ഉമ്മൻ ചാണ്ടി | Oommen Chandy Malayalam Biography | കുഞ്ഞൂഞ്ഞ്


About Oommen Chandy in Malayalam


 ആൾക്കൂട്ടത്തിലൊരാൾ...

 ജനകീയനായ മുഖ്യമന്ത്രി എന്ന പൊതു വിശേഷണമുള്ള ഉമ്മൻ ചാണ്ടി  കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിലൊന്നായിരുന്നു. എന്നും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി പ്രവർത്തിക്കാനാണദ്ദേഹമിഷ്ടപ്പെട്ടത്. 

ജനക്കൂട്ടമെന്നാൽ ഉമ്മൻചാണ്ടിക്ക് ഒരു വികാരമായിരുന്നു. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്നങ്ങൾ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ മൂർത്തവും ഉദാത്തവുമായ രൂപമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്ത് നടത്തിയ ഓരോ ജനസമ്പർക്ക പരിപാടികളിലൂടെ നമുക്ക് മുന്നിൽ അനാവൃതമായത്. 

ജനനം മുതൽ

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെൻറ് ജോർജ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്. കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനം. ബിഎ ബിരുദം നേടിയ ശേഷം എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കോൺഗ്രസിൻറെ വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തി. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. പിന്നീട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായി.

തന്റെ ആയുസ്സിന്റെ സിംഹഭാഗവും  ജനസേവനത്തിനും രാഷ്ട്രീയത്തിലുമായി ചെലവഴിച്ച അദ്ദേഹത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രമാണ് സഹപ്രവർത്തകർക്ക് പങ്കുവെയ്ക്കാൻ ഉള്ളത്.

അതിശയോക്തി കലരാത്ത ജനസേവകൻ

തന്നെത്തേടിയെത്തുന്ന ഓരോരുത്തർക്കും സാന്ത്വനം നൽകിയ ശേഷം മാത്രം മടങ്ങുന്ന അദ്ദേഹം സഹപ്രവർത്തകർക്ക് അത്ഭുതമായിരുന്നു. കാരണം ഉമ്മൻചാണ്ടിക്ക് മുന്നിൽ തളർച്ചയെന്നതിന് ഒരു ഗ്ലാസ് വെള്ളത്തിന്റെ അരിക് വരെ മാത്രമായിരുന്നു സ്ഥാനം. പത്തൊമ്പത് മണിക്കൂർ വരെ നീണ്ടു നിന്ന ജനസമ്പർക്ക പരിപാടി ഒറ്റ നിൽപ്പിൽ പൂർത്തീകരിച്ചിട്ടുണ്ടദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖ പദ്ധതി,  ഇൻഫോ പാർക്ക്‌ കൊച്ചി അങ്ങനെ തുടങ്ങി കേരളത്തിലെ ബൃഹത്തായ വികസന പദ്ധതികളുടെ സാക്ഷാത്കാരം അദ്ദേഹത്തിലൂടെയാണ് സാധ്യമായത്.

രാഷ്ട്രീയത്തിലേക്ക്

1970 മുതൽ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് ഉമ്മൻ ചാണ്ടി. കെ കരുണാകരനെയോ എ കെ ആന്റണിയെയോ പോലെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഒരു കാലവും അദ്ദേഹം കടന്നിട്ടില്ല. 1970ൽ എം.എൽ.എയായതു മുതൽ കേരളം മാത്രമാണ് അദ്ദേഹത്തിന്റെ തട്ടകം. ഇരുപത്തിയേഴാം വയസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് നിയമസഭയിലെത്തുന്നത്.

തുടർന്ന് രണ്ടു തവണ മുഖ്യമന്ത്രിയും മൂന്നുതവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി. 1977ൽ മുപ്പത്തിനാലാം വയസ്സിലാണ് ആദ്യമായി മന്ത്രിയായത്. തൊഴിൽ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം 1981ൽ ആഭ്യന്തര മന്ത്രി പദവും 1991ൽ ധനമന്ത്രി പദവും അലങ്കരിച്ചു. കെ. കരുണാകരൻ രാജി വെച്ചതിനെത്തുടർന്ന് 2004 മുതൽ 2006 വരെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011ലാണ് ആ പദവിയിൽ വീണ്ടുമെത്തുന്നത്.

മരണത്തിനേ തോൽപ്പിക്കാനായൊള്ളൂ

എംഎൽഎമാരുടെ കൂട്ടത്തിൽ അപൂർവ ബഹുമതിക്ക് ഉടമയാണ് ഉമ്മൻ ചാണ്ടി. മത്സരിക്കാനാരംഭിച്ചതു മുതൽ ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച രണ്ടാളുകൾ മാത്രമേയുള്ളൂ ഉമ്മൻ ചാണ്ടിക്കു മുന്നിൽ. 13 തവണ വീതം വിജയിച്ച, അന്തരിച്ച നേതാക്കളായ എം കരുണാനിധിയും കെ എം മാണിയും. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 54 വർഷമാണ് എംഎൽഎ സ്ഥാനം വഹിച്ചത്. കെഎം മാണി 51 വർഷവും. ഒരിക്കൽ പോലും തോറ്റിട്ടില്ലാത്ത ഇരുവരും മരണം വരെ എംഎൽഎമാരായിരുന്നു.

 ലോകമംഗീകരിച്ച നേതൃത്വം

ആൾക്കൂട്ടത്തിൽനിന്ന് മാറാത്ത നേതാവായാണ് ഉമ്മൻ ചാണ്ടിയെ എന്നും കേരളം കണ്ടത്. ‘എന്റെ പുസ്തകം ജനക്കൂട്ടമാണ്’ എന്നാണ് ഇതിനെക്കുറിച്ച്  ഉമ്മൻ ചാണ്ടി പറഞ്ഞത്.

ഏതു പ്രശ്‌നത്തിനും എപ്പോഴും സമീപിക്കാവുന്നയാൾ, നിയമത്തിന്റെ നൂലാമാലകളിൽ പിടിച്ചു തൂങ്ങാതെ പരിഹാരം കണ്ടെത്തുന്ന ജനസേവകൻ.

ഉമ്മൻ ചാണ്ടിക്കു ചുറ്റുമുള്ള ആൾക്കൂട്ടം കേരളം ഒന്നായിക്കണ്ടത് അദ്ദേഹം രണ്ടാം വട്ടം മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെയാണ്. വിവിധ പരാതികളിൽ തീർപ്പുകൽപ്പിക്കാനായി 14 ജില്ലകളിലും നടത്തിയ പരിപാടിക്ക് 2013ൽ യുഎൻ പുരസ്‌കാരം ലഭിച്ചിരുന്നു.

95000 - ത്തിലധികം കേസുകൾ തീർപ്പാക്കുകയും 200 ഓളം കോടി രൂപ ഇതിനായി ചിലവഴിക്കുകയും ചെയ്ത ഈ മഹാ അദാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റി. ഉമ്മൻചാണ്ടി എന്ന ഏറ്റവും ലാളിത്യമുള്ള നേതാവിനെക്കുറിച്ച് ഓർക്കുമ്പോൾ സാധാരണക്കാരുടെ മനസ്സിലേക്ക് ആദ്യം കടന്നെത്തുന്നതും ഇതേ സമ്പർക്ക മനോഭാവമാണ് .

എന്നാൽ ഈ ജനപ്രിയ പരിപാടി 2016ൽ ഭരണത്തുടർച്ചയ്ക്ക് യുഎഡിഎഫിനെ തുണച്ചില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനവും ഏറ്റെടുത്തില്ല.

അമേരിക്കൻ പ്രസിഡന്റിന് പോലും

ഉമ്മൻചാണ്ടി ശുപാർശക്കത്തെഴുതിക്കളയുമെന്ന് കേരളത്തിൽ വ്യാപകമായി പ്രചാരമുള്ള രാഷ്ട്രീയ തമാശയാണ്. ആയിരം പേർക്ക് ഉപകാരം ലഭിക്കുന്ന കാര്യമാണെങ്കിൽ, പത്തോ ഇരുപതോ പേർക്ക് അനർഹമായി സഹായം ലഭിച്ചേക്കുമെന്ന് കരുതി അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ടത് നിഷേധിക്കരുത് എന്ന ബോധ്യമായിരുന്നു ഉമ്മൻചാണ്ടിയെ നയിച്ചത്. തെറ്റായി നൽകുന്ന ആനുകൂല്യങ്ങൾ തിരുത്താനുള്ള സാഹചര്യമുണ്ടാകുമെങ്കിലും, അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ടതിന് കാലതാമസമുണ്ടാവരുത് എന്ന കണിശത പുലർത്തിയ രാഷ്ട്രീക്കാരനായിരുന്നു അദ്ദേഹം.

അതിവേഗം ബഹുദൂരം

അതിവേഗം ബഹുദൂരം. അതായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം. സർക്കാരിന്റെ എന്ന് പറയുന്നതിനെക്കാൾ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ എന്ന് പറയുന്നതാകും കൂടുതൽ ശരി. ഒരുവശത്ത് വിവാദങ്ങളുടെ പെരുമ്പറ മുഴങ്ങിയപ്പോൾ മനഃസാക്ഷി എന്ന ശരിയിൽ മാത്രം വിശ്വസിച്ച് മുന്നോട്ടു നീങ്ങിയ ജനകീയ നായകൻ. വിവാദങ്ങളെ ഭയന്ന് ഒരു വികസന പദ്ധതിയും വേണ്ടെന്ന് വെച്ചില്ല. ഒന്നിൽ നിന്നും പിന്മാറിയില്ല.

ഉമ്മൻ ചാണ്ടിയെ അമരനായകനാക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഒരു രൂപയ്ക്ക് ഒരു കിലോ അരി, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം മൂന്ന് രൂപയ്ക്ക് 25 കിലോ അരി, 25 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ്, എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ്, തൊഴിലില്ലാ വേതനം , കർഷക തൊഴിലാളി പെൻഷൻ,ജനസമ്പർക്ക പരിപാടി തുടങ്ങി വല്ലാർ പാടം തുറമുഖം, പെട്രോനെറ്റ് എൽ.എൻ.ജി പദ്ധതി, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി വികസനം, കൊച്ചി മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം, മലയോര ഹൈവേ, ശബരിമല വികസനം, മിഷൻ 2010 അങ്ങനെ നീണ്ടൊരു ജനസേവന ലിസ്റ്റ് ആണ് അത്.

അക്ഷീണ പ്രയാണം

വിശ്രമിച്ചാൽ ക്ഷീണം വരുന്ന നേതാവ് എന്നാണ് ഒരിക്കൽ സി പി ജോൺ ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിച്ചത്. ഒരിടത്തും അടങ്ങിയൊതുങ്ങി ഇരിക്കുന്ന ശീലം ഉമ്മൻ ചാണ്ടിക്കില്ല. എപ്പോഴും ആൾക്കൂട്ടത്തിനിടയിലാണ് തന്റെ രാഷ്ട്രീയ ജീവിതം ചിലവഴിച്ചത്.

മൈതാനങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകിയ ജനക്കൂട്ടം അദ്ദേഹത്തെ കാത്തു നിൽക്കുമ്പോൾ   ‘താമസമുണ്ടാകുമെങ്കിൽ ക്ഷമിക്കണം, എല്ലാവരെയും കാണും’ എന്നു പറയാറുണ്ടായിരുന്നു. ഏവർക്കും പ്രതീക്ഷയുടെ പൊൻകിരണം വീശുന്ന അദ്ദേഹത്തിന്റെ ഇത്തരം വാക്കുകളെ കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് നാമോരോരുത്തരും എതിരേറ്റത്.

 കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യനായും, കേരളം കണ്ട മികച്ച ധന മന്ത്രിയായി മാറാനും അദ്ദേഹത്തിന് സാധിച്ചു.1991 ൽ  അദ്ദേഹം അവതരിപ്പിച്ച ബജറ്റ് പ്രാധാന്യമർഹിക്കുന്നതായിരുന്നു. 2006 ജനുവരിയിൽ  സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന 35-ാ മത് സാമ്പത്തിക ഫോറത്തിൽ  പങ്കെടുത്ത മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം.

വിമർശനങ്ങൾ പുൽക്കൊടികൾ

 സോളാർ കേസിൽ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ഒരുപോലെ വലിഞ്ഞുമുറുക്കിയപ്പോൾ അദ്ദേഹത്തെ അടുത്തറിയാവുന്നവർ ഉമ്മൻചാണ്ടിയുടെ പ്രവർത്തനശുദ്ധിയെ അവിശ്വസിച്ചില്ല. കാലം അദ്ദേഹത്തിനൊപ്പം ചേർന്നു.  ഇപ്പോൾ നാം തിരിച്ചറിയുന്നുണ്ട് അദ്ദേഹത്തിന്റെ  നിരപരാധിത്തെ.

 ഓരോ എതിർപ്പുകളെയും സൗമ്യമായിട്ടാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. ഒരിക്കൽ അദ്ദേഹത്തിന് നേരെയുണ്ടായ  കല്ലേറിൽ തല പൊട്ടി ചോര ചിന്തിയപ്പോഴും സൗമ്യ മുഖത്തോടെ സംസാരിച്ച അദ്ദേഹം പ്രതിപക്ഷ എതിരാളികളെ പോലും നിശബ്ദമാക്കി.

 വില്ലേജ് ഓഫീസർമാർ എടുക്കേണ്ട പണി മുഖ്യമന്ത്രി ചെയ്യുന്നുവെന്നു പ്രതിപക്ഷം വിമർശിച്ചപ്പോൾ ഒരു ജനസേവകനും പദവികളുടെ ഭാരം തടസ്സമാകേണ്ടതില്ലെന്നു പറഞ്ഞു വിമർശനങ്ങളെ അദ്ദേഹം ചിരിച്ചു തള്ളി.

ജനങ്ങൾ സർക്കാറിൽ നിന്നുള്ള സേവനങ്ങൾ കൈപ്പറ്റാൻ അനിശ്ചിതമായി കാത്തിരിക്കുന്ന അവസ്ഥയുണ്ടാവരുതെന്ന ആത്മാർഥമായ ആഗ്രഹത്താലാണ് അദ്ദേഹം സെക്രട്ടറിയേറ്റിലെ തന്റെ മുറിവിട്ടു ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. മുന്നിൽ ജനങ്ങളെ മാത്രം ദർശിച്ച ആ രാഷ്ട്രീയ നേതാവിനെ ആർക്കും പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ആ ജനനായകനെ നേരിട്ടു കാണാനും അപേക്ഷ സമർപ്പിക്കാനും മനുഷ്യർ മടുപ്പില്ലാതെ കാത്തിരുന്നു. ആ കാത്തിരിപ്പിൽ വാക്കുപാലിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. തന്നെ കാത്തിരിക്കുന്ന ജനങ്ങളുടെ കണ്ണിലെ പ്രതീക്ഷക്കുമുന്നിൽ അദ്ദേഹം എതിർപ്പിന്റെ എല്ലാ കല്ലേറുകളേയും അവഗണിച്ചു. തന്നെ കാണാൻ കാത്തിരിക്കുന്നവരുടെ വരിയിലെ അവസാന മനുഷ്യനെയും കണ്ടുമാത്രമേ അദ്ദേഹം വിശ്രമിക്കാൻ പോയുള്ളൂ.

 നീണ്ട രാഷ്ട്രീയ സപര്യയിൽ ജനസേവനത്തിനായി ഓരോ ശ്വാസവും നീക്കിവെച്ച ഏറ്റവും സൗമ്യനായ ആ നിസ്വാർത്ഥ നായകന് ആദരാഞ്ജലികൾ.

✍️S Nabeel. TP (Guest Post)

0 Comments

Readers should not post obscene, defamatory, caste, religious, or communal comments. Writing such comments is punishable under the IT policy of the central government.
Admin panel KAALIKKUPPI