണ നഷ്ടപ്പെടുമോയെന്ന ഭയം അവർക്കുണ്ട്. ഇനി റിപ്പോർട്ടിനെ അവഗണിക്കുകയാണെങ്കിൽ, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ, പ്രത്യേകിച്ച് ഒ.ബി.സി പിന്തുണ നഷ്ടപ്പെടും.
" 2021ലെ സെൻസസ് രാജ്യത്ത് നടന്നിട്ടില്ല. 2011ലെ ജാതി സെൻസസ് ഡാറ്റ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കൈവശം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. "
130 കോടി ഇന്ത്യക്കാരുടെ ജാതി തിരിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈവശം ഇപ്പോൾ പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നുണ്ട് എന്നർത്ഥം. 2011നു മുമ്പ് സ്വതന്ത്ര ഇന്ത്യയിൽ ജാതി സെൻസസ് നടന്നിട്ടില്ലാത്തതിനാൽ ജാതികളുടെ പേരിന് ഐക്യരൂപം നൽകാൻ 2011ലെ സെൻസസിനു സാധിച്ചിട്ടില്ല.
1931ലെ സെൻസസ് പ്രകാരം രാജ്യത്ത് 4147 ജാതികളാണ് ഉള്ളത്. എന്നാൽ ഒരേ ജാതിയുടെ പേര് വിവിധ രീതിയിൽ എഴുതുന്നതിനാൽ ജാതികളുടെ എണ്ണം അനേകം മടങ്ങായി മാറിയെന്നതാണ് 2011ലെ സെൻസസ് ഡാറ്റയുടെ പരിമിതി. ഇതോടെ ജാതി സെൻസസ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത് പ്രതിസന്ധിയിലായി. ജാതികളുടെ എണ്ണത്തെക്കുറിച്ചു പോലും കൃത്യമായ ധാരണ സർക്കാരിനില്ല. കേന്ദ്ര ഗവൺമെന്റ് ലിസ്റ്റ് പ്രകാരം രാജ്യത്ത് ഒബിസി വിഭാഗത്തിൽ പെട്ട 2479 ജാതികളുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ കൈവശമുള്ള ലിസ്റ്റ് പ്രകാരം ഒബിസി വിഭാഗത്തിൽ 3150 ജാതികൾ ഉൾപ്പെടുന്നു (ദ ഹിന്ദു). 2011ലെ സെൻസസിൽ ജാതികളുടെ പേര് രേഖപ്പെടുത്തുന്നതിൽ പാളിച്ചകൾ ഉണ്ടായെന്ന ആക്ഷേപത്തെ സെൻസസ് രജിസ്ട്രാർ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.
രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങൾക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് ജാതി സെൻസസ്.
ബഹുജനങ്ങളുടെ ശാക്തീകരണത്തിനും അവസര സമത്വത്തിനുള്ള അവകാശം ഉറപ്പു നൽകുന്ന ഇന്ത്യയിൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സർക്കാർ സർവീസിൽ നിന്നു പുറന്തള്ളുന്ന അദൃശ്യമായ ഒരു അരിപ്പ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം തീർച്ചയാണ്. അതിനാൽ തന്നെ രാജ്യത്ത് സാമൂഹിക ശാക്തീകരണത്തിന് കരുത്തു പകരാൻ ജാതി സെൻസസ് അനിവാര്യമായ ഘടകമാണ്.രാജ്യത്ത് സെൻസസ് നടത്താനുള്ള അവകാശം സെൻസസ് ആക്ട് അനുസരിച്ച് കേന്ദ്ര സർക്കാരിനാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജാതി സെൻസസിനെ മുഖവിലയ്ക്കെടുക്കാൻ തയ്യാറാകാത്തതും തൽസ്ഥിതി തുടർന്നു പോകാനുള്ള താല്പര്യം ഉള്ളതുകൊണ്ടാണ്.
ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സമ്പൂർണ്ണമായ ജാതി സെൻസസ് പൂർത്തീകരിക്കുന്നതാവട്ടെ ബീഹാറിലെ ജനസംഖ്യയിൽ നല്ലൊരു പങ്കും പിന്നോക്ക വിഭാഗക്കാരാണ് എന്നുള്ളത്കൊണ്ടാണ്.
സമൂഹത്തിലെ എല്ലാ ദുർബല വിഭാഗങ്ങൾക്കും സാമൂഹിക നീതി ഉറപ്പാക്കുന്നതാണ് ജാതി സെൻസസ് എന്നാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായം.
വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികമായ ഉണർവിനെ അപ്രസക്തമാക്കി ഹിന്ദുത്വ അജണ്ട ഉയർത്തിക്കാണിച്ച് രാജ്യത്തിന്റെ ഭരണം കൈവെള്ളയിൽ നിലനിർത്താൻ സംഘ്പരിവാർ ശ്രമിക്കുമ്പോൾ ഏറ്റവും ശക്തമായ പ്രതിരോധമാണ് ജാതി സെൻസസിലൂടെ മതേതര കക്ഷികൾ മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യ മുന്നണി അധികാരത്തെത്തിയാൽ രാജ്യത്ത് തുടർന്നുള്ള ജാതി സെൻസസ് നടപ്പിലാക്കുമെന്ന് മോഹവാഗ്ദാനം നൽകിയത്.
ജാതി സെൻസസ് എടുക്കുന്നതിലൂടെ ഓരോ ജാതിയുടെയും രാജ്യത്തെ ജനസംഖ്യ വേർതിരിച്ച് അറിയാൻ സാധിക്കുന്നു. ഓരോ ജാതിക്കും സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പ്രാതിനിധ്യം തിരിച്ചറിയാൻ സാധിക്കുന്നു. ദേശീയതലത്തിലും വിവിധ സംസ്ഥാനങ്ങളിലും അനുവദിച്ചിരിക്കുന്ന ഒബിസി സംവരണം പിന്നാക്കവിഭാഗങ്ങളുടെ ജനസംഖ്യയുമായി തുലനം ചെയ്യാൻ സാധിക്കുന്നു. വിവിധ പിന്നാക്കവിഭാഗങ്ങൾക്ക് സർക്കാർ പദ്ധതികളിലൂടെ നീക്കിവെക്കുന്ന ഫണ്ട് ജനസംഖ്യാപരമായി മതിയായതാണോ എന്നു പരിശോധിക്കാനും ജാതി സെൻസസിലൂടെ സാധിക്കുന്നു. രാജ്യത്തിന്റെ ബജറ്റ് വിഹിതം, അധികാര പങ്കാളിത്തം, സംവരണം തുടങ്ങിയ വിഷയങ്ങളിൽ വലിയ സംവാദങ്ങൾക്ക് വഴിതെളിയിക്കാൻ ജാതി സെൻസസിന് സാധിക്കുമെന്നർഥം.
രാജ്യം സ്വതന്ത്രമായി മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ജനാധിപത്യ ഇന്ത്യയിൽ അധികാരത്തിന്റെ ജനാധിപത്യവത്കരണം പൂർത്തിയായിട്ടില്ല. സാമൂഹികമായി ഉയർന്ന ശ്രേണിയിൽ നിൽക്കുന്നവർ രാഷ്ട്രീയാധികാരത്തിന്റെ സിംഹഭാഗവും കയ്യാളുന്നു. സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മണ്ഡലങ്ങളെല്ലാം ഉയർന്ന ശ്രേണിയിൽ പെട്ടവർ തന്നെയാണ് കടിഞ്ഞാൺ പിടിക്കുന്നത്. സാമൂഹികമായും ചരിത്രപരമായും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് പുറന്തള്ളപ്പെടുകയും അവഗണനയോടെ അതിജീവിക്കുകയും സർക്കാരുകളുടെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി ക്ലേശിച്ചു ജീവിക്കുകയും ചെയ്യുന്നു.
ശൂദ്രവർണരായ ഒബിസിക്കാർ രാജ്യത്തെ ഭൂരിപക്ഷമാണ്. 1931ലെ സെൻസസ് പ്രകാരം അവർ രാജ്യത്തിന്റെ 53% വരും. കാർഷിക ജോലികളും കൈത്തൊഴിലുകളും കരകൗശല പ്രവൃത്തികളും കൂലിവേലയുമായി അവർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുകയാണ്. പട്ടികജാതി-പട്ടികവർഗങ്ങളുടെ ജനസംഖ്യാ ഡാറ്റ സർക്കാരുകളുടെ കൈവശം ലഭ്യമാണ്. എന്നാൽ ഒബിസിയുടെ ജനസംഖ്യാ ഡാറ്റ രാജ്യത്ത് ലഭ്യമല്ല. മുസ്‌ലിം, യാദവ, മറാത്ത എന്നിവരുടെ ജനസംഖ്യയെ കുറിച്ച് അനുമാനങ്ങൾ മാത്രമാണുള്ളത്.ആ അനുമാനക്കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന നാമമാത്രമായ ഒബിസി സംവരണം. ആ സംവരണം തന്നെ മണ്ഡൽകാല സമരങ്ങളുടെ വിജയമാണ്.
ഹിന്ദുത്വ പ്രചാരവേലകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാഗികമായി മാത്രമേ വിജയിക്കുകയുള്ളൂ. താഴ്ന്ന ജാതിക്കാരുടെ പിന്തുണയില്ലാതെ ബിജെപിക്ക് തിരഞ്ഞെടുപ്പുവിജയം അസാധ്യമാണ്. ഈ പ്രതിസന്ധി മറികടക്കാൻ തന്ത്രപരമായ രാഷ്ട്രീയനീക്കങ്ങൾ അവർ നടത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒബിസി വിഭാഗത്തിന്റെ ശക്തമായ യാദവ രാഷ്ട്രീയത്തെ അതിനെക്കാൾ പിന്നാക്കമായ ഒബിസി വിഭാഗങ്ങളെ ഉപയോഗിച്ചാണ് ബിജെപി പരാജയപ്പെടുത്തുന്നത്. അതിനു വേണ്ടിയാണ് ‘ഒബിസി മഹാകുംഭ’വും വിശ്വകർമ ജയന്തിയും ബിജെപി നടത്തുന്നത്.
തൊണ്ണൂറുകളിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിമാറ്റം സൃഷ്ടിച്ച മണ്ഡൽ കമ്മിഷൻ ശുപാർശകൾക്ക് സമാനമായി ബീഹാറിലെ ജാതിസർവ്വേ ഫലം പുറത്തുവന്നത്തോടെ വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയം ജാതിയെന്ന
യാഥാർത്ഥ്യത്തിലേക്ക് ഒരിക്കൽകൂടി തിരിയുകയാണ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജൻഡയാണ് ജാതി സെൻസസ്. ബി.ജെ.പിയുടെ കമൽ രാഷ്ട്രീയത്തിനെതിരേ മണ്ഡൽ രാഷ്ട്രീയം പരീക്ഷിക്കാനാണ് ഇൻഡ്യ മുന്നണിയുടെ തീരുമാനം.
പിന്നോക്കവിഭാഗങ്ങളെയെല്ലാം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കുടക്കീഴിൽ കൊണ്ടുവരുവാനുള്ള ബി.ജെ.പിയുടെ തന്ത്രത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ആയുധമാണ് മണ്ഡൽ രാഷ്ട്രീയം.1990ൽ രാമക്ഷേത്രനിർമാണം ആഹ്വാനംചെയ്ത് എൽ.കെ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് തടയിടാനായിരുന്നു വി.പി സിങ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയത്. അന്നു മുതൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധം മണ്ഡൽ രാഷ്ട്രീയമാണ്. അതാണ് ഇപ്പോൾ പ്രതിപക്ഷം പൊടിതട്ടിയെടുത്തിരിക്കുന്നത്.
ഇത് മണ്ഡൽ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവാകുമെന്നതാണ് പ്രത്യേകത. മുസ്‌ലിം സംവരണത്തെ എതിർത്ത്, പൊതുശത്രുവിനെതിരെ ജാതിയില്ലാത്ത ഹിന്ദു എന്ന മിഥ്യാസങ്കൽപ്പത്തെ അവതരിപ്പിച്ച് വോട്ട് നേടുകയെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റിപ്പോന്നിരുന്നത്. മുൻ കർണാടക സർക്കാരിന്റെ മുസ്ലിം സംവരണം എടുത്തു കളഞ്ഞ നടപടി ഇതിനൊരുദാഹരണമാണ്. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലികളിലുടനീളം മുസ്ലിം പിന്നോക്കക്കാർക്കുള്ള സംവരണം എടുത്തു കളയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാഹ് പ്രസംഗിച്ചത്. എന്നാൽ, 'ജാതി സെൻസസ്' ബി.ജെ.പി യുടെ ആ കുതന്ത്രത്തെയും പൊളിച്ചു കളയും.
1990 മുതലിങ്ങോട്ട് ഹിന്ദിന്റെ ഹൃദയഭൂമിയിൽ 'മണ്ഡൽ രാഷ്ട്രീയവും' 'മന്ദിർ രാഷ്ട്രീയവും' തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. പൊതു ശത്രുവിനെ ചൂണ്ടിക്കാട്ടി, ജാതിയെന്നത് മിഥ്യയാണെന്നു പറഞ്ഞു, 'ഹിന്ദു' എന്ന സ്വത്വത്തെ സൃഷ്ടിച്ച് വോട്ടുനേടുന്ന രീതിയാണ് 'മന്ദിർ രാഷ്ട്രീയം'. ജാതിയെന്ന യാഥാർഥ്യത്തെ ചൂണ്ടിക്കാട്ടി, അർഹമായ പ്രാതിനിധ്യമെന്ന ആവശ്യമുയർത്തി ജാതി വോട്ടുകൾ സമാഹരിക്കുന്നതാണ് 'മണ്ഡൽ രാഷ്ട്രീയം'. മന്ദിർ രാഷ്ട്രീയം വിജയിച്ചു നിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ, വീണ്ടുമൊരു മണ്ഡൽ ഉദയമാണ് പ്രതിപക്ഷ കക്ഷികളുടെ കണക്കു കൂട്ടൽ. അത് എത്രത്തോളം വിജയം കൈവരിക്കുമെന്നും, ബി.ജെ.പി ഏതു തരത്തിലുള്ള പ്രതിരോധം തീർക്കുമെന്നുമുള്ള കാര്യം ആകാംക്ഷയുയർത്തുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് മണ്ഡൽ രാഷ്ട്രീയം വീണ്ടും ചർച്ചയാക്കി, ഒ.ബി.സി വോട്ടുബാങ്കിൽ ബി.ജെ.പിക്കുള്ള സ്വാധീനം മറികടക്കുക എന്നതാണ് പ്രതിപക്ഷ മുന്നണിയുടെ ലക്ഷ്യം. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യമാണ് ഇൻഡ്യാ സഖ്യം മുന്നോട്ടുവയ്ക്കുന്നത്.
ഇക്കഴിഞ്ഞ ജൂണിൽ പാറ്റ്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിതീഷ് കുമാർ ജാതി സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. സഖ്യത്തിന്റെ പ്രധാന അജണ്ടകളിലൊന്നായിരിക്കണം ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിക്കണമെന്നത് നിതീഷ് കുമാറിന്റെ ആവശ്യമായിരുന്നു. ചില പാർട്ടികൾ ഈ ആശയത്തോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മറ്റ് ചില സംസ്ഥാനങ്ങൾ സമാനമായ സർവേ നടത്താൻ ആലോചിക്കുന്നുണ്ട്.
ബീഹാർ സർക്കാർ നടത്തിയ ജാതി സർവ്വേയുടെ വിശദാംശങ്ങൾ മഹാരാഷ്ട്ര സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, ആം ആദ്മി പാർട്ടി, എൻ.സി.പി, സമാജ്‌വാദി പാർട്ടി, ബി.ജെ.ഡി, ഡി.എം.കെ തുടങ്ങിയ പാർട്ടികൾ ജാതി സർവേയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിലേതിന് സമാനമായ ജാതി സെൻസസ് വേണമെന്നത് രാഹുൽ ഗാന്ധിയും ശക്തമായി ആവശ്യപ്പെട്ടതോടെ ഇന്ത്യ മുന്നണിയിൽ തൃണമൂൽ കോൺഗ്രസാണ് ഫലത്തിൽ ജാതി സെൻസസിനെ എതിർക്കുന്നത്.
തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ഇതുവരെ കോൺഗ്രസ് കാര്യമായി പരിഗണിക്കാത്ത വിഭാഗമാണ് ഒബിസി. മണ്ഡൽ കമ്മീഷൻ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നടപ്പിലാക്കാനുള്ള കോൺഗ്രസിന്റെ പല ശ്രമങ്ങളും വടക്കൻ സംസ്ഥാനങ്ങളിൽ വേണ്ടത്ര വിധത്തിൽ കാര്യമായ നേട്ടങ്ങളൊന്നും കോൺഗ്രസിന് നേടി കൊടുത്തിട്ടില്ല. ബ്രാഹ്‌മണരുൾപ്പെട്ട സവർണരും ദളിതരും മുസ്ലീങ്ങളും എന്ന സമവാക്യമാണ് കോൺഗ്രസ് പൊതുവിൽ അതിന് ശക്തിയുണ്ടായിരുന്ന 80 കളിൽ ഉത്തരേന്ത്യയിൽ പയറ്റിയത്. (ക്ഷത്രിയ ഹരിജൻ-ആദിവാസി- മുസ്ലിം -KHAM പോലുള്ള സോഷ്യൽ എഞ്ചിനിയറിങ്ങുകൾ). ഇതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു കാലത്ത് ഒബിസിയെ ലക്ഷ്യമിടാൻ കോൺഗ്രസ് ശ്രമിക്കുന്നു. പിരിഞ്ഞുപോയ ഒബിസി വിഭാഗങ്ങളിലേക്കെത്താൻ ജനതാപരിവാർ പാർട്ടികളും രംഗത്ത് സജീവമാണ്. ജാതി പറയുമ്പോൾ ബിജെപിയുടെ 'ഇൻക്ലൂസീവ്' ഹിന്ദുത്വത്തിന്റെ അടിത്തറ ഇളകുമോ എന്നതാണ് വരാനിരിക്കുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ വിദഗ്ധർ നോക്കിക്കാണുന്നത്.
നമ്മുടെ രാജ്യത്തെ രാഷ്ട്രീയ, ഭരണ, അധികാര കേന്ദ്രങ്ങളിലും സാമ്പത്തികമായ വിഭജനങ്ങളിലും തുലോം അവഗണിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങളുടെ, പ്രത്യേകിച്ചും ദളിത് ആദിവാസി വിഭാഗങ്ങളുടെ ഡാറ്റകൾ കൃത്യമായി ശേഖരിക്കുക എന്നതാണ് ജാതി സെൻസസ് കൊണ്ട് ലക്ഷ്യമിടുന്നത്. ആ നിലക്ക് നോക്കുമ്പോൾ നിതീഷ് കുമാർ സർക്കാറിന്റെ നടപടി ശുഭകരമായ കാര്യമായിട്ടു തന്നെ ഗണിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് ബി. ജെ.പി കെട്ടുന്ന ഈ പൊയ് മുഖങ്ങളുടെ ആയുസ്സ് എത്രയെന്ന് നമുക്ക് കണ്ടറിയാം.
![]() |
Written By Safvanul Nabeel. TP (Guest Post) Editor: Afsal Klari Profreader: Muzammil Salam |



0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI