ഭ്രമയുഗം ; കലിയുഗത്തിന്റെ അഭഭ്രംശം | Bramayugam

ഭ്രമയുഗം ; കലിയുഗത്തിന്റെ അഭഭ്രംശം | Bramayugam

ഭ്രമയുഗം ; കലിയുഗത്തിന്റെ അഭഭ്രംശം

തന്റെ പതിവ് വേഷങ്ങളുടെ അരമനയിൽ നിന്നും, പ്രേക്ഷകർ ഇന്നുവരെ അനുഭവിച്ച മമ്മൂട്ടി എന്ന നടന്റെ സ്വാഭാവിക വേഷങ്ങളിൽ നിന്നുമൊക്കെ അപ്പാടെ പുറത്താകുന്ന തരത്തിലുള്ള വേഷം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി തോന്നുന്നു.കൂടാതെ പ്രേക്ഷകനെ അമ്പരപ്പിക്കുന്നതും ആകർഷിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അഗ്രഗണ്യനാണ് മമ്മൂട്ടി എന്ന് വീണ്ടും തെളിയിക്കുകയാണ് .

ടി ഡി രാമകൃഷ്ണന്റെ സഹകരണത്തിൽ  രാഹുൽ സദാശിവൻ സംവിധാനം ചെയ്ത "ഭ്രമയുഗം" പ്രാദേശിക ഐതിഹ്യ ഘടകങ്ങൾ ഉൾകൊള്ളുന്ന ഒരു സവിശേഷ കാലഘട്ട ഹൊറർ ഡ്രാമയാണ്.കാലപ്പഴക്കത്താൽ പൊളിഞ്ഞുവീഴാറായ വനത്താൽ ചുറ്റപ്പെട്ട  ഒരു മനയിൽ ഒറ്റയ്ക്ക് താമസിക്കുന്ന കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.സിദ്ധാർഥ് ഭരതൻ അദ്ദേഹത്തിന്റെ മനയിലെ സഹായിയായും വഴിതെറ്റി മനയിൽ അകപ്പെടുന്ന താഴ്ന്ന ജാതിക്കാരനും പാട്ടുകാരനുമായ തേവൻ എന്ന കഥാപാത്രത്തെ അർജുൻ അശോകനും അവതരിപ്പിക്കുന്നു.തേവന്റെ ഗാനാലാപനത്തിൽ ആകൃഷ്ടനായി കൊടുമൺ പോറ്റി തന്റെ മനയിൽ താമസസൗകര്യവും ഭക്ഷണവും നൽകിയത് പോറ്റിയുടെ സഹായിക്കു ഇഷ്ടപ്പെടുന്നില്ല . 

മന്ത്രവാദിയായ കൊടുമൺ പോറ്റിയെ കുറിച്ചും അദ്ദേഹത്തിന്റെ പരമ്പരയെ നശിപ്പിച്ച ചാത്തനെക്കുറിച്ചുമെല്ലാം സഹായി തേവന് പറഞ്ഞുകൊടുക്കുന്നതോടൊപ്പം അവർ രണ്ടുപേരും എന്നെന്നേക്കുമായി മനയിൽ അകപ്പെട്ടുവെന്നും പറയുന്നു. മനക്കുള്ളിലെ ഇരുൾ നിറഞ്ഞ മുറികളും ഇടനാഴികളും വിശാലമായ മുറ്റത്തെ ശവപ്പറമ്പും എല്ലാം തേവന് മനയെ കുറിച്ച് നിഗൂഢമായ ചിത്രം സമ്മാനിക്കുന്നു.ഒപ്പം പോറ്റിയുടെ സഹായിയുടെ വിശദീകരണങ്ങൾ തേവനെ അസ്വസ്ഥനാക്കുകയും രക്ഷപ്പെടാനുള്ള മാർഗം അന്വേഷിക്കുന്നതിലേക്കും എത്തിക്കുന്നു. 

ജ്യോതിഷ് ശങ്കറിന്റെ തിരക്കഥയും സംവിധാനവും കലാസംവിധാനവുമെല്ലാം അതിശയകരമാം വിധം ചിത്രത്തെ വിചിത്രവും ഭയപ്പെടുത്തുന്നതുമാക്കുന്നു.ഷഹ്നാദ് ജലാൽ പകർത്തിയെടുത്ത സീനുകളെല്ലാം മുഹമ്മദലി കൃത്യമായി കോർത്തിണക്കിയത് ചിത്രത്തെ വളരെ ഭംഗിയുള്ളതാക്കിയിട്ടുണ്ട് . പ്രതേകിച്ചു ചാത്തനെ ആവാഹിച്ചെടുക്കാനുള്ള അവസാന സീനുകൾ വളരെയധികം മികച്ചതായി തോന്നിയിട്ടുണ്ട്.എല്ലാറ്റിനും പുറമെ ക്രിസ്റ്റോ സേവ്യറുടെ സംഗീതം ചിത്രത്തെ അമാനുഷിക തലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.തേവൻ തന്റെ വീടിനെ ഓർമിച്ചു ആലപിക്കുന്ന ഗാനം പ്രേക്ഷകർക്ക് പ്രത്യേക അനുഭൂതി നൽകുമെന്നതിൽ സംശയമില്ല.പക്ഷെ ചിലസമയങ്ങളിൽ വർഗ്ഗരാഷ്ട്രീയത്തിന്റെയും മത തത്വശാസ്ത്രത്തിന്റെയും ഭാഗങ്ങൾ കഥപറച്ചിലിൽ ചെറിയതോതിൽ ഒഴുക്കില്ലായ്മ സൃഷ്ടിക്കുന്നുണ്ട്.

തന്റെ വേറിട്ട, ഭയപ്പെടുത്തുന്ന തരം ചിരികളും ആശയങ്ങളും കൊണ്ട് കൊടുമൺ പോറ്റിയായെത്തിയ മമ്മൂട്ടി പ്രേക്ഷകരെ അന്ധാളിപ്പിക്കുന്നുണ്ട്.സിദ്ധാർഥ് ഭരതൻ തന്റെ കഥാപാത്രത്തെ ആദ്യമാദ്യം കീഴ്ജാതിക്കാരനാക്കി അവതരിപ്പിക്കുന്നുണ്ടെങ്കിലും പകുതി മുതൽ മുതൽ അവസാനം വരെ നീണ്ടുനിൽക്കുന്ന സിദ്ധാർഥ് ഭരതന്റെ പ്രകടനം തികച്ചും അഭിന്ദനാർഹമാണ്. 

പതിനേഴാം നൂറ്റാണ്ടിലെ കഥയായതിനാലും റിയലിസ്റ്റിക് ലോകത്തിൽ നിന്നും പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനുള്ള ഉപാധിയുമായാണ് ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണത്തിൽ പുറത്തിറക്കിയിരിക്കുന്നത്.

മദിപ്പിക്കുന്ന ഭയാനകരമായ ഐതിഹ്യം വരച്ചുകാട്ടുക എന്നതിനുപുറമെ ,ഒരു മുത്തശ്ശിക്കഥയുടെ ഗൃഹാതുരത്വവും ഭ്രമയുഗത്തിനുണ്ട്.

Edited By : Muzammil Salam
(Executive Editor, KAALIKKUPPI)


 

1 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI