മനുഷ്യനല്ല മതമാണിവിടെ മാനദണ്ഡം! CAA ഇന്ത്യക്ക് ഭീഷണിയോ? | Is CAA a threat to India?

 

മനുഷ്യനല്ല മതമാണിവിടെ മാനദണ്ഡം! CAA ഇന്ത്യക്ക് ഭീഷണിയോ?

CAA (Citizenship Amendment Act) അഥവാ പൗരത്വ ഭേദഗതി നിയമം  വളരെയധികം  ആകുലതകളും ആശങ്കകളും രൂപപ്പെടുത്തിയിട്ടുണ്ട്. അതിന് പലവിധ കാരണങ്ങളുമുണ്ട്. അവയിൽ പലതും ഗൗരവമർഹിക്കുന്നവയുമാണെന്നതിനാൽ  സംശയത്തിന്റെ പുകമറ നീക്കി യാഥാർത്ഥ്യം തിരയേണ്ടതുണ്ട്. ഏകദേശം നാലു വർഷം മുമ്പ് കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ആശയമാണ് CAA. ഒരു നിയമം കൊണ്ടു വന്നാൽ അതിനെത്തുടന്ന് ചില ചട്ടങ്ങളും നിയമങ്ങളുമുണ്ടാകും. ഇവ ആറുമാസത്തിനുള്ളിൽ അറിയിക്കണമെന്നാണ്. വേണമെങ്കിൽ അടുത്ത ആറുമാസത്തേക്ക് നീട്ടിവെയ്ക്കാം. ഇങ്ങനെയുള്ള ഒമ്പതോളം നീട്ടിവെക്കലുകൾക്ക് ശേഷം 2024 മാർച്ച് പതിനൊന്നിനാണ് നിയമങ്ങൾ വരുന്നത്. എന്തു കൊണ്ടിവ ഇത്രയേറെ വൈകിയെന്ന്  ഏതൊരു സാധാരണക്കാരന്റെയും സ്വാഭാവികമായ ചോദ്യമായിരിക്കും.

 അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഇലക്ഷൻ സമയം അടുത്തുനിൽക്കുന്ന ഈയൊരു സാഹചര്യത്തിൽ തികച്ചും വോട്ട് ലക്ഷ്യമാക്കിയുള്ള ചുവടുവെയ്പ്പു തന്നെയാണ് ഇതിനു പിന്നിലെന്നതാണ് ആശങ്കാവഹം. 

എന്താണ് CAA എന്നു നോക്കാം,

ഒരു രാജ്യത്ത് രണ്ടു വിധത്തിലുള്ള ജനങ്ങളാണുണ്ടാവുക. സ്വദേശികളും (പൗരന്മാരും) വിദേശികളും. ഇതിൽ സ്വദേശി പൗരന്മാരിൽ തന്നെ രണ്ടു വിഭാഗമാണുള്ളത്. നിയമപരമായി പൗരന്മാരായവരും(Legal Immigrants) നിയമ വിരുദ്ധമായി പൗരന്മാരായി ജീവിക്കുന്നവരും (Illegal Immigrants) . ഇതിൽ CAA വരുന്നത് ബാധിക്കുക ഈ Illegal Immigrants നെ മാത്രമായിരിക്കും. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമായി 2014 ഡിസംബർ 31ന് മുമ്പായി കുടിയേറിപ്പാർത്ത ഹിന്ദു,സിക്ക്,ജൈന,ക്രിസ്ത്യൻ,ബുദ്ധ,പാർസി എന്നീ ആറ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് പൗരത്വം ലഭിക്കുക. ഇവിടങ്ങളിൽ നിന്നും പീഡനമനുഭവിച്ചോ മറ്റോ ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്തവരാണിവരെന്ന പരിഗണനയാണ് ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യകതക്ക് കേന്ദ്രം നൽകുന്ന മറുപടി. എന്നാൽ അതിലേറെ അഭായാർത്ഥി കുടിയേറ്റം നടന്ന ശ്രീലങ്കയും ടിബറ്റും മറ്റു അയൽ രാജ്യങ്ങളൊന്നും പരിഗണിക്കാതെ  ഈ മൂന്ന് രാജ്യങ്ങളിലെ അഭയാർത്ഥികൾക്ക് മാത്രമയി ഈ പരിഗണന നൽകിയതെന്തു കൊണ്ടെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. അതിന് കേന്ദ്രം നൽകിയ മറുപടി ആ മൂന്ന് രാജ്യങ്ങൾ ചരിത്ര പരമായി ഇന്ത്യയോട് ബന്ധമുണ്ടെന്നും അവ ഒരു കാലത്ത് ഇന്ത്യലായിരുന്നെന്നുമാണ്. എന്നാൽ ചരിത്രം കുറച്ചു കൂടെ പുറകോട്ടു സഞ്ചരിച്ചാൽ ശ്രീലങ്കയടങ്ങുന്ന ഒഴിവാക്കപ്പെട്ട മറ്റു പല രാജ്യങ്ങളും ഇന്ത്യയുടേതായിരുന്നെന്ന്  നമുക്കു കാണാം. അഥവാ ആ മറുപടിക്ക് പല്ലിയുടെ മുറിവാലിന്റെ വില പോലുമില്ലെന്ന് സാരം. ഇനി മറ്റൊരു പ്രശ്നം പറയുന്നത്  ഇന്ത്യയൊരു മതേതര രാജ്യമാണെന്നിരിക്കെ എന്തു കൊണ്ട് മാനുഷിക പരിഗണനക്കു പകരം മതം മാനദണ്ഡമായി വെച്ചു എന്നതാണ്. ഇതിലേറെ വിമർശനം നേരിട്ടത് ഇസ്‌ലാം മതത്തെ മാത്രം മാറ്റി നിർത്തിയതിന്റെ പേരിലാണ്. സത്യത്തിൽ ഇവയെല്ലാം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായതു കൊണ്ട് തന്നെ മുസ്‌ലിംകൾക്ക് അഭയാർത്ഥികളായി വരേണ്ട ആവശ്യമില്ല, അവർക്കവിടെ തന്നെയാണ് സുരക്ഷിതം. അതിനാലാണ് ഇസ്‌ലാമിനെ ഇതിൽ നിന്നൊഴിവാക്കിയതെന്ന് കേന്ദ്രം പറയുന്നു. എന്നാൽ പല വിധ ബുദ്ധിമുട്ടുകളാൽ ആ രാജ്യങ്ങളിൽ നിൽക്കാനാകാതെ നാടു വിട്ടു പോന്ന അനേകം മുസ്ലിംകൾ ഇന്ത്യയിലുണ്ടെന്നത് ഇവർ മുഖവിലക്കെടുക്കുന്നില്ല. 

                            ആദ്യകാലത്ത് ഇന്ത്യൻ പൗരത്വം ലഭിക്കാനുള്ള മാനദണ്ഡം മൂന്നെണ്ണമായിരുന്നു. ഇന്ത്യൻ പൗരനായി ജനിക്കുകയോ ഇന്ത്യൻ പൗരന്മാരായ മാതാപിതാക്കൾക്ക് ജനിക്കുകയോ കുറഞ്ഞത് അഞ്ചു വർഷക്കാലമെങ്കിലും ഇന്ത്യയിൽ സ്ഥിര താമസമാക്കുകയോ വേണമായിരുന്നു.മാത്രമല്ല രേഖാമൂലം പൗരത്വത്തിനപേക്ഷിക്കാൻ ഇന്ത്യൻ അംഗീകൃത പാസ്പോർട്ടോ, വിസയോ ഒക്കെ വേണമായിരുന്നെങ്കിൽ CAAയുടെ വരവോടെ ജനന സർട്ടിഫിക്കറ്റോ ലൈസൻസോ തുടങ്ങിയ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ മാത്രം മതി. എന്നാൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമായി കുടിയേറിയവരുടെ എണ്ണം 2011 സെൻസസ് പ്രകാരം മുപ്പത്തിയൊന്ന് ലക്ഷത്തോളമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ സെൻസസിനു ശേഷം 13 വർഷം പിന്നെയും പിന്നിട്ടു . എത്രയോ ലക്ഷം പേർ ശേഷം വന്നിട്ടുണ്ടാകാം. ഇവരെയെല്ലാം ഈ നിയമം ബാധിക്കുന്നതാണ്. 

                          എന്നാൽ ഇതിലേറെ അപകടകരമായത് ഇതിനോടൊപ്പം നടപ്പിലാക്കുമെന്ന് പറഞ്ഞ NRC(National Register of Citizens)യാണ്. CAA ബാധിക്കുന്നത് വിദേശ പൗരന്മാരെയായിരുന്നെങ്കിൽ NRC ബാധിക്കുക സ്വദേശ പൗന്മാരെയായിരിക്കും. 1971 ന് മുമ്പുള്ളവരാണ് നമ്മുടെ പൗരന്മാരാണെന്നത് നാം തെളിയിക്കേണ്ടതായിവരും. അതിന്റെ രേഖകൾ ഭൂരിഭാഗം പേരുടെയും പക്കൽ  ഇല്ലെന്ന കാര്യം സുനിശ്ചിതമായിരിക്കും. എന്നിരിക്കെ ഈ നിയമം ആശങ്കജനകം തന്നെയാണ്. മാത്രമല്ല ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ അസമിലെ അവസ്ഥ നാം കണ്ടതുമാണ്. സുരക്ഷയാണ് ലക്ഷ്യമെന്ന് പലരും പറയുമ്പോഴും യഥാർത്ഥത്തിൽ തകരുന്നത് ഇന്ത്യയുടെ മതേതര മൂല്യങ്ങളാണ്. പണ്ടു ബ്രിട്ടീഷുകാർ പാതി വഴിയിലുപേക്ഷിച്ചത് ഇന്നിവിടെ ചിലർ പൂർത്തിയാക്കുന്നു. അവർക്ക് വേണ്ടതും ഭരണമായിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുന്നതിലൂടെ അത് സാധ്യമാകുമെന്നവർക്കറിയാമായിരുന്നു. എങ്കിലും അതിലവർ പൂർണ്ണമായി വിജയിച്ചില്ല. പക്ഷേ ഇന്നത് വിജയിച്ചു വരുന്നത് നാം നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു.

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI