കനലു പോലൊരു സ്ത്രീ | bilkis bano

 കനലു പോലൊരു സ്ത്രീ | bilkis bano


കനലു പോലൊരു സ്ത്രീ

2002 മാർച്ച് 3 , ഗുജറാത്തിലെ ഗോദ്രയിൽ സബർമതി എക്സ്പ്രസിന് തീവച്ചതിനെ തുടർന്നുണ്ടായ കലാപം  റണ്ടിഗ്പൂർ ഗ്രാമത്തിലേക്ക് വ്യാപിക്കുന്നു. കലാപത്തിനിടെ പ്രാണരക്ഷാർത്ഥം  സുരക്ഷിത സ്ഥലത്തേക്ക് പാലായനം ചെയ്യുകയായിരുന്ന ഒരു കുടുംബത്തെ കലാപകാരികൾ ആക്രമിക്കുന്നു. 19 വയസ്സുള്ള അഞ്ചുമാസം ഗർഭിണിയായ ഒരു സ്ത്രീ ഇരുളിൽ കലാപത്തിന്റെ മറവിൽ കൂട്ട ബലാൽസംഗത്തിന് ഇരയാകുന്നു. അവരുടെ മൂന്നു വയസ്സുള്ള മകളെ കൺമുന്നിൽ വച്ച് തറയിൽ അടിച്ചു കൊല്ലുന്നു. അമ്മയെയും സഹോദരിയെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം കുടുംബത്തിൽ 14 പേരെ വധിക്കുന്നു. അതിൽ തന്നെ കൊല്ലപ്പെട്ട 7 സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു!


 ഒരിറ്റു ജീവൻ ബാക്കിയായ ആ പത്തൊമ്പതുക്കാരി നീതിക്കായി നിയമ പോരാട്ടത്തിനിറങ്ങുകയായിരുന്നു.

 2003 ഫെബ്രുവരിയിൽ ആ 19 കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട് എന്ന കപട ന്യായീകരണത്താൽ കുറ്റിവാളികളെ കണ്ടെത്താനാകില്ല എന്ന പോലീസിന്റെ വാദം അംഗീകരിച്ച് കീഴ് കോടതി കേസ് അവസാനിപ്പിക്കുന്നു.


 തളരാതെ ആ സ്ത്രീ നടന്നു കയറി ചെന്നത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലേക്ക് അവിടെനിന്ന്  സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീം കോടതിയുടെ വിധി നേടിയെടുത്ത ന്യൂനപക്ഷത്തിലെ സാധാരണക്കാരിയായ സ്ത്രീയുടെ പേരാണ് ബൽക്കീസ് ബാനു.


 വിചാരണയിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം കേസിനെ സ്വാധീനിക്കുന്നു എന്ന വാദം അംഗീകരിച്ച സുപ്രീംകോടതി കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. 2008 ജനുവരിയിൽ  മൊത്തം 19 പേർ കുറ്റക്കാരാണ് എന്ന് വിധിയുണ്ടായി അതിൽ 11 പേർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയായി ലഭിച്ചു. എന്നാൽ കഴിഞ്ഞവർഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ചുള്ള ഇളവിൽ  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെയും ഗുജറാത്ത് സർക്കാർ മോചിപ്പിക്കുന്നു. കൊടും കുറ്റവാളികൾക്കും സ്വയം നവീകരിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നും പ്രതികൾ അവർ ചെയ്ത പാതകത്തിന്റെ  തോത് മനസ്സിലാക്കുകയും പ്രായശ്ചിത്തം ചെയ്യാൻ ആഗ്രഹിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തിട്ടുണ്ട് എന്നായിരുന്നു ഗുജറാത്ത് സർക്കാർ ഇതിലൂടെ ന്യായീകരിച്ചത്.


 ഇന്ത്യയിലുടനീളം ചർച്ച ചെയ്യപ്പെട്ട പ്രമാദമായ കേസാണ് ബൽക്കീസ് ബാനു കൂട്ട ബലാത്സഗക്കേസ്. നീതിക്കുവേണ്ടി ബൽക്കീസ്  നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. പലതരത്തിലുള്ള നീതി നിഷേധങ്ങളും അനുഭവിക്കേണ്ടി വന്ന ബൽക്കീസ് പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. അധികാരവും ഭൂരിപക്ഷവും സ്ഥാനമാനങ്ങളും സമ്പത്തും രാഷ്ട്രീയ സ്വാധീനങ്ങളുമുള്ള പ്രതികൾ,  അവരെ മറഞ്ഞു നിന്നുകൊണ്ട് സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഒരുവശത്ത്. ഇപ്പുറത്ത് ഒരു സാധാരണ സ്ത്രീ മാത്രം.


' ജയിലിൽ നിന്ന് പുറത്തു വരുന്ന കുടുംബാംഗത്തെ മാലയിട്ടു സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്? ' ബൽക്കീസ് ബാനു കേസിൽ  ഗുജറാത്ത് സർക്കാറിനും കേന്ദ്രസർക്കാരിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റർ ജനറൽ എസ് വി രാജുവിന്റേതാണ് ഈ പ്രസ്താവന.


 ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 കുറ്റവാളികൾക്ക് ഗോദ്ര സബ് ജയിലിനു മുന്നിലും വിശ്വഹിന്ദു പരിഷത്ത് ഓഫീസിലും പൂമാലയണിയിച്ചുള്ള സ്വീകരണം ലഭിച്ചു.  പ്രതികൾ ശിക്ഷിക്കപ്പെടാൻ മാത്രമല്ല അവർക്ക് ലഭിച്ച ആനുകൂല്യത്തിനെതിരെ പോരാടാനും ബൽക്കീസ്  ബാനുവിനെ ഇതെല്ലാം നിർബന്ധിതമാക്കി.


 അതിജീവിതക്കൊപ്പം നിൽക്കേണ്ട ഗുജറാത്ത് സർക്കാർ തുടക്കം മുതൽ കൈകഴുകി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. ബൽക്കീസ് ബാനു കേസ് സുപ്രീംകോടതിയിൽ പരിഗണിച്ചത്  ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ ബെഞ്ചിലായിരുന്നു. കേസ് പരിഗണിച്ച ആദ്യം ദിനം തന്നെ ജസ്റ്റിസ് കെ എം ജോസഫ്  ബൽക്കീസ് ബാനുവിന് സംഭവിച്ചത് എനിക്കും നിങ്ങളുടെയും  കുടുംബത്തിനും സംഭവിക്കാം എന്ന പ്രയോഗത്തോടെയാണ് കേസിനെ സമീപിച്ചത്. ഇതോടെ താങ്കൾക്ക് അനുകൂലമായ വിധിയുണ്ടാകുന്ന ബെഞ്ചിലേക്ക് കേസ് എത്തും വരെ കേസ് അനന്തമായി നീട്ടിവെക്കപ്പെടാൻ ഉള്ള സാധ്യതയായിരുന്നു ഗുജറാത്ത് സർക്കാർ അന്വേഷിച്ചത്. അതിനായി ജസ്റ്റിസ് കെ എം ജോസഫ് വിരമിക്കുന്നത് വരെ ഗുജറാത്ത് സർക്കാർ മനഃപ്പൂർവ്വം കേസ് നീട്ടി വെപ്പിച്ചു. അവധിക്കാലത്തും അടിയന്തര പ്രാധാന്യത്തോടെ ഈ കേസ് പരിഗണിക്കാൻ തയ്യാറാണ് എന്ന് ജസ്റ്റിസ് കെ എം ജോസഫിന്റെ  നിലപാടിനോട് യോജിക്കാൻ സംസ്ഥാന സർക്കാരിനും സോളിസ്റ്റർ ജനറലിനും സമ്മതമായിരുന്നില്ല.  പ്രതികൾ ഹാജരാകാതെയും അഭിഭാഷകർ നോട്ടീസ് കൈ പറ്റാതെയും കേസ് നീട്ടിക്കൊണ്ട് പോകുവാനുള്ള ഗൂഡമായ ശ്രമങ്ങൾ വിജയിച്ചിരുന്നു.


 ഒടുവിൽ ജസ്റ്റിസ് കെ എം ജോസഫ് പ്രതിഭാഗം  അഭിഭാഷകനോടും ഗുജറാത്ത് സർക്കാറിന്റെ അഭിഭാഷകനോടും ഇങ്ങനെ പറയേണ്ടി വന്നു 


' നിങ്ങൾ ഈ കേസ് തോൽക്കുകയോ ജയിക്കുകയോ ചെയ്യാം. എന്നാൽ, ജുഡീഷ്യൽ സംവിധാനത്തിലെ ഉദ്യോഗസ്ഥരെന്ന നിലയിൽ നിങ്ങൾ കടമകളെക്കുറിച്ചോർക്കണം. ഈ കേസിൽ ഞങ്ങളുടെ ബെഞ്ച് വിധി പറയാതിരിക്കാൻ ഞാൻ വിരമിക്കും വരെ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് എനിക്കറിയാം. ഞാൻ ജൂൺ 16ന് വിരമിക്കുകയാണ്. നിങ്ങളുടെ ഉദ്ദേശം എന്താണ് എന്ന് എനിക്ക് മനസ്സിലാക്കാനാകും.'


 പിന്നീട് ജസ്റ്റിസ് കെ എം  ജോസഫിന്റെ തന്നെ ബെഞ്ച് അംഗം ആയിരുന്ന ജസ്റ്റിസ് ജി വി നാഗരത്നയായിരുന്നു കേസ് പരിഗണിച്ചത്.


 ഗുജറാത്ത് സർക്കാറിനെ സംബന്ധിച്ചിടത്തോളം കലാപകാരികൾ  വിശുദ്ധരാണതെന്നാണ്  അപഹാസ്യമായ ആശ്ചര്യം. പച്ച വർഗീയതയിൽ 2002-ൽ ഗുജറാത്തിൽ അരങ്ങേറിയ കലാപത്തിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും രാജ്യദ്രോഹികളായ ന്യൂനപക്ഷത്തിൽ നിന്ന് സ്വരാഷ്ട്രത്തെ ചേർത്തുപിടിക്കുന്നതിനുള്ള മഹനീയ പ്രവർത്തനത്തിൽ ഏർപ്പെട്ടവർ ആയിരുന്നു  കലാപകാരികൾ എന്നൊക്കെയാണ്  വർഗീയ വിഷവിത്തുകൾ വിതക്കുന്നവർ ഗുജറാത്ത് കലാപത്തെ  സമർത്ഥിക്കാൻ ശ്രമിക്കുന്നത്.


 ബൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം,  ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം കേന്ദ്രസർക്കാറിന്റെ കൂടി കയ്യൊപ്പ് പതിഞ്ഞതായിരുന്നു. സി ബി ഐ അന്വേഷിച്ച കേസായതിനാൽ പ്രതികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാറിന്റെയും അനുമതി ആവശ്യമാണ്. 2022 ജൂൺ മാസത്തിൽ തന്നെ ഇതു സംബന്ധിച്ച അപേക്ഷ കേന്ദ്ര സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്. ഒരുമാസം തികയും മുമ്പ് അതിന് അനുമതി നൽകുകയും ചെയ്തു. ഹീന കൃത്യം ചെയ്ത കുറ്റവാളികൾ മോചനം അർഹിക്കുന്നില്ല എന്ന് നേരത്തെ സി ബി ഐ നിലപാടെടുത്ത വിഷയത്തിലായിരുന്നു കേന്ദ്രത്തിന്റെ ഇത്തരമൊരു നീക്കം. 2019 ബൽക്കീസ് ബാനുവിന്  50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി പറഞ്ഞപ്പോഴും ഗുജറാത്ത് സർക്കാർ അതിന് തയ്യാറായിരുന്നില്ല. വിധിയിൽ കേന്ദ്രസർക്കാരിന് മൗനമായിരുന്നു മറുപടി. 50 ലക്ഷത്തിന് പകരം വേണമെങ്കിൽ 5 ലക്ഷം രൂപ നൽകാം എന്നായിരുന്നു സോളിസ്റ്റർ ജനറൽ  തുഷാർ മേത്തയുടെ വാദം. സുപ്രീംകോടതി സ്വരം കടുപ്പിച്ചപ്പോഴാണ് അഞ്ചുമാസം കഴിഞ്ഞ് തുക നൽകാമെന്ന് ഗുജറാത്ത് സർക്കാർ സമ്മതിച്ചത്. അതും കോടതിഅലക്ഷ്യ ഹർജി ഫയൽ ചെയ്തപ്പോൾ മാത്രം.


 പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിലെ പരാമർശങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. ജസ്റ്റിസ് ജി വി നാഗരത്നാ ജസ്റ്റിസ് ഉജ്ജ്യൽ ബായൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


" പ്രതികൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് ക്രിമിനൽ നടപടി വ്യവസ്ഥയിൽ പഴുതുകൾ കണ്ടെത്തിയാണ് പ്രതികൾ പുറത്തിറങ്ങിയത്. കുറ്റവാളി വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ട സംസ്ഥാന സർക്കാരിനാണ് പ്രതികളെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരവുമെന്ന് കോടതി അറിയിച്ചു.  സ്വാഭാവികമായും മഹാരാഷ്ട്രയിൽ നടന്ന വിചാരണയുടെ അടിസ്ഥാനത്തിൽ ആ അവകാശം മഹാരാഷ്ട്ര ഗവൺമെന്റിലാണ്. നിക്ഷിപ്തമല്ലാത്ത അധികാരം കവർന്നെടുക്കുകയാണ് ഗുജറാത്ത് സർക്കാർ ഇതിലൂടെ ചെയ്യാൻ ശ്രമിച്ചത്. അധികാര ദുർവിനിയോഗത്തിന്റെ രൂപമാണത്. അതിനാൽ തന്നെ പ്രതികൾ രണ്ടാഴ്ചക്കകം അതതു ജയിലുകളിൽ കീഴടങ്ങണം."


 ഇതായിരുന്നു സുപ്രീം കോടതിയുടെ വിധിയുടെ സാരാംശം. വിധിയിൽ ശിക്ഷാ ഇളവ് സംബന്ധിച്ച തത്വങ്ങൾ വിശദീകരിച്ചപ്പോൾ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ സഹോദരൻ ഗോപാൽ വിനായക ഗോഡ്സെയുടെ കേസിലെ വിധിയെയും പരാമർശിച്ചത് ശ്രദ്ധേയമാണ്. ഗാന്ധിജിയുടെ വധത്തിലേക്ക് നയിച്ച ഗൂഢാലോചനക്ക് ശിക്ഷിക്കപ്പെട്ട ഗോപാൽ ഗോഡ്സെ ശിക്ഷയിളവ് ലഭിക്കാത്തത് ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് 1961 ജനുവരി 12ന്  കോടതി വിധി പറഞ്ഞത്.  ജീവപര്യന്തം തടവു ശിക്ഷ എന്നാൽ ജീവിതാന്ത്യം വരെയാണെന്നും 14 വർഷം ജയിലിൽ കഴിഞ്ഞെന്ന പേരിൽ ശിക്ഷ സാവകാശം ലഭിക്കില്ലെന്നും കോടതി അന്ന് അടിവരയിട്ടിരുന്നു.

 പ്രതികളുടെ മോചനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി എല്ലാ കാലത്തും വരുന്ന തലമുറയിലെ ന്യായാധിപന്മാരുടെ  റഫറൻസ് ആയി മാറുമെന്നത് തീർച്ചയുള്ള കാര്യമാണ്.

വിധി ന്യായക്കുറിപ്പിൽ  പാശ്ചാത്യ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന പ്ലേറ്റോയുടെ വാക്കുകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

" പ്രതികാരത്തിനല്ല, പ്രതിരോധത്തിനും നവീകരണത്തിനും വേണ്ടിയാണ് ശിക്ഷ നല്‍കേണ്ടത്. ഒരു നിയമദാതാവ്, വേദന മാത്രം മുന്നില്‍ കണ്ട് മരുന്ന് പ്രയോഗിക്കുന്ന ഡോക്ടറെ പോലെയാകരുത്, മറിച്ച് രോഗിക്ക് ഗുണം ചെയ്യുന്ന പ്രവർത്തികളാകണം ചെയ്യേണ്ടത് "

അതുപോലെ ഒരു കുറ്റവാളിയെ മാറ്റിയെടുക്കണമെങ്കില്‍ കൃത്യമായ വിദ്യാഭ്യാസവും അനുയോജ്യമായ മാർഗങ്ങളും തേടണം. മികച്ച പൗരനാക്കി സ്വതന്ത്രനാക്കുകയും സംസ്ഥാനത്തിന്റെ ഭാരം കുറയ്ക്കുകയും വേണമെന്നും വിധി ന്യായത്തിന്റെ പകർപ്പിൽ ഉണ്ട്.

പ്രധാനമായും അഞ്ച് വിഷയങ്ങളിലായിരുന്നു കോടതി വിധിപ്രസ്താവത്തിലൂടെ ഉത്തരം നല്‍കിയത്. ഇരകളിലൊരാളായ ബൽക്കിസ് ബാനു ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം സമർപ്പിച്ച ഹർജി നിലനില്‍ക്കുമോ ഇല്ലയോ എന്നതായിരുന്നു ആദ്യ വിഷയം. ഹർജി നിലനില്‍ക്കുമെന്നും മുതിർന്ന അഭിഭാഷകരായ ഗുരു കൃഷ്ണ കുമാറിന്റെയും വി ചിതംബരേഷിന്റേയും വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ പൊതുതാല്‍പ്പര്യ ഹർജികളായി സമർപ്പിച്ച ഹർജികള്‍ നിലനില്‍ക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കോടതി തയാറായില്ല. ഇരകളില്‍ ഒരാള്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പൊതുതാല്‍പ്പര്യ ഹർജി നിലനില്‍ക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ആവശ്യകതയില്ലെന്നായിരുന്നു കോടതി സ്വീകരിച്ച നിലപാട്.

ശിക്ഷയില്‍ ഇളവ് നല്‍കുന്നതില്‍ ഗുജറാത്ത് സർക്കാരിന്റെ അധികാരത്തെ സംബന്ധിച്ചുള്ള സുപ്രധാനഭാഗമായിരുന്നു പിന്നീട് ജസ്റ്റിസ് നാഗരത്ന വായിച്ചത്. ഇളവ് നല്‍കുന്നതിന് മുന്‍പ് ശിക്ഷ വിധിച്ച ജഡ്ജിയുടെ അഭിപ്രായം നിർബന്ധിതമായി തേടേണ്ട ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 432-ാം വകുപ്പ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തുടക്കം.

"ഇത് വ്യക്തമാക്കുന്നത് കുറ്റകൃത്യം നടന്ന സ്ഥലമോ അല്ലങ്കില്‍ ശിക്ഷ അനുഭവിക്കുന്ന സ്ഥലമോ ഇളവ് നല്‍കുന്നതില്‍ പ്രസക്തമല്ലെന്നാണ്. പകരം വിചാരണ നടക്കുന്ന സ്ഥലത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്," വിധിപ്രസ്താവത്തില്‍ പറയുന്നു. ശേഷമായിരുന്നു ഗുജറാത്ത് സർക്കാരിന്റെ ഇളവ് നല്‍കിയ നടപടി കോടതി റദ്ദാക്കിയത്. കോടതിയില്‍ പ്രതി തട്ടിപ്പ് നടത്തിയെന്നും വിധിപ്രസ്താവത്തില്‍ നിരീക്ഷണമുണ്ടായി.

ഇളവ് നിയമാനുസൃതമാണോയെന്ന ചോദ്യത്തിനായിരുന്നു പിന്നീട് കോടതിയുടെ മറുപടി. ഗുജറാത്ത് സർക്കാർ നിക്ഷിപ്തമല്ലാത്ത അധികാരം തട്ടിയെടുക്കുകയും അധികാര ദുർവിനിയോഗം നടത്തുകയും ചെയ്തതിനാല്‍ നിയമം ലംഘിക്കപ്പെട്ടുവെന്നായിരുന്നു കോടതി കണ്ടെത്തിയത്. തുടർന്നായിരുന്നു പ്രതികളെ ജയിലിലേക്ക് മടക്കിയയക്കാനുള്ള നിർദേശം നല്‍കിക്കൊണ്ടുള്ള ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം.

"ഉത്തരവുകള്‍ മാത്രമല്ല അതിന്റെ ഉള്ളടക്കവും കോടതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏകപക്ഷീയമായ ഉത്തരവുകള്‍ എത്രയും വേഗം തിരുത്തുകയും പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുകയും ചെയ്യേണ്ടത് ഈ കോടതിയുടെ കടമയാണ്. കുറ്റവാളികളുടെ, പ്രത്യേകിച്ചും കോടതിയുടെ നടപടികളെ ദുരുപയോഗം ചെയ്തവരുടെ പെരുമാറ്റം കണ്ടില്ലെന്ന് നടിക്കാനാകില്ല. പ്രതികള്‍ തെറ്റായി സ്വതന്ത്രരാക്കപ്പെട്ടതിനാല്‍ അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഇവിടെ ന്യായീകരിക്കപ്പെടുന്നു. കുറ്റവാളികളുടെ സ്വതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഹർജികള്‍ അംഗീകരിക്കാനാകില്ല, നിയമവാഴ്ച നിലനില്‍ക്കേണ്ടതുണ്ട്," എന്നും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

 നീതിബോധമുള്ള ആളുകളിൽ വെറുപ്പ് സൃഷ്ടിക്കുന്ന മട്ടിലാണ് ബൽക്കീസ് ബാനു കേസ് നടന്നത്. ബൽക്കീസ് ബാനുവിന് നീതി കിട്ടാൻ ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ലഭിച്ച നീതി പിന്നീട് കാറ്റിൽ പറത്തിക്കൊണ്ടുള്ള  പ്രതികളുടെ മോചനവും ചോദ്യം ചെയ്തു കൊണ്ട് നിയമ പോരാട്ടത്തിന് ഇറങ്ങാൻ വീണ്ടും ആ പേര് സമൂഹത്തിൽ വലിയ ചർച്ചയാക്കപ്പെട്ടു. ഒരു സ്ത്രീയെ എന്നല്ല ഒരാളെയും ഇങ്ങനെ ഒരിക്കലും അവസാനിക്കാത്ത പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ല.  ഒരു രാജ്യം അനീതിയുടെ മേലാണോ കെട്ടിപ്പടുക്കുന്നതെന്നാണ് ബൽക്കീസ് ബാനു കേസിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. സ്ത്രീയോട് അനീതി കാട്ടുന്ന ഭരണകൂടം നശിക്കുമെന്ന് ഉദാഹരണങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഇന്ത്യയുടെ ചരിത്രവും നമ്മുടെ പുരാണങ്ങളും. കണ്ണകിയും ദൗർബതിയും നടത്തിയ യുദ്ധങ്ങൾ അനീതി നിറഞ്ഞ ഭരണകൂടങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്തത്.  ഏതൊരു സാധാരണക്കാരെ സംബന്ധിച്ചും അവന്റെ അവസാനത്തെ നീതിയുടെ പിടിവള്ളി നീതിപീഠങ്ങളാണ്.  ബൽക്കീസ് ബാനുവിന് നീതി കിട്ടാതിരിക്കാൻ ശ്രമിച്ചിരുന്ന ഒരൊറ്റ രാഷ്ട്രീയ ശക്തിയെയും  വകവെക്കാതെ  നീതിപീഠം സത്യത്തിനു വേണ്ടി നിലകൊണ്ടത്  സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ്.  ഒരു വനിതയ്ക്ക് നീതി ലഭിക്കുവാൻ  20 വർഷത്തോളം കോടതിയിൽ കയറിയിറങ്ങേണ്ടി വന്നത്  ഒരു രാജ്യത്തിന്റെ പോരായ്മയാണ്. ഗുജറാത്തിൽ അരങ്ങേറിയത് വെറും കലാപമായിരുന്നില്ല എന്നും, സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ന്യൂനപക്ഷ സമുദായത്തിനെതിരെ നടത്തിയ കൂട്ടക്കൊലയാണ് അതെന്നുമുള്ള  വിശകലനങ്ങളും വിശദീകരണങ്ങളുമെല്ലാം പിന്നീട് രാജ്യം ചർച്ച ചെയ്തതാണ്. കലാപത്തിനോടനുബന്ധിച്ച് നടന്ന പല സംഭവവികാസങ്ങളും ഇപ്പോഴും രജിസ്റ്റർ ചെയ്യപ്പെടാത്ത കേസുകളായി. രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ വലിയൊരു അളവിൽ വരെ കുറ്റപത്രം പോലും നൽകാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്. ഇതിനെല്ലാം ഗുജറാത്ത് സർക്കാറിന്റെ സമീപനം ഉദാസീനമായിരുന്നു.

 സർക്കാർ തന്നെ കുറ്റവാളികളെ രക്ഷിച്ചിറക്കുമ്പോൾ  നീതിപീഠത്തിൽ നിന്ന് ജനങ്ങളുടെ പ്രതീക്ഷ കുറയാതെ കാത്തുസൂക്ഷിക്കുവാൻ ബൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് റദ്ദാക്കി കൊണ്ടുള്ള  സുപ്രീം കോടതിയുടെ ന്യായവിധി സർവ്വ കാല പ്രസക്തമാണ്.


Written By Safvanul Nabeel. TP (Guest Post)
Editor: Afsal Klari

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI