Neuralink Malayalam | ന്യൂറാലിങ്ക് ഇനി ഇനി മനുഷ്യ മസ്തിഷ്കത്തിലും


Neuralink Malayalam | ന്യൂറാലിങ്ക് ഇനി ഇനി മനുഷ്യ മസ്തിഷ്കത്തിലും | About Neuralink in Malayalam By Afsal Klari

                മനുഷ്യൻ ദിനം പ്രതി വളർന്നു കൊണ്ടിരിക്കുകയാണ്. അഥവാ അറിവാണ് നമ്മെ വിത്യസ്തരാക്കുന്നത്. എങ്കിലും അത് ആർജ്ജിക്കുന്നതിലുള്ള ഏറ്റക്കുറച്ചിലുകൾ നമ്മുടെ കഴിവുകളെ നിർണ്ണയിക്കുന്നു. അത് നമ്മുടെ ബുദ്ധിയെ അടിസ്ഥാനമാക്കിയിരിക്കും. അല്ലേ.? എങ്കിൽ ഏതൊരാൾക്കും ഏതൊരറിവും, അതെത്ര സങ്കീർണ്ണമെങ്കിലും കരസ്ഥമാക്കാൻ ഇനി പ്രയാസം വരില്ലെന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. പുതുതലമുറയുടെ നിക്കോളോ ടെസ്ലയെന്ന് വിശേഷിപ്പിക്കാവുന്ന സംരംഭകൻ ഇലോൺ മസ്ക് മാനവ ചരിത്രത്തിൽ  പുതിയൊരേട് തുന്നിച്ചേർക്കാനൊരുങ്ങുകയാണ്. ന്യൂറാലിങ്കെന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തലച്ചോറും സ്മാർട്ട് സിസ്റ്റവും തമ്മിലുള്ള ആശയവിനിമാണ് മസ്ക് ലക്ഷ്യമിടുന്നത്. അതിലുപരിയായി വിവരങ്ങൾ വെറും നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ തലച്ചോറിലേക്ക് സ്റ്റോർചെയ്ത് വെക്കാമെന്നതും ഇതിന്റെ പ്രവർത്തനത്തെ വിത്യസ്തമാക്കുന്നു. ഫോണുകളിലുപയോഗിക്കുന്ന മെമ്മറി കാർഡു പോലെ ഇതു പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 

                    ആദ്യമൊക്കെ ഇതിന്റെ പ്രവർത്തനം വളരെ സങ്കീർണ്ണമായിരുന്നെങ്കിൽ ഇന്നതിൽ അദ്ദേഹം വളരെയധികം മുന്നേറിയിട്ടുണ്ട്. ആദ്യമൊക്കെ ഒരുപാട് വയറുകളുടെ സഹായത്തോടെയാണിത് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്നതൊരു നാണയത്തിന്റെയത്രത്തോളം ചുരുക്കിയിട്ടുണ്ട്. ഈയടുത്ത് അവരവതരിപ്പിച്ച  N1 എന്ന ചിപ്പിനകത്ത് 1024 -ഓളം കമ്മ്യൂണിക്കേഷൻ ചാനൽസും ധാരാളം ഇലക്ട്രോഡുകളുമുണ്ട്. ഇതൊരു വയർലെസ് ഡിവൈസാണെന്നതിനാൽ ബാറ്ററി പോലുള്ള ചാർജിങ് സൌകര്യം വേണമെന്ന വെല്ലുവിളിയുണ്ടെങ്കിലും അതിനെയും മസ്ക് മറികടന്നു. ബാറ്ററിക്ക് പകരം വയർലെസ് ചാർജിങ് പോർട്ടാണ് ഇതിന്റെ ബാറ്ററിക്കായി ഉപയോഗിക്കുന്നത്. 

 മാത്രമല്ല ഇതിനുവേണ്ടുന്ന ഓപ്പറേഷനുകളിലുമുണ്ട് പുരോഗതി. ചെറിയൊരു പാളിച്ചപോലും മസ്തിഷ്കാഘാതം മുതൽ മരണത്തോളമെത്തുന്ന സങ്കീർണ്ണതയും ചുറ്റിലുമുണ്ട്. എന്നാൽ അതിനും കൃതൃമ ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ടുകളുണ്ട്. ഇതിനായി മൂന്ന് വർഷമെടുത്ത് നിർമ്മിച്ച R1 റോബർട്ടുകൾ വളരെ കൃത്യത പുലർത്തുന്നവയാണെന്ന് ഒരു ഡമ്മി ബ്രെയിനിലെ ശസ്ത്രക്രിയയിലൂടെ തെളിയിക്കുകയും ചെയ്തു. അതിനു പുറമേ ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോഴുള്ള സങ്കീർണ്ണതയൊന്നും ഇതിനില്ലെന്നും അന്ന് തന്നെ ഡിസ്ചാർജായി പോകാവുന്ന തരത്തിൽ വളരെ  ദ്രുതഗതിയിലാണ് പ്രവർത്തനങ്ങളെന്നും അദ്ദേഹം അവകാശമുന്നയിക്കുന്നുണ്ട്. 

                         ഇതിനകം തന്നെ പന്നികളിൽ ഇവ പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. കമ്പ്യൂട്ടറിലൂടെ തനിക്ക് വേണ്ട സ്നാക്ക് ടൈപ്പ് ചെയ്ത് ചോദിക്കുന്ന 'സാകെ' എന്ന കുരങ്ങ് ജനങ്ങൾക്കിടയിൽ കൌതുകം ജനിപ്പിച്ചിരുന്നു. അതിന്റെ തലച്ചോറിൽ ഘടിപ്പിച്ച ന്യൂറാലിങ്കിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്ന് ഇലോൺമസ്ക് ലോകത്തോട് വിളിച്ചു പറഞ്ഞപ്പോൾ സത്യത്തിൽ നാം അത്ഭുതപ്പെട്ടിരുന്നു. എന്നാൽ  യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മനുഷ്യരിൽ ബ്രെയിൻ ഇംബ്ലാന്റുകളെക്കുറിച്ച് പഠിക്കാൻ അനുമതി നൽകിയതായി വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യരിലും ഇതിന്റെ സാധ്യത തേടുകയാണ് മസ്ക്. നാഡീവ്യൂഹം തളർന്നവർക്കും കൈ കാൽ ചലനം നഷ്ടപ്പെട്ടവർക്കുമെല്ലാം ഇതിലൂടെ ഒരു പുതുജീവൻ പ്രാപിക്കാനാകുമെന്ന് കരുതുന്നു. നമ്മുടെ തലച്ചോറിലേക്ക് സന്ദേഷമെത്താതാണിതിന്റെയൊക്കെ കാരണമെന്നിരിക്കെ അതിന് പരിഹാരമായിട്ടാണ് ന്യൂറാലിങ്കവതരിക്കുന്നത്. "വേണമെങ്കിൽ എന്റെ മക്കളിലോ അതല്ലെങ്കിൽ എന്നിൽ തന്നെയും ഇത് ഘടിപ്പിച്ച് ആദ്യമായി പരീക്ഷണ വിധേയമാക്കാമെന്ന്" അദ്ദേഹം പറയുകയുണ്ടായി. മാത്രമല്ല ഇത് എപ്പോൾ വേണ്ട എന്ന് തോന്നുന്നോ അപ്പോഴത് ഒഴിവാക്കാനും കഴിയും. അതുകൊണ്ട് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നില്ലെന്ന് അവർ അവകാശവാദമുന്നയിക്കുന്നു.

                   ഭാവിയിൽ മനുഷ്യനെ പൂർണ്ണമായി നിയന്തിക്കുന്ന തരത്തിലേക്കോ ഹാക്ക് ചെയ്യുന്ന രീതിയിലേക്കോ ഇതിനെ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന വെല്ലുവിളിയും ഇവിടെയും ബാക്കിയാകുന്നുണ്ട്. ഇതിനുമുമ്പേ അത്തരത്തിലുള്ള നോവലുകളും മറ്റും ഇറങ്ങിയിട്ടുണ്ടായിരുന്നു.

Afsal Klari
(Managing Editor of KAALIKKUPPI)

2 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI