വിധിയെ തോൽപ്പിച്ച കരങ്ങൾ | Jobi Mathew Biography | By Jafar Shareef |
വിധിയെ തോൽപ്പിച്ച കരങ്ങൾ
മാറ്റത്തിനായി സ്വയം ഒരുങ്ങാതെ, സാഹചര്യങ്ങളെ കുറ്റം പറയുന്നവർക്ക് മാതൃകാ പുരുഷനാക്കാൻ പറ്റുന്ന ഒരു വ്യക്തിയുണ്ട്. അതാണ് ജോബി എന്ന പ്രതിഭ. ജോബിയെന്ന കായികതാരത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത് വലിയ തിരിച്ചറിവുകളാണ്.
ഈരാറ്റുപേട്ടയിൽ നിന്നും ഉദ്ദേശം 20 കിലോമീറ്റർ അകലെയുള്ള അടുക്കം എന്ന സ്ഥലത്താണ് ജോബിയുടെ വീട്. അച്ഛൻ ചെറുപ്പത്തിലെ മരിച്ചു. രണ്ടു കാലിന്റെയും മുട്ടുകൾക്ക് താഴെ കത്തിയുടെ ആകൃതിയിലുള്ള ഒരു മുഴമാത്രം.
ബസ്സ് സർവ്വീസ് പരിമിതമായ അടുക്കത്തുനിന്ന് ടൗണിലേക്കുള്ള ബസ്സിൽ നിറയെ ഉന്തും തള്ളുമാണ്. ആ ബസ്സിൽ എങ്ങനെയും കയറിപ്പറ്റിയില്ലെങ്കിൽ കോളേജ് പഠനം മുടങ്ങും.
അടുക്കത്തെ മല മുകളിലാണ് ജോബിയുടെ വീട്. രണ്ട് കാലിനും സ്വാധീനമില്ലാത്തതിനാൽ കൂർപ്പിച്ച പാറക്കഷണങ്ങൾ പാകിയിരിക്കുന്ന വഴിയിലൂടെ കൈകൾ തറയിലൂന്നി നടന്നാണ് ജോബി മലയടിവാരത്തുള്ള ബസ്റ്റോപ്പിലെത്തിയിരുന്നത്. ജോബിയോടൊപ്പം പത്താം ക്ലാസ്സ് വരെ പഠിച്ചവർ പലരും ഈ ദുരിതം പിടിച്ച യാത്ര നിമിത്തം കോളജിൽ പോകേണ്ടെന്നു വെച്ചവരാണ്.
നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ പോലും ഇത്തരത്തിൽ തീരുമാനമെടുത്തപ്പോൾ വൈകല്യങ്ങൾ കൂടെപ്പിറപ്പായിരുന്ന ജോബി സ്വയം മാറ്റത്തിനു വിധേയനാകുവാൻ തയ്യാറെടുക്കുകയായിരുന്നു.
കൈകുത്തി വേണമായിരുന്നു ജോബിക്ക് ബസ്സിലേക്ക് ചാടിക്കയറാൻ. ബസ്സിലേക്ക് തള്ളിക്കയറുന്നതിനിടയിൽ ആളുകൾ അറിയാതെ ജോബിയുടെ കൈയിൽ ചവിട്ടി മെതിയ്ക്കാറുണ്ടായിരുന്നു. റോഡിലൂടെ കൈകുത്തി ചാടിച്ചാടി പോകുമ്പോൾ പലപ്പോഴും റോഡിലൂടെ കടന്നു പോകുന്ന വണ്ടികൾ തെറിപ്പിക്കുന്ന ചെളി വായിലും, ഷർട്ടിലുമൊക്കെയാകുമായിരുന്നു. താൻ ആത്മാർത്ഥമായി ശ്രമിക്കാതെ തന്റെ ജീവിതത്തിൽ മാറ്റം വരില്ലെന്ന് മനസ്സിലാക്കിയ ജോബി ആ യാതനകളെയെല്ലാം പുഞ്ചിരിയോടെ നേരിട്ടു.
പഠനത്തോടൊപ്പം സ്പോർട്സിലും ജോബി മാറ്റുരച്ചു. ഡിഗ്രിയും എം.എസ്.ഡബ്ല്യൂവിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ ജോബി ഇപ്പോൾ രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ പി.ആർ.ഒ ആയി പ്രവർത്തിക്കുകയാണ്. പക്ഷെ അതിലും പ്രാധാന്യമർഹിക്കുന്നത് ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജോബി നേടിയ വെങ്കല മെഡലാണ്. അംഗവൈ കല്യത്തെ തോല്പിച്ച ജോബി വികലാംഗരുടെ വിഭാഗത്തിലല്ല മെഡലണിഞ്ഞത് മറിച്ച് ആരോഗ്യ ദൃഢഗാത്രരായവർക്കൊപ്പം മത്സരിച്ച് ജോബി വിജയം സ്വന്തമാക്കി. ഇത്തരത്തിൽ അത്ലറ്റിക്സിൽ അഞ്ജു ബേബി ജോർജ്ജിനു പുറമെ, ഒരു ലോക മെഡൽ നേടുന്ന ഏക താരമാണ് ജോബി. നേടണമെന്ന അടങ്ങാത്ത വാശിയും നേടുമെന്ന ദൃഢനിശ്ചയം ഹൃദയത്തിലുണ്ടെങ്കിൽ ഈ ലോകം നമുക്ക് കീഴടക്കാമെന്ന് ജോബിയുടെ ജീവിതത്തിലെ ഓരോ ഏടും പറയാതെ പറയുന്നു.
0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI