രക്തഗന്ധമുള്ള നൂറുദിനങ്ങൾ
യുദ്ധം തുടങ്ങിയിട്ട് നാലാം മാസം, കൃത്യമായി പറഞ്ഞാൽ 100 ദിവസങ്ങൾ, പുലരുമെന്നുറപ്പില്ലാത്ത രാത്രികൾ, ബോംബുകളുടെ വിഷപ്പുകയാൽ കറുത്തിരുണ്ട പകലുകൾ...
വർത്തമാന ഗസ്സയിപ്പോൾ എരിഞ്ഞു തീർന്നു കൊണ്ടിരിക്കുന്നതിന് മാനവരാശിയുടെ നഗ്നനേത്രങ്ങൾ സാക്ഷി. സമാധാന ശ്രമങ്ങളെന്ന ഓമനപ്പേരിൽ തുടങ്ങുന്ന ചർച്ചകളൊന്നും മുഴുമിപ്പിക്കാനാകാതെ പാതിവഴിയിലുപേക്ഷിക്കുന്ന കാലമത്രയും ഗസ്സയിലെ കുഞ്ഞുങ്ങൾ എരിഞ്ഞമരുന്നത് കണ്ടു നിൽക്കാൻ മാത്രമാണ് ലോക ഭരണകൂടങ്ങൾക്ക് സാധിക്കുന്നതെന്നത് ലജ്ജാകരം.
കുഞ്ഞുനാളിലേ മരണത്തെ മുഖാമുഖം കണ്ട് വസിയ്യത്തെഴുതിവച്ച 'ഹയയും' യുദ്ധ ഭീകരതയെ വൈകാരിക വരികളാൽ ലോക മനസ്സിനോട് വിളിച്ചു പറഞ്ഞ 'ഹിബയും' , സിമന്റ് കട്ടകൾക്കടിയിൽ നിന്ന് ചലനമറ്റ തങ്ങളുടെ ശരീരം ലഭിച്ചാൽ തിരിച്ചറിയാൻ മാത്രം സ്വന്തം കൈത്തണ്ടയിൽ പേരെഴുതിവെക്കുന്ന കുട്ടികളും തുറന്ന് പറയുന്നത് ഏഴര പതിറ്റാണ്ടുകാലമായി സ്വന്തം നാട്ടിലെ ജീവിതം ചോദ്യം ചെയ്യുന്ന അധിനിവേശ കാപാലികരെയാണ്.
ലോകത്തേറ്റവും വലിയ അധിനിവേശ ഭീകരതയുടെ ഇരകളാണ് ഫലസ്തീൻ. അത് കേവലം 2023 ഒക്ടോബർ 7ന് മാത്രം തുടങ്ങിയതായിരുന്നില്ല. ഏഴ് പതിറ്റാണ്ടുകാലമായി ഇസ്രായേൽ നടത്തുന്ന ചെറുതും വലുതുമായ അധിനിവേശാതിക്രമങ്ങൾക്കെതിരിൽ ഹമാസിന്റെ ചെറുത്തു നിൽപ്പ് കാരണത്താലായിരുന്നു നൂറ് ദിനങ്ങൾ പിന്നിട്ട ഈ ക്രൂരവേട്ടയുടെ ആരംഭം, ഇനിയും അവസാനിച്ചിട്ടില്ല, എത്രകാലം തുടരുമെന്നറിയില്ല, അത്രമേൽ മുറിവേറ്റിട്ടുണ്ട് ഫലസ്തീന്റെ ഓരോ മുക്കിലും മൂലയിലും.
ഹമാസിനെ വകവരുത്തലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പലവട്ടം ഇസ്രാഈൽ ഭരണകൂടം പറയുന്നെങ്കിലും അക്രമത്തിൽ ഇരയാവുന്നതിലേറെയും കുട്ടികളും സാധാരണക്കാരുമാണെന്നതാണ് ഏറ്റവും വേദനാജനകമായ വസ്തുത. അക്രമികളുടെ തിന്മകൾക്കൊത്ത് അമേരിക്കയുടെ പച്ചക്കൊടികാണിക്കലിന്റെ അർത്ഥമെന്തെന്നാർക്കും ചിന്തിക്കാം. മതം പറഞ്ഞുള്ള വംശീയ വേർതിരിവിന്റെ ഇരുണ്ടമുഖത്തിൽ ലോകത്തിനെന്നും അപകടം നിശ്ചയമാണ്. ഇനിയും മൗനം ഭുജിക്കും ഭരണകൂടങ്ങളുണ്ട്, അതിൽ തന്നെയും അറബ് രാഷ്ട്രങ്ങളുണ്ട്. എങ്കിലും ഗസ്സ പറയുന്നു, എരിഞ്ഞമരാനാണ് വിധിയെങ്കിലും ജനിച്ച മണ്ണിനോടുള്ള കൂറ് പുലർത്തിയേ കീഴടങ്ങൂ എന്ന്.
ഇന്നും ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചു വീഴുന്നത് നൂറിലേറെ മനുഷ്യരാണ്.തകർക്കപ്പെടുന്നത് രക്ഷാപ്രവർത്തനത്തിനായ് പരക്കം പായുന്ന ആംബുലൻസുകളാണ്, നൂറ് ദിനം പിന്നിട്ട ഗസ്സയിൽ ഇതുവരെ മരിച്ചു വീണത് 23843 മനുഷ്യ ജീവനുകളാണ്.അതിൽ തന്നെയും 10000ത്തിലധികവും കുഞ്ഞു ജീവനുകൾ,യുദ്ധമേറെ ബാധിച്ചതും മരവിപ്പിച്ചതും കുഞ്ഞു ജീവിതങ്ങളെയാണെന്ന് ഇത്രയും ഇരുണ്ട ദിനങ്ങൾ പിന്നിട്ട ഗസ്സ തന്നെ വ്യക്തമാക്കുന്നു. എന്തിനു വേണ്ടിയെന്ന ചോദ്യത്തിന് മുന്നിൽ മൗനികളാണ് സകലരും, എങ്കിലും ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ ഇസ്രായേൽ യുദ്ധ ഭീകരതയെ കുറിച്ച് നൽകിയ പരാതിയിലെങ്കിലും യുദ്ധത്തിനൊരു പരിസമാപ്തിയെന്ന ശുഭപ്രതീക്ഷയുണ്ട്, ഒപ്പം ഗസ്സക്കൊരു മോചനമെന്ന പ്രത്യാശയുമുണ്ട്, കാരണം ജനിച്ച മണ്ണിൽ സ്വപ്നങ്ങൾ നെയ്തെടുക്കാൻ കഴിഞ്ഞ ഏഴരപതിറ്റാണ്ടു കാലമായി അവർ പരിശ്രമിച്ചുകൊണ്ടിരിക്കയാണ്...സ്വപ്നങ്ങൾക്കെങ്കിലും ഇത്തിരി നേരം ജീവിക്കാനായെങ്കിലെന്നവർ കൊതിക്കുകയാണ്.
0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI