അയോധ്യാ രാമ ക്ഷേത്രം: നിലപാടില്ലാതാകുന്ന കോൺഗ്രസ് | Ram temple Ayodhya | Invitation for Congress

 

അയോധ്യാ രാമ ക്ഷേത്രം: നിലപാടില്ലാതാകുന്ന കോൺഗ്രസ്

2024 ജനുവരി 22ന് അയോധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുമോ എന്ന ചോദ്യമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്ന കൊടുങ്കാറ്റ് പോലെ ചർച്ച ചെയ്യപ്പെടുന്നത്. അതിൽ തന്നെ  എല്ലാ കണ്ണുകളും ചെന്നെത്തുന്നത് കോൺഗ്രസിലേക്കാണ്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയ്ക്കും മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും അയോധ്യ പ്രതിഷ്ഠാ ചടങ്ങിനായി  രാമക്ഷേത്ര സമിതിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. കോൺഗ്രസിനു മുന്നിലേക്ക് ഇങ്ങനെയൊരു കീറാമുട്ടി എറിഞ്ഞു കൊടുത്തത് ബി ജെ പിയാണെന്ന് സമീപ രാഷ്ട്രീയ കാര്യങ്ങൾ മനസ്സിലാക്കുന്ന ഏതൊരു സാധാരണക്കാരനും ലളിതമായി ചിന്തിച്ച് മനസ്സിലാക്കാവുന്നതാണ്.

2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണവിഷയമായി ബി ജെ പി ഉയർത്തിക്കാണിക്കാൻ സാധ്യതയുള്ള രാമക്ഷേത്രം എന്ന ബ്രഹ്മാസ്‌ത്രത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വ്യക്തത ഇപ്പോഴും കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്കില്ല. ഫലത്തിൽ ബി ജെ പി അയോധ്യ രാമക്ഷേത്രത്തിൽ കോൺഗ്രസിനെ ക്ഷണിച്ചത് എന്ത് ഉദ്ദേശിച്ചിട്ടാണോ അതൊരു പരിധിവരെ വിജയിച്ചു എന്നതാണ് യാഥാർത്ഥ്യം. 'ഇന്ത്യ' മുന്നണിയിൽ  അപസ്വരങ്ങൾ ഉണ്ടാക്കുക ,പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുക വഴി ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം  സമുദായത്തോട് അകൽച്ചയുണ്ടാക്കുക, ചടങ്ങിൽ പങ്കെടുക്കാത്ത പക്ഷം ഭൂരിപക്ഷ ഹിന്ദുക്കളുടെ അനിഷ്ടത്തിന് വഴിവെക്കുക അങ്ങനെ എങ്ങോട്ട് തിരിയണം എന്നറിയാതെ വെട്ടിലായിരിക്കുകയാണ് ഫലത്തിൽ കോൺഗ്രസ്. ലോകത്തെ പ്രധാനപ്പെട്ട മതനിരപേക്ഷ പാർട്ടി എന്നവകാശപ്പെടുന്ന കോൺഗ്രസിന് ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഉചിതമായി എന്തു തീരുമാനമെടുക്കും എന്നത്  മതനിരപേക്ഷ ചരിത്രം നോക്കി മാത്രം തീരുമാനിക്കാവുന്ന ഒന്നല്ല. കാരണം രാജ്യത്തെ ഭൂരിപക്ഷ ഹിന്ദുക്കളുടെയും ഏകീകരണം ഒരു പരിധിവരെ ആസ്വദിക്കുന്നതും അതുവഴി ഭരണത്തിൽ എത്തുകയും ചെയ്ത ബി ജെ പിയുടെ പൊളിറ്റിക്കൽ സ്റ്റാർട്ടജി അതേ രീതിയിൽ പിന്തുടരാനാണ് കോൺഗ്രസ് ഈയിടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  മൃദു ഹിന്ദുത്വ സമീപനങ്ങളിൽ ഒരല്പം വിട്ടുവീഴ്ച ചെയ്തുകൊണ്ടിരിക്കുന്ന കോൺഗ്രസിന് അയോധ്യയിലെ രാമക്ഷേത്രം  നൂറുവട്ടം ചിന്തിക്കാതെ തിരസ്കരിക്കാവുന്നതല്ല. അയോധ്യ രാമക്ഷേത്രം പണി ആരംഭിച്ചത് തങ്ങളാണ് എന്ന് അവകാശപ്പെട്ട ദേശീയ നേതാക്കന്മാർ കോൺഗ്രസിനുണ്ട്. ഈ രാജ്യം നല്ല ഹിന്ദുക്കളുടെതാണ് എന്ന് അഭിപ്രായപ്പെട്ട പ്രമുഖ നേതാക്കന്മാരും കോൺഗ്രസിന്റെ നിലയിൽ തന്നെയാണ്. ആ നിലക്ക് പ്രത്യശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ച് പ്രാക്ടിക്കൽ പൊളിറ്റിക്സ് പയറ്റുന്ന കോൺഗ്രസ്, അയോധ്യ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിയിലേക്കുള്ള ക്ഷണത്തിൽ എന്തു തീരുമാനമെടുക്കുമെന്നത് രാഷ്ട്രീയ വിദഗ്ധർ ഉറ്റു നോക്കുകയാണ്.


 'ഇന്ത്യ'  മുന്നണിയിൽ  അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഏകാഭിപ്രായമെന്നത് വിദൂരമാണ് എന്ന ബോധ്യമുള്ള  സി പി എമ്മും തൃണമൂൽ കോൺഗ്രസ്സും ഇതൊരു മതപരിപാടിയാണ് അതിനാൽ ഇതിൽ പങ്കെടുക്കുന്നില്ല എന്ന് ഉറച്ച നിലപാടെടുത്തിട്ടുണ്ട്.  താരതമ്യേന ദേശീയ രാഷ്ട്രീയത്തിൽ അങ്ങനെയൊരു നിലപാടെടുക്കുക വഴി വലിയ ചലനങ്ങൾ ഉണ്ടാക്കില്ല  എന്ന ബോധ്യം സി പി എമ്മിനും  തൃണമൂൽ കോൺഗ്രസിനും ഉണ്ടെന്നത് സത്യമാണ്. എന്നാൽ ഉത്തർപ്രദേശിൽ ശക്തിയുള്ള സമാജ് വാദി പാർട്ടിക്കോ ബഹുജൻ സമാജ് വാദി പാർട്ടിക്കോ അങ്ങനെ ഒരു നിലപാട് കൈക്കൊള്ളാനാകില്ല. ക്ഷണിക്കാത്തതതിൽ പരിഭവപ്പെടുന്ന സമാജ് വാദി പാർട്ടിയും ഹേമന്ത് സൊറന്റെ ജാർഖണ്ഡ് മുക്തിമോർച്ചയുമുണ്ട്. ഉദ്ഘാടന ചടങ്ങിന് ശേഷം പോകുമെന്ന് ബി ജെ പിയുടെ പഴയ സഖ്യകക്ഷിയും തെറ്റിപിരിഞ്ഞ് ഇന്ത്യ മുന്നണിയിലെ പ്രധാനിയുമായ ഉദ്ദവ് താക്കറേയുടെ ശിവസേന പറയുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടികൾ വിഷയത്തിൽ ഗൗരവമായ നിലപാടുകൾ എടുത്തിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയമായ ചലനങ്ങൾ ഒരു പരിധിയിൽ കൂടുതൽ ഈ വിഷയത്തെ  വിപുലീകരിക്കും എന്ന ഭയം അവർക്കില്ല. എന്നാൽ ഉത്തരേന്ത്യയിലോ, മധ്യേന്ത്യയിലോ വിഷയം വളരെ ഗൗരവമാണ്.  കാരണം ഇത് അയോധ്യയാണ്.അവർ ഉയർത്തിപ്പിടിച്ച ഭാരതത്തിന്റെ സംസ്കാരിക ചിഹ്നമായ ശ്രീരാമന്റെ ക്ഷേത്രമാണ്. ബി ജെ പി നേതാക്കൾ ഉറക്കെ കോൺഗ്രസിനെ വെല്ലുവിളിച്ച് തുടങ്ങിയിട്ടുണ്ട്.  കോൺഗ്രസിന്റെ ക്ഷണം നിരസിക്കൽ കേവലമൊരു പരിപാടിയിൽ നിന്ന് മാറി നിൽക്കൽ ആയിരിക്കില്ല.  ശ്രീരാമനോടുള്ള വിയോജിപ്പായി അത് ദുർവ്യാഖ്യാനിക്കപ്പെടും. ന്യൂനപക്ഷ പ്രീണനമാണ് ബി ജെ പി കോൺഗ്രസിന് മേൽ ഉത്തരേന്ത്യയിൽ ആരോപിക്കുന്ന പ്രധാന അപരാധം. ആ സാഹചര്യത്തിൽ അയോധ്യയിലേക്ക് ഇല്ലെന്ന് പറയാൻ ചെറുതല്ലാത്ത രാഷ്ട്രീയ ആർജ്ജവം തന്നെ പാർട്ടി തലപ്പത്തുള്ളവർക്ക് വേണ്ടി വരും.


എന്ത് തീരുമാനമെടുക്കണമെന്ന് സംശയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് എന്ത് തീരുമാനമെടുത്താലും അത് മുന്നോട്ടുള്ള എല്ലാ രാഷ്ട്രീയ നീക്കങ്ങളുടെയും അടിസ്ഥാനമായിരിക്കും. കേവലം 40 ശതമാനത്തിൽ താഴെ ജനങ്ങൾ മാത്രമാണ് ബി ജെ പിക്ക് വോട്ട് ചെയ്യുന്നത്. ബാക്കിയുള്ള 60 ശതമാനവും ബി ജെ പിയെ പിന്തുണയ്ക്കാത്തവരാണ്. ആ 40 ശതമാനത്തിനു വേണ്ടിയാണോ, ബാക്കിയുള്ള 60 ശതമാനത്തിനു വേണ്ടിയാണോ കോൺഗ്രസ് നിലകൊള്ളേണ്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. എത്ര മൃദുഹിന്ദുത്വ നിലപാടുകൾ കോൺഗ്രസ് സ്വീകരിച്ചാലും ഒരുതരത്തിലും ബി ജെ പിയുടെ വോട്ട് ബാങ്കിനെ ചോർത്താൻ അവർക്കു സാധിക്കില്ല. അത് ഉറപ്പാണെന്നിരിക്കെ, അയോധ്യയിലുൾപ്പെടെ കോൺഗ്രസ് തുടരുന്ന നിലപാടില്ലായ്മയിൽ പ്രത്യേകിച്ച് ആ പാർട്ടിക്ക് ഒന്നും കിട്ടാനില്ല എന്ന വിലയിരുത്തൽ നടത്തുന്ന നിരവധി രാഷ്ട്രീയ നിരീക്ഷകരുണ്ട്.


കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ, അവർക്ക് ചിന്തിക്കാൻ സാധിക്കാത്ത തിരിച്ചടിയാണ് ഉണ്ടാകുക എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രത്യേകിച്ച് കോൺഗ്രസ് 'ഇന്ത്യ'മുന്നണിയുടെ ഭാഗമായിനിൽക്കുന്ന സാഹചര്യത്തിൽ. ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്നവർ എല്ലാതരത്തിലും ബി ജെ പിയും അവർ മുന്നോട്ടു വെക്കുന്ന തീവ്ര ഹിന്ദുത്വരാഷ്ട്രീയവും പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവരാണ്. അത്തരം അഭിപ്രായമുള്ള ജനങ്ങളുടെ പിന്തുണയുള്ള ഒരു സഖ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി തന്നെ ഇങ്ങനെ ഒരു നിലപാടെടുക്കുന്നത്, ആ സഖ്യശ്രമത്തെ തന്നെ നിർവീര്യമാക്കുന്ന നീക്കമാകുമെന്ന കാര്യത്തിൽ സംശയമില്ല.


 കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് കോൺഗ്രസ് പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന്  മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.  മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയായ കമൽനാദും കോൺഗ്രസ് പങ്കെടുക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.  കോൺഗ്രസിന്റെ ദേശീയ തീരുമാനത്തിന് കാത്തുനിൽക്കാതെ പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണിക്കപ്പെട്ടിട്ടില്ലെങ്കിലും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് കോൺഗ്രസിന്റെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് പ്രതികരിച്ചത്. ഉത്തർപ്രദേശിലെ ചില മുതിർന്ന നേതാക്കളും എ ഐ സി സി  പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന് സമ്മർദം ചെലുത്തുന്നുണ്ട്. ഭിന്നതകൾ കോൺഗ്രസ് ആസ്ഥാനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാകുന്നത്.  ബി ജെ പി രാഷ്ട്രീയ ലക്ഷ്യം വെച്ചത് വരാനിരിക്കുന്ന ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്.  അതിലേക്കുള്ള വജ്രായുധമായി പ്രയോഗിക്കാൻ അയോധ്യ രാമ ക്ഷേത്രം  അജണ്ടയാക്കുന്നതിലൂടെ ബി ജെ പിക്ക് കഴിഞ്ഞു.


കാലങ്ങളായുള്ള സംഘപരിവാർ അജണ്ട വിജയിച്ചതിന്റെ ആഘോഷവും അടുത്ത തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിക്കാൻ പ്ലാൻ ചെയ്തതിന്റെ ആവേശവും നരേന്ദ്ര മോദി സർക്കാരിന്റെ അയോധ്യ പ്രകടനങ്ങളിൽ കാണാം. അയോധ്യയിൽ വമ്പൻ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഓടി നടക്കുന്നത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ്.


രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം മുതൽ റെയിൽവേ സ്റ്റേഷൻ വരെ നടത്തിയ റോഡ് ഷോയിൽ കാവിക്കൊടികൾ ഉയർന്നു നിന്നു. പുഷ്പാർച്ചനകളോടെ മോദിക്ക് അഭിവാദ്യമർപ്പിക്കാൻ ബി ജെ പി അണികൾ വഴിയരികിൽ കാത്തുനിന്നു. അയോധ്യാ നഗരത്തിലേക്ക് 11,100 കോടിയുടെയും യുപിയുടെ മറ്റു ഭാഗങ്ങളിലേക്ക് 4,600 കോടിയുടെ പദ്ധതികളും പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി തീരുമാനിച്ചതിന് പിന്നിലും തിരഞ്ഞെടുപ്പെന്ന വലിയ ലക്ഷ്യമുണ്ട്. ഹാട്രിക് അടിച്ച് രാജ്യത്തിന്റെ തലപ്പത്തിരിക്കാനുള്ള രാഷ്ട്രീയ സുവർണ്ണാവസരമായി തികച്ചും മതപരമായ ഒരു ചടങ്ങിനെ മതേതരമായ രാജ്യത്ത് നടപ്പിലാക്കുന്നതിലൂടെ ബി ജെ പിക്ക് സാധിക്കുവാൻ പോകുന്നു.


 എന്നാൽ തിരഞ്ഞെടുപ്പ് മാത്രം നോക്കി ആശയങ്ങൾ അടിയറവു വെക്കുവാൻ കോൺഗ്രസ് തയ്യാറാകുമോ? അഥവാ തയ്യാറായാൽ അതിൽ നിന്ന് ലഭിക്കുന്ന രാഷ്ട്രീയ ലാഭം ലഭിക്കുമോ? എന്നതൊക്കെ ഉയർന്നുവരുന്ന ചോദ്യങ്ങളാണ്.


1951ൽ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപണിഞ്ഞ ശേഷം നടന്ന സമർപ്പണ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് കത്തെഴുതി മുന്നറിയിപ്പ് നൽകിയ കാര്യം ഇതോടൊപ്പം പറയാതെ തരമില്ല. ഭരണവും മതവും കൂട്ടികുഴക്കരുത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനോട് ഈ എതിർപ്പ് നെഹ്‌റു ഉന്നയിച്ചത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യവും അതിന്റെ സർക്കാരും ഒരു പ്രത്യേക മതത്തിന്റെ വലിയൊരു ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രീയ മാനം നൽകരുതെന്നായിരുന്നു നെഹ്‌റു വിലക്കിയത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ ചെലവാക്കാൻ പണമില്ലാത്ത സൗരാഷ്ട്ര സർക്കാർ ജനം പട്ടിണി മൂലം വലയുമ്പോൾ 5 ലക്ഷം രൂപ സോമനാഥ ക്ഷേത്രത്തിന്റെ പുതുക്കി പണിയൽ ചടങ്ങിന് മുടക്കിയത് നെഹ്‌റുവിനെ രോഷം കൊള്ളിച്ചിരുന്നു. ഈ വിഷയത്തിൽ വിമർശനം രേഖപ്പെടുത്താൻ സംസ്ഥാന സർക്കാരിന്  കത്തെഴുതാൻ പോലും നെഹ്‌റു മടിച്ചിരുന്നില്ല. അങ്ങനെയൊരു പ്രധാനമന്ത്രി ഇരുന്ന കസേരയിലിരിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രി അയോധ്യയുടെ തെരുവുകളിൽ വിജയാഘോഷം നടത്തുന്നത് ഒരു ജനതയുടെ മതനിരപേക്ഷ ചിന്തയുടെ മുകളിൽ കസേരയിട്ടിരുന്നു കൊണ്ടാണ്. വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു കൊണ്ടൊരു സർക്കാർ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനങ്ങൾ ഊർജ്ജമാക്കുമ്പോൾ കൃത്യമായി എതിരിടാൻ കഴിയാതെ പ്രതിപക്ഷം വിറങ്ങലിക്കുകയാണ്. നെഹ്‌റുവിയൻ ഇന്ത്യയിൽ നിന്നും മോദിയുടെ ഇന്ത്യയിലേക്കുള്ള കൂപ്പുകുത്തൽ, എതിരിടാൻ കഴിയാത്ത വിധം തളരുന്ന പ്രതിപക്ഷ നിരയും ജനാധിപത്യ മോഹികളും രാജ്യത്തിന്റെ സെക്കുലർ മനോഭാവം കൈപ്പിടിയിലെ മണൽ പോലെ ഊർന്നൊലിക്കുന്നത് കണ്ടുനിൽക്കുന്ന കാലമാണ് കടന്നുപോകുന്നത്.

Written By Safvanul Nabeel. TP (Guest Post)
Editor: Afsal Klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI