ഇരുണ്ട നഗരം | Mini stories about Gaza | Dark city

 

ഇരുണ്ട നഗരം

(ഗസ്സയെ പറ്റിയുള്ള നാല് ചെറുകഥകൾ)


1. ഗോലികളി

ഗോലികൾ കൊണ്ട് കുഴിനിറച്ച് കളിക്കുന്ന കുട്ടികൾ വെടിയൊച്ച കേട്ട് തിരിഞ്ഞുനോക്കി.

തൊട്ടുമുന്നിൽ നൂറുകണക്കിന് ഗോലികളും കുഴികളും...


2. കടലാസ് തോണി

ദൂരെ വെടിയൊച്ചയുടെ ശബ്ദത്തിൽ അവൻ ചോദിച്ചു.

"അതെന്താണ്?"

തോക്കാണെന്ന് ഉമ്മ മറുപടി കൊടുത്തപ്പോൾ അത് വാങ്ങണമെന്നായി. അവൾ കടലാസ് കൊണ്ടൊരു തോക്കുണ്ടാക്കി കൊടുത്തു.

ആകാശത്ത് യുദ്ധവിമാനങ്ങൾ കണ്ടപ്പോഴും അവനതിനെ പറ്റി ചോദിച്ചറിഞ്ഞു. അത് തൊടണമെന്ന് വാശി പിടിച്ചപ്പോൾ അവളൊരു വിമാനവും ഉണ്ടാക്കി. ചോദിക്കാതെ തന്നെ ഒരു കടലാസ് തോണിയും നൽകി. എങ്ങനെ ഉപയോഗിക്കുമെന്നറിയും മുമ്പേ വെടിയൊച്ചകൾക്കൊപ്പം ഉമ്മ അപ്രത്യക്ഷമായിരുന്നു. കറുത്തിരുണ്ട കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തോക്കും വിമാനവും തോണിയും കണ്ടെടുത്തു. എല്ലാം നേരിട്ടറിഞ്ഞ അവൻ പുകച്ചുഴിയിലേക്ക് വിമാനം പറത്തി. ശൂന്യതയിലേക്ക് നിറയൊഴിച്ചു. നേർത്ത ശബ്ദത്തോടെ അത് കത്തിയമർന്നു. കുത്തിയൊഴുകുന്ന ചോരയിൽ അവൻ തോണിയൊഴുക്കി. അത് കടല് വരെ ഒരു തടസ്സവുമില്ലാതെ തുഴഞ്ഞു.


3. വേരുകൾ

നുരുമ്പിപ്പോയ മണ്ണിൽ പഴയപോലെ ഒന്നും പുനർജ്ജനിക്കുകയില്ലെന്ന് പലരും പ്രവചിച്ചു. എന്നാൽ ആദ്യമായി മുളച്ച മരത്തിന്റെ കാണ്ഡത്തിന്, ഇലകൾക്ക്, പൂക്കൾക്ക്, കായ്കൾക്ക്, വിത്തുകൾക്കെല്ലാം പണ്ടത്തെ അതേ ആകൃതിയും ഗന്ധവും രൂപവുമായിരുന്നു. രഹസ്യമറിയാൻ വേരിനെ ത്തേടി ഭൂമിയിലേക്ക് തല പൂഴ്ത്തിയപ്പോൾ അവർ കണ്ടത്, ഗസ്സയിലെ പോരാളികളെ മണ്ണിനോട് ചേരാൻ സമ്മതിക്കാതെ  കെട്ടിപിടിച്ച വേരുകളെയാണ്.


4. സ്വർഗ്ഗം

ഗസ്സ സന്ദർശിച്ച കവി സ്വർഗ്ഗമെന്ന് വർണ്ണിച്ചു. സഹചാരി കറുത്തിരുണ്ട നഗരത്തെ നോക്കി സംശയിച്ചപ്പോൾ അയാൾ മണ്ണിലേക്ക് വിരൽ ചൂണ്ടി.

അവിടെ നിന്ന് സ്വർഗ്ഗത്തിലെ കൂട്ടച്ചിരി...

Written By Shemil Puthanathani (Guest Post)
Editor: Afsal Klari


0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI