ഇന്ത്യ കാനഡ; അശുഭകരമാകുന്ന നയതന്ത്ര പോര് | India Canada; An ominous diplomatic battle by Safvanul Nabeel TP |
ഇന്ത്യ കാനഡ അശുഭകരമാകുന്ന നയതന്ത്ര പോര്.
ഇന്ത്യയിൽ ഖലിസ്ഥാൻ വിഘടന വാദം ശക്തിപ്പെടുന്ന കാലത്തോളം പഴക്കമുള്ള ചരിത്രമാണ് ഇന്ത്യ കാനഡ നയതന്ത്ര ബന്ധങ്ങൾക്കുള്ളത്. 1970 - കൾക്ക് ശേഷം പഞ്ചാബിൽ നിന്ന് ഒരു പരിധിവരെ കുടിയേറിയ സിക്ക് സമൂഹവും നിലയുറപ്പിച്ചത് കാനഡയുടെ മണ്ണിലായിരുന്നു. തീവ്ര സിഖ് ബോധത്തിൽ സ്വരാഷ്ടം എന്ന ഖലിസ്ഥാൻ ആശയത്തിനായുള്ള വർഗീയ പ്രവർത്തനങ്ങൾക്ക് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ശക്തി പകർന്നത് അവിടെ നിന്നുള്ള പ്രേരണയാണ്.
ഈ പ്രശ്നത്തെ മുൻനിർത്തിക്കൊണ്ട് ഇന്ത്യ ദീർഘകാലം കാനഡയെ വിമർശിച്ചിരുന്നു. വിഘടന വാദത്തോടും ഭീകരതയോടും കനേഡിയൻ സർക്കാറുകൾ കാണിക്കുന്ന മൃദു സമീപനത്തെയാണ് ഇന്ത്യ എക്കാലവും ചോദ്യം ചെയ്തത്. അതുകൊണ്ടുതന്നെ ഉരസലുകളുടേയും തർക്ക വാദങ്ങളുടെയും നയതന്ത്രത്തെയാണ് ഇന്ത്യയും കാനഡയും പുലർത്തി പോരുന്നത്. ഈയിടെ അത് കൂടുതൽ പ്രകടമായി. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന കാനഡ പുറത്താക്കി. ഈ നടപടിക്ക് തിരിച്ചടിയായി ഇന്ത്യ ഉന്നത കനേഡിയൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തുകയും അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ആവശ്യപ്പെട്ടു. കനേഡിയൻ ഹൈകമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്.
സമീപകാലത്ത് ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട പരിഗണന മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നതും ജി 20 ഉച്ചകോടി അവസാനിച്ചിട്ട് ഒരു മാസം പോലും തികയാതെയാണ് ഈ പ്രശ്നം ഉണ്ടാകുന്നത് എന്നതും കാനഡക്ക് മേൽ കടുത്ത നടപടികൾ എടുക്കാൻ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്. എന്നാൽ പോലും വാണിജ്യ വ്യവസായ രംഗത്ത് കാനഡയ്ക്ക് മേലുള്ള ഇന്ത്യയുടെ താല്പര്യത്തെ പെട്ടെന്ന് തച്ചുടയ്ക്കുന്നതിലെ പ്രതിസന്ധിയും ഇന്ത്യ മനസ്സിലാക്കുന്നുണ്ട്.
2023 ജൂൺ 18നായിരുന്നു ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സംഗ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. കൊലാപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നതായാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് പാർലമെന്റിൽ പറഞ്ഞത്. ജി 20 ഉച്ചകോടിയിലെത്തിയ ട്രൂഡോ ഇത് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞതായാണ് അറിയുന്നത്.
ഖലിസ്ഥാൻ പ്രശ്‌നങ്ങൾ കാലങ്ങളായുള്ളതാണെങ്കിലും കനേഡിയൻ സർക്കാർ അവരെ നിയന്ത്രിച്ചു പോന്നിരുന്നു. എന്നാലിപ്പോൾ ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിന് നേരിയ പ്രാതിനിധ്യം മാത്രമാണുള്ളത്. ഭരണത്തിൽ തുടരണമെങ്കിൽ ഖലിസ്ഥാന്റെ പിന്തുണ കൂടിയേ പറ്റൂ. അതാണ് അവർക്കനുകൂലമായ നിലപാടുകളെടുക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കത്തിയാണ് ഇന്ത്യ ശക്തമായി വിമർശിക്കുന്നത്. ഭരണ താൽപര്യം മുൻനിർത്തിക്കൊണ്ട് ഒരു രാജ്യത്തിന്റെ അഖണ്ഡതയ്ക്കുമേൽ മറ്റൊരു രാജ്യം നടത്തുന്ന പ്രസ്താവനയായിട്ടാണ് ജസ്റ്റിൻട്രൂഡോയുടെ വാക്കുകളെ ഇന്ത്യ കണ്ടത്.മാത്രവുമല്ല സമീപകാലത്ത് മറ്റെല്ലാ പ്രബല രാജ്യങ്ങളുമായി നരേന്ദ്രമോദി ഉണ്ടാക്കിയെടുത്ത ശക്തമായ ഒരു സൗഹൃദ ശൃംഖലകൾക്കുള്ളിൽ ഇപ്പോഴും കാനഡ എത്തിപ്പെട്ടിട്ടില്ല എന്നത് വസ്തുതയാണ്.
പഞ്ചാബ് കഴിഞ്ഞാൽ സിഖുകാർ കൂടുതലുള്ളത് കാനഡ, യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നി വികസിത രാജ്യങ്ങളിലാണ്. സിഖ് തീവ്രവാദ ചിന്താഗതിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നതും ഇവിടങ്ങളിലാണ്. ഈ രാജ്യങ്ങൾ ഇന്ത്യക്കെതിരെ നടത്തുന്ന നീക്കങ്ങളെ ഗൗരവത്തോടെ പ്രതിരോധിക്കാറില്ല. നാലിടത്തും ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. ഖലിസ്ഥാൻ അടക്കമുള്ള ഇന്ത്യാവിരുദ്ധ ശക്തികളെ കാനഡ തടയുന്നില്ലെന്ന് ജി 20 ഉച്ചകോടിക്ക് എത്തിയ ജസ്റ്റിൻ ട്രൂഡോയെ മോദി ധരിപ്പിച്ചിരുന്നു. എന്നാൽ, ട്രൂഡോ വ്യക്തമായ മറുപടി നൽകിയില്ല. മോദിയുമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ച നടത്തി സംയുക്ത പ്രസ്‌താവന ഇറക്കാനും തയ്യാറായില്ല. എന്നാൽ, കാനഡ കൂടി അംഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (അഞ്ച് കണ്ണുകൾ) യുഎസ്, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായി ചേർന്ന് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് സംയുക്തപ്രസ്‌താവനയ്‌ക്ക് ട്രൂഡോ ശ്രമിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ യുഎസും ഓസ്‌ട്രേലിയയും യുകെയും കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നുമാണ് അമേരിക്ക ആവശ്യപ്പെട്ടത്. ലോകസമാധാനത്തിനായി നിലകൊണ്ട ഇന്ത്യക്കെതിരെ സമീപകാലത്ത് അന്താരാഷ്ട്രതലത്തിൽ കൊലപാതക ആരോപണം ഉയരുന്നത് ആദ്യമായിട്ടാണ്. ഇന്ത്യയിൽ ജനങ്ങളെ പരസ്‌പരം ഭിന്നിപ്പിച്ച്, കലാപത്തിലേക്ക് നയിക്കുന്ന ഭരണനേതൃത്വത്തിന്റെ കാഴ്‌ചപ്പാട് കാനഡയിലേക്കും വ്യാപിപ്പിച്ചുവെന്നതാണ് ഇതിനു കാരണം.
ജി 20ന് ശേഷം മോദി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച പ്രതിച്ഛായ ഉണ്ടായില്ലെന്ന് മാത്രമല്ല, ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് നേരിയതോതിൽ മങ്ങലേൽക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കുതന്നെ ഭീഷണിയായിരുന്ന ഖലിസ്ഥാൻ തീവ്രവാദം ഇന്ത്യയെ വലിയതോതിൽ മുറിവേൽപ്പിച്ചതാണ്. അതുകൊണ്ടുതന്നെ വീണ്ടും ചർച്ചകളിൽ നിറച്ചുകൊണ്ട് അതിനു സ്വീകാര്യത കൊടുക്കുന്നതിന്റെ പോരായ്മ രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യ - കാനഡ നയതന്ത്ര പ്രശ്നത്തിൽ ഇടപെട്ട് സംഗതി കൂടുതൽ വഷളാക്കാതിരിക്കാനാണ് മറ്റു രാജ്യങ്ങൾ ശ്രമിക്കുന്നത്. ബ്രിട്ടനോടും ഓസ്ട്രേലിയയോടും കാര്യത്തിൽ ഇടപെട്ട് തങ്ങൾക്ക് അനുകൂല നിലപാട് എടുക്കണം എന്ന കാനഡയുടെ ആവശ്യത്തെ ഇന്ത്യയെ പിണക്കാനുള്ള വിമുഖത കൊണ്ട് അത്തരം രാജ്യങ്ങൾ മൗനം കൊണ്ടാണ് പ്രതികരണക്കുറിപ്പ് ഇറക്കുന്നത്. അമേരിക്കയാകട്ടെ രണ്ടു രാജ്യങ്ങൾക്കുമൊപ്പം നിന്നുകൊണ്ട് സമാധാനത്തിനുവേണ്ടി മികച്ച നയതന്ത്രത ഊട്ടിയുറപ്പിക്കണമെന്നാണ് പറഞ്ഞുവെയ്ക്കുന്നത്. ഇന്ത്യ-കാനഡ നയന്ത്ര ബന്ധം വഷളാകുന്നത് നാറ്റോ സഖ്യത്തിന് തലവേദനയാകുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യക്കെതിരായ ആരോപണത്തെ പിന്തുണക്കണോ അതോ ന്യൂഡെൽഹിക്കനുകൂലമായ നിലപാട് സ്വീകരിക്കണമോ എന്നത് യുഎസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി തീർക്കുന്നു.
ഒരു രാജ്യം എല്ലാരീതിയിലും അടുത്ത പങ്കാളി, മറ്റൊരു രാജ്യം നാറ്റോ അംഗ രാജ്യം. ഇതിൽ ആരെ പിന്തുണച്ചാലും പ്രശ്‌നമാകും. ഒഴിവാക്കിയാലും പ്രതിസന്ധി രൂപപ്പെടും. അത് സൈനികമായും സാമ്പത്തികമായും സാമൂഹ്യമായും വിള്ളലുണ്ടാക്കും. അതുകൊണ്ടുതന്നെ പെട്ടെന്ന് ഒരു പ്രതികരണത്തിന് നാറ്റോ മുതിർന്നില്ല.
കാനഡയുമായി മൊത്തത്തിൽ ഒരു പിണക്കത്തെക്കുറിച്ച് ഇന്ത്യ ചിന്തിക്കുന്നില്ല ബദലായി പകരത്തിനു പകരം എന്ന നിലപാടിലാണ് ഇന്ത്യ. വിഷയത്തിൽ ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു ഇന്ത്യ തങ്ങൾക്ക് നേരെയുള്ള എല്ലാ ആരോപണങ്ങൾക്കും കാനഡയോട് വ്യക്തമായ തെളിവ് ചോദിച്ചിട്ടാണ് അന്താരാഷ്ട്ര വേദികളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. കാനഡയാകട്ടെ തെളിവുകൾ പുറത്തുവിടും പുറത്തു വിടും എന്ന് പ്രതികരിച്ചു എന്നല്ലാതെ ഇപ്പോഴത്തെ മട്ടിൽ ഇത്രത്തോളം കാര്യം വഷളാക്കേണ്ടതില്ലായിരുന്നു എന്ന തോന്നലിലാണ്.
ഇരു രാജ്യങ്ങൾക്കിടയിലും മികച്ച സഹവർത്തിത്വ ബോധത്തെ രണ്ടുപേരും മുഖവിലക്കെടുത്താൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും.
ഇൻവെസ്റ്റ് ഇന്ത്യയുടെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ 18-ാമത് വിദേശ നിക്ഷേപകരാണ് കാനഡ. 2000 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ 330.6 കോടി ഡോളറാണ് കാനഡ ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (Foreign Direct Investment) 0.5% വരുമിത്.
2022ൽ കാനഡയുടെ ഏറ്റവും വലിയ ഒമ്പതാമത് വ്യാപാര പങ്കാളിയാണ് ഇന്ത്യ. അറുന്നൂറോളം കനേഡിയൻ കമ്പനികൾക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ട്. ആയിരത്തോളം കമ്പനികളിൽ ഇന്ത്യൻ വിപണിയുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിട്ടുണ്ട്.
വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4,10.97 കോടി ഡോളർ വരും. കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.6% വരുമിത്. മരുന്നുകൾ, ജെം ആൻഡ് ജുവലറി, ടെക്‌സ്റ്റൈൽസ്, മെഷിനറി എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
ധാന്യങ്ങൾ, ടിംബർ, പൾപ്പ്, പേപ്പർ, മൈനിംഗ് ഉത്പന്നങ്ങൾ എന്നിവയാണ് കാനഡ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. വേൾഡ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2022ൽ ഇന്ത്യയിലേക്ക് കാനഡയിൽ നിന്നുള്ള പണം കൈമാറ്റം 85.98 കോടി ഡോളറാണ്.
കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന് (CPPIB) ഇന്ത്യയിലെ ലിസ്റ്റഡും അല്ലാത്തതുമായ നിരവധി കമ്പനികളിൽ നിക്ഷേപമുണ്ട്. അടുത്തിടെ എക്‌സ്‌ചേഞ്ചുകളിൽ ഫയൽ ചെയ്തതനുസരിച്ച് ഒരു ലക്ഷം കോടിയോളം രൂപ വരുമിത്. കൊടക് മഹീന്ദ്ര ബാങ്ക്, ഡെൽഹിവെറി, സൊമാറ്റോ, പേയ്ടിഎം, നൈക, വിപ്രോ, ഇൻഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സി.പി.പി.ഐ.ബി നിക്ഷേപിച്ചിട്ടുള്ള കമ്പനികൾ.
ഇന്ത്യയിൽ നിന്ന് വലിയൊരു അളവിലുള്ള മനുഷ്യ വിഭവ ശേഷി പ്രവർത്തിക്കുന്നതും ഉന്നത വിദ്യാഭ്യാസം നടത്തുന്നതും കാനഡയിലാണ്. കാനഡക്ക് ആണെങ്കിൽ ഒരു പരിധിവരെ അവരെ വേണംതാനും. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങൾക്കിടയിലും ഉഭയ ബന്ധം മെച്ചപ്പെടുത്താനുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും പുറത്താക്കലും വിസ നടപടികളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കലൊക്കെയാണ് ഇപ്പോൾ കണ്ട നയതന്ത്ര പ്രതിസന്ധികൾ. പ്രകോപനമില്ലാത്ത പ്രസ്താവനകൾ ഇല്ലാണ്ടിരിക്കുകയും മികച്ച നയതന്ത്ര ചർച്ചകൾ നടക്കുകയും ചെയ്താൽ കാനഡ ഇന്ത്യ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
ആഗോളതലത്തിൽ ഇന്ത്യയെ താറടിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നു പ്രഖ്യാപിക്കാൻ ട്രൂഡോയുടെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണത്തിന് സുതാര്യവും സുഗ്രാഹ്യവുമായ മറുപടി കൊടുക്കാൻ ഇന്ത്യക്കും കഴിയേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, ഉഭയകക്ഷിബന്ധത്തിലെ വിള്ളലുകൾ ഇല്ലാതാക്കി സഹകരണത്തിൻറെയും സൗഹാർദത്തിൻറെയും അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ലോകത്തിൻറെതന്നെ സുഗമമായ മുന്നേറ്റത്തിന് അനിവാര്യമാണ്.
Safvanul Nabeel. TP (Guest Post) Edited by Muzammil Salam (Proofreader of KAALIKKUPPI |
0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI