നൂറ് സിംഹാസനങ്ങൾ
ആർജ്ജിതമായ പദവിക്കോ സ്വരുക്കൂട്ടി വെച്ച സമ്പത്തിനോ ശിലാത്മകമായി ശരീരത്തിലും മനസ്സിലും മൂടുറച്ചു പോയ ജാതീയതയെ ഉച്ചാടനം ചെയ്യാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യത്തെ കുറിക്കുന്നതാണ് ജയമോഹനന്റെ "നൂറ്സിംഹാസനങ്ങൾ". സ്വാതന്ത്ര്യവും സമത്വവും അതിന്റെ ഗിരി ശൃംഘങ്ങളിൽ കുടികൊള്ളുന്ന ഈ ആധുനിക സമൂഹത്തിലും മനുഷ്യന്റെ അന്തരാളങ്ങളിൽ ജാതീയതയുടെ വിഷലിപ്തമായ ആചാരങ്ങൾക്കും ആശയങ്ങൾക്കും എത്രമാത്രം വേരോട്ടം ഉണ്ടെന്ന ചോദ്യത്തിന്റെ അന്വേഷണമാണ് നോവൽ പങ്കുവെക്കുന്നത്.
"വർണ്ണ" പകിട്ടില്ലാത്തതിന്റെ പേരിൽ സമൂഹത്തിന്റെ അസ്പർഷ്യതക്കും ഭത്സനങ്ങൾക്കും വിധേയനായ ദളിതന്റെ കൈപ്പേറിയ ജീവിതാനുഭവങ്ങളെ കൂട്ടുപിടിച്ചുകൊണ്ടാണ് രചയിതാവ് സമർഥനം നടത്തുന്നത്. ഓരോ വരികളിലും ആഢ്യത്വത്തിന്റെയും അഹന്തയുടെയും മൂടുപടത്തിന് പിന്നിൽ നൂറ്റാണ്ടുകളായി അരങ്ങു വാഴുന്ന സവർണ്ണ മേധാവിത്വത്തിന്റെ പരിശുദ്ധ രക്ത ഭാവത്തിന്റെ കൊടും ക്രൂരതയുടെ ഗന്ധം വമിക്കുന്നുണ്ട്. അബലനുമേൽ ദംഷ്ട്രങ്ങൾ ആഴ്ത്തുന്ന കിരാതത്വത്തിന്റെ അമർച്ചയിൽ പിടഞ്ഞമരുന്ന കീഴാളന്റെ നിസ്സഹായതയുടെ കണ്ണീർ നനവുമുണ്ട്.
തമിഴകത്തിന്റെ പ്രിയ എഴുത്തുകാരൻ എന്ന ഖ്യാതി നേടിയെടുത്ത ജയ മോഹനൻ കേട്ടറിഞ്ഞ പച്ചയായ ജീവിത യാഥാർത്ഥ്യത്തിന്റെ തുറന്നു കാട്ടലാണ് കഥയുടെ ആധാരം . തമിഴ്നാട്ടിലെ തിരുവമ്പലം എന്ന സ്ഥലത്ത് 1962 ൽ വിശാലക്ഷ്മി അമ്മയുടെയും ബാഹുലേയൻ പിള്ളയുടെയും മകനായി ജനിച്ച അദ്ദേഹം, തമിഴ്,മലയാളം സാഹിത്യത്തിന് കനപ്പെട്ട ഒത്തിരി സംഭാവനകൾ നൽകിയിട്ടുണ്ട് 'റബ്ബർ' എന്ന കഥയിലൂടെ സാഹിത്യരംഗത്തേക്കുള്ള തന്റെ ഭാഗധേയം നിർണ്ണയിച്ച അദ്ദേഹം, പിന്നീട് അനേകങ്ങളായ രചനാ വിസ്മയങ്ങളിലൂടെ മനുഷ്യന്റെ ഭൗതീകമായ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്നു . 1992ൽ അദ്ദേഹത്തെ തേടിയെത്തിയ കഥ അവാർഡ് ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ സാഹിതീയമായ സേവനങ്ങൾക്കുള്ള അംഗീകാരം കൂടിയായിരുന്നു.
ഇതിവൃത്തം
ജാതീയത സമൂഹത്തിൽ തീർത്തുവെച്ച ചാതുർ വർണ്ണ വ്യവസ്ഥിതിയുടെ പരിധിയിൽ പെടാത്ത നായാടി വർഗ്ഗത്തിലാണ് ധനപാലൻ ജനിക്കുന്നത്. ആകെയുള്ള കൂട്ട് മാതാവ് മാത്രം. പഴയ കാല സാമൂഹിക പൊതുബോധം അനുസരിച്ച് നായാടികളെ മനുഷ്യരായിട്ട് പോലും പരിഗണിക്കാൻ അനുവദിക്കാത്ത സാമൂഹികപരിത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. താഴ്ന്ന ജാതിക്കാർക്ക് സ്വാഭാവികമായി അനുഭവിക്കേണ്ടി വന്നിരുന്ന തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മയ്ക്കുമപ്പുറം പൊതു രംഗങ്ങളിൽ ഇടപെടാനോ, മനുഷ്യന്റെ അടിസ്ഥാനപരമായ ആധാന പ്രദാനങ്ങളിൽ മുഴുകാനോ ഉള്ള അവസരം അവർക്ക് വകവെച്ചു നൽകിയിരുന്നില്ല . അതുകൊണ്ടുതന്നെ പകൽ കുറ്റിക്കാടുകളുടെ മറ പറ്റിയും രാത്രി കുഴികളിൽ കൂട്ടമായി കിടന്നും പകൽ വെളുപ്പിക്കേണ്ട ഗതികേടിലായിരുന്നു അവർ. രാത്രിയുടെ മറപറ്റി ഇഴജന്തുക്കളെയും എലികളെയും പട്ടികളേയും ഇരപിടിച്ച് ചുട്ടോ പച്ചയായോ ഭക്ഷിച്ചു ചവറുതീനികളായി തീരാൻ വിധിക്കപ്പെട്ടതായിരുന്നു അവരുടെ ജീവിതം . കാലാന്തരത്തിൽ ഈ വ്യവസ്ഥിതിക്ക് നേരിയ പരിവർത്തനം ഉണ്ടായെങ്കിലും അതിന് ഇന്നും അവരുടെ ജീവിത വ്യവസ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
ഇത്തരം ഒരു സാഹചര്യത്തിൽ ബാല്യത്തിന്റെ നല്ല കാലം പാരമ്പര്യ പൈതൃക വഴിയിൽ അമ്മയോടൊപ്പം ചവറ്തീനിയും തെരുവ് തെണ്ടിയും വൃത്തിഹീനനുമായി കഴിയേണ്ടി വന്നിരുന്ന കഥാനായകൻ അവിചാരിതമായി ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ പ്രജാനന്ദയുടെ ആശ്രമ അന്തേവാസിയായി തീരുകയും അവിടെ നിന്നും ലഭിച്ച ജ്ഞാന പ്രകാശത്തിന്റെയും ഭൗതിക സാഹചര്യങ്ങളുടെ സൗകര്യവുമുള്ള ചുറ്റുപാടും അവന്റെ ബൗദ്ധികമായ ജ്ഞാന ശേഷിയെ തൊട്ടുണർത്തുകയും, വിദ്യാഭ്യാസപരമായി മുന്നോട്ടുപോകാൻ അവന് ഊർജ്ജം നൽകുകയും, ആ ഊർജ്ജം അവനെ ജില്ലാ കലക്ടർ പദവിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു.
എന്നാൽ ബാല്യത്തിലെ തിക്താനുഭവങ്ങളിൽ നിന്നും ചുട്ടുപഴുത്ത ഇരുമ്പ് കണക്കെ പാകപ്പെട്ട് വന്ന ധനപാലനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവിതത്തിലെ പരീക്ഷണകാലം ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അജ്ഞയും അപരിഷ്കൃതയും ആയ മാതാവിന്റെ ചെയ്തികളും അവർ പരിചരിച്ചു പോന്ന സാമൂഹിക പരിതസ്ഥിതിയും, ധനപാലൻ പുതുതായി പഠിച്ച് നേടിയെടുത്ത സാമൂഹിക പരിതസ്ഥിതിയും തമ്മിലുള്ള സംഘട്ടനം പലപ്പോഴും അയാളുടെ ദാമ്പത്യത്തിലടക്കം വിള്ളലുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. അതിനപ്പുറം കീഴ്ജാതി മേൽജാതി മനോഗതി വെച്ച് പുലർത്തുന്ന സാമൂഹിക പൊതുബോധം അയാൾ ആർജ്ജിച്ചെടുത്ത ഉദ്യോഗത്തിന്റെ മാറ്റു കുറക്കുകയും ഉണ്ടായി. പലപ്പോഴും സാമൂഹികമായ ഒറ്റപ്പെടലിന് അദ്ദേഹം പാത്രമായി. ഒരു കീഴ്ജാതിക്കാരൻ കലക്ടറായി വന്നതിന്റെ ചൊരുക്ക് കീഴ് ഉദ്യോഗസ്ഥനായ ക്ലർക്കിൽ നിന്ന് പോലും അനുഭവിക്കേണ്ടിവന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ഉന്നതാധികാരത്തെ മനഃപ്പൂർവമായി തന്നെ ദ്വംസിക്കാനും അവജ്ഞയോടും അസ്പർശ്യതയോടയും തള്ളാനും ഉദ്യോഗസ്ഥ വൃന്ദം ശ്രമിച്ചുകൊണ്ടിരുന്നു. ഇത്തരം സാഹചര്യത്തിൽ താനും, താൻ പ്രതിനിധീകരിക്കുന്ന അപരവൽക്കരണത്തിന്റെ ഉച്ചകോടിയിൽ തളച്ചിടപ്പെട്ട സമൂഹത്തിന്റെയും ദുർഗദിയോർത്ത് അദ്ദേഹം സ്വയം പരിതപിച്ചു. അവസാനം തെരുവ് വാലിബയായി നടന്നിരുന്ന മാതാവ് അദ്ദേഹത്തിന്റെ ജീവിതസൗകര്യങ്ങളിൽ നിന്നും അകന്ന് തെരുവിന്റെ വന്യമായ പരിസ്ഥിതിയിലേക്ക് ഉൾച്ചേർന്ന് മരണത്തിന് അടിയറവ് പറഞ്ഞ ആ നിമിഷത്തിൽ അദ്ദേഹം തിരിച്ചറിഞ്ഞു ഈ സിംഹാസനങ്ങളൊന്നും തനിക്ക് വിധിക്കപ്പെട്ടതല്ല. ആണെങ്കിൽ തന്നെയും ഇവിടത്തെ സാമൂഹ്യബോധം അതിനെ അംഗീകരിക്കാൻ മാത്രം വിശാലവുമല്ല.
നിരൂപണം
വായിക്കുമ്പോൾ ജീവന്റെ തുടിപ്പ് അനുഭവപ്പെടും വിധം , കാർക്കശ്യത്തോടെ പണിയെടുത്ത ആശാരിയുടെ കൃത്യതയുണ്ട് ഇതിലെ ഓരോ കഥാപാത്രത്തിനും. പ്രധാന കഥാപാത്രമായ ധനപാലൻ 'നായാടി' എന്ന ജാതി വർഗ്ഗത്തിന്റെ പുതിയ തലമുറയെ പ്രതിനിധീകരിക്കുന്നു. അടിച്ചമർത്തപ്പെട്ട തന്റെ പൂർവ്വികരുടെയും ജീവിതവഴിയിൽ അല്ലാതെ പദവിയും സമ്പത്തും ആവോളം നേടിയിരുന്നിട്ടും മനുഷ്യനെ മനുഷ്യനായി തന്നെയും അവന്റെ കഴിവുകളെയും സൗഭാഗ്യങ്ങളെയും ആനന്ദ കണ്ണുകളോടെ കാണേണ്ടതിനു പകരം, മനുഷ്യന്റെ ജാതിവർഗ്ഗ വൈജാത്യങ്ങളുടെ പുളിച്ച ഗന്ധം വമിക്കുന്ന പാരമ്പര്യത്തിന്റെ കെട്ടുപാടുകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെയും വ്യക്തികേന്ദ്രീകൃതമായ സകലതിനേയും തമസ്കരിക്കാൻ കാണിക്കുന്ന സാമൂഹിക പൊതുബോധത്തെ ഈ നോവൽ കണക്കറ്റ് വിമർശിക്കുന്നുണ്ട്.
എന്നാൽ ഇത്തരം സാമൂഹികമായ കെട്ടുപാടുകളോട് വിധേയപ്പെട്ട് കാലങ്ങളായി വരേണ്യ വർഗ്ഗത്തിന്റെ ഇംഗിതങ്ങളെ വകവച്ചു കൊടുക്കുന്ന പുതിയ തലമുറയെ നിസ്സംഗതയുടേയും നിസ്സഹായതയുടെയും ഒഴുക്കിലേക്ക് വലിച്ചുകൊണ്ടു പോകുന്ന ദളിത് പൂർവികന്റെ പ്രതിനിധിയാണ് ധനപാലന്റെ അമ്മ .
എന്നാൽ പ്രതീക്ഷയെന്നോണം ഇത്തരം സാമൂഹിക അനാചാരങ്ങളെ ഭൽസിച്ചുകൊണ്ട് അതിന് വിധേയപ്പെടാതെ അതിന്റെ തിക്തഫലങ്ങളെ ഭാവി തലമുറയിലേക്ക് പ്രസരണം ചെയ്യാതെ തടഞ്ഞുനിർത്താനുള്ള ഉത്തരവാദിത്വമാണ് നായാടി വർഗത്തിന് പുറത്ത് നിന്നുള്ള പ്രതിനിധി കൂടിയായ ധനപാലന്റെ ഭാര്യ സുധ നിർവഹിക്കുന്നത് ഭാവി തലമുറയെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ മകൻ പ്രേമും കഥയിലെ മുഖ്യ കഥാപാത്രമാണ്.
പുരോഗമന വാദത്തിന്റെ പുതുപുത്തൻ മുഖംമൂടികൾ കൊണ്ട് സദാ പ്രച്ഛന്ന വേഷമാടുന്ന മലയാള സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ് നൂറ് സിംഹാസനങ്ങൾ എന്ന നോവൽ. സാമൂഹികമായ എല്ലാ രംഗങ്ങളിൽ നിന്നും ജാതീയമായ അനാചാരങ്ങളെ മുഴുവൻ പൊട്ടിച്ചറിഞ്ഞു എന്ന് വാദിക്കുമ്പോൾ തന്നെ അതേ ആളുകൾ വൈവാഹിക , കൗടുംബിക രംഗങ്ങളിലേക്ക് കടന്നു വരുമ്പോൾ ഇതേ ജാതിയുടെ അതിഭീകരമായ നിയമങ്ങൾക്ക് വിധേയപ്പെടുന്നു എന്ന വസ്തുത ഈ നോവലിലൂടെ തുറന്നു കാട്ടപ്പെടുന്നു. പാരമ്പര്യമായി കണക്കാക്കപ്പെട്ടു പോരുന്ന അധികാരത്തിന്റെയും ശുദ്ധ, അശുദ്ധ സങ്കല്പങ്ങളുടെയും വെളിച്ചത്തിലുള്ള സാമൂഹികമായ മുൻഗണനയും പദവികളിലെ പരിഗണനയും ഇന്നും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക രംഗത്ത് എത്രമാത്രം അള്ളിപ്പിടിച്ചിരിക്കുന്നു എന്നത് സവിസ്തരം വിശദീകരിക്കുന്നുണ്ടിവിടെ. ഉള്ളിലൊളിപ്പിച്ച് പുറത്തേക്ക് ചിരിച്ചു കാണിക്കാനുള്ള മലയാളിയുടെ ഇരട്ടത്താപ്പ് നയം എത്രമാത്രം സുശക്തമാണ് എന്നത് നമുക്ക് മനസ്സിലാക്കാം. താഴ്ന്ന ജാതിക്കാരനായ ഒരാളെ അനുസരിക്കാനോ സംസാരിക്കാൻ പോലുമോ അനുവദിക്കാത്ത വരേണ്യരെന്ന് ഇന്നും ആത്മഹർഷം കൊള്ളുന്നവരുടെ മാനസികമായ ഇടുക്കത്തെ സ്പഷ്ടമായി കഥ തുറന്നുകാട്ടുന്നുണ്ട്.
മധു, വിശ്വനാഥൻ, രോഹിത് വെമുല തുടങ്ങി ജാതീയതയുടെയും വരേണ്യ വർഗ്ഗത്തിന്റെ സ്വേച്ഛമനോഭാവത്തിനും മുന്നിൽ നിസ്സഹായരായി ആത്മഹത്യ ചെയ്യേണ്ടി വന്ന അനേകം പേരുടെ ജീവഹാനിക്ക് കാരണമായിത്തീർന്ന സാമൂഹിക അവഗണനയുടെയും അസ്പർഷ്യതയുടെയും - തൊട്ടുകൂടാൻ കഴിയാത്ത സംസ്കാരത്തിന്റെയും അനന്തരഫലം എത്രമാത്രം അപകടകരമാണെന്ന വസ്തുതാ ആവിഷ്കാരം കൂടിയാണിത്.
എന്റെ നൂറ് സിംഹാസനങ്ങൾ
യഥാർത്ഥത്തിൽ എന്നെ വളരെയധികം ഞെട്ടിച്ച പുസ്തകമാണ് നൂറ് സിംഹാസനങ്ങൾ. ഇന്നോളമുള്ള ജീവിതയാത്രക്കിടയിൽ ഒരിക്കൽ പോലും പരിചയമില്ലാത്ത എന്നാൽ അറിഞ്ഞപ്പോൾ അത്ഭുതവും അതോടൊപ്പം ഞെട്ടലും മാറാത്ത അനുഭവം പ്രദാനം ചെയ്ത കഥയായിരുന്നു ഇത്. കാരണം എലിയുടെയും പട്ടിയുടെയും മാംസം കഴിക്കുന്ന, തെരുവിന്റെ വിജനതയിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട , മലത്തിന്റേയും, മാലിന്യങ്ങളുടെയും കൂമ്പാരങ്ങളിൽ നിന്ന് വിഷപ്പടക്കാൻ വിധിക്കപ്പെട്ട പകൽ പുറത്തിറങ്ങാൻ അവകാശമില്ലാത്ത പൊതുരംഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ അവസരമില്ലാത്ത ഒരു മനുഷ്യനോ ? ഒരു വർഗ്ഗമോ ? എന്ന ചോദ്യം എന്റെ ഉള്ളുടക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ കേവലമായ ആത്മാനുഭൂതികളിലോ, തിരിച്ചറിവുകളിലോ മാത്രം ഒതുങ്ങിത്തീരാറുള്ള നോവൽ വായന ഇത്തരം ഒരു പ്രത്യേക വിഭാഗത്തിന്റെ ജീവിതം പഠിക്കാൻ തന്നെ അവസരം നൽകുന്നതായിരുന്നു. ജാതീയതയെ അധിക്ഷേപിക്കാനും അവമധിക്കാനും മാത്രം തുനിയുക എന്നതിലപ്പുറം, അത്തരം അപരവൽക്കരണ മനോഗതി മനുഷ്യന്റെ മനസ്സിൽ നിന്നടക്കം നിർമ്മാർജ്ജനം ചെയ്തടുക്കാൻ പോന്ന മൂല ചിന്തയുടെ ആവശ്യകതയെ കൂടി ഊന്നിപ്പറഞ്ഞാണ് നോവൽ അവസാനിക്കുന്നത്.
ഏതൊരാൾക്കും എളുപ്പത്തിൽ ഗ്രഹിക്കാനും ഉൾക്കൊള്ളാനും പോന്ന വിധമാണ് നോവലിന്റെ സംവിധാനം. കനപ്പെട്ട പ്രയോഗങ്ങളോ അനാവശ്യ ചർച്ചകളോ ഇല്ലാതെ സുതാര്യമായി ആർക്കും എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാനും , എഴുത്തുകാരന്റെ അതേ വൈകാരികതയിൽ നിന്നുകൊണ്ടുതന്നെ വായിച്ചെടുക്കാനുമാകും വിധം ലാളിത്യത്തോടെ തയ്യാറാക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. ഒരിക്കലും സ്വയത്തമാക്കാനിടയില്ലാത്ത അറിവിന്റെയും സാംസ്കാരിക പഠനത്തിന്റെയും വാതായനങ്ങൾ മലർക്കെ തുറന്ന് കൊണ്ടാണ് നോവൽ പരിസമാപ്തിയണയുന്നത്.
Edited by: Afsal Klari (Managing Editor of KAALIKKUPPI)


0 Comments
Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI