അച്ഛന്റെ ഉറക്കം തൂങ്ങൽ കണ്ട് അവൻ ചിരിച്ചു കൊണ്ട് അടുത്ത് വന്ന് വിളിച്ചു.ചേട്ടായീ...ഞെട്ടി എഴുന്നേറ്റപ്പോഴാണ് കുമാറ് കുലുക്കി വിളിച്ചതാണെന്നറിഞ്ഞത്.
ചേട്ടായീ...എന്നാ ഉറക്കമാ ഇത് വണ്ടി വന്നു.ഓ...വന്നോ എന്നൊരു ഒഴുക്കൻ മറുപടി കൊടുത്ത് അവിടെ തന്നെ ഇരുന്നു.ഒന്ന് രണ്ട് പേർ മാത്രം അവിടെ നിന്ന് കേറി.ഇറങ്ങാൻ ആരുമുണ്ടായിരുന്നില്ല.
അവസാനം ഒരു നെടുവീർപ്പിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോ കുമാറ് തന്റെ മുഖത്തോട്ട് നോക്കി. തലയാട്ടിക്കൊണ്ട് വന്നില്ലെന്ന് മറുപടി പറഞ്ഞു. രാഘവനോടൊന്നും പറയാതെ റെയിൽവേ സ്റ്റേഷന് പുറത്തോട്ടിറങ്ങി.
ബസ്സ്റ്റാന്റിനോട് ചേർന്നുള്ള ഓട്ടോസ്റ്റാൻഡിൽ നിന്ന് മണിയുടെ ഓട്ടോയിൽ കേറി വീട്ടിലേക്ക് തിരിച്ചു.പടിവാതിൽക്കൽ വരെ ആക്കി തന്ന് പാതി കൂലിയും വാങ്ങി മണി തിരിച്ചു പോയി.വീടിന്റെ തുരുമ്പിച്ച ഗ്രിൽ വലിച്ചു തുറന്ന് ചാരുകസേരയിൽ ഒന്ന് മൂളിക്കൊണ്ട് ചാഞ്ഞിരുന്നു എന്തോ ഓർത്തു കിടന്നു.ഇന്നും വന്നില്ലേ....വാതിൽ പടിയുടെ പിന്നാമ്പുറത്തു നിന്നും ഒരു നേർത്ത ശബ്ദം. പിന്നേ കുറച്ചു നേരം പുറത്തേ കാക്ക കരയുന്ന ശബ്ദവും കോഴിയുടെ കൊക്കിപ്പാറലും മാത്രം കേട്ടു.
ഒരു നെടുവീർപ്പിന് ശേഷം പതിയേ അയാൾ തന്നെ പറഞ്ഞു തുടങ്ങി.ലീവ് കിട്ടിക്കാണില്ല....അല്ലേലവനിപ്പോ വരേണ്ടതല്ലേ...നീ കുറച്ച് തണുത്ത കഞ്ഞി വെളളമിങ്ങെടുക്ക്....അവശത മറച്ചു വെച്ചില്ല.പ്പൊ കൊണ്ടരാ...എന്ന് പറഞ്ഞ് അവർ പോയി.അന്നേരം അവിടന്ന് എണീറ്റ് പതിയെ മുറിയിലേക്ക് പോയി കിടക്കക്കടിയിൽ നിന്ന് ഈങ്ങിപ്പഴകിയ ന്യൂസ് പേപ്പർ വലിച്ചൂരിയെടുത്തു.
അതിലെ ചരമ കോളത്തിലെ ഒരു മൂലയിൽ ചെറിയൊരു വാർത്തയുണ്ടായിരുന്നു."അജ്ഞാതൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ".നാലു കൊല്ലം മുമ്പത്തെ പത്രമാണ്.മടക്കി കിടക്കക്കടിയിലേക്ക് തന്നെ തിരുകി വെറും നിലത്ത് കാലും നീട്ടിയിരുന്നു.
അവൾക്ക് വായിക്കാനറിയാത്തത് സമാധാനം. എല്ലാ മാസവും അവിടെ പോകും. ഒരു ചടങ്ങ് പോലെ അവൻ വരുന്നുണ്ടോന്ന് നോക്കി തിരികെപ്പോരും.ഒരു പക്ഷേ അവനിപ്പഴും ഏതെങ്കിലും ഫ്രീസറിൽ മരവിച്ചു കിടപ്പുണ്ടാകും ഒരു ലീവ് കാത്ത്...
(അവസാനിച്ചു... )
✍️Afsal klari

4 Comments
👍👍Good one
ReplyDeletethanks .....
Deleteഅടിപൊളി. ആശയവും ആഖ്യാന ശൈലിയും കൊള്ളാം. എങ്കിലും ഒന്നു കൂടെ പുരോഗമിപ്പിക്കേണ്ടിയിരിക്കുന്നു.
ReplyDeleteനാളെ മുതല്‍ അടിപൊളി contenകളില്‍ ആയിരിക്കും പോസ്റ്റുകള്‍ .... പരമാവധി സഹകരിക്കുമല്ലോ......
DeleteReaders should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI