കൃഷി ഒരു ജോലിയല്ല, സംസ്കാരമാണ്. 'ഇനി' Book Review | Iny Book Review

Iny Book Review Malayalam

കൃഷി ഒരു ജോലിയല്ല, സംസ്കാരമാണ്.

              കൃഷി ഒരു ജോലിയല്ല മറിച്ച് ഒരു സംസ്കാരമാണെന്ന് ഊന്നി പറയുകയാണ് ' ഇനി ' എന്ന നോവലിലൂടെ തമിഴ് സാഹിത്യകാരനായ മേലാൺമൈ പൊന്നുച്ചാമി . പൂവും കായും മണ്ണും വിണ്ണും നീരും നാടും നാട്ടു നന്മകളും അധിനിവേശ ശക്തികൾക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കെ മണ്ണും മനസ്സും 'ആരാന്റെ' കാൽച്ചുവട്ടിൽ തീറെഴുതി കൊടുക്കാൻ തയ്യാറാകാതെ പോരാടുന്ന ഒരു കർഷകന്റെ ചെറുത്തുനിൽപ്പിന്റെ ജീവിതകഥയാണ് നോവലിന്റെ ഇതിവൃത്തം. കാലത്തിന്റെ അതിശക്തമായ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നത് ഭൂമിയിലെ പച്ചപ്പ് മാത്രമല്ല ഒരുപാട് ജീവിതങ്ങൾ കൂടിയാണെന്ന തിരിച്ചറിവിലേക്കാണ് ഈ കൃതി നമ്മെ കൊണ്ട് പോകുന്നത്. അതേസമയം കൃഷിയിൽ നിന്നും പരമ്പരാഗത തൊഴിലുകളിൽ നിന്നും പുത്തൻ മാർഗ്ഗങ്ങളിലേക്ക് ചേക്കേറുന്ന പുതിയ തലമുറയ്ക്കുള്ള മുന്നറിയിപ്പു കൂടിയാണിത്.

    നോവലിലെ പ്രധാന കഥാപാത്രം ജംബുലിംഗനാടാർ ആ നാട്ടിലെ പ്രധാനപ്പെട്ട കർഷകനാണ്. അദ്ദേഹം കൃഷിയെ കാണുന്നത് കേവലം ഒരു ഉപജീവനമാർഗ്ഗമെന്നതിലുപരി താൻ ജീവിക്കുന്ന സമൂഹത്തിൽ താൻ ചെയ്തുതീർക്കേണ്ട നിർബന്ധിത ബാധ്യതയാണിതെന്ന  നിലക്കാണ്. കൃഷിയെ ആധാരമാക്കി ജീവിക്കുന്ന ജംബുലിംഗനാടാർ തന്റെ ജീവിതത്തിലുടനീളം കൃഷിയുമായി ഇടപഴക്കഴിയുന്നു. പ്രഭാത കർമ്മങ്ങൾചെയ്തുതീർത്തയുടനെ കന്നുകാലികൾക്ക് വേണ്ട ഭക്ഷണം നൽകുകയും ശേഷം അവയുമായി പാടങ്ങളിലും പറമ്പുകളിലും കന്നുപൂട്ടാൻ വേണ്ടി അദ്ദേഹത്തിന്റെ നാട്ടുകാരായ കർഷകരോടൊപ്പം ഇറങ്ങുകയും ചെയ്യുന്നു. പിന്നീട് അവർ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് സന്ധ്യയാകുമ്പോഴാണ്. അതിനിടയിലുള്ള ഭക്ഷണവും വിശ്രമവുമെല്ലാം കൃഷിയിടത്തിൽ തന്നെ. സന്ധ്യക്ക് വീട്ടിലെത്തിയാൽ തന്നെ കുളിച്ചു വൃത്തിയായതിനു ശേഷം വീണ്ടും കൃഷിയിടത്തിലേക്ക് ഇറങ്ങുന്നവരും വിരളമല്ല. രാത്രിയിലുള്ള അവരുടെ കഠിനാധ്വാനത്തിന് അവർ പറയുന്ന ന്യായം രാത്രിയാകുമ്പോൾ ജോലിയെടുക്കാൻ വളരെ സുഖമാണെന്നാണ്. അത്രത്തോളം കൃഷിയോടിണങ്ങിക്കൊണ്ടുള്ള ജീവിതമാണ് ജംബുലിംഗനാടാരുടെ ഗ്രാമവാസികൾ നയിക്കുന്നത്.


മഹാലക്ഷ്മിയെന്ന കൃഷിക്കാരിയോട് അദ്ദേഹത്തിന് പ്രേമം തോന്നുകയും തന്റെ പ്രേമം അദ്ദേഹം തുറന്നു പറയുകയും ചെയ്യുന്നത് ചേറ് നിറഞ്ഞ പാടത്തെ സാക്ഷിയാക്കി തന്നെയാണ്. അധ്വാനത്തിൽ ഒന്നാം സ്ഥാനക്കാരനായ ജംബുലിംഗനാടാർ തന്റെ അധ്വാനത്തിലുള്ള കഴിവ് ഉപയോഗിച്ച് മറ്റുള്ളവർ ചെയ്യുന്ന ജോലിയുടെ ഇരട്ടി അവർ ജോലി ചെയ്യുന്നതിന്റെ പകുതി സമയം കൊണ്ട് തന്നെ ചെയ്തു തീർക്കുന്നു. അതുകൊണ്ടുതന്നെ ആ നാട്ടിലെ കർഷകരുടെയന്നല്ല സർവ്വ ജനങ്ങളുടെയും നേതാവായി അദ്ദേഹം അറിയപ്പെടുന്നു.


   ഒരിക്കൽ ജംബുലിഗനാടാർ നെല്ല് കൊയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ വലതുവശത്തുള്ള നിരയിൽനിന്ന് വേഗത്തിൽ ഒരാൾ നെല്ല് കൊയ്യുന്നത് അദ്ദേഹം കാണുന്നു. അന്നേരം അതിശയത്തോടെ, അദ്ധ്വാനത്തിന്റെ കാര്യത്തിൽ തന്നെ തോൽപ്പിക്കാൻ ആരെന്ന ധാരണയോട് കൂടെ അദ്ദേഹം നോക്കുമ്പോൾ അവിടെ ഒരു പീക്കിരി പെണ്ണിനെ കാണുന്നു. ജംബുലിഗനാടാർക്ക് കോപം വന്നു. തന്റെ കിരീടം ആരോ തട്ടിപ്പറിക്കുന്നതായി  അദ്ദേഹത്തിന് തോന്നി .തോൽവി സമ്മതിച്ചു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു അദ്ദേഹം അവളോട് വീണ്ടും ഒരാവർത്തി നെല്ല് കൊയ്യാൻ പറഞ്ഞു. രണ്ടാമത്തെ തവണയും അവൾ വിജയിച്ചപ്പോൾ അദ്ദേഹത്തിന് അവളോട് സ്നേഹം തോന്നുകയും പിന്നീട് സ്നേഹം വിവാഹം വരെ എത്തുകയും ചെയ്യുന്നു.


സ്നേഹവും സൗഹാർദ്ദവും നിറഞ്ഞുനിന്നിരുന്ന അവരുടെ ജീവിതത്തെ ആർത്തിപിടിച്ച് മണ്ണിൽ ഇറക്കിയ രസതന്ത്രങ്ങളും കീടനാശിനികളും താറുമാറാക്കുന്നുണ്ട്. കീടങ്ങളുടെ അമിതമായ കൃഷി നശിപ്പിക്കൽ കാരണമായി മറ്റുള്ളവർ പരമ്പരാഗത രീതിയിൽ നിന്നും വ്യതിചലിച്ച് പുത്തൻ രീതിയിലേക്ക് മാറുകയും അതുവഴി തീർത്താൽ തീരാത്ത കടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന ധാരുണ രംഗം എഴുത്തുകാരൻ വേദനയോടെ അവതരിപ്പിക്കുന്നു. ഒടുവിൽ ജംബുലിംഗനാടാരുടെ മരണ വേളയിൽ അവശേഷിക്കുന്നത് ഒരു കലപ്പ മാത്രമാണ്. ഇതിനെല്ലാം പുറമെ ആറ്റുനോറ്റു വളർത്തിയ തന്റെ മക്കൾ കൃഷിക്കെതിരെ തിരിയുന്നതും അദ്ദേഹത്തിനെ മാനസികമായി തളർത്തുന്നു. എന്നാൽ തന്റെ പേരമകനായ ചുപ്രമണി മുത്തച്ഛനോട് കാണിക്കുന്ന സ്നേഹം മുത്തച്ഛന് ഒത്തിരി പ്രതീക്ഷകളും സന്തോഷവും നൽകുന്നുണ്ട്. കുറച്ചൊന്നു വലുതായാൽ തനിക്കിനി ആരും വേണ്ടെന്നും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ഓൾഡ് മോഡലാണെന്നും പറയുന്ന ഇന്ന് ഒത്തിരി പേർക്ക് മാതൃകയാണ് ചുപ്രമണി എന്ന കഥാപാത്രം. 


നോവൽ തമിഴിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത കെ എസ് വെങ്കിടാചലം മലയാളത്തിന്റെ തനതായ ശൈലി നിലനിർത്തി വായനക്കാരെ പിടിച്ചിരുത്തുന്നു. തമിഴിൽ നിന്ന് മൊഴിമാറ്റം ചെയ്ത നോവലായിട്ടുപോലും മലയാളം നോവൽ വായിക്കുന്ന അനുഭൂതി പകർന്നു നൽകുന്നതിൽ അദ്ദേഹം പൂർണമായി വിജയിച്ചിട്ടുണ്ട്. പിയാനോ പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ. വില 80₹.

✍️Salman Pattarkulam (Guest Post)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI