ഖലമ് കൊണ്ട് തീർത്ത ചരിത്രം | Guinness Jaseem | Qur'an Calligraphy



ഖലമ് കൊണ്ട് തീർത്ത തലവര

 കേരളത്തിൽ നിന്ന് അനേകം പേർ ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ടെങ്കിലും

കേരളത്തിലെ മതപഠന വിദ്യാഭ്യാസ മേഖലയിൽ നിന്നും ആദ്യമായിട്ടാണ് ഒരു വിദ്യാർത്ഥി ഗിന്നസ് റെക്കോർഡ് നേടുന്നത്. 


മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് മാട്ടുമ്മൽ മുഹ്‌യുദ്ദീൻ, ആസിയ  ദമ്പതികളുടെ നാലാമത്തെ മകനായ മുഹമ്മദ് ജസീമാണ് ലോകത്തെ ഏറ്റവും നീളമേറിയ ഖുർആൻ കാലിഗ്രഫി തയാറാക്കി ഗിന്നസ് വേൾഡ് റെക്കോർഡെന്ന കടമ്പ കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യക്കു തന്നെ അഭിമാനമായി മാറിയിരിക്കുകയാണീ 22 കാരൻ.


ചെറിയ പ്രായത്തിൽ തന്നെ കലാപരമായ കഴിവ് തിരിച്ചറിഞ്ഞ ജസീം തൻ്റെ ജേഷ്ഠനായ അയ്യൂബിൻ്റെ ചിത്ര കലകളിൽ ആകൃഷ്ടനാവുകയും അതിനായുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.

 രണ്ടാം ക്ലാസ് മുതൽക്കേ ചിത്രരചനയിൽ ആനന്ദം കണ്ടെത്തിയിരുന്ന ജസീം ജ്യേഷ്ഠ സഹോദരൻ അയ്യൂബിന്റെ ചിത്രകലകളിൽ ആകൃഷൃടനായാണ് ചിത്രരചനയുടെ മേഖലയിലേക്ക്  കടന്നുവരുന്നത്.

ഈ മേഖലയിലെ മുന്നോട്ടുള്ള ഗമനത്തിന് ഏറെ സഹായിച്ച വ്യക്തിയാണ് ഷൈജു മാഷ്.

ശേഷം ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ അറബിക് അധ്യാപകനായിരുന്ന മുഹമ്മദ് സാർ പല വർണ്ണത്തിനുള്ള ചോക്ക് കൊണ്ട് അറബിയിൽ ബോർഡിൽ എഴുതുന്നത് മനസ്സിനെ വല്ലാതെ ആകർഷിക്കുകയും അതുപോലെ എഴുതാൻ കൊതിക്കുകയും ചെയ്തിരുന്ന ജസീം അത്ര ആകർഷകമല്ലാതിരുന്ന തന്റെ കൈയ്യക്ഷരത്തെ ഖത്തുന്നഖിന്റെ കോപ്പികളും മറ്റും തിരഞ്ഞുപിടിച്ച്  ആഭ്യസിച്ച് ശരിയാക്കിയെടുക്കുകയായിരുന്നു. 


ഇതിനിടയിലാണ് കാലിഗ്രാഫി എന്ന വിസ്മയ ലോകത്തെക്കുറിച്ച് ജസീം അറിയുന്നത്. തുടർന്ന് കാലിഗ്രഫി മേഖലയിലായി മുഴുവൻ ശ്രദ്ധയും. ഇന്റർനെറ്റിന്റെയും മറ്റും സഹായത്തോടെ പലതരത്തിലുള്ള കാലിഗ്രഫികൾ എഴുതി പരിശീലിച്ചു. ആ സമയങ്ങളിൽ കാലിഗ്രഫി എഴുതുന്ന ഖലമ് വാങ്ങാൻ പൈസ ഇല്ലാത്തതിനാൽ മുള ചെത്തി കലമായി ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. എന്നാൽ അതൊന്നും പ്രൊഫഷണൽ കാലിഗ്രഫിയിലേക്ക് എത്തിച്ചിരുന്നില്ല. അങ്ങനെയാണ് കരീം ഗ്രാഫിയുടെ കാലിഗ്രാഫി ക്ലാസുകളെ കുറിച്ച് അറിയുന്നത് എന്നാൽ ഒരു വർഷത്തിനു ശേഷമേ ക്ലാസ്സിൽ ചേരാൻ സാധിക്കൂ എന്നറിഞ്ഞപ്പോൾ ജസീം നിരാശനായിരുന്നു. അപ്പോഴാണ് പ്രതീക്ഷ നൽകിക്കൊണ്ട് ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ കണ്ണൂരിൽ വച്ച് നടക്കുന്ന ഷിയാസ് അഹമ്മദ് ഹുദവിയുടെ കാലിഗ്രഫി ക്ലാസിനെ കുറിച്ച് അറിയുന്നത്. ദർസിലെ അഭിവന്ദ്യ ഗുരുവര്യർ ഉസ്താദ് സ്വലാഹുദ്ദീൻ ഫൈസിയോട് ആഗ്രഹം അവതരിപ്പിച്ചപ്പോൾ എല്ലാവിധ പിന്തുണയും സഹായവും ക്ലാസിനു പോകാനുള്ള യാത്ര ചിലവടക്കം ഉസ്താദ് നൽകുകയും ചെയ്തു. കാലിഗ്രഫി എഴുതി തുടങ്ങിയ കാലത്ത് പത്രത്തിൽ ചെറിയ വാർത്ത വന്നപ്പോൾ ഉസ്താദിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നുവെന്ന് ജസീം പറയുന്നു . 


ഷിയാസ് അഹമ്മദ് ഹുദവിയുടെ ക്ലാസ്സിൽ നിന്നാണ് കാലിഗ്രാഫിയുടെ അടിസ്ഥാന കാര്യങ്ങൾ പലതും ഞാൻ പഠിക്കുന്നത്. ഇതിനിടയിലാണ് പരിശുദ്ധ ഖുർആൻ പൂർണമായും എഴുതണമെന്ന ഒരു മോഹം മനസ്സിലുദിക്കുന്നത്. എന്നാൽ എങ്ങനെ എഴുതണം എന്നതിനെ കുറിച്ച് ഒരു രൂപവും ഇല്ലായിരുന്നു. ആഗ്രഹം ഉസ്താദിനോട് അവതരിപ്പിച്ചപ്പോൾ "നിനക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ നീ തീർച്ചയായും എഴുതണമെന്ന" വാക്കായിരുന്നു ഗിന്നസ് നേടും വരെയുള്ള ജസീമിന്റെ ഉൾക്കരുത്ത്. ഈ മഹത്തായ നേട്ടത്തിലും തന്റെ വ്യക്തിജീവിതം ക്രമീകരിക്കുന്നതിലും 12 വർഷത്തോളം നീണ്ടുനിന്ന ഉസ്താദിന്റെ  ശിക്ഷണത്തിന്റെ പങ്ക് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ജസീം സമ്മതിക്കുന്നു. 


ഒടുവിൽ നല്ലൊരു ദിനം ഉസ്താദിനോട് ചോദിച്ചറിഞ്ഞു മുഹറം 1 മുതൽ 10 വരെ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുകയും ഏറെ ഇസ്ലാമിക ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മുഹറം 10 ന് ഖുർആൻ എഴുത്ത് ആരംഭിക്കുകയും ചെയ്തു. ഖുർആൻ എഴുതാനുള്ള ആദ്യത്തെ ഒരു ബണ്ടിൽ ഐവറി കാർഡ് ഞാൻ നൽകാമെന്ന് നിർബന്ധിച്ചു സൗകര്യം ചെയ്തു കൊടുത്തത് നൗഷാദ് കോഴിച്ചിന എന്ന സഹോദരനായിരുന്നു. ഇത് എഴുതിത്തീർക്കാൻ വരുന്ന ഭീമമായ സംഖ്യ കണ്ടെത്തിയിരുന്നത് ഒഴിവുസമയത്ത് ചെയ്തിരുന്ന ചിത്രരചന കാലിഗ്രാഫി ബൈൻഡിങ്  വർക്കുകളിൽ നിന്നും ലഭിച്ചിരുന്ന വരുമാനം മാറ്റിവെച്ചിട്ടായിരുന്നു. 


ലോക്ക് ഡൗൺ ആയതിനാൽ ഒരു ദിവസം എട്ടുമണിക്കൂറിലേറെ സമയം ഖുർആൻ എഴുതാനായി ചിലവഴിച്ചിരുന്നു. റമളാൻ മാസം ഇത് 10 ഉം 12 ഉം മണിക്കൂർ വരെ നീണ്ടുനിന്നു. ആദ്യദിനങ്ങളിൽ കേവലം 3 പേജുകളിൽ മാത്രം ഒതുങ്ങിയ എഴുത്ത് പിന്നീട് 18 പേജുകൾ വരെ എത്തി. ഇതിനിടയിലാണ് ലോക്ഡൗൺ അവസാനിച്ച് ദർസ് പുനഃരാരംഭിക്കുന്നത്. ഉപരിപഠനാവശ്യാർത്ഥം പട്ടിക്കാട് ജാമിഅഃയിലേക്ക് പോകേണ്ട വർഷമായതിനാൽ അധികമായി വരുന്ന ക്ലാസുകൾ എൻ്റെ ഉദ്യമത്തിന്  തടസ്സമാവുമെന്ന് ഭയപ്പെട്ടിരുന്നു. ആ സമയത്ത് കേവലം 8 ജുസ്ഉകൾ മാത്രമാണ് എഴുതി പൂർത്തീകരിച്ചിരുന്നത്. ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് മനസ്സിലാക്കി എഴുതാനുള്ള സാമഗ്രികൾ ദർസിൽ എത്തിക്കുകയും ഒഴിവുസമയം കണ്ടെത്തി എഴുത്ത് തുടരുകയും ചെയ്തു. രാത്രിയിലെ വൈകിയ വേളകളിൽ ലൈറ്റ് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നതിനാൽ ടേബിൾ ലാബിന്റെ  വെളിച്ചത്തിൽ എഴുതിയിരുന്ന ദിനങ്ങളെ ജസീം ഓർക്കുന്നു.


18O ഓളം പേനകളാണ് ഇതിനായി  ഉപയോഗിച്ചത്. അടുത്ത ആശങ്ക ഇത്രയും വലിയ ഖുർആൻ എങ്ങനെ സൂക്ഷിക്കും എന്നതായിരുന്നു. ഒരു മാസത്തോളം നീണ്ട ചിന്തയുടെ ഫലമായി സ്വന്തമായി ചെയ്ത ഡിസൈൻ ആശാരിയെ കാണിച്ച് മനോഹരമായ ഒരു ബോക്സ് പണികഴിപ്പിച്ചു. ഒരാഴ്ച്ചയോളം അതിന്റെ പൂർത്തീകരണത്തിനായി അവരുടെ കൂടെ ചിലവഴിക്കേണ്ടി വന്നു. ചിലവ് വന്ന വലിയ തുക എങ്ങനെ കണ്ടെത്തും എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് പ്രിയപ്പെട്ട ഉമ്മ സ്വന്തം കയ്യിലെ വള  ഊരി കൊടുക്കുന്നത്. ഖുർആൻ ബോക്സിന്റെ ഡിജിറ്റൽ ഡിസൈൻ ചെയ്യാൻ സഹായിച്ചത് സുഹൃത്ത് ഷബീർ ചെറുമുക്കായിരുന്നു. അദ്ദേഹത്തിന്റെ ഉദ്യമത്തിന്റെ വലിയ ചിലവ് മനസ്സിലാക്കിയ അവർ ഒരു നിശ്ചിത തുക നിർബന്ധിച്ച് കൊടുത്തിരുന്നു. എഴുതിക്കഴിഞ്ഞ ജുസ്ഉകൾ തെറ്റുകൾ തിരുത്താനും സൂക്ഷ്മ പരിശോധനക്കുമായി എന്നെ ഏറെ സഹായിച്ചത് ഹാഫിള് ഇസ്ഹാക്ക് ഫൈസി ആയിരുന്നു. അതിനായി ആറുമാസത്തോളം ഖുർആൻ അദ്ദേഹത്തിൻ്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഹാഫിള് ഇബ്രാഹിം പുറത്തൂരും ഖുർആൻ പരിശോധിച്ചു.  എഴുത്തിനിടയിൽ തെറ്റിയും മഷി പുരണ്ടും  മുന്നൂറോളം പേപ്പറുകൾ വീണ്ടും എഴുതേണ്ടി വന്നിട്ടുണ്ട്. ഖുർആനിന്റെ പേജുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്നതിനായി ടേപ്പ് ഒട്ടിക്കാൻ മാത്രം രണ്ടു മാസത്തിലധികം സമയമെടുത്തു. സ്വാലിഹ് വെന്നിയൂർ. ഇർഫാൻ പഴങ്കുളങ്ങര എന്നിവരുടെ സഹായത്തോടെയാണ് ഇത് പൂർത്തീകരിച്ചത്. 


ഇതിനിടയിൽ ജീവിതത്തിൽ ലഭിച്ച ഒരു സുവർണാവസരമായിരുന്നു ജാമിഅയിലെ ഫുനൂൻ ഫിയസ്റ്റക്ക് വേണ്ടി ലോഗോ നിർമ്മിക്കാൻ സാധിച്ചത്. അതു മുഖേന ജാമിഅഃയിലെ ഉസ്താദുമാരുടെ ആശിർവാദവും അനുഗ്രഹവും കരസ്ഥമാക്കാൻ സാധിച്ചു. 


ഇത്രയും മനോഹരമായി എഴുതിതീർത്ത ഖുർആനിന്റെ കവർപേജും അതിമനോഹരമായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതിനായി ഷാദിയ മുഹമ്മദിന്റെ 4  ദിവസത്തെ ഇലുമിനേഷൻ ആർട്ട് ക്ലാസിൽ ചേരുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്തു. ഖുർആനിന്റെ കവർപേജ് മനോഹരമായി ആവിഷ്കരിക്കാൻ ഏകദേശം 2 മാസത്തോളം സമയമെടുത്തു. 


ഈ ഉദ്യമത്തിന്റെ പ്രാരംഭഘട്ടത്തിൽ ഖുർആൻ എഴുതുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. ആ ലക്ഷ്യപൂർത്തീകരണം മനോഹരമാക്കണമെന്ന് ചിന്തയിൽ നിന്നാണ് ഗിന്നസ് റെക്കോർഡ് അറ്റംപ്റ്റ് എന്ന ആശയം ജസീമിന്റെ മനസ്സിലുദിക്കുന്നത്. അങ്ങനെ ജാമിഅഃയിലെ സഹപാഠി യൂസഫലി മുഖേന ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സിന്റെ കേരളത്തിലെ സംഘടനയായ AGRAH പ്രസിഡണ്ട് സത്താർ ആദൂരിനെ ബന്ധപ്പെടുകയും ഗിന്നസിന്റെ പ്രക്രിയകൾ മനസ്സിലാക്കുകയും ചെയ്തു. ഒടുവിൽ ജാമിഅഃയിലെ ഉസ്താദുമായി കൂടിയാലോചിച്ച് 2022 ഡിസംബർ 17 ന് കോഴിക്കോട് സൗത്ത് ബീച്ചിൽ വച്ച് എൻ്റെ ജീവിതാഭിലാഷമായ കയ്യെഴുത്ത് ഖുർആൻ പ്രദർശിപ്പിച്ചു ഗിന്നസ് അറ്റംപ്റ്റ് നടത്തി. പരിപാടിയിൽ സയ്യിദ്  സ്വാദിഖലി ശിഹാബ് തങ്ങൾ. PK കുഞ്ഞാലിക്കുട്ടി. ET മുഹമ്മദ് ബഷീർ. AGRAH പ്രസിഡന്റ് ഗിന്നസ് സത്താർ. സെക്രട്ടറി സുനിൽ മാസ്റ്റർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സയ്യിദന്മാരുടെയും ഉസ്താദുമാരുടെയും അനുഗ്രഹം കൊണ്ടും ജാമിഅഃയിലെ സഹപാഠികളുടെ കഠിനപ്രയത്നം കൊണ്ടും ബീച്ചിലെ പരിപാടി വൻ വിജയമായി 

തീർന്നു. 1990 ഐവറി കാർഡുകളിൽ നസ്ഖ് കാലിഗ്രാഫിക് ലിപിയിൽ ജർമ്മൻ നിർമ്മിത സിഗ് കാലിഗ്രാഫി പേന ഉപയോഗിച്ച് പൂർണ്ണമായി കറുപ്പ് നിറത്തിൽ എഴുതിയ 1,104.45 മീറ്റർ നീളമുള്ള വിശുദ്ധ ഖുർആൻ,2020 ആഗസ്റ്റ് 22 ഹിജ്റ വർഷം 1442 മുഹറം 10 ന് തുടക്കം കുറിച്ച്  ഏകദേശം 2 വർഷം സമയമെടുത്താണ് പൂർത്തിയാക്കിയിട്ടുള്ളത്, ഇതിനെല്ലാം ഏകദേശം 1,700,00 രൂപയാണ് ചിലവ് വന്നിട്ടുള്ളത്.

 എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാൽ 75 സെന്റീമീറ്റർ ഉയരവും 34 സെന്റീമീറ്റർ വീതിയും 118.300 കിലോഗ്രാം ഭാരവുമുണ്ട്.

ഈ ഖുർആനിൽ ആകെ 325384 അറബി അക്ഷരങ്ങളും 77437 അറബി വാക്കുകളും 114 അധ്യായങ്ങളും 6348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളിൽ ഒരു ജുസ്അ് പൂർത്തിയാക്കാൻ ഏതാണ്ട് 65-75 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി 9,10 വരികൾ എഴുതി തീർക്കാൻ ഏകദേശം 45 മിനുട്ട് സമയമാണ് വേണ്ടി വന്നത്. ആദ്യ 3 പേജുകൾ ഇസ്ലാമിക്  ആർട്ട് ശൈലിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്യുകയും ചെയ്തിരിക്കുന്നു.

വിശുദ്ധ ഖുർആനിന്റെ മുഴുവൻ സൂക്ഷ്മപരിശോധനയും സ്ഥിരീകരണവും നടത്തിയിരിക്കുന്നത് അൽ ഹാഫിള് മുജവ്വിദ് ഇബ്രാഹീം ഫൈസി, അൽ-ഹാഫിസ് മുജവ്വിദ് ഇസ്ഹാഖ് ഫൈസി എന്നിവരാണ്.

 ഖുർആൻ സൂക്ഷിക്കാൻ പ്രത്യേകം നിർമ്മിച്ചിരിക്കുന്ന കവർ ബോക്‌സ് സ്വീറ്റേനിയ മഹാഗണി മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിൽ ' ഖുർആൻ കരീം ' എന്ന വാചകവും മറ്റു ചില കാലിഗ്രഫിയും കൊത്തി വെച്ചിട്ടുണ്ട്.

GMLP സ്കൂൾ ചെറുമുക്ക്, AMLP സ്കൂൾ ചെമ്പ്ര, SSMHSS തെയ്യാലിങ്ങൽ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും റൂഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസയിലെ പ്രാഥമിക മത പഠനത്തിന് ശേഷം, പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ നേതൃത്വം നൽകുന്ന തിരൂർ ചെമ്പ്രയിലെ അൽ ഈഖ്വാള് ദർസിൽ മതപഠനവും പൂർത്തിയാക്കി. നിലവിൽ കേരളത്തിലെ ഉന്നത മതപഠന കേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ രണ്ടാം വർഷ ഉപരി പഠന വിദ്യാർഥിയാണ് മുഹമ്മദ് ജസീം. ഇനിയും പുതിയ ഗിരിശൃംഗങ്ങൾ കീഴടക്കാനുള്ള പുതിയ പ്രതീക്ഷകൾ മെനയുകയാണപ്പോൾ ഗിന്നസ് ജസീം.

✍🏻Afsal Klari (Editor of KAALIKKUPPI)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI