
അവന്റെ കുഴഞ്ഞ കാലുകൾക്കു പകരം എന്റെ ബലമുള്ള കാലുകൾ നടക്കട്ടെ...!! | article about differently able persons | Written by Ramees PT

അവന്റെ കുഴഞ്ഞ കാലുകൾക്കു പകരം എന്റെ ബലമുള്ള കാലുകൾ നടക്കട്ടെ...!!
ഈ ലോകത്ത് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും ജീവജാലങ്ങളുണ്ട്. അതിൽപ്പെട്ട ഒന്നു മാത്രമാണ് മനുഷ്യൻ.
എന്നാൽ മനുഷ്യരിൽ പൂർണ്ണ വളർച്ചയുള്ളവരും അപൂർണ്ണ വളർച്ചയുള്ളവരുമുണ്ട്.ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് അപൂർണ്ണ വളർച്ചയുള്ളവർ, അഥവാ ഭിന്നശേഷിക്കാരെ കുറിച്ചാണ് .
എന്താണ് ഭിന്നശേഷി?, ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, ഇന്ദ്രിയ സംബന്ധിയോ, വൈകാരികമോ, പോഷണസംബന്ധിയോ, വികസനപരമോ ആയ ഹാനികൾ, അവയുടെ കൂടിച്ചേരലുകൾ എന്നിവ കാരണം വ്യക്തികളിലോ സമൂഹങ്ങളിലോ സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളുടെ പരിണതഫലമാണ് ഭിന്നശേഷി.
ഇംഗ്ലീഷിൽ ഭാഷയിൽ ഇതിനെ Disability എന്ന് പറയും.എന്നാൽ മലയാളത്തിൽ Disability എന്ന ആശയത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്ന പദങ്ങളില്ല. വൈകല്യം, ശേഷിക്കുറവ്, പരിമിത ശേഷി എന്നൊക്കെയാണ് ശേഷിപ്പിക്കുന്നത് .
ലോകത്ത് രണ്ടുകോടിയിലേറെയും കേരളത്തിൽ മൂന്നുലക്ഷം സ്ത്രീകളടക്കം ഏഴര ലക്ഷത്തിലേറെയും ഭിന്നശേഷിക്കാരുണ്ട്.ഇവർക്കായി ഐക്യരാഷ്ട്രസഭ ഡിസംബർ 3 ഭിന്നശേഷി ദിനം എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2008-ൽ നടന്ന ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള കൺവെൻഷൻ (CRPD) ഭിന്നശേഷിക്കാർ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും, അവർ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന വേർതിരിവുകളെയും, അവരുടെ അവകാശങ്ങളെയും കുറിച്ചുള്ള അവബോധം സർക്കാർസംവിധാനങ്ങളിലും പൊതുജനങ്ങൾക്കിടയിലും വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശാരീരികവൈകല്യങ്ങൾക്കപ്പുറം വൈകല്യങ്ങൾക്ക് വ്യത്യസ്തമായ മാനങ്ങൾ ഉണ്ടെന്നും, ഓരോ വൈകല്യവും ഓരോ തരത്തിൽ പരിഗണിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യങ്ങളിലേക്ക് പൊതുസമൂഹം വികസിക്കുന്നത് അതോടെയാണ്. അതുവരെ ഭിന്നശേഷിക്കാരുടെ ആരോഗ്യവും ക്ഷേമവും മാത്രം പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു നയരൂപീകരണങ്ങളിൽ സ്വീകരിച്ചിരുന്നതെങ്കിൽ ഈ കൺവെൻഷനോടുകൂടി, ഭിന്നശേഷിക്കാരുടെ മനുഷ്യാവകാശത്തിനു ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു സമീപനത്തിലേക്ക് ലോകമാകെ മാറി. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ 2016 ലെ ഭിന്നശേഷി അവകാശ നിയമം rights of persons with disabilities Act (RPWD Act, 2016) നടപ്പിലാക്കിയത്. ഇത് പ്രകാരം ധാരാളം അവകാശങ്ങളും ആനുകൂല്യങ്ങളും ഇവർക്കായി വകവെച്ചു നൽകുന്നു. ഇത് 2017- ലാണ് നിലവിൽ വന്നത്. ഇരുപത്തിയൊന്നോളം ഭിന്നശേഷി രോഗങ്ങൾ രേഖപ്പെടുത്തുകയും അതിൽ 40% ശതമാനമോ അല്ലങ്കിൽ അതിലധികമോ ഉള്ളവർക്ക് 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസവും, ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി 5% സംവരണവും നിയമം, അന്ധത, അസ്ഥി വൈകല്യം,മാനസിക രോഗം തുടങ്ങിയവർക്ക് 4% ശതമാനം ജോലിയും നിയമം ഉറപ്പുതരുന്നുണ്ട്.
ഈ അവകാശങ്ങൾക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റാവശ്യമുണ്ട്. 2019 ലെ കൊറോണ ഭിന്നശേഷിക്കാർക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ന് ലോകം അവരുടെ കുറവുകൾ കാരണം അവരെ തള്ളിപ്പറയുകയും ജോലിയിൽനിന്ന് പിരിച്ചുവിടുകയുമാണ്. നാം പൂർണ്ണ വളർച്ച ഉള്ളവരാണെങ്കിലും നമ്മളെക്കാൾ എത്രയോ ഉയരത്തിലാണവർ.അവരുടെ കുറവുകൾ വകവെക്കാതെ അവർക്കുള്ള കഴിവുകൾ പരിപോഷിപ്പിച്ച് അടയാളപെടുത്തിയവർ ഓട്ടേറെയാണ് ഹെലൻ കെല്ലറുടെ ചരിത്രം തന്നെ എടുത്തു നോക്കിയാൽ കാണാനാകും.
ഹെലൻ കെല്ലറുടെ ജീവചരിത്രം എത്രയോ വരഷങ്ങൾക്കിപ്പുറവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനമാണ്. ജന്മനാ അന്ധയും ബധിരയുമായവർ തന്റെ സ്വന്തം ഇച്ഛാശക്തി കൊണ്ട് എത്രയോ ജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രേരകമായി. സാമൂഹ്യരംഗത്തും സാഹിത്യത്തിലും അവരുടെ സംഭാവനകൾ, അവർ നടത്തിയ ഇടപെടലുകൾ, ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഹെലൻ കെല്ലറുടെ പ്രശസ്തമായ വാക്കുകളുണ്ട്. "അന്ധത എന്നെ ഈ ഭൂമിയിലെ വസ്തുക്കളിൽ നിന്നുമകറ്റി, എന്നാൽ ബധിരത എന്നെ വ്യക്തികളിൽ നിന്നും ഈ ലോകത്തിൽ നിന്നു തന്നെയും അകറ്റി".
2023- ഡിസംബർ 3 ന് ഭിന്നശേഷി ദിനം ആചരിക്കുന്നതോടൊപ്പം, നാം അവരെ നോക്കേണ്ടത് സഹതാപത്തിന്റെ കണ്ണുകൾ കൊണ്ടല്ല മറിച്ച് സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും കണ്ണുകൾ കൊണ്ടാണ്.അവരെ തള്ളിപ്പറയാതെ, ചൂഷണം ചെയ്യാതെ,അവരുടെ അവകാശങ്ങൾ തട്ടിയെടുക്കാതെ അവരുടെ ഉള്ളിൻ്റെയുള്ളിലുള്ള കഴിവുകളെ വികസിപ്പിക്കുന്നതിനു വേണ്ടി അവരെ പ്രോത്സാഹിപ്പിക്കുകയും, ഒത്തൊരുമിക്കുകയും, നല്ല തലമുറയെ വാർത്തെടുക്കുകയും ചെയ്യാം...!!
![]() |
| Written by Ramees PT Edited by Muzammil Salam |


0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI