
ഇസ്രയേൽ - ഫലസ്തീൻ അന്ത്യമില്ലാത്ത അക്രമണ പരമ്പരയുടെ ചരിത്രം. | A History of the Israeli-Palestinian Endless Series of Violence | Written by Safvanul Nabeel TP
ഇസ്രയേൽ - ഫലസ്തീൻ അന്ത്യമില്ലാത്ത അക്രമണ പരമ്പരയുടെ ചരിത്രം.

പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസിന്റെ അപ്രതീക്ഷിതമായ ഇസ്രായേലിലേക്കുള്ള ആക്രമണവും ഇസ്രായേലിന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്.ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ നൂറോളം ഇസ്രായേലുകാർ കൊല്ലപ്പെട്ടപ്പോൾ പ്രത്യാക്രമണത്തിൽ പലസ്തീനിലും എണ്ണിയാൽ ഒടുങ്ങാത്ത വിധം ചോരപ്പുഴയൊഴുകുന്ന സ്ഥിതിയാണ്. ഇസ്രയേൽ ഫലസ്തീൻ യുദ്ധ ചരിത്രം ലോകത്തിനു മുന്നിൽ പുതുമയല്ല എന്നാലും സമകാലത്തെ പ്രഖ്യാപിത യുദ്ധം പശ്ചിമേഷ്യയെ ഞെട്ടിക്കുന്നത് പോലെ തന്നെ ലോകത്തിനാകമാനം ആശങ്ക പടർത്തുന്നതാണ്.ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പുതിയ സംഘർഷത്തിന് കാരണം നൂറ്റാണ്ടായി തുടരുന്ന പരസ്പര പ്രതികാരത്തിന്റെ ഫലമാണ്.കഴിഞ്ഞ ഏതാനും വർഷമായി ഇസ്രായേൽ നടത്തുന്ന തുടർ ആക്രമണങ്ങളാണ് ഹമാസ് പ്രതികാരത്തിന് പിന്നിലുള്ളത്. ഇസ്രയേൽ ഫലസ്തീനിന്റെ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിനും നേർക്ക് നടത്തിക്കൊണ്ടിരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത രീതിയിലാണെന്നത് നഗ്നമായ സത്യമാണ്. ഈ രണ്ട് തീര നഗരങ്ങളെയും പിടിച്ചടക്കുക, അവിടെ തങ്ങളുടെ ആളുകളെ കുടിയിരുത്തുക, കെട്ടിടങ്ങൾ നിർമ്മിക്കുക രാജ്യം സ്വന്തമാക്കുക.ഇതാണ് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് ഫലസ്തീനികളെ പ്രേരിപ്പിച്ചിരിക്കുന്നത്.
എന്നിരുന്നാലും ഹമാസിന്റെ ഇസ്രായേലിലേക്കുള്ള അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ മൂന്ന് കാരണങ്ങളുണ്ട് എന്നാണ് ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സ്വന്തമെന്ന് അവകാശപ്പെടുന്ന ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ മുസ്ലീം പള്ളിയുടെ പേരിൽ വർഷങ്ങളായുള്ള തർക്കമാണ് സമീപകാലത്ത് ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ സംഘർഷത്തിലേക്ക് നീങ്ങുന്നതെന്നാണ് ഒരു കാരണം. അൽ അഖ്സ പള്ളിയുടെ നാമത്തിൽ 'അൽ അഖ്സ സ്റ്റോം' എന്ന പേരിലാണ് ഹമാസിന്റെ ഓപ്പറേഷൻ. 'സാർഡ്സ് ഓഫ് അയൺ' എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണമാണ് മറ്റൊന്ന്. കഴിഞ്ഞ ദിവസം നാല് പാലസ്തീൻകാരെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ കൊലപ്പെടുത്തിയിരുന്നു. ഒരു വർഷത്തിനിടെ ഇരുനൂറ്റിയമ്പതോളം പാലസ്തീൻകാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.കഴിഞ്ഞ മാസം മുതൽ ഇവിടെയുള തൊഴിലാളികളെ അതിർത്തിയിൽ ഇസ്രായേൽ സൈന്യം തടയുന്നത് ശക്തമാക്കി. ഇത് വലിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും ഇടയാക്കിയിരുന്നു. ഇത് അക്രമത്തിനും ഇടയാക്കിയിരുന്നു അതിനാൽ തന്നെ ഏറ്റവും മികച്ച നല്ലൊരു പ്രത്യാക്രമണ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഹമാസ് എന്ന് വേണം മനസ്സിലാക്കാൻ.
ഇസ്രയേൽ പലസ്തീൻ ഇരു രാജ്യങ്ങളും തമ്മിലുള്ള കാലാകാലങ്ങളായുള്ള ആക്രമണ പരമ്പരയുടെ ചരിത്രം എന്താണ്?
ഒന്നാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടൻ ഒട്ടോമനെതിരായ യുദ്ധത്തിൽ വിജയിച്ച് ഫലസ്തീൻ ഭൂപ്രദേശം പിടിച്ചടക്കുന്നത്. അറേബ്യൻ വംശീയതയും അറേബ്യൻ സംസ്കാരവും നിലകൊള്ളുന്ന പ്രദേശമാണ് വിശുദ്ധ നഗരമായ ജെറുസേലം. മുസ്ലിങ്ങളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ അൽ അഖ്സ മസ്ജിദ് ഈ പ്രദേശത്താണ്. ഇവിടുത്തെ ബ്രിട്ടീഷ് അധീശത്വം അറബികളെ പ്രകോപിപ്പിച്ചു, ഫലസ്തീൻ ജനത ഭയചകിതരായി. ഈ സമയത്താണ് 1947ൽ ജൂതന്മാർക്ക് രാഷ്ട്രം രൂപീകരിക്കാൻ പശ്ചാത്യ ശക്തികൾ ചേർന്ന് തീരുമാനിക്കുന്നത് . ജർമനിയിലെ നാസിസത്തിൻ്റെ വംശീയാക്രമണം കാരണം സഹതാപമേറ്റുവാങ്ങി ലോകത്തിൻറെ പലയിടങ്ങളിലായി പീഡിപ്പിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്ത ജൂത ജനതയ്ക്ക് ഒരു രാഷ്ട്രം എന്നതായിരുന്നു അന്നത്തെ ആശയം. അങ്ങനെ യൂറോപ്പ്യൻ രാജ്യത്തിന്റെ ശ്രമങ്ങൾ ആയിരുന്നു ജൂത വംശജർക്ക് ഒരു രാജ്യം എന്ന അഭിലാഷമെന്ന ഇസ്രയേൽ രാജ്യത്തിന്റെ രൂപീകരണത്തിലേക്ക് വഴി വച്ചത്.
ഇസ്രയേൽ രൂപീകരണത്തെ അറബ് രാജ്യങ്ങൾ ഒരു പരിധിവരെ എതിർത്തിരുന്നു. പലസ്തീനികളുടെ പ്രദേശം നഷ്ടപ്പെടലും അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടും എന്നതും മുസ്ലീം ചേരിയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള യൂറോപ്യൻ തന്ത്രമാണ് ഇതൊന്നുമാണ് അറബ് രാജ്യങ്ങൾ വിശ്വസിച്ചിരുന്നത്. ഇസ്രയേൽ രൂപീകരണത്തിന്റെ പരിണിതഫലങ്ങൾ പലസ്തീനിവാസികളുടെ സ്വൈര്യ ജീവിതത്തിന് എതിരായിരുന്നു. നിരവധി പലസ്തീനികൾ പ്രദേശം വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറുകയുണ്ടായി, 1948 - 51 കാലഘട്ടങ്ങളിലെ ദുരിത പൂർണ്ണമായ ഈ കാലഘട്ടത്തെ 'അൽനകബാ' അഥവാ ദുരന്തം എന്ന പേരിൽ പലസ്തീനികളുടെ ചരിത്രത്തിൽ എഴുതപ്പെട്ടു.1949ൽ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് വെടിനിർത്തൽ കരാറിൽ രണ്ടു രാജ്യങ്ങളും ഒപ്പുവച്ചു.അതിർത്തികളും നിർണയിച്ചു. വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ജോർദാന് കീഴിലും ഗാസ ഈജിപ്തിന്റെ കീഴിലുമായി. പിന്നീടുള്ള കുറച്ചുകാലം ഭാഗിക സമാധാനം ഇരു രാജ്യത്തിനിടയിലും രൂപപ്പെട്ടു.
1956: ഈജിപ്തിന്റെ സൂയസ് കനാൽ ദേശസാൽക്കരണത്തെ തുടർന്ന് കാര്യങ്ങൾ വഷളാവുകയും വീണ്ടും ഇസ്രയേൽ– --അറബ് യുദ്ധം ഉണ്ടായി.ബ്രിട്ടന്റെയും ഫ്രാൻസിന്റെയും പിന്തുണയോടെ ഇസ്രയേൽ ഈജിപ്ത് ആക്രമിച്ചു. സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും ഇടപെടലിലാണ് പ്രശ്‌നപരിഹാരമുണ്ടായത്. പറയത്തക്ക വിധത്തിൽ ആർക്കും അതിൽ നിന്ന് ഒരു നേട്ടവും ലഭിച്ചില്ല. ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പലസ്തീൻ ജനതയെ സംഘടിപ്പിക്കാൻ പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) 1964 ൽ രൂപീകരിക്കപ്പെട്ടതോടെ സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം എന്ന രീതിയിൽ നിന്ന് വിഭിന്നമായി കൊണ്ട് ചർച്ചയിലൂടെയും അന്താരാഷ്ട്ര വേദികളിൽ വിഷയം അവതരിപ്പിച്ചും ലോക പിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഫലസ്തീനിന്റെ ഭാഗത്ത് നിന്നുണ്ടായി.
1980-കളുടെ അവസാനത്തിൽ, വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായേൽ അധിനിവേശത്തിനെതിരെ ആദ്യത്തെ പലസ്തീൻ ഇൻതിഫാദ അല്ലെങ്കിൽ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷമാണ് ഫലസ്തീൻ ജനതക്കായി സായുധ വിപ്ലവം നടത്തുന്ന ഗ്രൂപ്പുകളുടെ ശക്തി വർദ്ധിക്കുന്നത്.1967 ലെ ഇസ്രായേലി-അറബ് യുദ്ധത്തിൽ വിജയിച്ചതിന് ശേഷം ജൂത രാഷ്ട്രം രണ്ട് ഫലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നു. ഇത് അവരിൽ നിന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു ഈ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന ദൗത്യം.ഈജിപ്ഷ്യൻ മുസ്ലീം ബ്രദർഹുഡിന്റെ ഒരു വിഭാഗമായി 1987 ൽ അഹമ്മദ് യാസിനും അബ്ദുൽ അസീസ് അൽ-റാന്റിസിയും ചേർന്നാണ് ഫലസ്തീൻ രാഷ്ട്രത്തിലെ സ്വാതന്ത്ര്യം അവകാശപ്പെടുന്ന പ്രധാന തീവ്രവാദ ഗ്രൂപ്പായ ഹമാസ് സംഘടന സ്ഥാപിച്ചത്. ഹമാസ് എന്നാൽ ഹറകത്തുൽ മുഖാവമ അൽ ഇസ്‌ലാമിയ്യ എന്നതിന്റെ ചുരുക്ക രൂപമാണ്. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നതിലെ 'ഹമാസ്' എന്നാൽ തീക്ഷ്ണത എന്ന അർത്ഥത്തിലാണ് സംഘടന അറിയപ്പെട്ടത്. 1988-ൽ, ഹമാസിന്റെ പ്രഖ്യാപിത ദൗത്യം ഫലസ്തീനെ മോചിപ്പിക്കുകയും ഇസ്രായേൽ, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഒരു ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയുമെന്നതാണ്.
ഹമാസ് ഏറ്റവും വലിയ പലസ്തീനിയൻ തീവ്രവാദ ഇസ്ലാമിസ്റ്റ് ഗ്രൂപ്പും പലസ്തീനിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. നിലവിൽ, ഗാസ മുനമ്പിലെ രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളെ ഇത് ഭരിക്കുന്നുണ്ട്. എന്നിരുന്നാലും ഹമാസിനെ ഒരു രാഷ്ട്രീയ പാർട്ടിയായി വിലയിരുത്തപ്പെടുന്നില്ല പകരം ബ്രിട്ടൻ ജർമ്മനി അമേരിക്ക പോലെയുള്ള പല ഇസ്രയേൽ അടുപ്പ രാജ്യങ്ങളും ഹമാസിനെ ഒരു തീവ്രവാദ ഗ്രൂപ്പായാണ് പരിഗണിക്കുന്നത്.
ഫലത്തിൽ ലിബറേഷൻ ഓർഗനൈസേഷൻ ഇസ്രയേലിനോട് സ്വീകരിക്കുന്നത് മൃദു സമീപനമാണ് എന്ന വിമർശനമാണ് എല്ലാകാലത്തും ഹമാസ് ഉയർത്തി പോകുന്നത്. സ്വാതന്ത്ര്യസമരം എന്ന പ്രഖ്യാപനത്തോടെ ഫലസ്തീനിലെ യുവ സമൂഹത്തിൽ ഒപ്പം നിർത്താനുള്ള ഹമാസിന്റെ ശ്രമങ്ങൾ ഒരു പരിധിവരെ അവർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. 1990കൾക്ക് ശേഷമുള്ള ഇസ്രയേൽ ഫലസ്തീൻ യുദ്ധമുഖങ്ങളിൽ ഫലസ്തീൻ പക്ഷത്തെ നയിക്കുന്നത് ഹമാസാണ്. എന്നാൽ ഹമാസ് വിഭാഗത്തെ അനുകൂലിക്കാനാവാത്ത ഗാസയിലെയും മറ്റു അനുബന്ധ പ്രദേശങ്ങളിലെയും പ്രതിപക്ഷ പാർട്ടികളും ഇസ്രയേൽ അധിനിവശത്തെ എതിർക്കപ്പെടണം എന്ന് ശബ്ദിക്കുന്നവരാണ്. 2014 ൽ ഹമാസ് ഇസ്രയേൽ ആക്രമണങ്ങളും രൂക്ഷപ്രത്യാക്രമണങ്ങളും പ്രത്യാഘാതങ്ങളും ലോകത്തിനു മുന്നിൽ വലിയ ചർച്ചകൾക്ക് വഴി വച്ചതായിരുന്നു.
ഹമാസ് ഇപ്പോഴത്തെ പ്രത്യാക്രമണത്തെ സ്വാതന്ത്ര്യസമരം എന്നതായി അവതരിപ്പിക്കപ്പെടുമ്പോൾ ഇസ്രയേൽ അതിനെ നുഴഞ്ഞുകയറ്റുമായും തീവ്രവാദാക്രമണമായിട്ടാണ് നിർവചിക്കുന്നത്.
ഇസ്രായേൽ നടത്തുന്നത് തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടങ്ങളാണ് എങ്കിൽ, പലസ്തീൻ ഇന്നുവരെ നടത്തിപ്പോന്നിട്ടുള്ളത് തങ്ങളുടെ നഷ്ടപ്പെട്ടുപോയ അസ്തിത്വത്തിനുവേണ്ടിയുള്ള, അവകാശങ്ങൾക്കു വേണ്ടിയുള്ള, ജന്മഭൂമിക്ക് വേണ്ടിയുള്ള യുദ്ധങ്ങളാണ്. കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ആ പോരാട്ടങ്ങൾ ഇരുരാജ്യങ്ങളെയും ബദ്ധശത്രുക്കളാക്കി മാറ്റിയിരിക്കുകയാണ്. അവരെ ഒന്നിപ്പിക്കുക ഇനി ഏറെക്കുറെ അസാധ്യം തന്നെയാണ്. തൊണ്ണൂറുകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ ഒരു സന്ധിയുടെ വക്കുവരെ എത്തിയിരുന്നതാണ്. ആ ഉടമ്പടിക്ക് ഒരേയൊരു തടസ്സമേ ഉണ്ടായിരുന്നുള്ളൂ. ഇസ്രായേലും പലസ്തീനും പരസ്പരം രാജ്യങ്ങളായി അംഗീകരിക്കണം. എന്നാൽ, ഈ നിബന്ധനയ്ക്ക് പലസ്തീൻ വഴങ്ങിയില്ല. ഇസ്രായേൽ എന്ന അധിനിവേശ ശക്തിയെ ഒരു രാഷ്ട്രമായി അംഗീകരിച്ചുകൊടുക്കാനാവില്ല എന്നതായിരുന്നു അവരുടെ നിലപാട്. അങ്ങനെ ദൂരവ്യാപകമായ നിലപാടുകൾ കൊണ്ട് ഒരിക്കലും സമാധാനം തിരിച്ചും സൃഷ്ടിക്കാൻ ആകാത്ത വിധം രണ്ടു രാജ്യങ്ങൾ പരസ്പരം പോരാടി കൊണ്ടിരിക്കുകയാണ്.
2007 പലസ്തീനിൽ താത്കാലികമായി ഒരു സർക്കാർ നിലവിൽ വന്നു. അത് ഇന്നും തുടരുന്നുണ്ട്. വെസ്റ്റ് ബാങ്ക് ഇന്ന് ഇസ്രായേലിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഗാസയിൽ പലസ്തീനികളാണ് കഴിഞ്ഞുപോരുന്നത്. അവിടെയും ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണങ്ങളുണ്ട്. അവിടെ ജീവിതം ഏറെ ദുസ്സഹമാണ്. ഫലത്തിൽ പലസ്തീനികൾ ഇന്ന് സ്വന്തം രാജ്യത്തുനിന്ന് നിഷ്കാസിതരായവരാണ്.
2014 മുതൽ ഹമാസ് ഇസ്രായേലിനോട് തുറന്ന യുദ്ധത്തിലാണ്. അക്കൊല്ലം ജൂലൈ 8 മുതൽ ഓഗസ്റ്റ് 26 വരെ നടന്ന യുദ്ധത്തിൽ 2100 പലസ്തീനികളും, 73 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ മൂന്ന് ഇസ്രായേലി വിദ്യാർത്ഥികളുടെ വധത്തിൽ തുടങ്ങിയതായിരുന്നു ആ പോരാട്ടം. പകരം ഇസ്രായേൽ ഒരു പലസ്തീനി വിദ്യാർത്ഥിയെ കൊന്നു. ഹമാസ് ഒറ്റ ദിവസം കൊണ്ട് ഇസ്രായേൽ ലക്ഷ്യമാക്കി 40 റോക്കറ്റുകൾ വർഷിച്ചു. ശക്തമായി തിരിച്ചടിച്ച ഇസ്രായേൽ ഗാസയ്ക്കുമേൽ മിസൈൽ വർഷം തന്നെ നടത്തി. ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് നിരവധി തുരങ്കങ്ങൾ കുഴിച്ചിരുന്നു ഹമാസ്. അതെല്ലാം ഇസ്രായേലി സൈന്യം നശിപ്പിച്ചു. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ ഇരു രാജ്യങ്ങൾക്കിടയിൽ തുടർന്നു പോരുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുന്ന ഘടകങ്ങൾ മുന്നിൽകണ്ട് ഇസ്രയേലിനെ പരമാവധി പിന്തുണക്കുന്ന നിലപാടിലേക്ക് അടുക്കുമ്പോൾ അറബ് സമൂഹമാവട്ടെ മുസ്ലിം സ്വത്വത്തെ മാനിച്ചുകൊണ്ട് പലസ്തീൻ്റെ ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും സാമീപ്യം കൊണ്ട് ഇസ്രയേൽ അന്താരാഷ്ട്ര വേദികളിൽ ഉണ്ടാക്കിയെടുക്കുന്ന നല്ല പ്രതിച്ഛായ സംശയത്തോടെ നോക്കിക്കാണുന്ന റഷ്യയാകട്ടെ പൊതുവേ ഇത്തരം വിഷയങ്ങളിൽ ആർക്കും അനുകൂലമാത്ത നിലപാട് എടുക്കാറില്ല. നിലവിലെ യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം ആണ് എന്ന് മോദി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു പിന്നിലും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്,പൊതുവായ വാണിജ്യ താൽപര്യങ്ങളും ഇന്ത്യയും ഇസ്രയേലും നിലനിൽക്കുന്ന ആയുധ കരാറുകളും മോദിയും ബെന്യാമിൻ നെതന്യാഹവും ഉണ്ടാക്കിയെടുത്ത ശക്തമായ സൗഹൃദ ബന്ധവുമാണ് ഇന്ത്യയെ ഇസ്രായേലിനൊപ്പം നിർത്താൻ നിർബന്ധിക്കുന്നത്.
ഇസ്രയേലിനകത്ത് ശക്തമായ എതിർപ്പ് നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് എപ്പോഴുമെന്നപോലെ പിടിവള്ളിയാണ് പുതിയ സംഘർഷവും. അഴിമതിക്കേസുകളിൽ തടവറ ഒഴിവാക്കാൻ അധികാരം അനിവാര്യമായ നെതന്യാഹു നീതിപീഠത്തെയും നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനെതിരെ നാട്ടിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് യുദ്ധമാരംഭിച്ചിരിക്കുന്നത്. കോടതി വിധികളെ മറികടക്കാൻ പാർലമെന്റിനും ജഡ്‌ജിമാരെ നിയമിക്കാൻ സർക്കാരിനും അധികാരം നൽകുന്ന നിയമപരിഷ്‌കാരങ്ങൾ നെതന്യാഹു കൊണ്ടുവന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ സമാനരായ ഏത് ഫാസിസ്‌റ്റിനെയും പോലെ യുദ്ധഭ്രാന്തിളക്കി തൽക്കാലം പിടിച്ചുനിൽക്കാൻ നെതന്യാഹുവിനാവും. പലസ്‌തീൻകാർ അനുഭവിക്കുന്ന ദുരിതം തുടരുകയും ചെയ്യുമെന്നതാണ് യാഥാർത്ഥ്യം.
ഇസ്രായേലും പലസ്തീനിയും ഉണ്ടാക്കിയെടുത്ത യുദ്ധ പ്രതീതി അവസാനിപ്പിക്കേണ്ടത് എന്തുകൊണ്ടും അറബ് രാജ്യങ്ങളുടെ ആവശ്യം കൂടിയാണ്.കാരണം മുസ്ലിം സ്വത്വത്തെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ബാധ്യത അന്താരാഷ്ട്ര തലത്തിൽ അറബ് രാജ്യങ്ങൾക്കുണ്ട്, പൊതുവേ യുദ്ധസമാനരീതിയിലേക്കുള്ള സന്നാഹത്തെ അറബ് രാജ്യങ്ങൾ അംഗീകരിക്കില്ല മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് അറബ് രാജ്യങ്ങൾ വിശ്വസിക്കുന്നത്.
മേഖലയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദ്വിരാഷ്ട്ര രൂപീകരണമാണ് വേണ്ടതെന്ന് സൗദി വ്യക്തമാക്കി. പലസ്തീൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പോംവഴി എന്നുമാണ് വിഷയത്തിൽ സൗദി അറേബ്യ പ്രതികരിച്ചത്.
1937ൽ ബ്രിട്ടീഷ് സർക്കാർ രൂപീകരിച്ച പീൽ കമ്മീഷൻ ശിപാർശ ചെയ്തത് ദ്വിരാഷ്ട്ര പരിഹാരമായിരുന്നു. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ രൂപീകരിക്കുകയാണ് വേണ്ടതെന്ന് 1947ൽ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. എന്നാൽ ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഈ നിർദേശം പാലിക്കപ്പെടാത്തതാണ് പശ്ചിമേഷ്യ പുകഞ്ഞു നിൽക്കാൻ കാരണം.
1937ൽ ബ്രിട്ടീഷ് സർക്കാർ രൂപീകരിച്ച പീൽ കമ്മീഷൻ ശിപാർശ ചെയ്തത് ദ്വിരാഷ്ട്ര പരിഹാരമായിരുന്നു. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ രൂപീകരിക്കുകയാണ് വേണ്ടതെന്ന് 1947ൽ ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. എന്നാൽ ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഈ നിർദേശം പാലിക്കപ്പെടാത്തതാണ് പശ്ചിമേഷ്യ പുകഞ്ഞു നിൽക്കാൻ കാരണം.
ഏതു കാരണത്തിന്റെ പേരിലും യുദ്ധത്തെ ന്യായീകരിക്കാൻ ആവില്ല എന്നതാണ് പരമാർത്ഥം. ആഗോള രാഷ്ട്രീയവ്യവസ്ഥ മൃദുശക്തിയിൽ ആധുനിക കാലത്തേക്ക് ഗതിമാറ്റുമ്പോൾ രക്തച്ചൊരിച്ചിലുകളുടെ ആക്രമണ പരമ്പരകളെ ആഗോള രാജ്യങ്ങൾ അപലപിക്കുന്നതിന് പകരം കാലാകാലങ്ങളായുള്ള ഈ പ്രശ്നത്തിന്റെ താൽക്കാലിക പരിഹാരമെന്ന എന്ന നിലയ്ക്കെങ്കിലും ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇസ്രായേലിന്റെ അധിനിവേശ രാഷ്ട്രീയമോ, ഹമാസിന്റെ തീവ്ര ദേശീയ ബോധത്തിലോ ന്യായീകരണം കണ്ടെത്താൻ ആകാത്ത വിധമുള്ള വേദന അനുഭവിക്കുന്ന ഒരു സമൂഹത്തെ ചേർത്തു പിടിക്കേണ്ടത് ദേശ-ഭാഷ ഭേദമന്യേ ലോകമനുഷ്യരുടെ കടമയാണ്.
![]() |
Safvanul Nabeel. TP (Guest Post) Edited by Muzammil Salam (Proofreader of KAALIKKUPPI |







0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI