ഗ്രോ വാസു ; ധാർഷ്ട്യം കൊണ്ട് മൂടാനാവാത്ത ശബ്ദമാണത് | Grow Vasu

 ഗ്രോ വാസു ; ധാർഷ്ട്യം കൊണ്ട് മൂടാനാവാത്ത ശബ്ദമാണത് | Written by Safvanul Nabeel TP

 ഗ്രോ വാസു ; ധാർഷ്ട്യം കൊണ്ട് മൂടാനാവാത്ത ശബ്ദമാണത്

'ചെയ്യാത്ത കുറ്റത്തിന് പിഴയൊടുക്കാനോ, ജാമ്യം തേടാനോ തയ്യാറല്ല’ എന്നു പ്രഖ്യാപിച്ചാണ്​ വാസു ജയിലിലേക്ക് കയറിച്ചെന്നത്. നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് എ.വാസു എന്ന കേരളത്തിലെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയ പ്രവർത്തകനെ റിമാൻഡ് ചെയ്യാൻ കോടതി തീരുമാനിച്ചത്. ജാമ്യത്തിൽ വിടാമെന്ന കോടതിയുടെ സൗജന്യത്തെ തിരസ്‌കരിച്ച്​, ചെയ്യാത്ത തെറ്റിന് നിരുപാധിക വിട്ടയക്കലിനല്ലാതെ മറ്റൊന്നിനും വഴങ്ങാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു മുൻ നക്സൽ പ്രവർത്തകൻ കൂടിയായ ഈ തൊണ്ണൂറ്റിയഞ്ചുക്കാരൻ.

2016 നവംബറിൽ കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിലായിരുന്നു ഗ്രോ വാസുവിനെതിരായ ഭരണകൂട നീക്കങ്ങൾ ആരംഭിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്ക് മുമ്പിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ഒരു മാസമായി അദ്ദേഹം ജയിലിലാണ്.

 ഉപാധികളോടെ പുറത്തിറങ്ങാനുള്ള സാധ്യതകൾ തന്റെ മുന്നിലോട്ട് വച്ച് നീട്ടിയപ്പോൾ ആ ആനുകൂല്യത്തെ തട്ടിത്തെറിപ്പിച്ച ഈ വയോധികൻ  ചോരത്തിളപ്പിന്റെ വിപ്ലവതരികൾ തന്നിൽ ഇപ്പോഴുമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ്.

മറ്റ് പ്രതികൾ പിഴയടച്ച് കേസിൽ നിന്നൊഴിവായത് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും അതിന് തയ്യാറല്ലെന്നും എട്ടുപേരെ വെടിവച്ച് കൊന്നിട്ട് ഒരു കേസ് പോലുമില്ലാതിരിക്കുകയും അതിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നാണ് ഗ്രോ വാസുവിന്റെ വാദം. അഭിഭാഷകൻ വേണ്ടെന്ന മുൻനിലപാടും ഗ്രോ വാസു കോടതിയിൽ ആവർത്തിച്ചു.

 ഗ്രോ വാസു ഈയൊരു സംഭവത്തോടെ തിളങ്ങി തെളിഞ്ഞ വ്യക്തിയല്ല മറിച്ച് മാധ്യമങ്ങളുടെ ചൂടുപിടിക്കാതെ മനുഷ്യാവകാശങ്ങൾക്കായി ശബ്ദിക്കുന്ന ഒരു സാമൂഹിക സ്വരമാണത്. വയനാടൻ കാടുകളിൽ ഗറില്ലാപോരാട്ടത്തിന് നേതൃത്വം നൽകിയ വാസുവിൽ ഇപ്പോഴും  വിപ്ലവ വീര്യം അണഞ്ഞിട്ടില്ല. വനാന്തരങ്ങളിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ പിന്നിലുള്ള രാഷ്ട്രീയ കളികളെ വെളിച്ചത്തു കൊണ്ടുവരണം എന്നാണ് ഇദ്ദേഹം പറഞ്ഞുറപ്പിക്കുന്നത്.

കോഴിക്കോട് പൊറ്റമ്മലിലെ ഒറ്റമുറിയിൽ കഴിഞ്ഞിരുന്ന ഈ പഴയ വിപ്ലവകാരി അവശതകൾക്കിടയിലും ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്നു.

 ഒരു തികഞ്ഞ വിപ്ലവകാരിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തുചേർന്ന ഒരു ആക്ടിവിസ്റ്റായിരുന്നു ഗ്രോ വാസു. പൊറ്റമ്മലിലെ ആ കൊച്ചു വീടിന്റെ ചുമരുകളിൽ കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ്, വ്‌ളാഡിമിർ ലെനിൻ, ജോസഫ് സ്റ്റാലിൻ, മാവോ സേതുങ്, പി കൃഷ്ണപിള്ള എന്നിവരാണ് പുറം കാഴ്ചക്കാരെ നോക്കി ചിരിക്കുന്നത്. വിപ്ലവകരമായ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ആ ഓരോ  ഫോട്ടോഗ്രാഫുകളും.

പല മുൻ നക്‌സലൈറ്റുകളും ദൈവത്തേയും ആൾദൈവങ്ങളേയും വലതുപക്ഷ രാഷ്ട്രീയത്തേയും കൈപിടിച്ചു നടത്തിയപ്പോഴും, പരാജയപ്പെട്ട വിപ്ലവത്തിന്റെ തീക്കനൽ ഇപ്പോഴും ഉള്ളിൽ ജ്വലിക്കുന്നുണ്ടെന്നതിന് സാക്ഷ്യം വഹിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം.

 1960 കളിൽ കേരളത്തിൽ അംഗീകാരം ശക്തിപ്പെട്ട  മാവോയിസ്റ്റ്  ശൃംഖലകളിലും ആക്രമണങ്ങളിലും ഗ്രോ വാസു അടക്കം പങ്കാളിയായിരുന്നു.  അങ്ങനെ കേരളം ചർച്ച ചെയ്ത മാവോയിസ്റ്റ് ഭീകരരിൽ പ്രധാനിയായിരുന്ന ടി വർഗീസിനൊപ്പം ആയിരുന്നു ഗ്രോ വാസുവിന്റെ പ്രവർത്തനങ്ങൾ.

ഘടകകക്ഷികൾക്കുള്ളിലെ ആഭ്യന്തര സംഘട്ടനങ്ങൾ കാരണം ഇ എം എസ് സർക്കാർ താഴെ പതിച്ച് ഒരു വർഷത്തിനുശേഷം, വർഗീസ് ഒരു പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ അതൊരു രാഷ്ട്രീയ ചർച്ചയായി കേരളത്തിൽ ഉയർന്നുവന്നു.

1970 ഫെബ്രുവരി 18-ന് ചെഗുവേരയുടെ ഏറ്റവും അടുത്ത മലയാളി പ്രതിനായകനായിരുന്ന വർഗീസ്, അന്നത്തെ ഉന്നത ഉദ്യോഗസ്ഥരായ ഡി ഐ ജി കെ പി വിജയൻ, ഐ ജി കെ ലക്ഷ്മണ എന്നിവരുടെ നിർദ്ദേശപ്രകാരം ഒരു കോൺസ്റ്റബിളിനാൽ വെടിയേറ്റു കൊല്ലപ്പെട്ടു എന്നതാണ് ചരിത്രം.

വർഗീസ് മരിച്ച് നാല് ദിവസത്തിന് ശേഷം വാസു അറസ്റ്റിലായി. അതോടെ കേരളത്തിലെ നക്സൽ പ്രവർത്തനത്തിന്റെ  ഒരു കണ്ണിയെന്ന നിലക്ക് വാസുവിനെ കേരളം പരക്കെ അറിഞ്ഞു തുടങ്ങി. അന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നത് അഴിനൂർ വാസു എന്ന പേരിലാണ്.

ആഭ്യന്തര അടിയന്തരാവസ്ഥ പിൻവലിച്ച് ഒരു മാസത്തിനുശേഷം 1977 ഏപ്രിലിൽ മോചിതനാകുന്നതിനുമുമ്പ് അയിനൂർ വാസു ജാമ്യമില്ലാതെ കണ്ണൂർ സെൻട്രൽ ജയിലിൽ ഏഴു വർഷവും മൂന്നു മാസവും തടവനുഭവിച്ചു.

പിന്നീടായിരുന്നു തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് അദ്ദേഹം ഉയർന്നുവരുന്നത്.സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനെന്ന നിലയിൽ, കോഴിക്കോട് മാവൂരിലെ ബിർളയുടെ ഉടമസ്ഥതയിലുള്ള ഗ്വാളിയോർ റയോൺസിനെതിരെ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകി, ഇത് വിവിധ ട്രേഡ് യൂണിയനുകളുടെ അടിക്കടിയുള്ള സമരത്തെത്തുടർന്ന് ഇതിനകം അസ്ഥിരമായി മാറിയ യൂണിറ്റ് അടച്ചുപൂട്ടാൻ കാരണമായി.

ഗ്വാളിയോർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്‌സ് (GROW) എന്ന സംഘടനയുടെ കീഴിലുള്ള തൊഴിലാളികളുടെ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയാണ് GROW വാസു എന്ന വിശേഷണം നേടിയത്.

 പിന്നീടങ്ങോട്ട് തൊഴിലാളികളുടെയും മനുഷ്യാവകാശങ്ങളുടെയും ഒരു സ്വരമായി പതിയെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് വാസു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന സാമൂഹിക ബോധത്തെ കലാപവുമായി കൂട്ടിക്കിഴിക്കുന്ന ഒരു പൊതു ധാരണയുടെ ഭീകരമുഖമായി ചിത്രീകരിക്കുന്നതിന്റെ പോരായ്മ നാം തിരിച്ചറിയേണ്ടതുണ്ട്.

എ. വാസുവിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും രാഷ്ട്രീയ കേരളത്തിന് പരിചയപ്പെടുത്തേണ്ടത് ഭീകരമുഖം എന്ന നിലക്കല്ല. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ പുലർത്തിപ്പോരുമ്പോഴുമ്പോഴും ഗ്രോ വാസുവെന്ന രാഷ്ട്രീയക്കാരന്റെ സമര സന്നദ്ധതയെയും രാഷ്ട്രീയബോധ്യത്തെയും ആത്മാർത്ഥതയെയും നിഷ്പക്ഷതയെയും വിലമതിക്കാതിരിക്കാൻ ഒരാൾക്കും സാധ്യവുമല്ല.

95-കാരനെ ജയിലിലയക്കുന്നതിന്റെ 'പാപഭാരം' ഏറ്റെടുക്കാൻ കഴിയാത്ത വല്ലാത്ത അവസ്ഥയിൽ നിന്നാണ് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച അദ്ദേഹത്തെ വായ പൊത്തിപ്പിടിച്ചും മുഷ്ടിചുരുട്ടിയ കൈതാഴ്ത്തിയൊതുക്കി വണ്ടിയിൽ തള്ളിക്കയറ്റിയും  നാമില്ലാതാക്കാൻ ശ്രമിക്കുന്നത്.

 അതൊരു വയോധികന്റെ പിടിവാശിയല്ല. സ്റ്റാൻ സ്വാമി ജയിലിൽ കിടന്ന് നരകിച്ചു മരിച്ചെന്ന് ഫാസിസ്റ്റ് ഭരണകൂടത്തെ വിമർശിച്ച് വീമ്പിളക്കി പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകാർ അടക്കം ഗ്രോ വാസുവിന്റെ തൽസ്ഥിതിയിൽ മൗനം കൊള്ളുന്നത് ഭൂഷണമല്ല.

അതിദീർഘമായ ജീവിതത്തിന്റെ 40 നാളുകൾ ഭക്ഷണം ഉപേക്ഷിച്ച് സമരത്തിന് ഊർജ്ജം പകർന്ന പാരമ്പര്യമുള്ള വാസുവിന് ആത്മസഹനത്തിന്റെ പാത അത്ര പുതുതല്ലെന്ന് നമുക്കറിയാം. എങ്കിലും സാമ്പ്രദായിക ശീലങ്ങളിൽ ഒട്ടിപ്പിടിച്ച് നടക്കുന്ന കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർക്ക് മുന്നിൽ പുതിയൊരു വെല്ലുവിളി ഉയർത്തി വാസു  വാർദ്ധക്യം പൂണ്ട ശരീരത്തിൽ നിന്നും അമർച്ചയില്ലാത്ത ശബ്ദമാവുമ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സകലരുടെയും തല താഴ്ന്നു തന്നെ നിൽക്കുന്നു എന്നത് ലജ്ജാകരം തന്നെ.

Safvanul Nabeel. TP (Guest Post)
Edited by Afsal klari
(Managing Editor of KAALIKKUPPI

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI