നിയമ പുസ്തകത്തിലെ കറുത്ത ദിനം | Babari Masjid | Malayalam Article

 


നിയമ പുസ്തകത്തിലെ  കറുത്ത ദിനം

ബാബരിയുടെ താഴികക്കുടങ്ങൾ തകർത്തെറിയുന്ന നേരത്ത് കർസേവകരുടെ മനസ്സിലൂടെ നിറഞ്ഞു പൊന്തിയ വികാരമെന്തെന്ന് ആലോചിച്ചിട്ടുണ്ടോ...

വിജയത്തിൻ്റെ വെന്നിക്കൊടി പാറിച്ചവരായിട്ടായിരിക്കും അവർ സ്വദേശത്തേക്ക് മടങ്ങുന്നത്. തൻ്റെ മനസ്സിൽ കണ്ടിരുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമായതിലുള്ള സന്തോഷവും ആശ്ചര്യവും അവരെ പുൽകിയിട്ടുണ്ടാവും. പ്രൗഢിയോടെ അവർ അതിനെകുറിച്ച്  വാചാലരായിട്ടുണ്ടാവും. വിപ്ലവ വീര്യത്തിന് അവർ പ്രശംസിക്കപ്പെട്ടിട്ടുണ്ടാവും...!

നിഷ്കളങ്ക ഹൃദയങ്ങളിലേക്ക് കുത്തിക്കയറ്റിയ വർഗ്ഗീയ ചിന്തകൾക്ക് ലഭിച്ച വലിയ വിജയം തന്നെയാണ് ബാബരിയുടെ പതനം. 1992 Dec 6 ന് ശേഷം ഇന്ത്യൻ ജനതയിൽ ഈ വികാരത്തിന് സ്വാധീനം കൂടി വരുന്നത് നമുക്ക് കാണാനാവും. ഇന്ന് വർഗ്ഗീയ വിഷം വിളമ്പുന്ന മാധ്യമ പ്രവർത്തകരും പ്രാസംഗികരും വളർത്തിയെടുക്കുന്നത് പുതിയൊരു വിഭാഗത്തെത്തന്നെയാണ്. ഇന്ത്യൻ മതേതരത്വത്തിൻ്റെ താഴികക്കുടങ്ങൾ ഒന്നൊഴിയാതെ തകർക്കാൻ അവർ നിഷ്കളങ്ക ജനങ്ങളെ തയ്യാറാക്കുകയാണ്. അതിനവർ നുണകളെ ആയുധമാക്കുന്നു. ചരിത്രങ്ങളെ തിരുത്തിക്കുറിച്ച് യാഥാർത്ഥ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു. 

എന്തിനാണ് ഇത്ര അധമമായ വെറുപ്പ് എന്ന് ചോദിച്ചാൽ അവർക്കറിയില്ല. ആരെയാണ് നിങ്ങൾ കൊല്ലേണ്ടത് എന്ന് പറഞ്ഞ് കൊടുക്കുമ്പോൾ എന്തിനാണ്  എന്ന് പോലും അവർ ചോദിക്കാറില്ല. മുസ്ലിം എന്ന് കേട്ടാൽ മാത്രം മതി. പക്ഷേ, കാരണമോ? അതിനുള്ള ഉത്തരം അവർക്കറിയില്ല എന്ന് വേണം പറയാൻ. അറിയുന്നതോ നേതാക്കൾ പടച്ചു വിടുന്ന വളച്ചൊടിച്ച നുണകളും, വർഗ്ഗീയ വിപ്ലവ ചിന്താഗതിയും, തീവ്ര ദേശീയതയും. ഇത്തരം വർഗ്ഗീയതയുടെ വിഷം വിളമ്പുന്നവർ  ഇല്ലാതാക്കുന്നത് ഒരു വലിയ ജനതയുടെ സ്വപ്നങ്ങളാണ്. പ്രതീക്ഷകളാണ്.

മാനുഷിക മൂല്യങ്ങൾ തകർത്തെറിഞ്ഞ Dec 06 ന് വരും കാലങ്ങളിലെങ്കിലും, പുതിയ ചേർത്ത് പിടിക്കലുകളുടെ, മത സഹവർത്തിത്വത്തിൻ്റെ പുതു ചരിതം സൃഷ്ടിക്കാൻ സാധിക്കട്ടെ...

Suhail Paikkadan (Guest Post)
Edited By Afsal Klari
(Editor of KAALIKKUPPI)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI