മനുഷ്യവത്കരണം | അവകാശ ധ്വംസനങ്ങളുടെ കാലത്ത് ഏറെ പ്രസക്തമായ പദം.| human rights day

 


മനുഷ്യവത്കരണം

'മനുഷ്യവത്കരണം' അവകാശ ധ്വംസനങ്ങളുടെ കാലത്ത് ഏറെ പ്രസക്തമായ പദം. സമാധാനത്തിന്റെ ഉടയാടകളണിഞ്ഞ യുദ്ധക്കൊതിയന്മാരാണ്  ലോക ക്രമത്തെ നിയന്ത്രിക്കുന്നത്. ലോകത്തിന് മേലുള്ള അപ്രമാദിത്വം നിലനിർത്തുക എന്ന തിട്ടൂരത്തിന് മുമ്പിൽ പൊലിഞ്ഞു പോയ കൃഷ്ണമണിയുറക്കാത്ത കണ്ണുകൾ, ആകാശത്തിൽ നിന്ന് വീഴുന്ന മഴ വെള്ളം പോലും നിഷേധിക്കപ്പെട്ട മനുഷ്യർ, ഏത് നിമിഷവും തങ്ങൾക്ക് മേൽ പതിക്കാവുന്ന ഷെല്ലുകളുടെയും മിസൈലുകളുടെയും മദ്ധ്യേ ചത്തതിനൊക്കുമേ ജീവിച്ചിടുന്ന മനുഷ്യ ജന്മങ്ങൾ.  ലോകം കണ്ടില്ലെന്ന് നടിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ നേർസാക്ഷ്യമാണ് ഫലസ്തീൻ.

ഇസ്തിരിയിട്ട മനുഷ്യാവകാശ വാദങ്ങൾക്ക് മറവിൽ പരോക്ഷമായ രക്ത ദാഹികളാണ് സാമ്രാജ്യത്വ ശക്തികൾ എന്നതിന് ചരിത്രം തെളിവാണ്.  യു.എ.ഇ യുടെ നേതൃത്വത്തിൽ നാല്പതോളം രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയം അമേരിക്ക തങ്ങളുടെ വീറ്റോ പവർ ഉപയോഗിച്ച് റദ്ദാക്കുകയുണ്ടായി. നിരന്തരമായ സൈനിക സഹായങ്ങൾ നൽകി ഇസ്രാഈൽ ആക്രമണത്തിന് സർവ്വ പിന്തുണയും നൽകുന്നതോടൊപ്പം സമാധാന ഗീർവാണങ്ങൾ മുഴക്കാനും അമേരിക്ക മുമ്പിലുണ്ട്. ഒരേ സമയം വേട്ടക്കാരനാവുകയും ഇരകൾക്ക് വേണ്ടി മുതലക്കണ്ണീർ വാർക്കുകയും ചെയ്യുന്ന കപട മുഖംമൂടിയണിഞ്ഞ സാമ്രാജ്യത്വ താല്പര്യങ്ങൾ വീണ്ടും സീമകൾ ലംഘിക്കുകയാണ്. ഇറാഖിലും അഫ്‌ഗാനിലും നടത്തിയ നിസ്തുലമായ നരനായാട്ട്  ക്ഷണഭംഗുരം ലോകത്തെ വിസ്‌മൃതിയിലാക്കാൻ ഈ ശക്തികൾക്ക് കഴിഞ്ഞു.സ്വാർത്ഥ താല്പര്യങ്ങളാൽ മാനുഷിക മൂല്യങ്ങളും ആഗോള യുദ്ധ നിയമങ്ങളും അവഗണിക്കപ്പെടുകയാണ്.

ഇനിയും ഫലസ്തീനിന്റെ അവകാശ സംരക്ഷണം സമസ്യയായി തന്നെ തുടരുകയാണ്. ലോക മനസ്സാക്ഷി അവർക്ക് മുമ്പിൽ തല കുനിക്കുന്നു...

Written by Muhammed Alfaz
Edited by Muzammil Salam

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI