വിദ്വേഷ പ്രചരണത്തിന്റെ രാഷ്ട്രീയം | The Politics of Hate Propaganda

വിദ്വേഷ പ്രചരണത്തിന്റെ രാഷ്ട്രീയം | The Politics of Hate Propaganda Written by Muhammed Jabir Parappur

വിദ്വേഷ പ്രചരണത്തിന്റെ രാഷ്ട്രീയം 

 രാഷ്ട്ര നിർമ്മിതിയുടെ അടിസ്ഥാനങ്ങളിലൊന്നാണ് ആ ഭൂപ്രദേശത്ത് വസിക്കുന്ന ജനങ്ങൾ.

 വംശ വർഗ്ഗ ഭേദമന്യേ ജനങ്ങൾക്കിടയിലെ ഐക്യബോധമാണ് രാഷ്ട്ര അഖണ്ഡതയുടെ മാനദണ്ഡം. 

ലോക ക്രമത്തിൽ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് രാജ്യങ്ങളുടെ കെട്ടുറപ്പിന് വിള്ളലേൽപ്പിക്കുന്ന മൂല കാരണം.

 വ്യക്തമായ സ്വേച്ഛാധിപത്യ തൽപരതയോടെ, കൃത്യമായ ആസൂത്രിത അജണ്ടകളോടെ, ഭാരതത്തിൽ വിദ്വേഷ പ്രചരണങ്ങളിലൂടെ പൗര ബോധത്തെ അറുത്തുമാറ്റി ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം.

വിദ്വേഷ പ്രചരണം ഇന്ത്യയിൽ

 ഇവർ 'വൈദേശിക പാരമ്പര്യ' വിദ്വേഷ പ്രചരണത്തിന്റെ വിത്തുകൾ പതിയെ ഇന്ത്യയിൽ പാകി.  കുപ്രചരണങ്ങളിലൂടെ രാഷ്ട്രീയ സ്വത്വബോധത്തെ വികലമാക്കാൻ ശ്രമിക്കുന്ന 'വിദേശ വാദ' പ്രചാരകരെ  ഫാസിസ്റ്റുകൾ എന്ന് നാമിന്ന് വിളിക്കുന്നു.

                    ഇന്ത്യയിലുടനീളം വർഗീയത വിളമ്പി കൊണ്ടിരുന്ന ഫാസിസ്റ്റ് ശക്തികൾ 1925 ആർ എസ് എസ് എന്ന തീവ്ര ഹിന്ദുത്വ സംഘടനക്ക് രൂപം നൽകി. ഇന്ത്യൻ ഫാസിസത്തിന്റെ താത്വികാചാര്യൻ ഗോൾവാൾക്കറാണ്. അദ്ദേഹത്തിന്റെ വിചാരധാര, we or our nationhood defined എന്നീ കൃതികൾ ആർ എസ് എസിന്റെ ജീവവായുവാണ്. ഇവയിലൂടെ ഗോൾവാൾക്കർ ഫാസിസത്തെ ന്യായീകരിക്കുന്നതോടൊപ്പം അതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഭാരതീയരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. ആർ എസ് എസ് എന്ന സങ്കൽപ്പത്തിന് വിത്ത് പാകിയ ഡോക്ടർ ബി എസ് മുഞ്ചെക്ക് ഈ ആശയത്തിന്റെ കോശം ലഭിക്കുന്നത് ഇറ്റലിയിൽ നിന്നാണ്.

 യൂറോപ്പ്യൻ ഫാസിസ്റ്റുകളും ഹിന്ദുത്വ തീവ്ര ദേശിയവാദികളും ആദ്യമായി സന്ധിക്കുന്നത് 1930 ലാണ്.

 വിദ്വേഷ രാഷ്ട്രീയത്തിന്റെ വളർച്ച

ഗോൾവാക്കറിനെ സംബന്ധിച്ച് വംശമാണ് ഒരു രാഷ്ട്രത്തിന്റെ പ്രധാന ഘടകം. 'ഹിന്ദു', 'ആര്യൻ' എന്നിവ പര്യായങ്ങളായി ഉപയോഗിക്കുന്നു.  "വംശം രാഷ്ട്രത്തിന്റെ ശരീരമാണ് അതിന്റെ തകർച്ചയോടെ രാഷ്ട്രമില്ലാതാകും " എന്ന് അദ്ദേഹം പ്രസ്താവിച്ചു. 

                        ഫാസിസ്റ്റുകൾ എന്നും ജനാധിപത്യത്തിനെതിരാണ് സമഗ്രാധിപത്യത്തെ പോലും ഒരു പരിധി വരെ  അംഗീകരിക്കില്ല. രാഷ്ട്രത്തെ കീഴടക്കി അവിടെ സമഗ്രാധിപത്യം കൊണ്ടുവരിക എന്നത് ഫാസിസത്തിന്റെ സവിശേഷതയാണ്. വിദ്വേഷമൂർച്ചയിൽ സ്ത്രീ സമൂഹത്തെ ഇരകളാക്കാൻ പോലും അവർ മടിച്ചിരുന്നില്ല. മുസ്ലിം സ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിടാനും അവരുടെ മാനം കവർന്നെടുക്കാനും പ്രചോദനം നൽകുന്ന പ്രസംഗങ്ങളാണ് സവർക്കർ നടത്തിയത്. മുസ്ലിം സ്ത്രീകൾ ഹിന്ദുക്കളുടെ കാരുണ്യത്തിൽ കഴിയുന്നവരാണെന്ന് വരുത്തി തീർക്കുകയായിരുന്നു അവരുടെ ലക്ഷ്യം. " മാതൃ വത് പരദാരേഷ്ഠ (പര സ്ത്രീകളെ മാതാവായി കാണുക ) എന്ന സംസ്കാരത്തിന്റെ വക്താക്കളാണ് സ്ത്രീകളുടെ മാനം കവർന്നെടുത്ത് ഒരു സമൂഹത്തോടുള്ള വിദ്വേഷം തീർക്കാൻ ആഹ്വാനം ചെയ്യുന്നതെന്നോർക്കണം.

സവർക്കറുടെയും അനുയായികളുടെയും ആഹ്വാനത്തിന് ഫലം ഉണ്ടായി എന്നാണ് പിൽക്കാല പാഠം. 

              1920 കോൺഗ്രസിന്റെ നിയന്ത്രണം ഗാന്ധിജിയുടെ ചുമലിൽ ആയതോടെ തീവ്രവികാരമുള്ള നേതാക്കളും അനുയായികളും ഗാന്ധിജിയുടെ മുസ്ലിം പ്രീണനം മുഖ്യ അപരാധമായി ഉയർത്തിപ്പിടിച്ചു.

 ഈ കാരണം ഗാന്ധിയെ ശരിക്കും ക്ഷീണിപ്പിച്ചു.1925 എട്ടാം ഹിന്ദു മഹാ സഭയുടെ യോഗത്തിൽ ലാലാ ലജ്പത് റായിയും ഗാന്ധിജിക്ക് എതിരെ ആഞ്ഞടിച്ചു. കർവീർ പീഠിലെ ശങ്കരാചാര്യർ ഡോക്ടർ കുർത്ത കോടി 1920 ൽ എഴുതി :" ഗാന്ധിജിയുടെ അഹിംസ ഹിന്ദുവിന്റെ ആത്മാഭിമാനം ഇല്ലാതാക്കുകയും ഹിന്ദുവിനു മുകളിൽ മുസ്ലിമിന് ആധിപത്യം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും." പട്ടേൽ എന്നും മുസ്ലിങ്ങളെ സംശയസ്പദമായി കണ്ടിരുന്ന വ്യക്തിയാണ്. ലക്നോ ഉപ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പട്ടേൽ മുസ്ലിംകൾക്ക് മുന്നറിയിപ്പ് നൽകി:


" മുസ്ലിംകൾ വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ചില്ലെങ്കിൽ, മതേതര രാഷ്ട്രത്തിന് പകരം ഹിന്ദു രാഷ്ട്രം നിർബന്ധമായും വരും." ഇന്ത്യ വിഭജനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പട്ടേലിനെ പോലുള്ളവരെ ഒഴിച്ചുനിർത്താനാകില്ല. പട്ടേൽ വിഭജനത്തിന്റെ ശില്പിയാണെന്നാണ് അബുൽ കലാം ആസാദൊരിക്കൽ പറഞ്ഞത്.

               ഇത്തരം ദേശീയ നേതാക്കൾ ആർ എസ് എസിന്റെ ഉല്പത്തിയിലും വളർച്ചയിലും നിർണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളാണ്. ഗാന്ധിയും പട്ടേലും ഇടഞ്ഞതും മുസ്ലിങ്ങളുടെ പ്രശ്നം ചൊല്ലിയാണ്. പാകിസ്ഥാൻ ഇന്ത്യൻ യൂണിയനിൽ നൽകേണ്ട സംഖ്യ കൊടുക്കാതെ കൊണ്ടുപോകാൻ ശ്രമിച്ച സർദാർ പട്ടേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് നിരാഹാര വ്രതമനുഷ്ഠിക്കാൻ ഗാന്ധി പുറപ്പെട്ടപ്പോൾ ഹിന്ദു വർഗീയവാദികൾ കോപാകുലരായി. അവരാണ് അദ്ദേഹത്തെ കൊലപ്പെടുത്തുന്നതിന് ഗോഡ്സയെ തയ്യാറാക്കിയത്.

 പ്രചരണത്തിന്റെ രാഷ്ട്രീയം

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള സക്രിയമായ ഗൂഢ നീക്കങ്ങളായിരുന്നു വിദ്വേഷ പ്രചാരകരിൽ  നിന്നും പിന്നീട് കാണാനായത്. രാജ്യത്തെമ്പാടും ആക്രമണങ്ങളും സ്ഫോടനങ്ങളുമായി അക്രമാസക്തമായ നീക്കങ്ങളായിരുന്നു അവരുടെ പ്രധാന ചാലക ശക്തി.

 ഭീകരാക്രമണങ്ങളുടെ അനന്തരഫലങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെയും മുസ്ലിങ്ങൾക്കെതിരെയും ചുമത്തുകയായിരുന്നു അവർ.

 1947ലെ വിഭജനത്തെ തുടർന്നുണ്ടായ കലാപം ഒരു ശസ്ത്രക്രിയയുടെ രക്തസ്രാവം മാത്രമായിരുന്നു എന്ന് അവർ വ്യാഖ്യാനിച്ചു. സ്വതന്ത്ര ഭാരതത്തിൽ നിരവധി വർഗീയ ലഹളകളുണ്ടായിട്ടുണ്ട്. 1968 - 69 കാലത്ത് നടന്ന ഇരുപത്തിമൂന്ന് വർഗീയ സംഘർഷങ്ങളിൽ ഇരുപത്തിരണ്ടും തുടങ്ങിവച്ചത് മുസ്ലിങ്ങളായിരുന്നുവെന്ന്  വാദിച്ചു.

 'കമ്മ്യൂണിസം കോംപാക്റ്റ്' എന്ന ബോംബെ പ്രസിദ്ധീകരണം ഈ വാദത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നുണ്ട്.

                     1980കളുടെ പകുതി മുതലാണ് ഇന്ത്യൻ രാഷ്ട്രീയം ഭൂരിപക്ഷോന്മുഖമായി  ചായാൻ തുടങ്ങിയത്. തൊണ്ണൂറുകളുടെ തുടക്കം മുതൽ നിയമവാഴ്ച നടപ്പാക്കാൻ ചുമതലപ്പെട്ട പോലീസും നീതിപീഠത്തിന് കാവൽ നിൽക്കുന്ന ജഡ്ജിമാരും ഭൂരിപക്ഷ രാഷ്ട്രീയത്തിന് ഇണങ്ങുന്ന വർണ്ണങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുന്നത് നമുക്ക് കാണേണ്ടിവന്നു.

ഇന്ത്യയിലെ പ്രധാന വെബ് പോർട്ടലുകളിൽ ഒന്നായ 'റീഡിഫ് ഡോട്ട് കോം' ജൈപൂർ സ്ഫോടനത്തിനുശേഷം പ്രസിദ്ധീകരിച്ച ഒരു കത്ത് ഇവിടെ പകർത്തുകയാണ്.

 "ഭീകരത ഒരിക്കലും വച്ചു പൊറുപ്പിക്കാൻ ആവില്ലെന്ന് മുസ്ലീങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് നാം അടിയന്തരമായി ഗാന്ധിഗിരികൾ ആരംഭിക്കേണ്ടിയിരിക്കുന്നു" എന്നാണ് കുറിപ്പുകാരൻ ആവശ്യപ്പെടുന്നത്. അതിനു താഴെ പറയുന്ന മാർഗങ്ങളാണ് നിർദേശിക്കുന്നത്.

1. ഹിന്ദുക്കളെ കിട്ടാൻ ഉണ്ടെങ്കിൽ മുസ്ലിങ്ങൾക്ക് നിങ്ങളുടെ കമ്പനിയിലോ സ്ഥാപനത്തിലോ ഒരിക്കലും ജോലി കൊടുക്കരുത്. അത്യാവശ്യമല്ലാത്ത സന്ദർഭങ്ങളിൽ ഒഴികെ ഇവരോട് സംസാരിക്കുക പോലും ചെയ്യരുത്.

2. ഒരു മുസ്ലിമും ആയി പങ്കുചേർന്നാണ് നിങ്ങളുടെ വ്യാപാരം നടത്തുന്നത് എങ്കിൽ പതുക്കെ അയാളെ ബിസിനസിൽ നിന്ന് ഒഴിവാക്കി ഹിന്ദുക്കളെയോ അന്യമതസ്ഥരെയോ പാർട്ണർമാരായി ചേർക്കുക,അല്ലെങ്കിൽ വേറിട്ട് പുതിയ ബിസിനസ് ആരംഭിക്കുക.

3. മുസ്ലിങ്ങളുടെ കടയിൽ നിന്നും ഒരിക്കലും സാധനങ്ങൾ വാങ്ങാതിരിക്കുക. അവർ നിങ്ങളുടെ കടയിൽ വരുന്നുണ്ടെങ്കിൽ മറ്റുള്ളവരെക്കാൾ ഒരു രൂപ അധികം ഈടാക്കുക. അവരിൽപെട്ട ചിലരുടെ പ്രവർത്തികൾക്ക് രാജ്യം അമിതമായ വിലകൊടുത്തു വരികയാണ്. പാക്കിസ്ഥാനിലെ ഭീകരർക്ക് അഭയം കൊടുക്കുന്നവരാണ് മുസ്ലീങ്ങൾ.

4. നിങ്ങളുടെ പെൺകുട്ടിയെ വളരെ ചെറുപ്പം തൊട്ട് ഒരു കാര്യം ഉപദേശിക്കുക. അവൾക്ക് ആരെയും വിവാഹം കഴിക്കാം,ഒരു മുസ്ലിമിനെ ഒഴികെ.

5. തങ്ങളുടെ ആടുമാടുകളെ മുസ്ലിങ്ങൾക്ക് വിൽക്കരുതെന്ന് ഹിന്ദുക്കളായ ഇടയന്മാർക്ക് മനസ്സിലാക്കിക്കൊടുക്കുക. പ്രായമായ മൃഗങ്ങളെ അവർ മുസ്ലിങ്ങൾക്ക് കൊടുക്കാതിരിക്കാൻ ഹിന്ദുക്കൾ സംഘം ചേർന്ന് അവരെ വില കൊടുത്തുവാങ്ങി സംരക്ഷിക്കുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക. മുസ്‌ലിങ്ങൾക്ക് കഴിക്കാനുള്ള ഇറച്ചി ഒരിക്കലും നമ്മൾ മുഖേന ലഭിക്കുന്ന സാഹചര്യമുണ്ടാവരുത്.

6. ബെൽറ്റ്, വാണിജ്യ വസ്ത്രങ്ങൾ മുതലായവ ഒരിക്കലും തുകൽ കൊണ്ടുള്ളവ ഉപയോഗിക്കരുത്.

 കോൺഗ്രസായും കമ്മ്യൂണിസ്റ്റായും ജനതാ പാർട്ടിക്കാരനായും ജീവിച്ച് ഇന്ത്യക്കാരനെ ഹിന്ദുവായും മുസ്ലിമായും മാറ്റിയെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഹിന്ദു മുസ്ലിം കലാപങ്ങൾ. അവർക്ക് വ്യക്തമായ രാഷ്ട്രീയ സാമ്പത്തിക അജണ്ടകൾ ഉണ്ടായിരുന്നു. രാഷ്ട്രീയം തന്നെയായിരുന്നു പ്രധാനം.

പത്രമാധ്യമങ്ങൾ, റേഡിയോ, ടെലിവിഷൻ, സിനിമ തുടങ്ങിയ മേഖലകളിൽ ഒരു സാഫ്രോൺ ലോബിയെ വളർത്തിയെടുക്കുന്നതിൽ അവർ വിജയിച്ചു. 1977 ൽ ജനതാ ഭരണകാലത്ത് എൽ കെ അദ്വാനി വാർത്ത വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നപ്പോൾ ആകാശവാണിയിലും ദൂരദർശനിലും നിരവധി ബി ജെ പി, ആർ എസ് എസ് പ്രവർത്തകരെ തിരുകിക്കയറ്റിയതായി many face of mafiya യിൽ പറയുന്നുണ്ട്. വർഗീയ വിഷം ചീറ്റിയും രാമായണ മഹാഭാരത യജ്ഞങ്ങളെന്ന പേരിൽ വിദ്വേഷ പരിപാടികൾക്ക് നേതൃത്വം നൽകിയും അവർ കളം നിറഞ്ഞു നിന്നു.

'ക്യാ കാഹാനി കെ സരയുധര', 'അയോധ്യ കാ പ്രാചീൻ ഇതിഹാസ് ' തുടങ്ങിയ പുസ്തകങ്ങൾ ഹൈന്ദവ മനസ്സുകളിൽ വർഗീയ വിഷം ചുരത്താൻ പോന്നവയാണ്. മുസ്ലിം വിദ്വേഷത്തിന്റെ കനൽകട്ടകളായ ഇത്തരം ശത്രുക്കൾ ഇന്ത്യയുടെ സാമൂഹിക മനസ്സ് എത്രമാത്രം കലുഷിതമാക്കി എന്നതിന് വർത്തമാനകാല അനുഭവങ്ങൾ മൂക സാക്ഷിയാണ്.

                   ലാലാ ലജ്പത് റായ് ഒരിക്കൽ പറയുകയുണ്ടായി: " 'വക്കിയത് എ ഹിന്ദു' എന്ന ഗ്രന്ഥം വായിച്ചതോടെയാണ് ഞാൻ മുസ്ലിം വിദ്വേഷിയായത്." ആ ഗ്രന്ഥം എന്നിൽ മുസ്ലിങ്ങളോടുള്ള ഈർഷ്യത കുത്തി നിറച്ചു അതോടെ അവരോട് എനിക്ക് മുമ്പുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടു . വർഗീയത എന്ന വികാരം പൈതൃകമായി നമുക്ക് കിട്ടിയതും ഹിന്ദു മുസ്ലിം സാംസ്കാരിക മത ദേശീയ വിദ്വേഷത്തിൽ നിന്ന് ലഭിച്ചതും ആണെന്ന് സവർക്കർ 1937ൽ പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യൻ ഫാസിസ്റ്റുകളുടെ കണ്ണിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ അക്രമികളാണ്. ഹിന്ദു മുസ്ലിം ദ്രുവീകരണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. നിഷ്പക്ഷമതികളായ ഹൈന്ദവ വിശ്വാസികളിൽ പോലും ഇന്ന് വിദ്വേഷത്തിന്റെ തീക്കനൽ മുനിഞ്ഞു കത്തിത്തുടങ്ങുന്നു. ഇവരുടെ പ്രശാന്തമായ മനസ്സുകളിലെ ശാന്തി  വർഗീയത കൊണ്ട് പ്രസരിച്ചു. കുറേ ചൂടേറിയ വിഷയങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അക്കമിട്ടു നിരത്തിയാൽ തീരില്ല അവയിൽ ചിലത് മാത്രമാണ്  1.രാമജന്മഭൂമിയും ബാബരി മസ്ജിദും. 2.കാശ്മീരും 370 അനുച്ഛേദവും 3. മുസ്ലിം പ്രീണനം  4.മുസ്ലീങ്ങളിലെ ബഹുഭാര്യത്വം

5. ഏക സിവിൽ കോഡ് 6.വന്ദേമാതരം

7.മുസ്ലിം ജനസംഖ്യാ വളർച്ച

8.വൈദേശിക നുഴഞ്ഞു കയറ്റം

9.ഗോവധം

10.സംവരണം.

മുസ്ലിം വിദ്വേഷ പ്രചാരകരെ ഏറെ വിഷലിപ്തമാക്കിയത്  സ്വാതി ഋതംഭരയുടെ സംസാരമായിരുന്നു.

 "നാം എന്തു ചെയ്താലും മുസ്ലിങ്ങൾ അതിന് നേരെ എതിരാണ് ചെയ്യുക. നാം ഇടത്തു നിന്ന് വലത്തോട്ട് എഴുതുമ്പോൾ അവർ വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്നു . നാം ഉദയസൂര്യനോട് പ്രാർത്ഥിക്കുന്നു അവർ അസ്തമയസൂര്യനോടും. ഹിന്ദുക്കൾ മീശ വെക്കുമ്പോൾ മുസ്ലിങ്ങൾ മീശ വടിക്കുന്നു. ഹിന്ദുക്കൾ എന്ത് ചെയ്താലും മുസ്ലീങ്ങളതിൻ്റെ എതിരാണ് ചെയ്യുന്നത്.  ഹിന്ദുക്കൾ വായകൊണ്ട് തിന്നുന്നു  അവരോട് അതിന്റെ വിപരീതം ചെയ്യാൻ പറയൂ. "

ഒരിക്കൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ ആഭിമുഖ്യത്തിൽ അയോധ്യ വിവാദത്തെ കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. അയോധ്യ ദുരന്തം സാമുദായിക ധ്രുവീകരണത്തിന്റെ ഗൗരവം എടുത്തു കാട്ടുന്നതിനിടയിൽ ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. "ജർമനിയിൽനിന്ന് ജൂതന്മാരെ നിർമാർജ്ജനം ചെയ്ത പോലെ ഇന്ത്യയിൽ നിന്ന് 13 കോടി മുസ്ലീങ്ങളെയും ഹിന്ദു വർഗീയ ഭ്രാന്തന്മാർ ഉന്മൂലനം ചെയ്തേക്കും." ഇത് കേട്ട് സഹിക്കാൻ കഴിയാതെ വന്ദ്യവയോധികനായ ഒരു പ്രൊഫസർ അതേ വേദിയിലിരുന്ന് പൊട്ടിക്കരയുകയാണുണ്ടായത്. വെറും നിസ്സഹായർ.

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിച്ച കണ്ണൂർ കലാപം എൻക്വയറി കമ്മീഷൻ 1932 അവരുടെ അവതാരികയിൽ പറയുന്നു :

 "ഭൂതകാല ചരിത്രത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ അവർക്ക് അവസരം കിട്ടാത്ത കാലത്തോളം ഈ വൈരം അവശേഷിക്കും. അതിനാൽ ചരിത്രത്തിലെ മിഥ്യാധാരണകളെ അകറ്റാനുള്ള പോംവഴി കണ്ടെത്തുക എന്ന പ്രഥമ കർത്തവ്യം നിർവഹിക്കുക എന്നതാണ് ഹിന്ദു-മുസ്‌ലിം പ്രശ്നം പരിഹരിക്കാനുള്ള യഥാർത്ഥ മാർഗം."

 മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിച്ചു ജീവിക്കുന്നവരാണ് ഭൂരിപക്ഷംവരുന്ന ഭാരതീയനും. വസ്തുത ഇതായിരിക്കെ ഫാസിസം എന്ന മഹാ വിപത്തിൽ നിന്നും നമ്മുടെ പൈതൃകത്തെ കാത്തുസൂക്ഷിക്കാൻ ഓരോ ഭാരതീയനും പ്രതിജ്ഞാബദ്ധരാകണം.അല്ലാത്ത പക്ഷം കേരളമൊരു ഭ്രാന്താലയമെന്ന വിവേകാനന്തന്റെ വാക്കിനെ ഇന്ത്യയൊരു ഭ്രാന്താലയമെന്ന് തിരുത്തി വായിക്കേണ്ടി വരും. അതിനിട വരാതിരിക്കാൻ നമുക്കൊന്നിക്കാം. ഭാരതവും ഭാരതീയനുമുള്ള കാലം വരെ... 

✍️ - Muhammed Jabir Parappur (Guest Post)

Editod : Afsal Klari 
Proofreader : Muzammil Salam Kollam

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI