പ്രിൻസ് ഓഫ് കസിയോണ - 1 | Prince of Casiyona -1 | Malayalam Novel | The Psychological Thriller


പ്രിൻസ് ഓഫ് കസിയോണ - 1 | Prince of Casiyona -1 | Malayalam Novel | Written by Afsal klari

 പ്രിൻസ് ഓഫ് കസിയോണ - 1

എട്ടോ പത്തോ വയസ്സ് പ്രായം തോന്നിക്കുന്ന നഗ്നനായ ഒരാൺ കുട്ടി കാടിനോട് ചേർന്നൊഴുകുന്നൊരു പുഴ വക്കത്തൂടെ എന്തോ കണ്ട് പേടിച്ചതു പോലെ ഓടുകയാണ്. ഇടക്കിടെ അവൻ പുറകോട്ട് തിരിഞ്ഞു നോക്കുന്നുമുണ്ട്.അവന്റെ പുറകെ രണ്ടു കാലും മുട്ടിനു താഴേക്കില്ലാത്തൊരാൾ രണ്ട് കൈയും തറയിലൂന്നി ചാടിച്ചാടി പുറകെ വരുന്നുണ്ടായിരുന്നു. അയാൾക്ക് ജഡ പിടിച്ച അത്ര വലുതല്ലാത്ത താടിയുണ്ടായിരുന്നു.മുഷിഞ്ഞ വെളുത്തൊരു കുപ്പായവും മുട്ടിന്റവിടുന്ന് മുറിച്ചു കളഞ്ഞ ഒരു പാന്റ്സുമാണ് വേഷം.പെട്ടെന്ന് ഓടിക്കൊണ്ടിരുന്ന ആ കുട്ടി മുമ്പിലെ കുഴി കാണാതെ മണലിലേക്ക് കമഴ്ന്നടിച്ച് വീണു. ഉടനെ പിറകേ വന്നിരുന്ന അയാൾ അവന്റെ മുകളിലേക്ക്  ചാടി വീണു. അവന്റെ കൈകൾ തന്റെ ഒരു കൈക്കൊണ്ട് പിടിച്ചു വെച്ചു. എന്നിട്ടവന്റെ പുറത്തിരുന്ന് പാന്റ്സിന്റെ പോക്കറ്റിൽ നിന്നൊരു ട്രൌസർ വലിച്ചെടുത്തിട്ട് ബലമായി അവനെ ഇടുവിച്ചു.വള്ളി കൊണ്ട് അവനഴിക്കാൻ പറ്റാത്ത വിധം അരയിൽ കെട്ടിട്ടു. എന്നിട്ടേ അയാൾ പുറത്തു നിന്നിറങ്ങിയതൊള്ളൂ. അവൻ കരഞ്ഞു വാശിപിടിച്ച് അതഴിക്കാൻ നോക്കി. പറ്റുന്നില്ലായിരുന്നു.അവൻ അയാളെ ഒരു പാട് അടിച്ചെങ്കിലും അയാൾ കുലുങ്ങിച്ചിരിക്കുക മാത്രമാണ് ചെയ്തത്. 

അയാൾ പതുക്കെ പുഴവക്കത്തേക്ക് നടന്നു ചെന്ന് തീരത്തിരുന്നു.അവനോടും വന്നിരിക്കാൻ പറഞ്ഞെങ്കിലും അവൻ വാശി പിടിച്ചവിടെ തന്നെ നിന്നു.നിന്റെ അമ്മയുണ്ടായിരുന്നെങ്കിൽ നീയിങ്ങനെയാകില്ലായിരുന്നു. അയാൾ പറയാൻ തുടങ്ങി.അയാളവന്റെ അച്ഛനായിരുന്നു.ക്രിസ്റ്റഫർ  എന്നായിരുന്നയാളുടെ പേര്. അയാളൊരു കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. അയാളുടെ ഒരേയൊരു മകനാണവൻ, ജോണി.അയാൾ അദ്ദേഹത്തിന്റെ ഭൂത കാല ചരിത്രം മുഴുവൻ ഓർത്തെടുത്ത് പറഞ്ഞു കൊണ്ടിരുന്നു എന്നാലവൻ അതൊന്നും ശ്രദ്ധിക്കാതെ മണൽ കൊണ്ടെന്തോ ഉണ്ടാക്കുകയായിരുന്നു. 

അയാളത് കണ്ട് മിണ്ടാതെയിരുന്നു. എല്ലാം അറിയേണ്ട സമയത്ത് അറിഞ്ഞാ മതിയെന്ന് വെച്ചു. പോകാം...അയാൾ അവനോട് ചോദിച്ചു. ആ... അവർ രണ്ടു പേരും കൂടെ എഴുന്നേറ്റ് കാടിനുള്ളിലേക്ക് നോക്കി.സൂര്യൻ താഴാൻ തുടങ്ങിയിരുന്നു. അവർ നേരെ വീട്ടിലേക്ക് നടന്നു. ക്രിസ്റ്റഫർ ഒരു ബുദ്ധിമാനായിരുന്നു. അദ്ദേഹം വീട് നിർമ്മിച്ചിരുന്നത് താഴോട്ട് വലിയ കുഴിയെടുത്തിട്ടായിരുന്നു. ഒരു തുരങ്കം പോലെ.താഴോട്ട് കയറേണി തൂങ്ങിക്കിടക്കുന്നുണ്ട്. ഉള്ളിൽ എപ്പോഴും ഇരുട്ടായതിനാൽ വേനൽക്കാലങ്ങളിൽ തീയെരിഞ്ഞു കൊണ്ടിരിക്കുന്നുണ്ടാകും. മഴക്കാലത്ത് പുഴവെള്ളത്തിന്റെ ഒഴുക്ക് കൊണ്ട് പ്രവർത്തിക്കുന്ന ഒരു ജനറേറ്റർ അയാൾ തന്നെ രൂപകൽപ്പന ചെയ്തെടുത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ അടുക്കൽ ബൾബുണ്ടായിരുന്നെങ്കിലും അതിന്റെയെല്ലാം ഫ്യൂസ് പോയിരുന്നു. പകരം വൈദ്യുതി കടത്തി വിടുമ്പോൾ പ്രകാശിക്കുന്നൊരു വള്ളി അയാൾ കണ്ടെത്തിയിരുന്നു. എന്നാൽ അതിന്ന് ആയുസ്സും പ്രകാശവും വളരെക്കുറവായിരുന്നു. ഏകദേശം ഒരു മണിക്കൂറ് വരേയൊക്കെയേ അതിന് പിടിച്ചു നിൽക്കാനാകൂ. അത് കഴിഞ്ഞാലത് ചൂടായി കരിഞ്ഞു പോകും. അതു കൊണ്ടവർ രാത്രി നേരത്തെയുറങ്ങും. അല്ലെങ്കിൽ ഉറക്കം വരുമ്പോഴേ കുഴിയിലേക്കിറങ്ങാറൊളളൂ. എങ്കിലും ചില ദിവസങ്ങളിൽ മൂന്നോ നാലോ തവണയൊക്കെ ഫിലമെന്റ് മാറ്റേണ്ടതായി വരാറുണ്ട്. എങ്കിലും അതിന് ധാരാളം കറണ്ടാവശ്യമായി വരികയും ചെയ്യും.ക്രിസ്റ്റഫർ ഒരു എത്തിക്കൽ ഹാക്കറു കൂടിയായിരുന്നു. അതു കൊണ്ട് അയാൾക്ക് രണ്ട് കമ്പ്യൂട്ടറും ഒരു സെൽഫോണും ഒരുപാട് സിംകാർഡുകളുമുണ്ടായിരുന്നു. എന്നാൽ റൈഞ്ചിന് നല്ല നിലയിൽ തന്നെ മുട്ടുണ്ടായിരുന്നു. പക്ഷേ അയാൾക്കത് അത് അഡ്ജസ്റ്റ് ചെയ്യാവുന്നതേ ഉണ്ടായിരുന്നൊള്ളൂ. അന്നും അവർ നേരത്തേ വീട്ടിലേക്കിറങ്ങി.

വേനലായതിനാൽ നെരിപ്പോടിലെ കനലിൽ തീ മുങ്ങിത്താഴുന്നുണ്ട്. 

അതിലേക്കൊരു വിറക് കൊള്ളി കാണിച്ച് അതിൽ തീയെ ഒപ്പിയെടുത്തു.പന്തം ചുമരിലെ കൊളുത്തിൽ പിടിപ്പിച്ചു. രണ്ടുമൂന്ന് കൊള്ളി കൂടി അവിടെയുമിവിടെയുമൊക്കെ പിടിപ്പിച്ചപ്പോൾ ഗുഹക്കുൾ ഭാഗം മുഴുവൻ വ്യക്തമായി. നല്ല വണ്ണം  ഉണങ്ങിയ വിറകും ചമ്മലും കൊണ്ട് ചില പ്രത്യേക രീതിയിൽ  ഉണ്ടാക്കുന്ന ഇത്തരം കൊള്ളികൾ അധികം പുകയുണ്ടാക്കാറില്ല. കിടക്കാൻ നേരത്ത് ഇവയെല്ലാം അണച്ച് വേണം കിടക്കാൻ അല്ലേൽ തീ പടരാനിടയുണ്ട്. തുരങ്കത്തിനുള്ളിലെപ്പോഴും തണുപ്പാണ്. എങ്കിലും മഴക്കാലത്ത് അവയെ മിതപ്പെടുത്തുക ബുദ്ധിമുട്ടാണ്. ചില മഴക്ക് തുരങ്കത്തിലും വെള്ളം കേറാറുണ്ട്. 

ഉച്ചക്ക് കഴിച്ച് ബാക്കി വന്ന അൽപ്പം മുയലിറച്ചി നെരിപ്പോടിന് മുകളിലായി ഉറിപോലെ കെട്ടി, അതിലെടുത്തു വെച്ചിരുന്നു. അൽപ്പം കരിഞ്ഞിട്ടുണ്ട്. എങ്കിലും അതും തിന്ന് അവർ കിടക്കാനൊരുങ്ങി.ഇലകൾക്ക് മീതെ കാട്ടുപോത്തിന്റെ തോലു കൊണ്ടുവിരിച്ച മെത്തമേൽ അവർ കിടന്നു.അന്നൊരൽപ്പം ചൂട് കൂടുതലായിരുന്നു. അയാൾ കുപ്പായമഴിച്ച്  കിടക്കാനൊരുങ്ങി. 

അവനും അരയിലെ കെട്ടഴിക്കാൻ തുടങ്ങി. അതയാൾ തടഞ്ഞു കൊണ്ട് പതിയെ അവനെ ഉറക്കി. ആ ട്രൌസറവന് വലിയ മനപ്രയാസമുണ്ടാക്കിയെങ്കിലും അച്ഛന്റെ താളത്തിലുള്ള പുറത്തു തട്ടലും ശ്വാസോച്ഛ്വാസവും കേട്ട് അവൻ പതിയെ ഉറങ്ങി.

(തുടരും...)

Afsal Klari
(Managing Editor of KAALIKKUPPI)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI