ഇനിയും തളിരിടാത്ത കേരളത്തിലെ ടൂറിസം | Tourism in Kerala which is still unstoppable

 
ഇനിയും തളിരിടാത്ത കേരളത്തിലെ ടൂറിസം | Tourism in Kerala which is still unstoppable by Irfan Ck para

ഇനിയും തളിരിടാത്ത കേരളത്തിലെ ടൂറിസം

പടിഞ്ഞാറ് വിശാലമായ കടലും തീരവും. 44 നദികളും കായലുകളും കനാലുകളും അണക്കെട്ടുകളും. കിഴക്ക് പ്രവിശാലമായ പശ്ചിമഘട്ട മലനിരകളും ഉൾക്കൊള്ളുന്ന അതി സുന്ദരമായ പ്രകൃതിയുള്ള നാടാണ് കേരളത്തിന്റേത്. ജല മേഖല പരിശോധിച്ചാൽ കടലും കായലും പുഴകളും സമൃദ്ധമായി നിലനിൽക്കുന്നു. 

അപ്പുറത്ത് വൻ വന ശേഖരവും വന്യജീവിസങ്കേതങ്ങളും ഹൈറേഞ്ചും ആകാശം പുൽകി നിൽക്കുന്ന മലനിരകളും. ചരിത്രപരമാണെങ്കിൽ പല മതങ്ങളിലും സംസ്കാരങ്ങളിലും  വൈവിധ്യം പുലർത്തുന്ന ഈ നാട്ടിൽ ടൂറിസം മേഖല എവിടെയെത്തി നിൽക്കുന്നു എന്ന് നാം ആശങ്കപ്പെടേണ്ടതുണ്ട്.

           കടലും കായലുകളും നദികളുമാണ് വിദേശ ടൂറിസ്റ്റുകൾ അടക്കമുള്ളവരെ ഈ കേര നാട്ടിലേക്ക് അടുപ്പിക്കുന്നതിനുള്ള പ്രധാന കാരണം. പലപ്പോഴും ഓരോ കേരളീയനും ഭയപ്പെടുന്ന ഒരു വസ്തുത കൂടിയാണ് കേരളത്തിലെ ജലസമ്പത്ത്. അനുദിനം ശോഷിക്കുകയും മലിനീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നതുമായ ഇവിടുത്തെ ജലശേഖരം മറ്റൊരു തലത്തിലേക്ക് മാറ്റി മറ്റുള്ള രാജ്യങ്ങളിൽ നാം കാണുന്നത് പോലുള്ള സ്ഫടിക സമാനതയിലേക്ക് തിരിക്കാൻ ഇന്നുവരെയുള്ള ഏതെങ്കിലുമൊരു ടൂറിസം മന്ത്രി ശ്രമിച്ചു കാണുമോ ? അവരുടെ ചിന്തയുടെ ഏതെങ്കിലും ഒരു കോണിൽ ഈ ആശയമുദിച്ചു കാണുമോ ?

          കുറച്ചുമുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമാണ് മനസ്സിലുടക്കുന്നത്. ആലപ്പുഴയിലെ വേമ്പനാട്ടുകായൽ, ബീച്ച് എന്നീ പ്രകൃതി വരദാനങ്ങൾ കണ്ടാസ്വദിക്കാൻ വിമാനം കയറി വന്ന ഒരു ഡച്ചുകാരും അദ്ദേഹത്തിന്റെ ഭാര്യയും ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള മലിനജലം കെട്ടി നിൽക്കുന്ന ഒരു ഓടയുടെ ഫോട്ടോയെടുക്കുന്നു. അതേക്കുറിച്ച് അന്വേഷിച്ച ഒരു നാട്ടുകാരനോട് അദ്ദേഹം തന്റെ ഭാഷയിൽ " കേരളം വേസ്റ്റ് മാനേജ്മെന്റിൽ വളരെ പിന്നിലാണല്ലോ" എന്ന് പറയുന്നുണ്ട്. റെയിൽവേയുടെ അപ്പുറം കായലും ഇപ്പുറം കടലും സ്ഥിതിചെയ്യവേ ഒരു അഴുക്കുചാലിനെ ഒപ്പിയെടുക്കണമെങ്കിൽ അത് അദ്ദേഹത്തിന്റെ മനസ്സിനെ എത്ര അലോസരപ്പെടുത്തിയിരിക്കണം. 

          കേരളത്തിൽ നിന്ന് മറ്റു ലോകരാജ്യങ്ങൾ എക്സ്പ്ലോർ ചെയ്യാൻ പോകുന്നവരുടെ സോഷ്യൽമീഡിയ വീഡിയോകൾ കാണുമ്പോഴാണ് പലപ്പോഴും നമുക്ക് നമ്മുടെ അധികാരികളോട് അരിശം തോന്നുന്നത്. ഒരു പക്ഷേ ആ രാജ്യം കേരളം എന്ന സംസ്ഥാനത്തിന്റെയത്ര പോലും സാമ്പത്തിക, പാരിസ്ഥിതിക സ്ഥിരതയുള്ളതാകണമെന്നില്ല. അതു കൂടി അറിയുമ്പോഴാണ് ഇത്തരം തുറന്നെഴുത്തുകൾക്കും ഏറ്റുപറച്ചിലുകൾക്കും പലരും നിർബന്ധിതരാകുന്നത്.

        മലയാളഭാഷയുടെയും കേരള നാടിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും തനിമ വിളിച്ചോതുന്ന ഒരുപാട് മ്യൂസിയങ്ങളും പുരാതന നിർമ്മിതികളും ഇവിടെയുണ്ടെന്ന യാഥാർത്ഥ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളംബരം ചെയ്യുന്നതിൽ നാം അമ്പേ പരാജയപ്പെടുന്നതാണ് മറ്റൊരു ദയനീയത. പുരാതന ചരിത്രങ്ങളും കൽ ചിത്രങ്ങളും കൊത്തുപണികളും നിലനിൽക്കുന്ന വയനാട്ടിലെ എടക്കൽ ഗുഹ കേരളത്തിലാണെന്ന് പുറത്തെ സംസ്ഥാനങ്ങളിൽ എത്രപേർക്ക് അറിയുമായിരിക്കും. അവിടുത്തെ സന്ദർശകർ കൊറോണക്ക് ശേഷം നേർ പകുതിയായി കുറഞ്ഞത് ശ്രദ്ധിച്ച എത്ര അധികാരികൾ ഉണ്ടിവിടെ ?

         ടൂറിസവും ടൂറിസ്റ്റുകളും പുതിയ മാനങ്ങളിൽ നിൽക്കുമ്പോൾ സാഹസികതയും അതിലൂടെ ലഭ്യമാകുന്ന നിർവൃതിയും സാഹസിക കേന്ദ്രങ്ങളും സഞ്ചാരികളെ ഹഠാദാകർഷിക്കുന്ന മേഖലകളാണ്. ഈ മേഖല കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന ഇടമാണ് കിഴക്കിലെ പശ്ചിമഘട്ടം. ട്രക്കിങ്ങും സഫാരി റൈഡും വളരെ ദരിദ്രമായ ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും കൃത്യവും വിജയകരവുമായി ഇന്നും നടക്കുന്നുവെങ്കിൽ എന്തുകൊണ്ട് നമുക്ക് അങ്ങോട്ടൊന്ന് കൈ നീട്ടിക്കൂടാ ?

         സഞ്ചാരങ്ങൾക്ക് പുതിയ നിറവും തലവും പകർന്നുനൽകിയ സന്തോഷ് ജോർജ് കുളങ്ങരയെ സംഭാവനചെയ്ത ഒരു നാടിന്റെ ടൂറിസത്തിന്റെ ഇന്നത്തെ അവസ്ഥയാണ് ഇവിടെ പരാമർശിച്ചത്. അദ്ദേഹത്തെ ചെയർമാനാക്കി പത്തനംതിട്ടയിലെ മലയോര ടൂറിസം വികസിപ്പിക്കുമെന്ന് മന്ത്രിമാർ പറഞ്ഞിട്ട് നാളെത്രയായി ? ടൂറിസം ഒരു വലിയ വരുമാന മാർഗമായിട്ടും കടക്കെണിയിൽ കുരുങ്ങിക്കിടക്കുന്ന ഗവൺമെന്റ് അങ്ങോട്ടൊന്നും ചിന്തയെ പറത്തി വിടാത്തതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. ബജറ്റിൽ ടൂറിസം വളർത്തുന്നതിനായി കോടികൾ പ്രഖ്യാപിക്കുമ്പോൾ യാഥാർത്ഥ്യവൽക്കരണത്തിൽ അതെല്ലാം എങ്ങോട്ട് പോകുന്നു എന്ന് നാം സംശയിക്കണം. ടൂറിസം പേപ്പറിൽ ഒതുക്കാതെ പ്രയോഗത്തിൽ വരുത്താൻ ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ അത്യന്താപേക്ഷികതെയെയാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.

✍️ Irfan Ck para

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI