ബദൽ മാർഗ്ഗമില്ലാതെ തകരുന്ന വിദ്യാഭ്യാസ സമ്പ്രദായം | A collapsing education system with no alternative

 ബദൽ മാർഗ്ഗമില്ലാതെ തകരുന്ന വിദ്യാഭ്യാസ സമ്പ്രദായം | A collapsing education system with no alternative

 ബദൽ മാർഗ്ഗമില്ലാതെ തകരുന്ന വിദ്യാഭ്യാസ സമ്പ്രദായം

 നാലാം വ്യവസ്ഥകൾ വിപ്ലവത്തിലൂടെ കടന്നു പോകുന്ന ലോകത്ത് മാറ്റമില്ലാതെ തുടരുന്ന ഒന്നായി നിലവിലെ വിദ്യാഭ്യാസ രീതി മാറുമ്പോൾ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. വരുംകാലത്തേക്ക് വേണ്ടി നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ?  പഠിക്കുന്നവരും പഠിച്ചവരും പഴി പറയുന്ന ഒന്നായി ഇന്ന് നമ്മുടെ വിദ്യാഭ്യാസ രീതി മാറിയിട്ടുണ്ട്. പഠിതാക്കളെ ഭൂതകാലത്തിൽ തളച്ചിടുന്നുവെന്നല്ലാതെ  പുതുതായി ഒന്നും കാര്യമായി നൽകുന്നില്ല. ഇന്നിനെയോ നാളെയെയോ പറയാത്ത സിലബസുമായി ഇത് ഇനിയും എത്ര കാലം മുന്നോട്ടു പോകുമെന്നറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഈ രീതി വൈകാതെ തകരും.

 ദീർഘവീക്ഷണം ഉള്ളവരെല്ലാം പ്രത്യേകിച്ച് ടെക്കികൾ, നിലവിലെ വിദ്യാഭ്യാസ രീതി തകരുമെന്ന് പറയുന്നുണ്ടെങ്കിൽ പോലും വ്യക്തമായ ഒരു ബദൽ സംവിധാനം ആരും തന്നെ ധൈര്യസമേതം  മുന്നോട്ട് വെക്കുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗമനവും അതിപ്രസരണവുമെല്ലാം ജോലി സാധ്യതകളെ അപ്പാടെ തകർത്തു കളയുന്നതും, ദിനംപ്രതി പുതിയ പുതിയ ജോലി സാധ്യതകൾ ഉടലെടുക്കുന്നതും, ജോലികളെയെല്ലാം ടെക്നോളജി റീപ്ലേസ്  ചെയ്യുന്നതും, ലോകത്തെ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിർത്തുമ്പോൾ ജോലികൾക്കെല്ലാം മനുഷ്യനെ പ്രാപ്തനാക്കുന്ന വിദ്യാഭ്യാസത്തിലേക്കാണ് ദൃഷ്ടികൾ ചെന്നെത്തുന്നത്. തകരും എന്ന് ഉറപ്പുണ്ടായിട്ടും തകർന്നു കൊണ്ടിരിക്കുകയായിട്ടും നാം ആരും അതിൽ നിന്ന് പുറകോട്ടു പോകുന്നതോ പുതിയ രീതി മെനഞ്ഞെടുക്കാൻ തുനിയുകയോ ചെയ്യുന്നില്ല. എല്ലാം വെറും പ്രോഗ്രാമുകളിലെ ചർച്ചകളിലും പ്രസംഗങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. സർക്കാർ സംവിധാനമാണ് ഇതിന് മാറ്റം വരുത്തേണ്ടതെന്ന് പറയുമ്പോൾ ആരാണ് സർക്കാർ? നമ്മൾ ജനങ്ങൾ തന്നെയല്ലേ എന്ന് നാം നമ്മുടെ തന്നെ ചോദിക്കേണ്ടതുണ്ട്.


 ഇത്രയും മാറ്റങ്ങൾ ലോകത്ത് സംഭവിക്കുമ്പോഴും ഇതൊന്നും നമ്മുടെ നാടിനെയോ എന്നെയോ ബാധിക്കുകയേ ഇല്ലെന്ന ടിപ്പിക്കൽ മലയാളി വിശ്വാസവും തിരുത്തപ്പെടേണ്ടതുണ്ട്. നിരന്തരമായ ബോധവൽക്കരണം ഒരുപക്ഷേ ആവശ്യമായി വന്നേക്കാം.


 പത്താം ക്ലാസ് വരെ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും സ്കൂളിൽതീർന്നു പോകുന്ന കുട്ടികളിൽ ബഹുഭൂരിഭാഗം പേർക്കും, തങ്ങൾ പഠിച്ചതിൽ 50 ശതമാനത്തിൽ അധികമെങ്കിലും ആവശ്യമില്ലാത്തതായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നു. നോർമൽ വിദ്യാർത്ഥിക്കനുസരിച്ച് തയ്യാറാക്കിയ സിലബസിൽ പഠിക്കുന്ന നല്ല കഴിവുള്ളവരും തീരെ കഴിവില്ലാത്തവരുമായ വിഭാഗങ്ങളിൽ, ഒരു വിഭാഗത്തിന് സമയം തികയാതെ വരികയും മറ്റേ വിഭാഗത്തിന് സമയം മിച്ചമായി വരികയും ചെയ്യുന്നു. അഭിരുചിക്ക് അനുസരിച്ചുള്ള പഠനത്തിന് എവിടെയാണ് നിലവിലെ രീതി പ്രാധാന്യം നൽകിയിട്ടുള്ളത്? ജ്ഞാനത്തിന്റെ അതിപ്രചരണ കാലഘട്ടമായ ഇന്ന്, ഇത്രത്തോളം ഒരു വിദ്യാർത്ഥി പഠിക്കേണ്ടതുണ്ടോ എന്നതൊരു മറുചോദ്യവും ചർച്ചാവിഷയവുമാണ്.


 മൂല്യബോധത്തിനും ഭാവിയെ അകക്കണ്ണുകൊണ്ട് നോക്കിക്കാണുന്നതുമായ ഒരു വിദ്യാഭ്യാസ രീതി നമുക്ക് ആവശ്യമാണ്. അതിനായി ഒന്നിച്ച് കൈകോർക്കേണ്ടതുണ്ട്, ആശയങ്ങൾ പങ്കുവെക്കേണ്ടതുണ്ട്, ബോധവൽക്കരണം നടത്തേണ്ടതുണ്ട്.


വിർച്വൽ റിയാലിറ്റിയും ഒഗ്മെന്റൽ റിയാലിറ്റിയും യാഥാർത്ഥ്യമായ ഈ കാലഘട്ടത്തിൽ പ്രാക്ടിക്കൽ രീതിക്ക് മുൻതൂക്കം നൽകുന്നതും ധാർമികവും മൂല്യവത്തായതുമായ ഒരു നല്ല വിദ്യാഭ്യാസ രീതിക്കായി നമുക്കൊരുമിച്ച് കൈകോർക്കാം.

✍️ - R K KOTTAKKAL 

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI