![]() |
| ദെെവത്തിൻ്റെ കെെയ്യൊപ്പ് | ഒരു സങ്കീർത്തനം പോലെ | Book Review by Abdu Rahman Imthiyas Mogral |
ദെെവത്തിൻ്റെ കെെയ്യൊപ്പ്
രാജീവ് പറഞ്ഞത് വെറുതെയല്ല , പെരുമ്പടവം ശ്രീധരന്റെ രചനകളിൽ എന്തോ ഒരു മാസ്മരികത മറഞ്ഞു കിടപ്പുണ്ട് . ആർക്കും അത്ര പെട്ടെന്ന് പിടിതരാത്ത മാസ്മരിക ശക്തി. സ്കൂൾ വിട്ട നേരത്താണ് രാജീവ് വിളിച്ചത്. പെട്ടെന്ന് പഞ്ചായത്ത് ലെെബ്രറിയിലേക്ക് ചെല്ലാൻ പറഞ്ഞതും അവൻ ഫോൺ കട്ട് ചെയ്തു.
ലെെബ്രറിയൻ വാസുവേട്ടന്റെ മകനാണ് രാജീവ്. കുട്ടിക്കാലം മുതൽക്കേ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ്, സ്കൂളിലും ഒന്നിച്ചാണെങ്കിലും ആഴ്ചയിൽ അവൻ സ്കൂളിലേക്ക് വരുന്നത് ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം. മുഴുസമയവും ലൈബ്രറിയിലായിരിക്കും. ഏതെങ്കിലും പുസ്തകത്തിനു മുന്നിൽ കുത്തിയിരിക്കലാണ് അവന്റെ പതിവ്.
കാര്യമറിയാനുള്ള കൗതുകത്തോടെ ഞാൻ നേരെ ലൈബ്രറിയിലേക്ക് ചെന്നു. അടുക്കിവെച്ച പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരെണ്ണം എടുക്കുകയായിരുന്നു രാജീവ്. ഒരു കൊട്ടക്കണക്കിനു പുസ്തകങ്ങളുണ്ട് ലെെബ്രറിയിൽ, മിക്ക പുസ്തകങ്ങളും അവൻ വായിച്ചു കഴിഞ്ഞതാണ്. അല്ല പലതും ആവർത്തനങ്ങളാണ്. ഗ്രാമത്തിന്റെ ഒത്ത നടുക്കുള്ള സ്ഥലമായതു കൊണ്ടാവാം ഇവിടെയിരുന്നു പുസ്തകങ്ങൾ വായിക്കാൻ ആവേശമാണ്. വായനക്കാരനു വായനാ സുഖം നൽകുന്നതിൽ ചുറ്റുപാടിനും ബൃഹത്തായ ഭാഗധേയമുണ്ടെന്നല്ലേ. എന്നെ കണ്ടതും അവൻ കൈപൊക്കി ഒരു ചിരി പാസാക്കി.
'എന്തിനാടാ വരാൻ പറഞ്ഞത്. '
'നീ വന്നതല്ലേ ഉള്ളൂ നിനക്കെന്താ ഇത്ര ധൃതി.'
'സ്കൂൾ വിട്ടതും നേരെ ഇങ്ങോട്ടേക്കാ വന്നത്, വീട്ടിൽ കയറിയിട്ടില്ല. വെെകിയാൽ അച്ഛനന്വേഷിക്കും’ ഞാൻ പറഞ്ഞു നിർത്തി.
പെരുമ്പടവം ശ്രീധരനെക്കുറിച്ച് നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ , അദ്ദേഹത്തിന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന പുസ്തകം തരാനാ നീന്നെ വിളിച്ചത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട, ഒരു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതിയാണിത്. മൂപ്പരുടെ മാസ്റ്റർ പീസ് എന്ന് തന്നെ പറയാം. നീ വായിക്കാൻ തുടങ്ങിയാൽ ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കും ഉറപ്പ്. '
'അങ്ങനെയാണോ! എന്നാലിന്നു വായിച്ചിട്ടേ ഞാൻ ഉറങ്ങുന്നുള്ളു.' രാജിവിനോട് നന്ദിയും പറഞ്ഞ് , പതിവ് പോലെ ലെെബ്രറി ഒട്ടാകെ ചുറ്റിക്കറങ്ങി പുസ്തകവുമായി ഞാൻ പുറപ്പെട്ടു. വീടാണ് ലക്ഷ്യം, എത്ര വേഗം എത്തിയോ അത്രയും വേഗം വായന തുടങ്ങാലോ. അത് കൊണ്ട് തന്നെ സായാഹ്ന കാറ്റിനോട് കൂട്ട് കൂടിയില്ല, മരച്ചില്ലകളോട് സൊറപറച്ചിലിനും നിന്നില്ല. ബാലു ചേട്ടൻ്റെ പന്ത് കളി കാണാനും തുനിഞ്ഞില്ല. വീടെത്തി ഒന്ന് വൃത്തിയായി, അമ്മയോട് ഒരു ഗ്ലാസ് കട്ടനും വാങ്ങി പുസ്തകം പിടിച്ചു നടന്നു.
സമയം 7 മണി , വായനക്ക് പറ്റിയ സമയം , വീട്ടിലെ രണ്ടാം നിലയിലെ എൻ്റെ മുറിയിലേക്ക് ചെന്നു , ടേബിൾ ലാമ്പിൻ്റെ വെട്ടത്തിൽ വായന തുടങ്ങി.
ഫിയദോർ ദസ്തയേവ്സ്കിയുടെ ജീവിത ചുറ്റുപാടുകളുടെ തീക്ഷ്ണമായ പറച്ചിലാണതെന്ന് അവതാരിക പറയാതെ മന്ത്രിച്ചു. സെക്കന്റ് സൂചിക്ക് എവിടെയോ പോകാനുള്ളതു പോലെ , വല്ലാതെ ധൃതിപിടിച്ച ഓട്ടത്തിലാണ്. ഭാഗം ഒന്ന് കടന്നു, രണ്ടും മൂന്നും ഏഴും കഴിഞ്ഞു. മനസ്സിൽ ചിന്തകളുടെ, ഭാവനകളുടെ കൊട്ടാരം തന്നെ ഉയർന്നു വന്നു. ദസ്തയേവ്സ്കി സമൂഹത്തിൽ, ജനങ്ങളുടെ കാഴ്ച്ചയിൽ അസാന്മാർഗിയാണ്, അരാജകത്വവാദിയാണ്. നിന്ദ്യനും തെമ്മാടിയും നശിച്ച ചൂതാട്ടക്കാരനുമാണ്. തിന്മയുടെ സകല ഭാവങ്ങളും ചേർന്ന ഒരാൾ , പക്ഷേ അയാൾ ഒരെഴുത്തുകാരനാണ്, തൻ്റെ ജീവിത അന്തർധാരയിൽ കുമിഞ്ഞു കൂടിയ ദു:ഖത്തിന്റെ, പരാജയത്തിന്റെ, വികാര വിചാരങ്ങളുടെ വിഷ ബീജങ്ങൾക്ക് പേനയിലൂടെയും പേപ്പറിലൂടെയും അദ്ദേഹം ജീവൻ നൽകി. കുറ്റവും ശിക്ഷയും , പാവങ്ങൾ, തുടങ്ങിയെല്ലാം ജന്മം കൊണ്ടു. പ്രശസ്തരായി. ജന സ്വീകാര്യതയുള്ളവരായി മാറി. ദസ്തയേവ്സ്കിയെ ആരും തിരിച്ചറിഞ്ഞില്ല. അവരതിനു ശ്രമിച്ചില്ല. ദസ്തയേവ്സ്കി താൻ നിന്ദ്യനാണെന്ന് ഇടക്കിടെ വിഷാദനാവുന്നത് അതിനാലാവാം.
സ്റ്റെനോഗ്രാഫർ ആയി വന്ന അന്നയും മനസ്സിൽ തങ്ങിനിന്നു. എഴുത്തിലെ സഹായി, ഉറ്റ സുഹൃത്ത് , വഴികാട്ടിയായും അന്ന വേഷമണിയുന്നു. ഒന്ന് മൂരി നിവർന്ന് വീണ്ടും വായന തുടർന്നു. സമയം 10:00 മണി കടന്നിരിക്കുന്നു . അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു, വായനയുടെ സ്വാദ് നഷ്ടപ്പെടുമെന്നോർത്ത് ഞാൻ പോയില്ല. ഫെദോസ്യയും സെറ്റല്ലോവ്സ്കിയും അലോൻകിനും , ദസതയേവ്സ്കിയുടെ രചനകളിലെ കഥാപാത്രങ്ങൾ പലരും മിന്നി മറഞ്ഞു. വഞ്ചന,ചതി, പാപം, സ്നേഹം, പ്രതീക്ഷ, നിരാശ, വിജയ പരാജയങ്ങളുടെ കേന്ദ്രമായ ചൂത് കളിയും ജീവിത പര്യായമായി അനുഭവപ്പെട്ടു. ഭാഗം പതിമൂന്നും പതിനാലും വായിച്ചു സങ്കീർത്തനം അവസാന വരികളിലേക്ക് എത്തി. ചൂതുകളിക്കാരൻ പുസ്തകം പൂർത്തിയായി , സ്റ്റെല്ലോവ്സ്കിയുടെ 3000 ഡോളർ കടം വീട്ടാൻ നവംബർ ഒന്നിന് മുമ്പ് പുസ്തകം അയാളെ ഏൽപിക്കണം, ഇല്ലേൽ ദസ്തയേവ്സ്കിയുടെ ഇതു വരെയുള്ളതും ഇനിയുള്ള ഒമ്പത് വർഷത്തിലെ പുസ്തകങ്ങളുടെ ഉടമസ്ഥത ആ നീചനു ലഭിക്കും. നവംബർ ഒന്നിന് ഒരു ദിവസം മുന്നേ രചന പൂർത്തീകരിച്ചു , ഏൽപിക്കാനായി സ്റ്റെല്ലോവ്സ്കിയുടെ ഓഫിസിൽ ദസ്തയേവ്സ്കിയും അന്നയും ചെന്നു , പക്ഷേ കുബുദ്ധിക്കാരനായ അദ്ദേഹം കടന്നു കളഞ്ഞു, കാര്യം ഉണർത്താനായി കോടതിയെ സമീപിക്കുമ്പോൾ സമയം അതിക്രമിച്ചു.
അവിടെയുള്ള ഗുമസ്ഥൻ്റെ നിർദ്ദേശത്തോടെ പോലിസ് സ്റ്റേഷനിൽ എത്തി, തളർന്നവശനായ ദസ്തയേവ്സ്കി നിരാശനായി പോലിസ് സ്റ്റേഷൻ്റെ പുറത്തു വന്നു നിന്നു. പ്രശ്നം അന്ന പോലിസിനെ ഉണർത്തി, ദസ്തയേവ്സ്കിയുടെ ഭാര്യയായി അന്ന 'ചൂതു കളിക്കാരൻ' എന്ന പുസ്തകം പോലീസിനെ ഏൽപ്പിച്ചു , അവർ മടങ്ങി.
സമയം നോക്കിയില്ല , ഘടികാരം ശബ്ദമടിച്ചു . വായന പൂർത്തീകരിച്ചുവെങ്കിലും എനിക്കതൊരു അപൂർണ്ണമായി തോന്നി.
രാത്രിയുടെ യാതൊരു വിധ ലക്ഷണവുമില്ല. പകൽ വെളിച്ചം പോലെ ചിന്തകൾ ഓടി മറഞ്ഞു. ഉറക്കം എന്തോ ആവശ്യത്തിനായി പുറത്ത് പോയി. എങ്കിലും ഉറങ്ങാൻ കിടന്നു, മനസ്സിൽ തികട്ടി വന്ന ഭാവനകളുടെ അതിപ്രസരം എന്നെ തട്ടിയുണർത്തി. വീണ്ടും ഒരു ശ്രമം നടത്തി, ഇത്തവണ നിദ്ര മുന്നിൽ വന്നു കൊഞ്ഞനം കുത്തി മടങ്ങി. ചിന്തകളുടെ അധീശത്വം വീണ്ടെടുപ്പിനുള്ള പരിശ്രമങ്ങളെ വിഫലമാക്കി. മനസ്സ് മുഴുവൻ സെൻ്റ് പീറ്റേഴ്സ് ബർഗിലെ വഴിത്താരയിൽ അലഞ്ഞു. എവിടെ നോക്കിയാലും ദസ്തയേവ്സ്കി, അന്നയുടെ സാമീപ്യം എന്നെ വിട്ടു പോയില്ല. വാനം മുട്ടെ വളർന്ന വൃക്ഷങ്ങളിൽ അവരുണ്ട്. ചിതറി കിടക്കുന്ന മഞ്ഞ് കൂട്ടങ്ങൾ അവരെ കണ്ടു മന്ദസ്മിതം തൂകി. കിളികളുടെ ചിലക്കലുകളിൽ ശബ്ദം കൂടുതൽ മധുരിതമായി. നഗരത്തിൽ നിന്നും അലോൻകിൻ ഭവനം വരെ നീണ്ടു കിടക്കുന്ന നടപ്പാത സ്ഥിരപരിചയം കാട്ടി. ചുറ്റുപാടും എന്നെ നോക്കി പുഞ്ചിരിച്ചു, ദസ്തയേവ്സ്കിയോടെന്ന പോലെ.
മനസ്സിനെ പാകപ്പെടുത്താനുള്ള ഒരുക്കം അവസാനം വിജയിച്ചു. സുഖമായി കണ്ണടച്ചു, പക്ഷേ, ഹൃദയത്തിന്റെ കണ്ണുകൾ പുഷ്പം പോലെ വിടർന്നു . പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുകയാണ് അന്നയും ദസ്തയേവ്സ്കിയും . മുമ്പ് ഉണ്ടായിരുന്നതിലും അധികം മാനസിക അടുപ്പം അദ്ദേഹത്തിന് ഏറ്റിട്ടുണ്ട്. കോർത്തു പിടിച്ച അന്നയുടെ കയ്യിൽ ഇടയ്ക്കിടയ്ക്ക് അമർത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ അത് കാണാം. പ്രതീക്ഷകൾ നശിച്ച, നിരാശയുടെ പെട്ടകത്തിൽ അകപ്പെട്ട മനുഷ്യന്റെ പ്രതീക്ഷയും നിലനിൽപ്പും എല്ലാം അദ്ദേഹത്തിൽ അന്നയാണ്. പുഴയെ, അരുവിയെ സംരക്ഷിക്കുന്ന കരകളിലും അന്നയുടെ സാന്നിധ്യമറിഞ്ഞു. തടസ്സങ്ങൾക്ക് മുന്നിൽ ദിശമാറാതെ , വ്യതിചലിക്കാതെ അവളതിനെ സംരക്ഷിച്ചു. സായാഹ്നക്കാറ്റിൽ അവളുടെ ശ്വാസം കലർന്നതായി അനുഭവപ്പെട്ടു, നടപ്പാതയിൽ അദ്ദേഹം അവളെ കണ്ടു. ഭാര്യ എന്ന അന്നയുടെ മറുപടിയാണ് അദ്ദേഹത്തെ വശം വദനാക്കിയത്.
എന്തോ, അവർ നടന്നകന്നതും സെൻ്റ് പീറ്റേഴ്സ് ബർഗ് അനാഥമായി. നിറയെ കുടിലുകൾ, മാളികകൾ, ചെറുകടകൾ വ്യവഹാര കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ , മരച്ചില്ലകൾ എല്ലാം ശൂന്യമായി. പലരുടെയും കൽപെരുമാറ്റം കേൾക്കാം പക്ഷെ ആരേയും കാണുന്നില്ല. ഒരുപക്ഷേ ഹൃദയം കാണാത്തത് കൊണ്ടാവാം . ദസ്തയേവ്സ്കിയെ, അന്നയെ അറിയാനുള്ള അദമ്യമായ പ്രേരണ എല്ലാത്തിനെയും വിസ്മരിപ്പിക്കുന്നതാകാം.
നേരെ അലോൻകിൻ ഭവനത്തെ ലക്ഷ്യമാക്കി നടന്നു. സങ്കീർത്തനത്തിലെ റഷ്യയോ , ആവാസമോ അല്ല അവിടം നിലവിൽ, വർഷങ്ങളുടെ, തലമുറകളുടെ യാത്ര പറച്ചിലുകളിൽ അവയും മറഞ്ഞു കാണും, വിസ്മൃതിയിലെ കലാകാരനെ തേടി. ചൂതു കളി ഓർമ്മകളായി, ചൂതാട്ട കേന്ദ്രങ്ങളെ കുറിച്ചറിവില്ല. പരാജയങ്ങളുടെ, ദുഃഖ- വ്യഥകളുടെ , നിരാശയുടെ കയ്പ്പ് ഇറക്കിവെച്ചിരുന്ന മദ്യ ചഷകങ്ങളുടെ അഭയവും നിലവിലില്ല. റഷ്യ മാറി തുടങ്ങിയിരിക്കുന്നു. പരിഷ്കരണങ്ങൾ, താളം തെറ്റിക്കുന്ന യുദ്ധങ്ങൾ പ്രത്യാഘാതങ്ങൾ അധികാര വടം വലികൾ എല്ലാം രചനകളിലെ റഷ്യയുടെ ജീവനെ അപഹരിച്ചിരിക്കുന്നു.
ദസ്തയേവ്സ്കിയുടെ സങ്കല്പം പോലെ ജീവിതം ഒരുതരത്തിൽ ചൂതുകളിയാണ്, സങ്കീർത്തനത്തിലെ ഒരു ഖണ്ഡികയാണ് എനിക്കോർമ്മ വന്നത്.' ജീവിതം ചൂത് കളിയാണ്, ചിലർ നേടുന്നു ചിലർക്ക് നഷ്ടപ്പെടുന്നു, നോക്ക് ഏത് ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ചയുണ്ട്, വാശിയുണ്ട്, പകയുണ്ട്, സ്നേഹമുണ്ട്, സഹതാപമുണ്ട്, വഞ്ചനയുണ്ട്, കെണികളുണ്ട്, വ്യാമോഹങ്ങളുണ്ട്, നാശമുണ്ട്, മരണമുണ്ട് എന്താണില്ലാത്തത്?’.
ജീവിതം ചില നേരം കാലനാണ്, ചില നേരങ്ങളിൽ അവസരവും. ദസ്തയേവ്സ്കിക്ക് കാലം നൽകിയ അവസരമാണ് അന്ന. നിഷ്കളങ്കയായ, നല്ല സാമർത്ഥ്യമുള്ള സ്റ്റെനോഗ്രാഫറായി വന്ന അന്ന അദ്ദേഹത്തെ ജീവിത മൂല്യത്തിലേക്ക് മടക്കി കൊണ്ടുവന്നു.
' ചൂതുകളിക്കാരൻ ' പുസ്തകം പോലീസിനെ ഏൽപ്പിച്ച് അവർ നേരെ നോവ നദിക്കരയിലേക്ക് പോയി. സായാഹ്നം വരച്ച മഞ്ഞ ആകാശത്തെയും നോക്കി ദസ്തയേവ്സ്കി ചോദിച്ചു: 'എന്തിനാ ദൈവം നിറങ്ങളെ സൃഷ്ടിച്ചത്?. ആകാശത്തിനു വെളുപ്പാണോ അല്ല കറുപ്പാണോ നിറം? അതോ നീലയോ മഞ്ഞയോ? അതുമല്ല ചുവപ്പോണോ അതിന്റെ നിറം?'
അസാധാരണമായ ദസ്തയേവ്സ്കിയുടെ ചോദ്യത്തിനുമുന്നിൽ അന്ന ഒന്ന് ശങ്കിച്ചു. പക്ഷേ സമർത്ഥമായി അവൾ തിരിച്ചടിച്ചു, 'ജീവിതത്തിലെ ദുഃഖ സന്തോഷ സന്താപങ്ങളുടെ പര്യായമാണ് നിറങ്ങൾ. ആകാശം കരയുന്നു, ചിരിക്കുന്നു, ചിലപ്പോൾ ദേഷ്യപ്പെടുന്നു, സർവ്വശക്തിയും പുറത്തെടുക്കുന്നു, സംഹരിക്കുന്നു, ചിലപ്പോൾ ശാന്തനായി കുട വിരിച്ചും തരുന്നില്ലേ..?
ഹോ... അതെന്തുമാകട്ടെ.
സ്റ്റല്ലോവ്സ്കി, ആ നീചൻ എന്ത് സൂത്രമായിരിക്കും ഒപ്പിക്കുക?. ഒന്നും മനസ്സിലാകുന്നില്ല. അന്നയുടെ കെെ മുറുകെ പിടിച്ച്, അവളുടെ കണ്ണുകളിലേക്ക് തന്നെ അയാൾ നോക്കി. ദൈന്യതയോ പ്രതീക്ഷയോ എന്താണതിൽ പ്രതിഫലിച്ചതെന്നറിയില്ല. അയാളഭ്യർത്ഥിച്ചു,
'അന്ന...നീ ഉണ്ടാവില്ലേ എന്റെ കൂടെ? ഇനിയൊരു ചൂത് കളിക്കാരനാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജെറുസലേമിലേക്ക് പോവാനും താല്പര്യമില്ല.'
' ഞാൻ എവിടെ പോകാനാണ്!. സൂര്യൻ മറഞ്ഞാലും അടുത്തദിവസം ഉദിക്കാതെ തരമില്ല. ചന്ദ്രൻ രാത്രി വഴി കാണിക്കാതിരിക്കില്ല. കഥകൾ കേട്ട് ചിരി പരത്താതെ താരകങ്ങളും യാത്ര പറയില്ല. '
സന്ധ്യ മയങ്ങി അന്ന ദസ്തയേവ്സ്കിയുടെ കൂടെ അദ്ദേഹത്തിന്റെ വാടക വീട്ടിൽ ചെന്നു. കോണിപ്പടി കയറി മുറിയിലേക്ക് നടന്നു. അൽപം കഴിഞ്ഞ് രണ്ടു ഗ്ലാസ് കട്ടനുമായി ഫെദോസ്യ കടന്നു വന്നു. വാർദ്ധക്യം പിടിച്ച കസേരയിൽ മേൽപ്പോട്ട് നോക്കി നീണ്ടിരിക്കുകയാണ് ദസ്തയേവ്സ്കി. സ്റ്റെനോഗ്രാഫറായി തുടരാനുള്ള ആഗ്രഹം അന്ന അദ്ദേഹത്തോട് സൂചിപ്പിച്ചു. ഒന്ന് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ചെന്ന്, സൂര്യാസ്തമയത്തെയും നോക്കി അദ്ദേഹം പറഞ്ഞു:
'നമുക്ക് എഴുതിയാലോ, ഇതാണ് നല്ല സമയം.'
മേശയുടെ അടുത്ത് വന്ന് പ്രാപഞ്ചിക ദൈവിക ഭാവനകളെ അവതരിപ്പിച്ച് കൊണ്ട് മുമ്പ് എഴുതിവെച്ച പേപ്പറുകൾ അവിടെ നിന്നും എടുത്തു, അല്പനേരം അതിൽ കണ്ണും നട്ടിരുന്ന ശേഷം, ദസ്തയേവ്സ്കി തന്റെ മനസ്സിലെ ചിന്തകളുടെ വാതായനങ്ങൾ തുറന്നിട്ടു.
പ്രപഞ്ചം, പ്രാപഞ്ചിക സങ്കല്പങ്ങൾ, താൻ അനുഭവിച്ച ലോകതത്വങ്ങൾ, അവിടം കണ്ടുമുട്ടിയ ജീവിതയാഥാർത്ഥ്യങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി.
അല്പം മുമ്പ് വരെ താൻ കണ്ട ദസ്തയേവ്സ്കിയല്ല ഇത്, അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ നവപ്രതീക്ഷകളുടെ പുഷ്പങ്ങൾ വിടർത്തി, അലങ്കാരങ്ങൾക്കുമപ്പുറം ജീവിതപ്പൂന്തോട്ടം അതിൽ തീർത്തു. ജീവിതത്തിലെ വഞ്ചനകളെ ഓർത്ത് വിലപിച്ചിരുന്ന ദസ്തയേവ്സ്കി, പ്രാപഞ്ചിക പൊരുളിനെ സംബന്ധിച്ച് അക്ഷര മണിമുത്തുകൾ പൊഴിച്ച് കൊണ്ടിരിക്കുന്നു.
സമയത്തെ ഇരുട്ട് തിന്നത് അന്ന അറിഞ്ഞില്ല. ഇരുൾ മുറ്റിയ ഇടവഴിയിലേക്ക് നടന്നു നീങ്ങിയ അന്നയോട് അദ്ദേഹം ചോദിച്ചു:
' ഞാൻ കൂട്ടിനു വരണോ? തനിച്ച് പോവാൻ പേടിയാവില്ലെ?.'
'കൂട്ട് ആവശ്യം നിങ്ങൾക്കാണ്, അതാണെന്റെ പേടി.'
അന്ന മറുപടിയും പറഞ്ഞു മറഞ്ഞു.
തന്റെ ജീവിതത്തോട് സമ്മേളിച്ച ദൈവിക–പ്രാപഞ്ചിക സത്യങ്ങളുടെ രചന ദസ്തയേവ്സ്കി പൂർത്തിയാക്കി. ചുരുങ്ങിയ ദിവസത്തിനുള്ളിൽ വേറെയും രണ്ട് പുസ്തകങ്ങൾ അന്നയും ചേർന്ന് എഴുതി ഫലിപ്പിച്ചു. മിക്ക രചനകളിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ തീക്ഷ്ണത നിലനിന്നു. അതുവഴി ദസ്തയേവ്സ്കി തൻ്റെ ചെറിയ ചെറിയ ബാധ്യതകൾ വീട്ടി.
ഒരാഴ്ച കഴിഞ്ഞു, അന്ന പതിവുപോലെ ദസ്തയേവ്സ്കി പറയുന്നതിനെ പകർത്തുകയായിരുന്നു. കോണിപ്പടിയിലെ കാലൊച്ച അവരുടെ ശ്രദ്ധയെ തിരിച്ചു. ഫെദോസ്യയല്ല അത്, അവർക്ക് ഇത്രവേഗം നടക്കാനാവില്ല.
വാതിലിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയ അന്ന കണ്ടത് രൗദ്ര ഭാവത്തിൽ നിൽക്കുന്ന സ്റ്റെല്ലോവ്സ്കിയുടെ മുഖം. അകത്തേക്ക് കടന്നുവന്ന അയാൾ ദസ്തയേവ്സ്കിയോട് രോഷത്തോടെ പറഞ്ഞു:
'നീ നമ്മൾ തമ്മിലുള്ള ഉടമ്പടി പാലിച്ചില്ല. കരാർ അടിസ്ഥാനത്തിൽ നിന്റെ പ്രസിദ്ധീകരിച്ചതും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒൻപത് വർഷത്തെ രചനകളും എനിക്ക് ഉടമപ്പെട്ടതാണ്'. (ആ നീചൻ ഉള്ളിൽ ആളിച്ചിരിക്കുന്നത് അയാളുടെ കണ്ണുകളിലൂടെ കാണാം).
'കരാർ ലംഘിച്ചത് നീയാണ്. സമയമാകുമ്പോൾ മനഃപ്പൂർവ്വം ഇവിടന്ന് മാറിനിന്നതല്ലേ...നീചൻ. ' ദസ്തയേവ്സ്കി കടുത്ത സ്വരത്തിൽ ആക്രോശിച്ചു.
ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. പുസ്തകം നഷ്ടപ്പെടാതിരിക്കാൻ കളവു പറയുന്നത് നീയാണ്.
ഇരുവരുടെയും വാഗ്വാദങ്ങൾ അതിരുകടക്കുന്നതറിഞ്ഞ അന്ന ഇടയിൽ കയറി സംസാരിച്ചു. വഴക്ക് നിർത്തൂ, വരൂ നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം. കാര്യം അവിടുന്ന് സംസാരിച്ച് തീർപ്പാക്കാം.
‘നീ ആരാ ഇടയിൽ കയറി സംസാരിക്കാൻ. ഞാനും ദസ്തയേവ്സ്കിയും തമ്മിലാണ് പ്രശ്നം, എനിക്കറിയാം എന്ത് ചെയ്യണമെന്ന്’.
'അത് നിങ്ങളുടെ കാര്യം. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ പ്രശ്നം എന്റെയും പ്രശ്നമാണ്. ആദിമധ്യാന്ത്യം പ്രശ്നം പോലീസ് സ്റ്റേഷനിലേക്ക് നയിച്ചു.
അന്ന പോലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. മുമ്പ് പുസ്തകം പോലീസിനെ കൃത്യസമയത്ത് ഏൽപ്പിച്ച കാര്യവും അവൾ ഉണർത്തി. സ്റ്റല്ലോവ്സികിയുടെ പക്ഷം കേട്ടശേഷം പോലിസ് അയാളോട് പറഞ്ഞു.
'താങ്കൾ അന്നേ ദിവസം ഇവിടുന്ന് പോയതിന് കൃത്യമായ കാരണങ്ങളൊന്നുമില്ല, അതിനർത്ഥം നിങ്ങൾ മനഃപൂർവ്വം മറഞ്ഞു നിന്നു എന്ന് തന്നെയാണ്. നീയാണ് ദസ്തയേവ്സ്കിയെ കബളിപ്പിച്ചത്. അദ്ദേഹത്തിന്റെ രചനകളിൽ നിനക്ക് യാതൊരു അവകാശവുമില്ല.
സ്റ്റെല്ലോവ്സ്കി കുനു കുനാ വാദങ്ങൾ നിരത്തി, അന്ന നഖശിഖാന്തം അതിനെയെല്ലാം കൃത്യമായി ഖണ്ഡിച്ചു, എതിർത്തു. പോലീസും അയാളുടെ വാദത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.
ചൂതുകളിക്കാരൻ എന്ന പുസ്തകത്തിന്റെ ഉടമസ്ഥാവകാശം മാത്രം നൽകി അവനെ മടക്കി. വഞ്ചകനും നീചനുമായ സ്റ്റെല്ലോവ്സ്കിക്ക് കാലം കൊടുത്ത കടുത്ത ശിക്ഷയാണിത്. 'സ്വാർത്ഥനാണയാൾ, ചതിയൻ വ്യാമോഹി.'
അന്ന മുരണ്ടു. ദസ്തയേവ്സ്കി ഒന്നും സംസാരിച്ചില്ല, ഒരു ഏകാകിയായി എല്ലാം കണ്ടു നിന്നു. അദ്ദേഹത്തിൻ്റെ ഭൗതിക സാന്നിധ്യം ഇവിടെയാണേലും മനസ്സ് ചിന്തകളുടെ ചിറകുകളിൽ പാറി നടക്കുകയാണ്.
നിർവ്വികാരനായി ദസ്തയേവ്സ്കി സഞ്ചരിച്ചു, അന്നയുമുണ്ട് കൂടെ. സന്തോഷത്തിന്റെ ഉൾക്കടൽ അദ്ദേഹത്തിന്റെയുള്ളിൽ തിരയടിക്കുന്നുണ്ട്, ഒന്നും പ്രകടിപ്പിച്ചില്ല. പല കാര്യങ്ങൾക്കും വ്യക്തത കിട്ടിയൊരാളുടെ സന്തോഷം, ഭാരങ്ങൾ ഒഴിഞ്ഞുപോയതിൻ്റെ സന്തോഷം.
സെൻ്റ് പീറ്റേഴ്സ് ബർഗ് വിട്ട് കടക്കുമ്പോൾ നിത്യവും താൻ കള്ള് കുടിച്ചിരുന്ന ഷാപ്പിലേക്ക് എത്തി നോക്കി, നല്ല തിരക്ക്, അതൊരിക്കലും അവസാനിക്കില്ലെന്ന് അയാൾക്കറിയാം, അവിടെ നിന്നില്ല, പ്രയാണം തുടർന്നു കൂടെ അന്നയുള്ളത് പോലും അറിയാതെ. നടപ്പാതകളിൽ തന്നെപ്പറ്റി കുശുകുശുക്കുന്നവരെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. സ്ഥിരമായി ചൂതുകളിച്ചിരുന്ന, കേന്ദ്രം ഒട്ടും ശാന്തമല്ല, വഞ്ചനയുടെ, ചതിയുടെ, കെണിയുടെ, പകയുടെ, നിരാശയുടെ, വ്യാമോഹത്തിൻ്റെ, പരാജയത്തിന്റെ, മരണത്തിന്റെ രൂക്ഷഗന്ധം അവിടെ നിന്നും വമിച്ചു. ദസ്തയേവ്സ്കി അതിനെ വെറുത്തു.
അന്നയെ ചേർത്തുപിടിച്ച് നോവാ നദീ തീരം ലക്ഷ്യമാക്കി അദ്ദേഹം നീങ്ങി. നദിയുടെയടുത്ത് പന്തലിച്ചു കിടക്കുന്ന തണൽ മരത്തിന്റെ ചുവട്ടിൽ രണ്ടുപേരുമിരുന്നു. ദസ്തയേവ്സ്കി ഒന്ന് ദീർഘനിശ്വാസം വിട്ടു, അന്നയോട് സംസാരിക്കാൻ തുടങ്ങി:
'പ്രിയേ നിനക്കെന്തു തോന്നുന്നു, ഈ നദി കരയുകയാണോ അല്ല ചിരിക്കുകയാണോ? നദിയുടെ ഒഴുക്കിനെ പറ്റി എന്താണ് നിന്റെ അഭിപ്രായം അത് പ്രക്ഷുബ്ധമാണോ അല്ല ശാന്തമോ? മഞ്ഞ് വീഴ്ച്ചയിലും ഒഴുകുന്ന നദിയോട് നിനക്ക് വല്ലതും പറയാനുണ്ടോ..? '
അന്നക്ക് ആദ്യം ഒന്നും മനസ്സിലായില്ല, അവൾ നീണ്ട ആലോചനയിൽ മുഴുകി. അവൾ പറഞ്ഞു,
'പ്രാരാബ്ധങ്ങൾ പേറിയ, പ്രശ്നങ്ങൾ കുരുങ്ങിക്കിടക്കുന്ന മനസ്സിനോടാണോ ഈ ചോദ്യം? എങ്കിൽ നോവാ നദി എത്ര തെളിഞ്ഞാലും അത് കലങ്ങി കിടക്കും. ഒഴുക്കുകൾ കരച്ചിലുകളാണ് , തടസ്സങ്ങളാൽ പ്രക്ഷുബ്ദവുമാണ്. തെളിഞ്ഞ മനസ്സിനോടാണോ ഈ ചോദ്യം? ദർപ്പണ സമാനം തെളിമയുണ്ടതിന്, നിത്യവും പുഞ്ചിരി തൂകും, ശാന്തനായി ഒഴുകും.'
ദസ്തയേവ്സ്കി പൊട്ടിച്ചിരിച്ചുകൊണ്ട് സായാഹ്ന സൂര്യനിലേക്ക് നോക്കി. 'അല്ലെങ്കിലും ജീവിത സുഖം അറിയണമെങ്കിൽ, വിജയത്തിലെ ആനന്ദം തിരിച്ചറിയണമെങ്കിൽ ആദ്യം ദുഃഖ, പരാജയങ്ങളുടെ കൈപ്പ് നീര് കുടിച്ചിറക്കണം . അന്ന നിനക്കറിയാമോ!? പ്രതിസന്ധിയുടെ, പ്രാരാബ്ദത്തിന്റെ ഒരു വലിയ ഭാണ്ഡം എന്നെ വിട്ടു പോയിരിക്കുന്നു, ഹൃദയം തെളിഞ്ഞു. ഞാനിപ്പോൾ ശാന്തനാണ്. നോവാ നദിയാണ് ഞാൻ. അന്ന് നമ്മൾ അലോൻകിൻഭവനത്തിൽ എൻ്റെ മുറിയിൽവെച്ച് ഞാൻ കണ്ട സ്വപ്നത്തെ പറ്റി പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ?.
സെെബീരിയ്യക്കാരനായ സ്നേഹിതൻ എനിക്ക് സമ്മാനിച്ച ഈട്ടിത്തടിയിലുള്ള അലമാരയിൽ എൻ്റെ സ്വകാര്യ കത്തുകൾ, കടലാസുകൾ നോക്കുന്നതിനിടയിൽ എന്തോ ഒന്ന് മിന്നിത്തിളങ്ങി, ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ടും അപ്രത്യക്ഷവുമാവുന്ന അത് ഒരു നക്ഷത്രം പോലെ തോന്നിച്ചു'. അത് ശുഭ സൂചനയായിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ..? '
അന്ന തലയാട്ടി, അവൾ ദസ്തയേവ്സ്കിയുടെ മുഖത്തേക്ക് നോക്കി നിന്നു.
'എന്റെ ചിന്തകൾ, എന്റെ ഭാവനകൾ, എന്റെ രചനകൾ എല്ലാമായിരുന്നു ആ കത്തുകൾ-കടലാസുകൾ.അതിലേക്ക് വെളിച്ചം വീശിക്കൊണ്ട് മിന്നാമിനുങ്ങായി, കടന്നുവന്നത് നീയാണ്.
ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ എഴുത്തുകാരനാണ് ഞാനെന്ന് ഇടയ്ക്കിടയ്ക്ക് നീ പറയാറില്ലേ? ശരിയാണ്, ദെെവത്തിൻ്റെ കെെയ്യൊപ്പിൽ രേഖപ്പെടുത്തിയ പേര് നിൻ്റേതാണ്, "അന്ന ഗ്രിഗറിവ്നാ സ്നിറ്റ്കിനാ". ' സ്ഥബ്ധയായി നിൽക്കുന്ന അന്നയെ ദസ്തയേവ്സ്കി പുണർന്നു. നോവാ നദിയിലേക്ക് അഭയം തേടിയ സൂര്യനെ ഇരുവരും നോക്കി നിന്നു, നാളെ വീണ്ടും ഉദിക്കുമെന്ന വിശ്വാസത്തിൽ.
രാവിലെ ഉണർന്നതും ഞാൻ നേരെ രാജീവിന്റെ അടുത്തേക്ക് ചെന്നു. അവൻ ലൈബ്രറിയിൽ വായിക്കുകയായിരുന്നു. ഇന്നലെ കണ്ട സ്വപ്നം (അല്ല യാഥാർത്ഥ്യം) അവനോട് വിശദീകരിച്ചു. ഇന്നലെ നിന്റെ മനസ്സ് ഉറങ്ങുകയില്ലെന്ന് എനിക്കറിയാം, വായിച്ചു തീർക്കാതെ നീ ഉറങ്ങില്ലെന്ന് ഞാൻ ഉറപ്പു പറഞ്ഞത് അതാണ്.അവനൊന്ന് പുഞ്ചിരിച്ചു. ‘ദസ്തയേവ്സ്കിയിൽ മാത്രമല്ല, എൻ്റെയും നിന്റെയും എല്ലാവരുടെയും ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിരിപ്പുണ്ട്, അത് കണ്ടെത്തിയാൽ നാം പരിപൂർണ്ണരായി’. ‘ഒരു സങ്കീർത്തനം പോലെ’ രാജീവിനെ ഏൽപ്പിച്ച്, ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ വാങ്ങി ഞാൻ വീട്ടിലേക്ക് തിരിഞ്ഞ് നടന്നു.
മനസ്സ് മുഴുവൻ ദെെവത്തിൻ്റെ കെെയ്യൊപ്പിലായിരുന്നു.
(കഥയ്ക്കുള്ള പ്രേരണ, പെരുമ്പടവം ശ്രീധരൻ രചിച്ച ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ.)
✍️Abdu Rahman Imthiyas Mogral (Guest Post)



0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI