കോമാളി
ശാന്തിനഗറിലായിരുന്നു കൃഷ്ണ കുമാറും ഭാര്യ ഗീതയും താമസിച്ചിരുന്നത്. സൂരജും ലക്ഷ്മിയും അവരുടെ മക്കളാണ്. ഇരുവരും പഠനത്തിൽ മിടുക്കർ. ഒരുപാട് കഷ്ടപ്പെട്ടാണ് കൃഷ്ണകുമാർ തന്റെ മക്കളെ പഠിപ്പിച്ചിരുന്നത്. കല്ലു ചെത്താൻ പോകുന്ന കൃഷ്ണ കുമാർ തന്റെ പ്രാരാബ്ദങ്ങളൊന്നും തന്റെ മക്കളറിയരുതെന്നാഗ്രഹിച്ചിരുന്നു. മക്കളുണരും മുമ്പേയുണർന്ന് ജോലിക്ക് പോയി, വൈകുന്നേരം വളരെയധികം ക്ഷീണിതനായി തിരിച്ചെത്താറാണ് പതിവ്. അപ്പോഴേക്കും മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടുണ്ടാകും.
കൃഷ്ണകുമാറിന്റെ ഭാര്യ ഗീതക്ക് നല്ല രീതിയിൽ തന്നെ തയ്യൽ അറിയാവുന്നതുകൊണ്ട് ഒഴിവു സമയം ഗീത തയ്യൽ ജോലിചെയ്ത് കൃഷ്ണകുമാറിനെ സഹായിക്കുമായിരുന്നു. സൂരജിനും ലക്ഷ്മിക്കും പഠനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും അയാൾ തന്റെ കഴിവിന്റെ പരമാവധി വാങ്ങി കൊടുത്തു.അവരുടെ ജീവിതം വർഷങ്ങളിലൂടെ ഉരുണ്ടുനീങ്ങി. ലക്ഷ്മി എട്ടാം ക്ലാസ്സിലും സൂരജ് പ്ലസ്ടുവിലും എത്തിയതോടെ കൃഷ്ണകുമാറിന്റെ ചിലവ് വർദ്ധിച്ചു . എങ്കിലും മക്കളുടെ പഠനത്തിന് കുറവുകൾ വരാതിരിക്കാൻ കൃഷ്ണകുമാർ കൽപ്പണിയില്ലാത്ത ദിവസങ്ങളിൽ മറ്റു പല ജോലികൾക്കും പോയിത്തുടങ്ങി. കൂടെ ഗീത തയ്യൽ ജോലിയും വർദ്ധിപ്പിച്ചു. കുറച്ചു വർഷങ്ങൾക്കുശേഷം പട്ടണത്തിൽ നിന്ന് ലക്ഷ്മിക്ക് ഒരു കല്യാണാലോചന വന്നു. അപ്പോഴേക്കും ലക്ഷ്മി ഡിഗ്രി കഴിഞ്ഞിരുന്നു. കൃഷ്ണകുമാർ ഗീതയോട് പറഞ്ഞു : "ദൂരമൊത്തിരിയുണ്ടെങ്കിലും നല്ലൊരാലോചനായാണെന്ന് തോന്നുന്നു. നമുക്കിത് നടത്താം ല്ലേ.. ഗീതേ...?" "എല്ലാം നിങ്ങളുടെ ഇഷ്ടം പോലെയാവട്ടെ , എനിക്ക് സമ്മതമാണ് " എന്ന് ഗീത മറുപടി പറഞ്ഞു.
കല്യാണത്തിന് ശേഷം ലക്ഷ്മിയെ അവളുടെ ഭർത്താവ് പട്ടണത്തിലേക്ക് കൊണ്ടുപോയി. ആദ്യമൊക്കെ അവൾ ഇടയ്ക്ക് അവരുടെ കൂടെ താമസിക്കാൻ വന്നിരുന്നു. പതിയെ പതിയെ അതില്ലാതെയായി. സൂരജിപ്പോൾ പട്ടണത്തിലുള്ള ഒരു വലിയ കമ്പനിയിൽ സി. ഇ .ഒ ആയി വർക്ക് ചെയ്യുകയാണ്. ഞായർ ലീവ് ആയതുകൊണ്ട് തന്നെ സൂരജ് എല്ലാ ശനിയാഴ്ചയും പട്ടണത്തിൽ നിന്ന് തന്റെ അമ്മയെയും അച്ഛനെയും കാണാൻ വരുമായിരുന്നു. വീട്ടിൽ നിന്നുമൊരുപാട് അകലെയായതിനാൽ പട്ടണത്തിൽ ഒരു ഫ്ലാറ്റെടുത്ത് അതിലായിരുന്നു അവന്റെ താമസം. കൃഷ്ണകുമാറും ഗീതയും തീർത്തും ഒറ്റപ്പെട്ടു പോയി. മകൻ വരുമ്പോഴാണ് ഒരാശ്വാസവും സന്തോഷവുമുണ്ടാവുക. അവനില്ലെങ്കിൽ അവരാ വീട്ടിൽ തനിച്ചാണ്. ചിലവിനൊക്കെ ഇപ്പോൾ സൂരജുള്ളത് കൊണ്ട് അവരിപ്പോൾ ജോലി ചെയ്യാറില്ല. അതിനുള്ള കരുത്തും കാലങ്ങളായുള്ള അധ്വാനത്തിൽ ഉരുകിപ്പോയിരുന്നു. ഒരു ദിവസം കൃഷ്ണകുമാർ പറഞ്ഞു “സൂരജിന് നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട് നമുക്ക് പ്രായം കൂടി വരികയല്ലേ...എത്രയും പെട്ടെന്ന് തന്നെ അവന്റെ കല്യാണം നടത്തണം.” ഈ കാര്യം സൂരജിനോട് പറയുകയും വൈകാതെ കല്യാണം നടക്കുകയും ചെയ്തു. സൂരജിനും ഭാര്യ നിവ്യക്കും അധിക ദിവസം വീട്ടിൽ അമ്മയുടെയും അച്ഛന്റെയും കൂടെ താമസിക്കാൻ സാധിച്ചില്ല. കാരണം പട്ടണത്തിലെ വലിയൊരു ഹോസ്പിറ്റലിലെ നേഴ്സാണ് നിവ്യ. അതിനാൽ അവരിരുവരും സൂരജിന്റെ ഫ്ലാറ്റിലേക്ക് താമസം മാറി. കുറച്ചുനാളുകൾക്കു ശേഷം സൂരജിന്റെ അമ്മ മരണപ്പെട്ടു.
വീട്ടിൽ കൃഷ്ണകുമാർ തന്റെ ഓർമ്മകളോടൊപ്പം തനിച്ചാവുകയും ചെയ്തപ്പോൾ നിവ്യ സൂരജിനെ ഒരു വിധത്തിൽ സമ്മതിപ്പിച്ചുകൊണ്ട് അച്ഛനെയും ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. പക്ഷേ, അച്ഛന് പ്രായമായത് കൊണ്ട് തന്നെ കൂടെ കൂട്ടാൻ സൂരജിന് മടിയായിരുന്നു. ഒരിക്കൽ അവരുടെ ഫ്ലാറ്റിനടുത്തുള്ളവർ ഇതാരെന്ന ചോദ്യത്തിന് സൂരജിന്റെ മറുപടി “ എന്റെ ഒരകന്ന ബന്ധുവാ...കുറച്ചുദിവസം ഇവിടെ താമസിക്കാൻ വന്നതാ”ണെന്നായിരുന്നു. ഇതു കേട്ട കൃഷ്ണ കുമാറിന്റെ കണ്ണുകൾ നിറഞ്ഞെങ്കിലും അവൻ കാണും മുമ്പേ അയാളത് തുടച്ചു. അവനെ വിഷമിപ്പിക്കേണ്ടല്ലോ എന്നു കരുതി ചുണ്ടിലൊരു പുഞ്ചിരി വരുത്തി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അച്ഛൻ തന്റെ ഫ്ലാറ്റിൽ നിൽക്കുന്നത് പോലും സൂരജിന് ഒരു ബാദ്ധ്യതയായി തോന്നി. നിവ്യക്ക് ജോലിത്തിരക്ക് കാരണം അച്ഛനെ ശ്രദ്ധിക്കാനും സാധിച്ചില്ല. സൂരജ് ഒരു ദിവസം രാവിലെ അച്ഛനോട് തന്റെ കാറിൽ കയറാൻ പറഞ്ഞു. എന്തിനെന്നയാൾ ചോദിച്ചില്ല. ചോദ്യങ്ങളുടെ പ്രസക്തി അയാളുടെ ജീവിതത്തിൽ നിന്നും എന്നോ മാഞ്ഞു പോയിരുന്നു. അവർ തമ്മിൽ സംസാരിക്കാതെ ഒരുപാട് ദൂരം യാത്ര ചെയ്തു. അയാൾ തന്റെ മകനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. വഴിവക്കിലെ ഹോട്ടലു കാണുമ്പോഴും റോഡരികിൽ കുഴികുത്തുന്നവരെ കാണുമ്പോഴും ഏതേലും ബിൽഡിംഗിന്റെ പണി കാണുമ്പോഴുമെല്ലാം അയാൾ താൻ വന്ന വഴികളിലെ കനലിന്റെ ചൂട് ഓർത്തെടുക്കുകയായിരുന്നു. അപ്പോഴെല്ലാം തന്റെ മക്കളുടെ മുഖമായിരുന്നു ഏക ആശ്വാസം. ഇപ്പോഴവർ വളർന്നിരിക്കുന്നു. പെട്ടെന്ന് വണ്ടിയൊന്ന് കുലുങ്ങിയപ്പോൾ അയാൾ ചിന്തയിൽ നിന്നുണർന്നു. ഏതോ കെട്ടിടത്തിലേക്കുള്ള കവാടത്തിന്റെ ഹമ്പ് ചാടിയതാണ്. മുമ്പിലെ മരപ്പലകയിൽ ഭംഗിയിൽ "കരുണാലയം വൃദ്ധസദനം". സൂരജ് അച്ഛനെയും കൂട്ടി ഓഫീസിലേക്ക് പോയി രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്യുന്നതിനിടയിൽ ഓഫീസർ ചോദിച്ചു : "ഇത് നിങ്ങളുടെ ആരാ ? അച്ഛനാണോ?" സൂരജ് ഒന്നും ചിന്തിക്കാതെ തന്നെ മറുപടി പറഞ്ഞു : അല്ലല്ല, ഇതെന്റെ അച്ഛനൊന്നുമല്ല. ഇന്നലെ വഴിയിൽ വച്ച് കിട്ടിയതാണ്. ഏതോ സർക്കസ് കമ്പനിയിൽ നിന്നും ചാടിപ്പോന്ന കോമാളിയാണെന്നാ പറഞ്ഞത്.
ആരും ഇല്ലാതെ ഒറ്റക്ക് തെരുവിൽ കിടക്കുന്നത് കണ്ടപ്പോൾ ഇങ്ങോട്ട് കൊണ്ടുവന്നുവെന്ന് മാത്രം." സൂരജിനപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. താൻ കഷ്ടപ്പെട്ട് വളർത്തിയ സ്വന്തം മകനിൽ നിന്ന് തന്നെ ഈ വാക്കുകൾ കേട്ടപ്പോൾ മരിച്ചുപോയ തന്റെ ഭാര്യയുടെ മുഖമാണ് അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞത്. അദ്ദേഹം മനസ്സിൽ പറഞ്ഞു: " ഓ എന്റെ ഗീതേ...നീയെത്ര ഭാഗ്യവതിയാണ്. നീ ഇതൊന്നുമനുഭവിക്കേണ്ടി വന്നില്ലല്ലോ... താൻ കോമാളിയായിരുന്നില്ലേ ശരിക്കും. ഉള്ളിലെ വേദനകൾ പുഞ്ചിരിയുടെ പൊയ്മുഖം കൊണ്ട് മറച്ചു പിടിച്ച കോമാളി. തന്റെ മകനത് തിരിച്ചറിഞ്ഞു കാണണം" അയാളാ പ്രയോഗവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു.
"എന്താ പേര്? " അറ്റൻഡറുടെ ചോദ്യത്തിന് അയാൾ ചിലമ്പിച്ച സ്വരത്തിൽ മറുപടി പറഞ്ഞു : "കോമാളി "
✍️ RAMEES PT (Guest Post)
0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI