![]() |
| പ്രിൻസ് ഓഫ് കസിയോണ - 4 | Prince of Casiyona -4 | Malayalam Novel | Written by Afsal klari |
പ്രിൻസ് ഓഫ് കസിയോണ - 4
കറങ്ങിത്തിരിഞ്ഞ് ഒരു വിധം കാടിനു നടുവിലൂടെയുള്ള ഒരു ടാറിട്ട റോഡിലവനെത്തി.അവന്റെ കയ്യിലുള്ള മാപ്പിൽ അതുവരെയേ ഒള്ളൂ.അവനവിടെ നിന്ന് ഇടത്തോട്ട് നടന്നു.അവന് അച്ഛന്റെ ഷൂസിട്ട് നടക്കാൻ വലിയ പ്രയാസം തോന്നി.ഒരുപാടു തവണ അവൻ തടഞ്ഞു വീണു.അവിടെ നിന്നും അവനേകദേശം രണ്ടു മൂന്ന് മൈലോളം നടന്നപ്പോ ആളൊഴിഞ്ഞ മൂന്നും കൂടിയിടത്തെത്തി. തിരിച്ചു വരുമ്പോൾ വഴി മനസ്സിലാകാൻ റോഡരികിലെ ഒരു മരത്തിൽ അവൻ അടയാളമിട്ടു . പിന്നെയും അഞ്ചു മൈലോളം നടന്നപ്പോ അവൻ ആൾത്തിരക്കുള്ളൊരു നഗരത്തിലെത്തി.അപ്പോഴേക്കും അവനാകെ തളർന്നിരുന്നു.
കാട്ടിലായിരുന്നേൽ അവനെത്ര നടന്നാലും ഓടിയാലും ക്ഷീണിക്കാറില്ലായിരുന്നു.എന്നാൽ പുറത്തുള്ള ആ കാലാവസ്ഥയും വാഹനങ്ങളുടെ പൊടിയും പുകയും അവന്റെ വസ്ത്രങ്ങളുമെല്ലാം അവനെ വീർപ്പുമുട്ടിച്ചു. വികൃതമായ അവന്റെ നടത്തം കണ്ട് ആളുകൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. നടത്തത്തിനിടയിലാണ് അവൻ അടുത്തുള്ളൊരു മൈതാനത്തിൽ ചെറിയ വെള്ളച്ചാട്ടം പോലൊന്ന് കണ്ടത്. അത് കണ്ടപ്പോഴവന് ചെറിയൊരാശ്വാസമായി.അതിനടുത്തേക്ക് അവൻ ഓടി.പക്ഷേ അവന് ആ ഷൂ ഇട്ടോണ്ട് അധിക ദൂരമോടാൻ കഴിഞ്ഞില്ല.അവനവിടെ തടഞ്ഞു വീണു.ഉടനെ അവൻ ഷൂ ഊരി വലിച്ചെറിഞ്ഞു പിന്നെയുമെണീറ്റോടി.ഓടിച്ചെന്ന് ആ വെള്ളച്ചാട്ടത്തിൽ നിന്ന് കൈ കുമ്പിളിൽ വെള്ളം കോരിക്കുടിച്ചു.ദാഹം തീർന്നപ്പോൾ അവൻ കെട്ടിയൊതുക്കി വെച്ചിരുന്ന അവന്റെ നീണ്ട മുടിയുടെ കെട്ടഴിച്ചു തല വെള്ളത്തിൽ താഴ്ത്തി.അവന് കുറച്ചൊരാശ്വാസം തോന്നി.അവിടെയുള്ളവരൊക്കെ അവന്റെ ചെയ്തികൾ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ശരിക്കും അതൊരു പാർക്കായിരുന്നു.അതിലെ ജലധാരയിലാണ് അവൻ വെള്ളച്ചാട്ടമാണെന്ന് വിചാരിച്ച് വെള്ളം കുടിച്ചതും തല നനച്ചതുമെല്ലാം.ഉടനെ അവിടെയുള്ള സെക്യൂരിറ്റി ഗാർഡുകൾ ഓടി വന്ന് അവനെ അവിടെ നിന്ന് പിടിച്ചു മാറ്റി.അവർ അവനൊരു ഭ്രാന്തനാണെന്നാണ് വിചാരിച്ചിരുന്നത്.ഇപ്പോ അവനെ കണ്ടാലേകദേശം ഒരു ഭ്രാന്തൻ ലുക്കുമുണ്ടായിരുന്നു.അവന് തന്നെയെന്തിനാണ് പിടിച്ചു മാറ്റുന്നതെന്ന് മനസ്സിലായില്ല. എങ്കിലും അവരെ അനുസരിച്ചു. അവരവനോട് അവിടെ നിന്നും പുറത്തു പോകാൻ പറഞ്ഞു.അവൻ തിരിച്ചൊന്നും പറയാതെ നടന്നു.നല്ല വിശപ്പുണ്ട്. വഴിയരികിലൊരു കമ്പ് കിടക്കുന്നത് കണ്ടു. അതുമെടുത്തായി പിന്നീടുള്ള നടത്തം.വല്ല മാനിനേയോ മുയലിനെയോ കിട്ടിയാലോ എന്നായിരുന്നു അവന്റെ ചിന്ത. എന്നാൽ മാൻ പോയിട്ട് ഒരു എലിയെ പോലുമവന് കണ്ടില്ല.പക്ഷേ കുറച്ചങ്ങ് ചെന്നപ്പോൾ അവനൊരു പഴക്കട കണ്ടു അവിടേക്ക് ഓടിച്ചെന്നു ഓരോ പഴവും എടുത്ത് തിന്നാൻ തുടങ്ങി.ഇതു കണ്ട കടയുടമ ഓടി വന്ന് ഒരു വടിയെടുത്ത് അവനെ ആട്ടിയോടിച്ചു.രണ്ടു കൈയിലും വായിലുമായി രണ്ടു മൂന്ന് ആപ്പിളുമെടുത്ത് അവനവിടെ നിന്ന് ഓടി.ഒരു മരച്ചുവട്ടിലിരുന്നു.അവിടെ ചെന്നശേഷം ഒരാപ്പിൾ കടിച്ചു തിന്നു.അതു കൊണ്ട് വിശപ്പ് തീർന്നില്ലായിരുന്നു.അതു കൊണ്ട് ഒന്നു കൂടി തിന്നു.മറ്റേത് പോക്കറ്റിൽ വെച്ചു ചുറ്റും നോക്കിക്കൊണ്ട് വീണ്ടും നടന്നു.അങ്ങനെ നടക്കുന്നതിനിടയിലാണ് ഒരു വലിയ സ്വിമ്മിങ് പൂളിൽ നീന്തൽ ക്ലാസ് നടക്കുന്നത് അവൻ കാണുന്നത്.അവനത് കുറേ നേരം നോക്കി നിന്നു.കാട്ടിലായിരുന്നപ്പോ അടുത്തു തന്നെ പുഴയുണ്ടായിരുന്നേലും നേരാംവണ്ണം അവന് നീന്താനറിയില്ലായിരുന്നു.അവർ കാണിക്കുന്നത് പോലെയൊക്കെ അവൻ കരയിൽ നിന്ന് അനുകരിക്കാൻ ശ്രമിച്ചു. അവിടെ ക്ലാസാണെന്നൊന്നും അനറിയില്ലായിരുന്നു അതിനിടയിൽ അറിയാതെ അവനാ സ്വിമ്മിങ് പൂളിന്റെ അടുത്തെത്തിയിരുന്നു.പെട്ടെന്നവൻ വഴുതി അതിലേക്കു വീണു.അവനൊരുപാട് കൈകാലിട്ടടിച്ചു.അത് കണ്ട് അവിടെ നീന്തൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ പെട്ടെന്ന് അങ്ങോട്ട് നീന്തിവന്ന് അവനെ രക്ഷിച്ചു.അവനൊരുപാട് വെള്ളം കുടിച്ചിരുന്നു.കണ്ണു തുറന്നപ്പോൾ അവന് ചുറ്റും ആൾക്കൂട്ടത്തെ കണ്ട് അവൻ പേടിച്ച് പിന്നോട്ട് മാറി.എന്നാലവരവനെ സമാധാനിപ്പിച്ചു.അവനോട് നീന്തൽ പഠിക്കാൻ താത്പര്യമുണ്ടോന്ന് ആ മാഷ് ചോദിച്ചു.ആഗ്രഹമുണ്ടെന്നവൻ മറുപടി പറഞ്ഞു.നിന്റെ കൈയ്യിൽ അഡ്മിഷനുള്ള പൈസയുണ്ടോന്നയാൾ ചോദിച്ചെങ്കിലും പൈസയെന്തെന്ന് പോലുമവന് അറിയില്ലായിരുന്നത് കൊണ്ട് അവനൊന്നും മിണ്ടിയില്ല.അവനോട് അച്ഛനെ വിളിക്കാമോ എന്ന് ചോദിച്ചു.അവൻ ഇല്ലെന്ന് തലയാട്ടി.അവനവന്റെ പോക്കറ്റിൽ തപ്പിയപ്പോൾ പഴയ ആപ്പിൾ അവിടെ തന്നെയുണ്ടെന്നവന് ഉറപ്പായി.അവനതെടുത്ത് അയാൾക്ക് കൊടുത്തു.അയാളത് പരിഹാസത്തോടെ വാങ്ങി അവന്റെ മേലേക്ക് തന്നെയിട്ട് പൂളിലേക്ക് തിരിഞ്ഞു നടന്നു.അവനവിടെ നിന്നുമെണീറ്റ് പതിയെ പുറത്തേക്ക് നടന്നു.
അവന്റെ നീണ്ട എണ്ണതൊട്ടു തീണ്ടാത്ത ചെമ്പിച്ച മുടിയിഴകൾ മുഖത്തോട്ട് വീണു കിടന്നു. അന്നത്തെ ദിവസത്തിന്റെ ആയുസ്സ് തീരാനായിരിക്കുന്നുവെന്നറിയിച്ച് പടിഞ്ഞാറ് ചുവക്കാൻ തുടങ്ങിയിരുന്നു.അവനാ അന്തരീക്ഷം ഒട്ടും പിടിച്ചിരുന്നില്ല.അവിടെ നിന്നും കുറേയങ്ങ് നടന്നു. പലരും അവനെ വല്ല വിചിത്ര ജീവിയെ കണ്ട പോലെ തുറിച്ചു നോക്കി. ചിലർ അറപ്പോടെ അവരുടെ അടുത്തു നിന്നും ആട്ടിയോടിച്ചു. രാത്രിയായപ്പോ കിടക്കാനൊരിടം തേടി കുറേ നടന്നു. തൽക്കാലം വല്ല മരത്തിലും കിടക്കാമെന്നുറച്ച് മരം തിരഞ്ഞെങ്കിലും അന്തിയുറങ്ങാൻ പറ്റിയ മരങ്ങളൊന്നും അവന് കണ്ടെത്താനായില്ല പറ്റിയില്ല.പലരും റോഡരികിലൊക്കെ കിടന്നുറങ്ങുന്നത് കണ്ടു.അതു പോലെ അവനും അവരിലൊരാളായി ഒരു ഭാഗത്ത് കിടന്നുറങ്ങി.
(തുടരും...)




0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI