പ്രിൻസ് ഓഫ് കസിയോണ - 5 | Prince of Casiyona -5 | Malayalam Novel | The Psychological Thriller

 

പ്രിൻസ് ഓഫ് കസിയോണ - 5 | Prince of Casiyona -5 | Malayalam Novel | Written by Afsal klari

 പ്രിൻസ് ഓഫ് കസിയോണ - 5

രാവിലെ ആരോ ദേഹത്ത് വെള്ളമൊഴിച്ചപ്പോഴാണവൻ ഞെട്ടിയെഴുന്നേറ്റത്.വേറാരോ കല്ലുമെടുത്തെറിഞ്ഞു.അവനവിടെ നിന്നുമെഴുന്നേറ്റ് ഓടി. അവന് എന്തോ നാറുന്നതായി അനുഭവപ്പെട്ടു.അതവന്റെ ഡ്രസ്സ് തന്നെയായിരുന്നു.അയാളൊഴിച്ച അഴുക്കുവെള്ളവും അവന്റെ വിയർപ്പും അവിടത്തെ പൊടിയും പുകയുമെല്ലാം ചേർന്ന് അത് വലിയ ദുർഗന്ധമുണ്ടാക്കാൻ തുടങ്ങിയിരുന്നു. 

അവൻ മറ്റൊന്നുമാലോചിക്കാതെ ആ പാന്റും കുപ്പായവും അഴിച്ചിട്ടു. അവിടെ കിടന്നിരുന്ന ഒരു തുണിക്കഷണം അരയിൽ ചുറ്റി നിരത്തിലൂടെ നടക്കാനാരംഭിച്ചു.ഇതു കണ്ട എല്ലാവരും അവനെത്തന്നെ രൂക്ഷമായി നോക്കി.അവൻ ഭ്രാന്തനാണെന്ന് കരുതി അവിടെ റോന്തു ചുറ്റിയിരുന്ന പോലീസുകാർ അവനെ അടിച്ചോടിക്കാനായി പിറകെ ഓടി.രംഗം പന്തിയല്ലെന്ന് കണ്ട് അവനവിടെ നിന്നും നിർത്താതെ ഓടി.ഓടിയോടി അവൻ വന്ന മൂന്നും കൂടിയിടത്തെത്തി.അവിടെ നിന്ന് വീണ്ടും ഓടിയോടി കാട്ടിലെത്തിയെങ്കിലും അവന്റെ വീടെവിടെയാണെന്നവന് മനസ്സിലായില്ല. അച്ഛനവന് കൊടുത്തിരുന്ന മാപ്പ് ആ പാന്റിന്റെ പോക്കറ്റിലുമായിരുന്നു.തൽക്കാലമവിടെനിന്നവൻ ഇലകൊണ്ടൊരു ഉടുതുണിയുണ്ടാക്കി ഉടുത്തിരിക്കുന്ന തുണി അവിടെ അഴിച്ചിട്ടു. കാട്ടിൽ കുറേ കറങ്ങി അവസാനം പുഴയുടെ തീരത്തെത്തി. പുഴയോടു ഓരം ചേർന്നവൻ നടന്നു നടന്നവസാനം തിരിച്ച് വീട്ടിലെത്തി.സന്തോഷമടക്കാനാവാതെ അവൻ ഉറക്കെ ഒച്ച വെച്ചു . 

അവൻ  അച്ഛനെ ഒരുപാട് വിളിച്ചെങ്കിലും മറുപടി കിട്ടാഞ്ഞത് കണ്ടപ്പോഴവന് മനസ്സിലായി താഴെയുണ്ടാകുമെന്ന്.അവൻ വേഗം കതക് തുറന്ന് താഴെയെത്തിയപ്പോൾ അച്ഛനവിടെ കിടന്നുറങ്ങുന്നത് കണ്ടു. അവനാദ്യം തന്നെ അച്ഛനോട് ദേഷ്യപ്പെട്ടു.എന്തിനാണെന്നെ അങ്ങോട്ടയച്ചത്..? ജീവൻ തിരിച്ച് കിട്ടിയത് തന്നെ വലിയ കാര്യം. എന്നാലിതൊന്നും കേട്ടിട്ട് അച്ഛന് കുലുക്കമില്ല അവനച്ഛനെ കുലുക്കി വിളിച്ചെങ്കിലും കണ്ണുതുറക്കുന്നില്ല.അവന്റെ ജീവിതത്തിലെ ആദ്യത്തെ മരണമവൻ അഭിമുഖീകരിക്കുകയായിരുന്നു.അവനാ യാഥാർത്ഥ്യം ഒരുപാട് മണിക്കൂറുകളോളം ഉൾക്കൊള്ളാൻ സാധിച്ചില്ല.ശേഷമവൻ നിർത്താതെ ഒരുപാട് കരഞ്ഞു.ആദ്യമായിട്ടവനന്ന് ഹൃദയം പൊട്ടി കരഞ്ഞു.അവൻക്ക് അതംഗീകരിക്കാൻ കഴിയുമായിരുന്നില്ല.എത്ര നേരം അവനങ്ങനെ കരഞ്ഞോണ്ടിരുന്നെന്ന് അവനറിയില്ല.അതിനിടയിൽ അവൻ അറിയാതെ ഉറങ്ങിപ്പോയിരുന്നു. കണ്ണു തുറന്നപ്പോൾ നടന്നതൊക്കെ സ്വപ്നമാണെന്ന് കരുതാൻ അവൻ പലയാവർത്തി ശ്രമിച്ചുവെങ്കിലും മുന്നിൽ മരവിച്ചു കിടക്കുന്ന അച്ഛന്റെ മൃതശരീരം അതിനനുവദിക്കുന്നുണ്ടായിരുന്നില്ല. ചെറു തേങ്ങലോടെ അവനവിടെ നിന്നുമെണീറ്റു. അവിടെത്തന്നെ ആഴത്തിലൊരു കുഴിവെട്ടി അതിലച്ഛനെ അടക്കി.അന്നേരം അച്ഛന്റെ കയ്യിൽ നിന്നുമവന് ഒരു ഡയറി കിട്ടി.അതിലവരുടെ കഴിഞ്ഞ ഭൂതകാലത്തെ ക്രിസ്റ്റഫർ കോറിയിട്ടിട്ടുണ്ടായിരുന്നു.

അവൻ വായിച്ചു തുടങ്ങുകയായിരുന്നു അവന്റെ കുടുംബത്തിന്റെ തലവര മാറ്റി തിരുത്തിയ ആ ഇരുണ്ട കാലങ്ങളെ.

(തുടരും...)

Afsal Klari
(Managing Editor of KAALIKKUPPI)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI