![]() |
| പ്രിൻസ് ഓഫ് കസിയോണ - 3 | Prince of Casiyona -3 | Malayalam Novel | Written by Afsal klari |
പ്രിൻസ് ഓഫ് കസിയോണ - 3
അവന് പതിനഞ്ച് വയസ്സായെന്ന് ഒരു ദിവസം ക്രിസ്റ്റഫർ പറഞ്ഞു.അവന്റെ എല്ലാ പിറന്നാളിനും അവർ ആഘോഷിക്കും. ആഘോഷമെന്നു വെച്ചാൽ കാര്യമായിട്ടൊന്നുമില്ല. അന്നവർ പുഴയോരത്തന്തി മയങ്ങുവോളം പാട്ടും പാടി കഥയും പറഞ്ഞിരിക്കും. അത്രേയുള്ളൂ. അവരുടെ ആഘോഷം. അന്നും അങ്ങിനെയൊക്കെ തന്നെയായിരുന്നെങ്കിലും അന്ന് രാത്രി ക്രിസ്റ്റഫർ അവനോടൊരു കാര്യം പറഞ്ഞു. "നീ നാളെ നമ്മുടെ യഥാർത്ഥ നാട്ടിൽ പോകണം. അവരുമായി ഇടപഴകാൻ പഠിക്കണം. ഇതല്ല നമ്മുടെ നാട്. നീയും ഞാനും ജനിച്ചത് അവിടെയാണ്."
ജോണിക്കതൊട്ടും ഇഷ്ടമല്ലായിരുന്നു. അവനത് തുറന്നു പറഞ്ഞു : "ഞാനെങ്ങും പോവില്ല. എവിടെ ജനിച്ചു എന്നതല്ല. എവിടെ ജീവിച്ചു എന്നതാണ് പ്രധാനം. അച്ഛൻ ജനിച്ച സ്ഥലം അച്ഛന് കൃത്യമായി ഓർമ്മയുണ്ടോ? ആ ഭാഗത്തെവിടെയോ ആണെന്നല്ലേ അറിയൂ. ഇല്ലേൽ ആരെങ്കിലും പറഞ്ഞിട്ടുള്ള അറിവ്
അല്ലാതെ അച്ഛനോർക്കുന്നുണ്ടോ ആ സ്ഥലം. എന്നാൽ ജീവിച്ചു വളർന്നയിടം അതാണച്ഛാ ജനിച്ച സ്ഥലത്തേക്കാൾ പ്രധാനം." ക്രിസ്റ്റഫർ കുലുങ്ങിച്ചിരിച്ചു.
എന്നിട്ട് പറഞ്ഞു:"എടാ... ഇത് ഈ മൃഗങ്ങളുടെ ഭൂമിയാണ്. നാമവരുടെ സ്ഥലം കയ്യേറിയാണ് താമസിക്കുന്നത്. മറ്റൊരാളുടെ ഭൂമിയിൽ കേറി താമസിക്കുന്നത് തെറ്റല്ലേ."അതിനച്ഛനല്ലേ ആദ്യമിവിടെ താമസിച്ചത് .അപ്പോ അച്ഛനല്ലേ തെറ്റുകാരൻ."ജോണിയുടെ മറുപടി കേട്ട് ക്രിസ്റ്റഫർ നിശ്ശബ്ദനായി ഇരുന്നു. ജോണി തന്നെ പറഞ്ഞു തുടങ്ങി."അല്ലച്ഛാ...അവർക്ക് നമുക്ക് എന്നൊക്കെ ആരാ ഭൂമിയെ തരം തിരിക്കുന്നേ. ആകെ ഒരൊറ്റ ഭൂഗോളമെന്നല്ലേ അച്ഛൻ പറഞ്ഞിട്ടുള്ളത്." "ഒക്കെ ശരിയായിരിക്കാം പക്ഷേ നീയിപ്പോ പോയേ പറ്റൂ." "അതെന്തിനാ അച്ഛാ... " "അത് നിനക്കവിടെ ചെല്ലുമ്പോൾ മനസ്സിലാകും. നീയൊരുപാട് കാര്യങ്ങൾ അവിടെ ചെയ്യുവാനുണ്ട്. എല്ലാം നിനക്ക് മനസ്സിലാകും.എല്ലാം..."
പിറ്റേന്ന് രാവിലെ അവൻ അച്ഛനുണരും മുമ്പേയുണർന്നെങ്കിലും എണീറ്റില്ല. മനസ്സിലെന്തോ ഭയം പോലെ ഒരുരുണ്ടു കൂടൽ. പതിവു പോലെ ക്രിസ്റ്റഫറെണീറ്റ് അവനെ വിളിച്ചു. അവൻ ഉറക്കമഭിനയിച്ച് കിടന്നെങ്കിലും ക്രിസ്റ്റഫർ അവനെ വിടാനൊരുക്കമല്ലായിരുന്നു.വിളിച്ച് വിളിച്ച് ഒരു സ്വര്യവും കൊടുക്കാതായപ്പോൾ തന്നെ വിടാനുള്ള ഭാവമില്ലെന്നവന് മനസ്സിലായി. അവനോട് കുളിച്ചിട്ട് വരാൻ പറഞ്ഞു. അവൻ പതിയെ കോണി വഴി മുകളിലേക്ക് വലിഞ്ഞു കേറി. പുഴയിലേക്ക് നടന്നു. വെള്ളം തണുത്ത് കിടക്കുകയായിരുന്നു. അത്ര നേരത്തെ വെള്ളത്തിലിറങ്ങി അവന് ശീലവുമുണ്ടായിരുന്നില്ല. അതു കൊണ്ട് ആഴം കുറഞ്ഞ ഭാഗത്ത് ഒന്നു രണ്ടു തവണ ഒന്ന് മുങ്ങി നിവർന്നു അത്ര മാത്രം. നല്ല തണുപ്പുണ്ട്. ജോണിക്ക് നീന്താനറിയില്ലായിരുന്നു. ക്രിസ്റ്റഫർ ആവും വിധം പഠിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. പൂർണ്ണമായി അറിയില്ലെന്നും പറയാൻ പറ്റില്ല ഏറെക്കുറേ. അത്ര മാത്രം.
ജോണിയുടേത് ചുരുണ്ടുനീണ്ട മുടിയായിരുന്നു അതവൻ പുറകിൽ കെട്ടിവെച്ചു. ബലിഷ്ടമായിരുന്നു അവന്റെ കയ്യും മെയ്യും. എങ്കിലും വസ്ത്രങ്ങളോടവന് താൽപര്യമില്ലായിരുന്നു.
അവൻ എപ്പോഴും വല്ല മാൻ തോലോ ഇലയോ മറ്റോ കൊണ്ട് അരക്ക് തഴെ ചുറ്റി വെച്ച് അതിന് മുകളിൽ വള്ളി കെട്ടിവെക്കാറാണ് പതിവ്. എന്നാൽ കുളികഴിഞ്ഞെത്തിയ അവന് ക്രിസ്റ്റഫർ ഒരു പാന്റും ഷർട്ടും കൊടുത്തു.
അവനാദ്യമായിട്ടായിരുന്നു പാന്റും ഷർട്ടും ധരിക്കുന്നത്. അത് മുഴുവൻ ക്രിസ്റ്റഫറാണവനെ ധരിപ്പിച്ചത്.അല്ലാതെ അവനത് ധരിക്കാനറിയുമായിരുന്നില്ല... അവനെക്കണ്ടാലിപ്പോ ഒരു നാഗരികന്റെ കോലമുണ്ടായിരുന്നു. ക്രിസ്റ്റഫർ അവനൊരു മാപ്പ് കൊടുത്തു.
അതിലുണ്ടായിരുന്നു പുറത്തേക്കുള്ള വഴി. പുറത്തേക്കുള്ള വഴിയവനറിയുമായിരുന്നില്ല.അച്ഛനോടും അവന്റെ കാടിനോടും പുഴയോടുമെല്ലാം യാത്ര പറഞ്ഞ് അവൻ ഒന്നു കൂടെ തിരിഞ്ഞു നോക്കി ഒരു പക്ഷേ ഇനി തിരികെ വന്നില്ലെങ്കിലോ...? അതു കൊണ്ട് ഒരിക്കൽ കൂടി അവനെല്ലാവരുടെയും നേരെ കൈ വീശി യാത്ര പറഞ്ഞു.
ആദ്യമായി അവൻ വിരഹമറിഞ്ഞു. പതിയെ ഇലകളെ ഞെരിച്ചു കൊണ്ട് അവന്റെ കാൽപ്പാദം മുന്നോട്ട് നീങ്ങി...
(തുടരും...)




0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI