![]() |
| റാം C/O ആനന്ദി Book Review | Ram c/o Anandi book Review by Ajmal M |
ഓരോ യാത്രയും അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിക്കാറുള്ളത്. അനുഭവങ്ങളാണ് മനുഷ്യനെ പുതിയസാഹസങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. നാടും നാട്ടാരും പ്രകൃതിയും പൈതൃകവുമെല്ലാം തരുന്നത് പുതിയ പാഠങ്ങളാണ്. സ്വന്തം യാത്രാനുഭവങ്ങൾ വരികളിലൂടെ പുറത്തുവരുമ്പോൾ അത് വായനക്കാരനിൽ നവ്യാനുഭൂതി സൃഷ്ടിക്കുന്നു.
ആലപ്പുഴ ജില്ലയിലെ തീരദേശ ഗ്രാമത്തിൽ നിന്നും നോവൽ എഴുതാനുള്ള അനുഭവങ്ങൾ സ്വായത്തമാക്കാനായി ശ്രീരാമിനെ വരവേറ്റത് ഒരു പരമ്പര തന്നെയായിരുന്നു. ഒരു കഥയിൽ ഉൾക്കൊള്ളിച്ചായിരുന്നു അഖിൽ പി ധർമ്മജൻ *റാം C/O ആനന്ദി* രചിക്കുന്നത്. ഹിജഡകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും സമീപനവും സമൂഹത്തിന്റെ ചെയ്തികളാൽ കാളിദാസനിൽ നിന്ന് മല്ലിയിലേക്കുള്ള പരിവർത്തനത്തിലൂടെ എഴുത്തുകാരൻ തുറന്നുകാട്ടുന്നു.
മുനമ്പം മനുഷ്യക്കടത്തും അതിൽ അപ്രത്യക്ഷമായ 87 പേരുകളും ഇന്ന് ചോദ്യചിഹ്നമാണ്. ജനുവരി 12ന് മുനമ്പം ഹാർബറിൽ നിന്ന് *ദയമാത* എന്ന മത്സ്യബന്ധന ബോട്ടിൽ ആയിരുന്നു മനുഷ്യക്കടത്ത് നടത്തിയത്. മുനമ്പം മനുഷ്യക്കടത്തിന്റെ നിഗൂഡതയിലേക്കുള്ള ഒരു സഞ്ചാര പാതയായിരുന്നു ഈ നോവൽ.
ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിൽ നിന്നും ഇന്ത്യയിൽ അഭയാർത്ഥിയായി അഭയം പ്രാപിച്ചവരുടെ പ്രതീകമായിരുന്നു ആനന്ദി. ജീവിതം തീർത്തും ദുരിതത്തിന്റെ കടമ്പകൾ താണ്ടി കടക്കാൻ കഠിനാധ്വാനം ചെയ്യുന്ന യുവതിയായിരുന്നവൾ. പ്രകാശം പ്രവേശിക്കാത്ത ചെപ്പു പോലെ നിഗൂഢമായി സൂക്ഷിച്ച അവളുടെ ജീവിതത്തിലേക്കാണ് റാം എന്ന ചെറുപ്പക്കാരന്റെ കടന്നുവരവ്. സിനിമ പഠിക്കാൻ വന്ന റാം അപ്രതീക്ഷിതമായായിരുന്നു ആനന്ദിയെ കണ്ടുമുട്ടിയത്. കൂടിക്കാഴ്ച അത്ര സ്വരച്ചേർച്ച ഇല്ലാഞ്ഞിട്ടും തുടരെത്തുടരെ അവർ തമ്മിലുള്ള അടുപ്പം വളർന്ന് പ്രണയമായി മാറി. ദൈവനിയോഗം മുൻകൂട്ടി പ്രവചിച്ച പോലെ ആ ബന്ധത്തിന് ആനന്ദമുള്ള അവസാനമാകില്ലെന്ന് മനസ്സിലാക്കിയ ആനന്ദി അവർ തമ്മിലുള്ള അടുപ്പം ആഴത്തിൽ വേരൂന്നാതിരിക്കാൻ ഹൃദയത്തെ തരിശാക്കിത്തീർത്തു. റാമും ആനന്ദിയും പാട്ടിയും പാട്ടിയുടെ പെയിങ് ഗസ്റ്റ് ആയ രേഷ്മയും വെട്രിയും തമ്മിൽ പിരിക്കാൻ പറ്റാത്ത ബന്ധുക്കളാകുന്നു. തുടർന്ന് ജീവിതാഭിലാഷവും അതിലേക്കുള്ള ദുർഘടമായ പാതയും മനസ്സില്ലാ മനസ്സോടെ അവരുമായി ആനന്ദി പങ്കുവെക്കുന്നു. കാലത്തിന്റെ വികൃതിയിൽ വൈകൃതമായി പോയ കുടുംബത്തിലെ അവസാന അംഗത്തെ തേടിപ്പിടിച്ച് കണ്ടെത്താൻ തുനിഞ്ഞിറങ്ങിയതായിരുന്നു അവൾ. ലോകത്തിന്റെ മുന്നിൽ നിന്നും ആനന്ദിയെന്ന പേരിൽ മറച്ചുവെച്ച ആനന്ദിയുടെ ആനന്ദമായ ആത്മാഭിലാഷം നിറവേറ്റാനാകുമോ എന്ന ആകാംക്ഷ വായനക്കാരിൽ നിറച്ചാണ് എഴുത്തുകാരൻ എഴുത്തവസാനിപ്പിക്കുന്നത്. ആദ്യാന്ത്യം വായിച്ചവസാനിക്കുമ്പോഴേക്ക് ഒരു സിനിമ കണ്ടു തീർത്ത അനുഭൂതിയാണ് അഖിൽ പി ധർമ്മജൻ വായനക്കാർക്ക് സമ്മാനിക്കുന്നത്. യാത്രയെയും യാത്രാനുഭവങ്ങളെയും സൗഹൃദത്തെയും പ്രണയത്തെയും പ്രിയം വെക്കുന്നവർക്ക് ഇതൊരു പ്രിയപ്പെട്ട കൃതിയാകും എന്ന് തീർച്ച.
✍️Mohammed Ajmal M (Guest Post)


0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI