ബ്രൂസിലീ എന്ന പേരിൽ അറിയപ്പെട്ട ആയോധനകലയുടെ രാജാവ് ലീ ജുൻഫാൻ | ബ്രൂസിലീ | About Bruce Lee in Malayalam

About Bruce Lee in Malayalam
ആയോധനകലയുടെ രാജാവെന്നറിയപ്പെട്ട ബ്രൂസ് ലീ എന്ന ലീ ജുൻഫാൻ ഒരു നടനെന്നതിലുപരിയായി അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. 

ഇതിഹാസപ്പിറവി

1940 നവംബർ 27ന് ഹോങ്കോങ്ങിലെ ഒരു ചൈനീസ് ഓപ്പറ സംഘത്തിൽ നടനായിരുന്ന ലീ പോയ് ചുന്നിൻ്റെയും യൂറേഷ്യൻ വംശജയായ ഗ്രേസിന്റെയും നാലാമത്തെ മകനായാണ് ആ ഇതിഹാസം പിറക്കുന്നത് . പേരിൻ്റെ ഉച്ചാരണം ബുദ്ധിമുട്ടായപ്പോൾ ആശുപത്രിയിലെ നേഴ്സാണ് ബ്രൂസ് എന്ന ഓമനപ്പേര് നൽകിയത്. അതിനോടൊപ്പം പിതാവിന്റെ പേരായ ലീ കൂടി കൂട്ടിച്ചേർത്തു ബ്രൂസ് ലീ എന്നായി പിന്നീട് പേര്. ഓപ്പറ അവതരിപ്പിക്കാനായി സാൻ ഫ്രാൻസിസ്കോയിലെ ചൈന ടൗണിൽ എത്തിയപ്പോഴായിരുന്നു ബ്രൂസ് ലീയുടെ ജനനം.

ഒരു വയസ്സാകും മുമ്പേ സിനിമയിൽ 

ജീവിതാരംഭം മുതലേ ഭാഗ്യവാനായിരുന്നു ബ്രൂസ്‌ ലീ. ജനിച്ച് ഒരു വയസ്സാകും മുമ്പേ കൊച്ചു  ബ്രൂസ് ലീയെ സിനിമയിലെടുത്തു. 1941 ലിറങ്ങിയ ഗോൾഡൻ ഗേറ്റ് എന്ന  സിനിമയായിരുന്നു ബ്രൂസ് ലീയുടെ ആദ്യ സിനിമ. ബാലതാരമായി മാത്രം 19 സിനിമകളിൽ ലീ അഭിനയിച്ചു.
യിപ്മാൻ എന്ന പ്രശസ്ത കുങ്ഫു വിദഗ്ദ്ധനായിരുന്ന തന്റെ ഗുരുവിന് കീഴിലായി 13-ാം വയസ്സിൽ തന്നെ  ലീ കുങ്ഫു പഠിച്ചുതുടങ്ങി. ആയോധന കലയുടെ അടയാളങ്ങൾ ചെറുപ്പകാലത്ത് തന്നെ തെരുവ് സംഘട്ടനത്തിൽ പ്രകടമാക്കിത്തുടങ്ങിയിരുന്നു അദ്ദേഹം. ഇക്കാരണത്താൽ തന്നെ ഫൈറ്റർ എന്ന് വിളിക്കപ്പെട്ടിരുന്നു. 

അറസ്റ്റും നാട് കടത്തലും 

ഇങ്ങനെ 1959 ൽ ഒരു കേസിൽ  ലീ അറസ്റ്റിലാവുകയും, ഇക്കാരണത്താൽ നാട് വിടേണ്ടി വരികയും ചെയ്യുന്നു. പിന്നീട് പിതാവ് നൽകിയ 100 ഡോളറുമായി അമേരിക്കയിലേക്ക് കപ്പൽ കയറി. അവിടെ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിയിൽ ഏർപ്പെടുകയും അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു. അവിടെ പഠനവും പരിശീലന കേന്ദ്രവും ലീ ഒരുമിച്ച് കൊണ്ടുപോയി. പിന്നീട് തന്റെ ശിഷ്യയായിട്ടുള്ള 'ലിൻഡ യെമറിയെ' വിവാഹം കഴിക്കുകയും ചെയ്തു.

ഹോളി വുഡിലേക്ക് 

'ദി ഗ്രീൻ ഹോണറ്റ്' എന്ന വില്യം ഡോസിയർ നിർമ്മിക്കുന്ന ടെലിവിഷൻ പരമ്പരയിൽ ലീ അഭിനയിച്ചു. ഈ ടെലിവിഷൻ പരമ്പരയിൽ അദ്ദേഹത്തിന്റെ കുങ്ഫുവും മറ്റ് ആയോധന കലകളും അമേരിക്കയിലാകമാനം തരംഗമായി മാറി. പിന്നീട് ഹോളിവുഡിനോടുള്ള പ്രിയത്തിൽ ലോസാഞ്ചലസിലെത്തി . ചെറിയരീതിയിൽ നടനായും സ്റ്റണ്ട് മാസ്റ്ററായും ഹോളിവൂഡിൽ ജോലിചെയ്തു. പിന്നീട് ലീയുടെ പ്രകടനങ്ങളിൽ ആകൃഷ്ടനായ ഹോങ്കോങ് സംവിധായകൻ 'ലോ വെയ്' രണ്ട് ചൈനീസ് സിനിമകളിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു.
അങ്ങനെയിരിക്കെ 1971 ൽ തായ്‌ലാന്റിലെത്തി. 1971 ൽ തന്നെ 'ദി ബിഗ് ബോസ് ' പുറത്തിറങ്ങി. സർവ്വ റെക്കോർഡുകളും ഭേദിച്ച ചിത്രം വൻ വിജയമായി. ഈ സിനിമയിലെ ഫൈറ്റ് സീനുകളെല്ലാം ബ്രൂസ് ലീയായിരുന്നു സംവിധാനം ചെയ്തത്. ഇതേ സംവിധായകന്റെ അടുത്ത ചിത്രം ഫിസ്റ്റ് ഓഫ് ഫ്യുറിയിലും ലീ തന്നെയായിരുന്നു നായകൻ. ഈ രണ്ടു സിനിമകളുടെയും വിജയത്തോടെ ഏഷ്യയിലെ ഒന്നാം നമ്പർ താരമായി ബ്രൂസ് ലീ വളർന്നു. പിന്നീട് 1972 ൽ സ്വന്തമായി യൂറോപ്പിൽ ചിത്രീകരിച്ച 'ദി വേ ഓഫ് ദി ഡ്രാഗൺ'  സംവിധാനം ചെയ്ത് സിനിമ പുറത്തിറക്കുകയും തുടർച്ചയായി തന്റെ മൂന്നാം സിനിമയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

അവസാന നാളുകൾ 

തുടർന്ന് വീണ്ടും ഹോളിവുഡിലെത്തുകയും  എൻ്റർ ദ് ഡ്രാഗൺ എന്ന ആദ്യചിത്രം പുറത്തിറങ്ങുകയും ചെയ്തു. തന്റെ ഈ അരങ്ങേറ്റം പാളുമോ എന്ന തൻ്റെ ആവലാതി ബ്രൂസ് ലീയെ ഭീതിയിലാഴ്ത്തിയിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ബ്രൂസ് ലീക്ക് ക്ഷീണം വന്നുകൊണ്ടിരുന്നു. ഇതുകാരണം അമിതമായി കഴിച്ച പാനീയങ്ങളും, മരുന്നുകളും ശരീരത്തിന് ക്ഷീണം ചെലുത്തി. ഇതിനിടെ ഒരിക്കൽ ഗോൾഡൻ ഹാർവെസ്റ്റ് സ്റ്റുഡിയോയിൽ ബ്രൂസ് ലീ തളർന്നു വീണു. എങ്കിലും തിരിച്ചെത്തി തന്റെ ജോലികൾ പൂർത്തിയാക്കാൻ ശ്രമിച്ചു. ഇങ്ങനെ ഓഫ് ഗെയിം ഡെത്ത് എന്ന സിനിമയുമായി ബന്ധപ്പെട്ട ജോലികൾക്കിടയിൽ അബോധാവസ്ഥയിലാവുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ 1973 ജൂലൈ 20ന്  അദ്ദേഹം ഈ ലോകം വെടിഞ്ഞു.

മരണ കാരണം ഇന്നും ദുരൂഹം 

ലോകം കണ്ട ഏറ്റവും വലിയ ആയോധന കലാകാരനായ ബ്രൂസ് ലിക്ക്  1.7 മീറ്റർ ഉയരവും, 64 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും സൗന്ദര്യവാനായ നടൻ ബ്രൂസ് ലിയുടെ 32-ാം വയസ്സിലെ മരണം ഇന്നും ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്നതാണ്.
തലച്ചോറിലെ കോശങ്ങളുടെ അമിതമായ വളർച്ചയാണ് മരണ കാരണം എന്നതാണ് ശാസ്ത്രീയ നിഗമനം. തുടർച്ചയായ ഉറക്കമില്ലായ്മയാകാമെന്നും (നിരന്തരമായ ജോലി ) പറയപ്പെടുന്നു.
കുങ്ഫു എന്ന ആയോധനകല ചൈനക്ക് പുറത്തെത്തിച്ചതിൽ ചൈനയിൽ സന്യാസിമാർക്കുള്ള അതൃപ്തി ലീ യെ കൊലപാതകത്തിലേക്ക് എത്തിച്ചതാവുമെന്ന് കരുതുന്നവരും കുറവല്ല, കാരണം ചൈനയുടെ സ്വന്തമായ ആയോധനകലയെ പുറത്തെത്തിച്ചതിൽ പലർക്കും എതിർപ്പുണ്ടായിരുന്നത്രേ.

✍️ - © COPYRIGHT - KAALIKKUPPI

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI